My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Monday, September 19, 2011

മൊബൈല്‍ ഫോണ്‍ ഫോട്ടോകളുടെ സംസ്ഥാന തല പ്രദര്‍ശനം


മൊബൈല്‍ ഫോണ്‍ ഫോട്ടോകളുടെ  സംസ്ഥാന തല പ്രദര്‍ശനം ഒക്ടോ:6,7,8,9, തിയ്യതികളില്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍  

മുമ്പ് ഫോട്ടോകള്‍ ക്ഷണിച്ചിരുന്നു എങ്കിലും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വേറിട്ട ചിത്ര വിശേഷങ്ങള്‍ പങ്കു വെക്കാന്‍ കഴിയുന്ന കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു..
ഇത് വരെ വന്നഎണ്ണൂറോളം ഫോട്ടോകളില്‍ നിന്നും ശ്രദ്ദേയങ്ങളായ  ഫോട്ടോകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്..
സപ്തം:25th തിയ്യതി വരെ പുതിയ എന്‍ട്രികള്‍ സ്വീകരിക്കുന്നതാണ്!
പ്രദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്  ഈ മെയില്‍ വഴിയോ ഫോണ്‍ നമ്പര്‍ വഴിയോ ഉടനെ ബന്ധപ്പെടുക!

തിരഞ്ഞെടുത്ത ഫോട്ടോകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ..
തിരഞ്ഞെടുത്ത ഫോട്ടോകളുടെ ഉടമകളെ അറിയിക്കുന്നതിനു ഫോട്ടോകളുടെ കൂടെ ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പരും വെക്കേണ്ടതാണ്..



 കൂടുതൽ വിവരങ്ങൾക്ക്   ഈ നമ്പറുകളിൽ  ബന്ധപ്പെടുക..
alif 9995452593(after may15)
gireesh marengalath 9495488032
email: alifshaah@gmail.കോം
മുമ്പ് നടത്തിയ ചില ഏകാംഗ പ്രദര്‍ശനങ്ങളില്‍ നിന്ന്....

Tuesday, August 16, 2011

ഒറ്റയുടുപ്പില്‍ നരച്ച് ...



അപര ജീവിതങ്ങള്‍ക്ക് ഉടുപ്പുകള്‍ തുന്നും
തുന്നല്‍ക്കാരനാണ് ഞാന്‍ 
ഉടലളവുകളുടെ നിമ്നോന്നതികള്‍ 
എന്നെക്കാള്‍ അറിയില്ല അണിയുന്നവര്‍ക്ക് പോലും 
ഒരു പാകവും തെറ്റിയില്ല
പരുത്തിയിലും, പട്ടിലും
വെളുപ്പിലും, കറുപ്പിലും
ഏതു കടും  വർണ്ണക്കൂട്ടിലും...
എന്നിട്ടും ഒരിക്കലും പാകമായിരുന്നില്ലെനിക്കെന്റെ ഉടുപ്പുകൾ 
ചേർച്ചയില്ലൊരു നിറവും
എന്നാലും അണിഞ്ഞില്ലെങ്കിലും
പണ്ടത്തെ പാകത്തിൽ
ഓർമ്മകളടുക്കി വെച്ച പഴയ തകരപ്പെട്ടിയിൽ
ഭൂതകാലത്തിന്റെ പാകമായ ഒരുടുപ്പുണ്ട്
തുരുമ്പിച്ചൊരു പഴയ സൂചിയാൽ
ചേർത്തു കെട്ടാറുണ്ട് ഇടക്കിടെ ഞാന്‍ 
ഓർമ്മയുടെ സ്ഫടിക  വൃത്തക്കുടുക്കുകൾ
പിന്നിത്തുടങ്ങിയൊരു കാലത്തിന്റെ അരികുകളെ
പിന്നെയും തുന്നിത്തുന്നി....
എന്നാലും എത്ര സൂക്ഷിച്ചിട്ടും
അമർത്തി മടക്കിയതിനാൽ
കീറിയ ഇടനെഞ്ചും തുന്നുവിട്ട കാലിപ്പോക്കറ്റും
കാണുമ്പോഴാണു സങ്കടം.

