നീസാ
ഉടലിന്നു പാകമായൊരു
ചിറകു തേടിയുള്ള
നിന്റെ യാത്രയില്‍
ഉടല് നോവുകള്‍ക്ക്
മൃതിചുംബനം കൊണ്ടു വിട നല്കി
മാലാഖമാര്‍ നിന്നെ ഏറ്റെടുത്തിരിക്കുന്നു
നീസാ
നിലാവിനെ തൊടാന്‍ നീട്ടിയ വിരലുകളിലേക്ക്
ഊര്‍ന്നുവീണ
അവസാന പുലരിയിലെ മഞ്ഞുതുള്ളി
നിന്നോട് പറഞ്ഞതെന്തായിരുന്നു?
വേദനകളില്ലാത്ത ലോകത്തേക്ക്
നിന്നെയെതിരേല്ക്കാന്
വിശുദ്ദാത്മാവുകള് അണയുംനേരം
നിന്നെ പിരിയാനാകാത്തവരുടെ
കണ്ണീര് സാന്നിധ്യമാണ് ഞാന്‍ എന്ന്...?
നീസാ
ജീവിതപ്പുസ്തകത്തില്
അവസാനവരിയും കുറിച്ച്
നീ വെള്ളിത്തൂവലുകളുടെ വസ്ത്രമണിഞ്ഞ്
നിലാവിന്റെ ലോകത്തേക്ക് യാത്രയാകുമ്പോള്‍
ഒടുവില്‍ മൊഴിഞ്ഞതെന്തായിരുന്നു?
വാക്കുകള്‍ക്കതീതമായ
മൌനമന്ത്രങ്ങള്‍ കൊണ്ട്
വിശുദ്ദരാവുകളില്
അദൃശ്യ താരകങ്ങളിലൂടെ
ഞാന്‍
നിങ്ങളില്‍ നിലാമഴയായ് പൊഴിയുമെന്ന്...?