My Blog List
സന്ദര്‍ശകര്‍
താളുകള്‍
Monday, December 27, 2010
Sunday, December 19, 2010
പഴയ കലണ്ടര്‍ മാറ്റുമ്പോള്‍ ....
പുതിയ കലണ്ടര്‍ കൊണ്ട് ഏച്ചുകെട്ടുകയാണ്
ചുമരുകള്‍ വര്‍ത്തമാനത്തെ...
ചിതല്‍ തിന്നു തീര്‍ത്ത പഴയ മറവിത്താളുകള്‍
എന്തൊക്കെയായിരുന്നിരിക്കണം അടയാളപ്പെടുത്തിയത് ?
ജനുവരി ഫെബ്രുവരികള്‍
പഴകി മഞ്ഞച്ച്
ചിതലരിച്ച് ദ്രവിച്ച് ..
മാര്‍ച്ചിനും ഏപ്രിലിനും
ഉച്ചച്ചൂട്, വിയര്‍പ്പു മണം
മേയ് ജൂണില്‍
പുത്തന്‍ കുട,പുതു പുസ്തകം, മഴ നനഞ്ഞ സ്കൂള്‍ വഴികള്‍
ജൂലായ് ആഗസ്റ്റ്
മടുപ്പ് , മടി, ഒളിച്ചു കളിക്കും മേഘങ്ങള്‍,സ്വാതന്ത്ര്യ തോറ്റം
സെപ്റ്റംബര്‍, ഒക്ടോബര്‍
വിപ്ലവം, ഗാന്ധി വഴി, ചില ഓര്‍മ്മത്തെറ്റുകള്‍
നവംബര്‍, ഡിസംബര്‍
പൂരം, പുലര്‍ മഞ്ഞ്, യാത്രാ തിടുക്കം
അതിനിടയില്‍
സദ്യകള്‍, കല്യാണത്തിരക്കുകള്‍
വിഷുക്കണി, പൂക്കളം
പെരുന്നാള്‍ തക് ബീറുകള്‍, കരോള്‍ ഗീതകം
ജയിക്കാത്ത വിപ്ലവങ്ങള്‍, കണ്ണീര്‍ക്കഥകള്‍
കൊലപാതകം, മോഷണം, അപകട മരണം....
പറയാതെ പോകുന്നവര്‍,
വിളിക്കാതെ വരുന്നവര്‍
വഴിയമ്പലത്തിന്റെ ചിട്ടവട്ടങ്ങള്‍ അറിയാത്തവര്‍...
തെരുവിന്‍ ഞരക്കങ്ങള്‍
വിശപ്പിന്‍ വിലാപങ്ങള്‍
അമ്മത്തൊട്ടിലില്‍ ജീവന്റെ ഞരക്കം
ജയില്പ്പുരകള്‍ അഭയ കുടീരങ്ങളെന്നു വാഴ്ത്തും
വൃദ്ധ ജന്മങ്ങളുടെ വെളിച്ചമില്ലാത്ത സദനങ്ങള്‍ .....
എവിടെയൊക്കെയോ പുക പടരുന്നു
മൌന ജാഥകള്‍ കടന്നു പോകുന്നു
രക്ത പുഷ്പ്പങ്ങള്‍ ബലികുടീരങ്ങളില്‍ വാടിക്കരിയുന്നു
ഡിസംബര്‍ ഒടുവിലെ താളും എണ്ണിത്തീര്‍ത്ത്
കള്ളി തിരിച്ച പുതിയ വര്‍ണ്ണാക്ഷരങ്ങളെ
പഴയ ആണിത്തുളയില്‍ ചേര്‍ത്ത് വെക്കുമ്പോള്‍
ഭദ്രമല്ലാത്തൊരു കാലം കൂടി
ചുമരില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്നു
Friday, November 19, 2010
നിള എന്നെ വെറുക്കാന്‍ തുടങ്ങുമ്പോള്‍ ....