അവളിപ്പോൾ അണിയുന്നത് 
നക്ഷത്രങ്ങൾ തുന്നിയ മേഘത്തിൻ ഉടുപ്പാവണം!
ഒറ്റയുടുപ്പിൽ നിറം കെട്ടു ഞാനിങ്ങിനെ.... 
മഴവന്നു നനച്ചും വെയിൽ വന്നുണക്കിയും
പകലിലും രാവിലും വർഷ ഭേദങ്ങളിലും... 
ഉടുപ്പണിഞ്ഞിട്ടും ഓർമ്മകൾ നഗ്നമാക്കുകയാണെന്നെ...
എന്നെയണിയിക്കാൻ 
എനിക്കു പാകമല്ലാത്ത ഉടുപ്പുകളുടെ മേന്മകൾ ചൊല്ലി
ലോകം എന്റെ പിറകേയുണ്ട്
തുന്നാത്തൊരു വെളുത്ത ഉടുപ്പേ എനിക്കിനി പാകമാകൂ 
എന്നു എന്നേപ്പോൽ ആർക്കറിയാം? 
നീയെന്നെ പൊതിയുന്ന വെളുപ്പായ് വന്നു മൂടും വരെ
ഒറ്റയുടുപ്പിൽ നരക്കുന്ന
കാലത്തിന്റെ തുന്നൽക്കാരനാവുകയാണു ഞാൻ.... 

Monday, July 11, 2011

പിറന്ന പാര്‍പ്പിടം വിട്ടുപോരുമ്പോള്‍ ..


പിറന്ന പാര്‍പ്പിടം വിട്ടു പോരും നേരം 
തിരിഞ്ഞു നോക്കുമ്പോള്‍ ,
ഉടക്കി നില്‍ക്കുന്നൂ കണ്ണില്‍
അഴിക്കാന്‍ മറന്ന പഴയോരൂഞ്ഞാല്‍!
പ്രളയം വന്നെന്റെ കണ്ണു മൂടും നേരം
അന്ധനാകുന്നൂ ഞാന്‍ 
അമ്മയെന്‍ കൈ പിടിക്കുന്നു

പൊളിച്ചു വില്ക്കുമത്രേ
പഴയ വിലക്കെന്റെ സ്വപ്‌നങ്ങള്‍
എത്ര മഴകളെ കുടിച്ചു തീര്‍ത്തതാണാ 
വെയിലില്‍ വിളര്‍ത്ത ഓടുകള്‍
എന്നെ കബളിപ്പിച്ചോടിയ അണ്ണാന്മാർ 
ചിലച്ചു മറഞ്ഞ കഴുക്കോലുകൾ 
പല്ലികൾ താങ്ങാനാളില്ലാത്ത ഉത്തരങ്ങൾ 
അപ്പുറത്ത് നിന്ന് കരിമഷിക്കണ്ണാൽ 
'വരൂ' എന്ന്  പ്രലോഭിപ്പിച്ച പാവാടക്കാരിയെ
കയ്യെത്തിച്ചു തൊട്ട ജനലഴി
എനിക്കു രാത്രി പൂരങ്ങൾ വിലക്കി 
അച്ഛന്‍ വലിച്ചിട്ട വാതിലിന്റെ സാക്ഷ
ചൂണ്ടയിടാൻ ഇരതേടി ഞാൻ 
കൂട്ടുകാരുമൊത്ത് തുറക്കാറുള്ള കൂറകളുടെ പത്തായം... 
പഴുക്കാൻ പുകയിട്ടു വെച്ച എത്ര മൈസൂർ കായകളെ
ഞാൻ കരിമ്പഴുപ്പിൽ കട്ടു തിന്നതാണു!

