ആരാണ് കത്തുന്ന പന്തങ്ങള്‍ കുത്തിക്കെടുത്തുന്നത്
ആരാണ് നിലവിളികളെ ഇരുട്ടിലേക്ക് വലിച്ചു കൊണ്ടു പോകുന്നത്....?
ആരിരുളിന്‍ തേര്‍ ചക്രങ്ങളാല്‍
വീണ് പോയവന്റെ വിലാപങ്ങളെ
മണ്ണോടു ചേര്‍ത്ത് ഞെരിക്കുന്നു
നിലാവിനോടാകരുത്
കുരുനരികളുടെ പൌരുഷ പ്രഖ്യാപനങ്ങള്‍..
കതിര്‍ കൊയ്ത പാടങ്ങളില്‍ ഉതിര്‍ മണി കൊത്താന്‍ വരും
വിശന്ന കൂടില്ലാ കിളികളോടാകരുത് വേട്ടയുടെ ശൌര്യം....
നാവരിയപ്പെട്ടവന്റെ ശബ്ദങ്ങളും
ആയുധങ്ങള്‍ വികൃതമാക്കിയ സൂര്യ മുഖങ്ങളും
തിരിച്ചു വരില്ലെന്ന് വ്യാമോഹിക്കുന്നവരുടെ സ്വര്‍ഗങ്ങളില്‍
നിങ്ങളെന്നെ തിരയരുത്...
എന്നെയിനി വാഴ്ത്തായ്ക!
നിങ്ങളുടെ അധികാര ദൂരങ്ങളിലേക്ക്
എന്റെ വാക്കാല്‍ വഴി വെട്ടാതിരിക്കുക
ഞാനെന്റെ വിശന്ന കിടാങ്ങളുടെ പട്ടിണിക്കൂരകളില്‍
അവരുടെ ജീവന് കാവലിരിക്കും സാക്ഷി മാത്രമാണ്
വീരമുദ്രാ പതക്കങ്ങള്‍ എനിക്ക് ചേരില്ല
ഞാന്‍ പിന്‍ നടക്കുകയാണ്...