പുതിയ വാടക വീടിന്റെ ക്ഷണിക സൌന്ദര്യങ്ങൾ
എത്ര ഭാവന ചെയ്തിട്ടും 
എനിക്കു പിരിയാൻ ആവുന്നില്ല
എന്റെ കളി ചിരികൾ കളംവരച്ച മാവിൻ ചോടും 
ചെങ്കല്ലു വെട്ടി, വെട്ടി മഴക്കാലം കുളമാക്കി മാറ്റിയ 
എന്റെ നീന്തൽ കളരിയും

കണ്ണീരൊപ്പുന്നുണ്ടമ്മ 
നിന്റച്ഛൻ ചത്തോ എന്നു ശാസിക്കുന്നുണ്ടച്ഛൻ 
അല്ലാണ്ടു കരയാൻ പറ്റില്ലല്ലൊ 
കടം കയറ്റി കച്ചവടം പൊളിച്ച ഹതഭാഗ്യന്. 
എന്തൊക്കെ കളഞ്ഞു പോന്നിട്ടും
പലതും മറന്നു പോന്നിട്ടും
അകലത്തെ വീട്ടിലേക്കു 
അമ്മി കൊണ്ടോവാൻ കൂട്ടാക്കാത്ത 
വണ്ടിക്കാരനെ പ്രാകുകയാണമ്മ 
ആ നടുകുഴിഞ്ഞ കല്ലമ്മിയിലായിരുന്നു 
എത്ര വലിയ സങ്കടങ്ങളേയും ഒതുക്കി നിർത്തി 
അമ്മ അമർത്തി അമർത്തി അരച്ചിരുന്നത് ...
കണ്ണീരിറ്റി വീണതിനാൽ 
ഒരുപാടരച്ച തേങ്ങാ കുഴമ്പുകൾ 
അമ്മക്കു എത്രവട്ടം  നഷ്ട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും 
അത്രക്കു ബന്ധമായിരുന്നു 
അമ്മയുടെ വേദനകൾക്കും ആ അമ്മിക്കല്ലിനുമിടയിൽ... 

Thursday, May 26, 2011

മാഞ്ഞ വഴികളിലെ കണ്ണീര്‍



ഓര്‍മ്മകള്‍ മാഞ്ഞ വഴികളിലേക്ക് പിന്‍ നടക്കുമ്പോള്
അമ്മുക്കുട്ടീ നീയെന്തിനാണ്‌ കണ്ണുകളൊപ്പുന്നത് ?

ജീവിതം കൊണ്ടു നീ വരച്ചതെന്തായിരുന്നെന്റെ പ്രാണനിൽ...
എന്റെ ചുളിഞ്ഞ ജീവിതങ്ങൾ 
ഇസ്തിരിയായ് അമർന്നമർന്ന് തേഞ്ഞു തീരൽ!
എപ്പോഴും മറക്കുന്ന കണ്ണട
വേലിക്കരികിലേക്ക് ഓടി വന്നു തരുന്ന ഒരു ഓർമ്മപ്പെടുത്തൽ! 
ഒരു ചോറ്റു പാത്രത്തിൽ രണ്ടു പാത്രം ചോറ്  കുത്തി നിറക്കുന്ന സ്നേഹം!
എത്ര മൂടി വെച്ചാലും ഓഫീസിലാകെ ഒഴുകിപ്പരക്കുന്ന ഒരു ചമ്മന്തി മണം!
എത്ര നേരത്തേ വന്നാലും പടിക്കൽ കാത്തു നിന്ന് 
ഇന്നെന്തെ വൈകീന്നൊരു പരിഭവം!
എന്താ പാതിരക്കും ഇത്ര എഴുതാൻ എന്നാവും ഒമ്പതിനേ നിന്റെ ചോദ്യം
പിന്നെ അവസാനത്തെ പാത്രവും കഴുകിക്കമഴ്ത്തി 
വാസനസോപ്പിൽ കുളിച്ചൊരുങ്ങി വന്ന് പറ്റിച്ചേർന്നു പാതിയുറക്കം മുറിച്ച് 
ഇടക്ക് കുഞ്ഞുറങ്ങീട്ടായെന്ന് നാണത്തോടൊരു സ്വകാര്യം!
എല്ലു മുറിഞ്ഞു പണിയെടുത്ത
 പകലിന്റെ ക്ഷീണങ്ങളെ വിസ്മരിച്ച് ഒരു വിധേയത്വം!
എന്നാലും സൂര്യനു മുമ്പേ ഉണർന്നിട്ട് 
ഇവൾക്കെന്താണിത്ര പണിയെന്നാവും ഞാന്‍... 

ചില നേരം ചുമരിൽ   ചാരി നിന്ന് വല്ലാണ്ട് കിതക്കുമ്പോള് 
 നെഞ്ചോട് ചേർത്തു പിടിച്ചു ചോദിക്കും എന്താ ന്റെ തമ്പ്രാട്ടിക്ക്....?
ഒരു വേദനയും പറഞില്ല എന്നിട്ടും 
അവളുടെ  തലയിണകൽ എന്താണിത്ര നനഞ്ഞു കുതിർന്നിരുന്നത്...?
ചിണുങ്ങുന്ന മോൾക്ക് ഫീസിന്റെ കാര്യം പോലും പറയാതെ
നിനക്കെന്താ ചോദിച്ചാലെന്ന ശാസനയിലും മുഖം താഴ്ത്തി, 
എന്തിനാ എന്നെയിങ്ങിനെ പേടിച്ചു സ്നേഹീക്കുന്നതെന്ന
ഓരോ ചോദ്യങ്ങളിലും തളർന്നു മാറിലേക്കു വീണൊരു തേങ്ങൽ ...!
പിന്നെ ഒരു വിളർത്ത ചിരി 

പിന്നെയെപ്പോളാണവൾക്ക് പിടിച്ചു നിൽക്കാനാവാതെ
വീണു പോകേണ്ടി വന്നത്  ?
തുപ്പലിനൊപ്പം "ദേ നോക്ക് ഏട്ടാ ചോര"  എന്ന് 
എന്നെ നോക്കി ഭീതിയോടെ കരയാൻ കഴിഞ്ഞത്?
ആശുപത്രി വരാന്തയിലൂടെ ഒരു തള്ളു വണ്ടിയിൽ 
ഉന്തിയുന്തി ഞാൻ തളരവേ ഉള്ളം കയ്യിൽ അമർത്തിപ്പിടിച്ച് ഒരു ചോദ്യം 
ന്റെ ഏട്ടനാരാ ഞാൻ പോയാൽ.....
ആരുമുണ്ടായില്ലപിന്നെ ആരും! 
അച്ചന്റെ പഴയ ശീലങ്ങളെ പൊറുക്കാതെ  
പ്രേമത്തിന്റെ ഒളി വാതിലിലൂടെ തനിച്ചാക്കിപ്പോയ  മകളു പോലും... 

എന്നാലുമുണ്ട് അമ്മുക്കുട്ടീ നീ
ഇന്നലത്തെ പഴഞ്ചോറിൽ പുളിച്ച  ചാറു കുഴയുന്നതിൽ,
മൂടി വെക്കാൻ മറന്ന ഫ്ലാസ്കിലെ തണുത്ത പാട കെട്ടിയ  ചായയിൽ,
ഒറ്റക്കാലു മാത്രമുള്ള ക ണ്ണടയിൽ ,
ഉറങ്ങുന്നേരം ഒറ്റക്കു തട്ടി മറിഞ്ഞു വീണുകിലുങ്ങുന്ന  പാത്രങ്ങളിൽ
വാസന സോപ്പു മണക്കും പാതിരാ സ്വപ്നങ്ങളിൽ
വെറുതേയുള്ള   ഉണരലിൽ
എല്ലാം എല്ലാം നിറയേ....
 മാഞ്ഞവഴികളിൽ പോലും
നീ സാരിത്തലപ്പുയർത്തി  കണ്ണീരൊപ്പുന്നുവല്ലോ
ഞാൻ കരയുന്നില്ലല്ലോ പിന്നെ നീ മാത്രമിങ്ങിനെ........

Saturday, May 7, 2011

ബ്ലോഗുമീറ്റെന്ന പുലിമടയില്‍...






ബ്ലോഗെന്ന മഹാ സാഗരത്തിന്റെ കരയില്‍ ഡാഷ് പെറുക്കി നടന്ന ഞാന്‍ എന്തോന്ന് കുറിക്കാന്‍ എന്നാലും ..
ബ്ലോഗു മീറ്റെന്നാല്‍ മഹാ വനമാണ് നിന്നെ പുലികള്‍ തൊണ്ട തൊടാതെ വിഴുങ്ങും എന്ന ഉപദേശികളുടെ ഭീഷണികളെ ഫ്രീ കോള്‍ തീര്‍ന്ന ഓഫര്‍  കാലാവധിയുടെ സിമ്മു പോലെ വലിച്ചെറിഞ്ഞു ഇറങ്ങിപ്പുറപ്പെട്ടവന്‍ ഞാന്‍ ..
മറ്റൊരു സോഷ്യല്‍ നെറ്റുവര്ക്കിലെ  സജീവത കൊണ്ട് ബ്ലോഗാര്മാരില്‍ സംഘാടകന്‍ അനില്‍കുമാറിനെ മാത്രം അറിയും  (ആ കൂട്ടത്തിലാ  എഴുത്തും പൊറുതിയും  ഇങ്ങിനെ ഒരു ബ്ലോഗുണ്ട് എന്ന് മാത്രം! തിരിഞ്ഞു നോട്ടം കുറവ് )
അവര്‍ പരിചയപ്പെടുത്തിയ ഇസ്മായീല്‍, അവര്‍ ഏര്‍പ്പാടാക്കിയ ജിഷാദ് എന്ന ബ്ലോഗരുടെ വണ്ടിയില്‍ ......
മുമ്പ് കാണാത്ത കൂട്ടുകാരന്‍ , ഒരു കമന്റിന്റെ ദയവു പോലും ഞാന്‍ ചെയ്ത് കൊടുക്കാതിരുന്നിട്ടും.എന്ത് സ്നേഹം..
എന്ത് കൊണ്ട് ഞാന്‍ ഇത്ര നാളും ഒരു 'സജീവന്‍' ആയില്ല എന്ന് ഇരുത്തിയും കിടത്തിയും ചിന്തിപ്പിക്കേണ്ടത്.
അങ്ങിനെ കരാമയില്‍ സബീല്‍ പാര്‍ക്കിലെത്തി 
വലിച്ചു നീട്ടിയാല്‍ ആര് വായിക്കും എന്ന് കരുതീട്ടാ.. ഹും! അത് കൊണ്ട് ചുരുക്കുന്നു 
മീറ്റിനിടയിലെ സ്വയം പരിചയപ്പെടുത്തുന്നതില്‍ തുടക്കക്കാരന്റെ വിനയവും സഭാകമ്പവും കാണിച്ചു വിനയന്‍ ആയി ഫലിപ്പിക്കുന്നതില്‍ വിജയിച്ചു എന്ന് തോന്നുന്നു.(നാട്ടിലെ ചപ്പടാച്ചി സാഹിത്യ ക്യാമ്പുകളില്‍ ഒക്കെ പങ്കെടുത്താല്‍ എന്റെ വാഗ് വിലാസം സഹികെട്ട് സംഘാടകര്‍ മൈക്ക് പിടിച്ചു വാങ്ങാരാണ്  എപ്പൊഴും..)  
പലരുമായും അടുത്ത് ഇടപഴകാന്‍ കഴിഞ്ഞു .
ങേ .പുലികള്‍ ചിരിച്ചു സഹവാസം കൂടുകയോ.. ?
നിങ്ങള്‍ വിശ്വസിക്കില്ല എനിക്കറിയാം ..
അസൂയക്ക്‌ ഗള്‍ഫു ഗേറ്റ് ഇല്ലല്ലോ?
പക്ഷെ എനിക്ക് അതിന്റെ ഒരു അഹങ്കാരം ഒന്നും ഇല്ലാത്തതിനാല്‍ ഫോട്ടോകള്‍ ഇടുന്നില്ല!
(ഫോട്ടോ ഇടുന്നവര്‍ ഒക്കെ അഹങ്കാരികള്‍ എന്ന് ഞാന്‍ പറഞ്ഞില്ല) 
മീറ്റിനിടയിലെ "കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യം" എന്ന് ദോഷൈക ദൃഷ്ട്ടികള്‍ പറയുമെങ്കിലും ചോദ്യോതരിയില്‍ ഉത്തരം ചാടിപ്പറഞ്ഞു ഒരു സമ്മാനം ഒപ്പിച്ചു..ബ്ലോഗു സ്പോട്ടിലെ എന്റെ ആദ്യ ബ്ലോഗു മീറ്റില്‍ ചെറുതെങ്കിലും ഒന്ന് ഒപ്പിച്ചെടുക്കുന്നത് അത്രവല്യ കാര്യമായി മീറ്റിനു വരാത്ത എന്റെ കൂട്ടുകാര്‍ക്കു  തോന്നൂല്ല..  എനിക്കറിയാം പക്ഷെ എനിക്കത് അങ്ങിനെ അല്ലല്ലോ!.
മൊബൈലില്‍ എടുത്ത ഫോട്ടോകള്‍ ഉപയോഗിച്ച് നാട്ടില്‍ പ്രദര്‍ശനങ്ങള്‍ നടത്തുന്ന എനിക്ക് അറബി നാട്ടിലെ നിയമങ്ങള്‍ എന്തറിയാം..? ഷാര്‍ജയില്‍ വെച്ചു ഞാന്‍ ഒരു ആക്സിടന്ടു ഫോട്ടോ എടുക്കുന്നത് കണ്ടിട്ട്   പോലീസ് മൊബൈല്‍ വാങ്ങി കൊണ്ടു പോയിട്ട് അധികം നാളായില്ല . എനിക്ക് അറബിയും പോലീസിനു മലയാളവും അറിയില്ലാത്തത് കൊണ്ടും ഞാന്‍ ഒരു വിവരദോഷിയായ വിസിറ്റുകാരന്‍  ആയതിനാലും തല്‍ക്കാലം അന്ന് രക്ഷപ്പെട്ടു .അത് മനസ്സിലുണ്ടായിരുന്നതിനാല്‍ കേമറ എടുക്കുമ്പോഴേ ഒരു വിറയലാണ് ഉള്ളില്‍..
ബ്ലോഗ്‌ മീറ്റ് ഒക്കെ ഫോട്ടോ എടുക്കാമോ എന്തോ..?ഈ അറബികളുടെ ഓരോ നിയമങ്ങള്‍..! എന്തായാലും ഇടക്കൊരോന്നു ക്ലിക്കി. അത് പിന്നീട് പോസ്റ്റും! സഹിച്ചാല്‍ എനിക്ക് നന്ന് !!
മീറ്റിനെ കുറിച്ച് വിശദമായി സംഘാടകര്‍ പറയട്ടെ 
സസ്നേഹം...

Wednesday, February 23, 2011

മൊബൈൽ ഫൊട്ടോ ഗ്രാഫേഴ്സ് ഒത്തു ചേരുന്നു... നിങ്ങൾക്കും സ്വാഗതം





മലപ്പുറം ജില്ലയിലെ മഞ്ചേരി വാൽപ്പാറപ്പടി   സ്കൂളിൽ മൊബൈൽ ചിത്ര ശേഖരമുള്ളവരും മൊബൈൽ ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവരും മാര്‍ച്ച് 13 നു ഞായറാഴ്ച കാലത്ത് 10 മണിക്ക് ഒത്തുചേരുന്നു....
സംസ്ഥാന തലത്തിൽ അസോസിയേഷൻ രൂപീകരണവും ഉടനെ  സംഘടിപ്പിക്കുന്ന സം‌യുക്ത  മൊബൈൽ ഫൊട്ടോ പ്രദർശനത്തിന്റെ  പുതിയ ഫൊട്ടോകൾ തിരഞ്ഞെടുക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താൻ നിങ്ങളെ സ്നേഹാദരം ക്ഷണിക്കുന്നു..
മൊബൈൽ ഫൊട്ടോ പ്രദർശനത്തിൽ ശ്രദ്ദേയനായ ഗിരീഷ് മാരേങ്ങലത്ത് , അലിഫ്, കൂട്ടത്തിന്റെ ഫോട്ടോഗ്രാഫെർ കാസിംക്ക.. സിനിമാ സഹ സം‍വിധായകൻ പ്രസാദ് തമ്പുരാട്ടി തുടങ്ങിയവർ നേത്രുത്വം നൽകും...
 കൂടുതൽ വിവരങ്ങൾക്ക്   ഈ നമ്പറുകളിൽ  ബന്ധപ്പെടുക..
alif 9995452593
gireesh marengalath 9495488032

Saturday, February 5, 2011

അധികാരം... ചില കീഴാള വിചാരങ്ങൾ


പിറകില്‍ നിന്നാരോ നീക്കും 
വിവേകത്തില്‍, അവിവേകത്തിൽ 
നീങ്ങാന്‍ ഇടമുണ്ട് ഓരോ കരുവിനും
കറുപ്പും വെളുപ്പും തിരിച്ച യുദ്ധഭൂമിയില്‍

ലംബം തിരശ്ചീനം തേരുകള്‍
നേരെയോടി വെട്ടിത്തിരിയും അശ്വങ്ങള്‍ 
കോണാകൃതിയില്‍  പായും ഗജങ്ങള്‍
എങ്ങിനെയും ചരിക്കാം മന്ത്രിയൊരാള്‍ക്ക്
എങ്ങും ഒറ്റച്ചുവട് മാത്രം രാജ ഗമനം
എപ്പൊഴും സംശയിച്ചേ ഒരടി വെക്കൂ കാലാളുകള്‍

പൊരുതി വീഴുന്നുണ്ടിരുവശം കറുത്തവര്‍, വെളുത്തവര്‍
എതിര്‍ മുഖത്ത്‌ കള്ളികളില്ലാതെ പരുങ്ങുന്നുണ്ടൊരു രാജ ദു:ഖം
തറ തിന്നു തീര്‍ത്ത് പായുന്നുണ്ട്
ഒരായിരം ചിതലുകള്‍ കളിപ്പലകക്കുള്ളില്‍... 
ഒന്നമർന്നിരുന്നാൽ പൊടിഞ്ഞു വീഴും 
സിംഹാസനങ്ങളാണെന്നാലും 
എന്തൊരു ഗാംഭീര്യമാണവര്‍ക്ക് വീഴും വരെയും!

അപ്പോഴും പൊടി പൊടിക്കുന്നുണ്ട് മുകളില്‍ 
അധീശത്വത്തിന്‍ അങ്കം.
തീര്‍ന്നാലും തീര്‍ന്നാലും ഒത്തു തീരാതെ 
പുതിയ അങ്കം കുറിക്കും കളത്തിലെപ്പൊഴും 
പൊരുതുവാനല്ലെങ്കിലെന്തിനീ കളവും കരുക്കളും
എന്നൊരു ന്യായവും!

നിയമമൊന്നേയുള്ളൂ തുടങ്ങാൻ 
ആദ്യം ആയുധം പ്രയോഗിക്കുന്നവൻ
എപ്പോഴും വെളുപ്പൻ ആയിരിക്കണം!
കളിയായാലും കാര്യമായാലും കറുപ്പൻ ആരാ ആദ്യം തുടങ്ങാൻ?
മുഖം കറുത്തു പോയതിനാൽ തന്നെ 
രണ്ടാമതേ ചലിക്കാവൂ വെളുപ്പന്നു പിന്നിൽ കറുപ്പൻ!

കളികൾ വരും കളിക്കാരും 
കറുപ്പും, വെളുപ്പും ആനയും, കുതിരയും 
തേരും കാലാളും മന്ത്രിയും രാജാവും 
ഭരിക്കും മരിക്കും 
പിറകിൽ നിന്നു തള്ളാൻ ആളില്ലാത്തതിനാൽ
കളത്തിനു പുറത്താണെപ്പോഴും 
കാഴ്ച്ചക്കാരനാം  
വെളുത്ത മനസ്സുള്ള കറുത്തവൻ ഞാൻ