ഇനി വരരുത്
എന്റെ മടിയിലിരിക്കരുത്
എന്റെ മിഴിയാഴങ്ങളില്‍ മുഖം നോക്കരുത്
എന്റെ നനഞ്ഞ തീരങ്ങളില്‍ സ്വപ്നം കണ്ടു നടക്കരുത്
ഞാന്‍ ആരുമല്ല നിന്റെ,
സ്നേഹിക്കരുതെന്നെ
വേദനിപ്പിക്കാന്‍ ആവുമെങ്കില്‍
എന്നെ വ്യഭിചരിക്കാന്‍ വരണം
ശ്വാസം പിടയുമ്പോഴും
മൃതിമുഖം കാണുമ്പോഴും
പിന്‍ മാറാതിരിക്കണം.
പ്രണയ മനസ്സ് കൊണ്ട്
അശക്തനും, ഭീരുവുമായ നിനക്ക്
അതിനു കഴിയില്ലെന്നറിയാം....
അതിനാല്‍ കളിവാക്ക് മൊഴിയാന്‍
നീ വരാതിരിക്കുക
നിന്റെ കുഞ്ഞിക്കാലുകളുടെ പാദ മുദ്രകള്‍
ഇനി എന്റെ പൊള്ളും മനസ്സില്‍ പതിക്കായ്ക!
ആവുമെങ്കില്‍ വെട്ടി മുറിക്കുകെന്റെ നെഞ്ചം
മാംസം തുരന്നു കൊണ്ട്പോകെന്നെ...
എന്റെ മാറിലൂടെ ദുഷ്ട്ടാവതാരങ്ങളാം
മണ്ണ് മാന്തി മൃഗങ്ങള്‍ക്ക്
ഓടാന്‍ രാജപാതകള്‍ പടുക്കുക
നിന്നോട് പറഞ്ഞിട്ടെന്തു കാര്യം?
നീയെന്റെ കാമുകനല്ലേ...?
പ്രണയപ്പാട്ടു പാടും തെരുവ് തെണ്ടിയല്ലേ...
വിഡ്ഢിയായ കവിയല്ലേ?
നീയെന്നെക്കുറിച്ചു പാടി ചങ്കു പൊട്ടി ചാവുക!
വെറുത്തു വെറുത്തു നമ്മള്‍ക്ക്
പരസ്പരം പിരിയാനുള്ള വേദനകളെ ശമിപ്പിക്കാം
ഉയരും ഗദ്ഗദങ്ങളെ എത്ര ഒതുക്കിയാലും
ഏതോ കടലിലെക്കൊഴുകും
നമ്മുടെ ഉള്ളില്‍ ഒരു കണ്ണീരിന്‍ കര കവിഞ്ഞൊഴുകും പുഴ!
ആ കിനാവ് മാത്രമാണ് ഞാനും നീയുമെന്ന പ്രണയ സത്യം!
Friday, November 12, 2010
ബലി പെരുന്നാള്‍ വരുമ്പോള്‍ ...
ആഘോഷങ്ങള്‍ നമ്മോടു പറയുന്നത് ....
ആഘോഷങ്ങളുടെ ചുവന്നാക്ഷരങ്ങളില്‍,തീയ്യതികളുടെ ചാക്രികതയില്‍ ഒരിക്കല്‍ കൂടി കലണ്ടര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ബലി പെരുന്നാള്‍!
ആഘോഷങ്ങളെല്ലാം സന്തോഷം പരസ്പരം പകരാന്‍, വേദനകള്‍ മറന്നു പുഞ്ചിരിക്കാന്‍ നമുക്കു വീണു കിട്ടുന്ന മുഹൂര്‍ത്തങ്ങളാണ് .ജാതി-മത-വര്‍ണ്ണ-രാഷ്ട്രീയ അതിര്‍ വരമ്പുകള്‍ നമ്മെ ഏതു വേറിട്ട കള്ളികളില്‍ നിര്‍ത്തുമ്പോഴും, ആ വേര്‍തിരിവുകള്‍ എത്ര ദുര്‍ബ്ബലമാണെന്നു നമ്മെ ബോധ്യപ്പെടുത്തി, നമുക്ക് പരസ്പരം ഒഴുകി നിറഞ്ഞ് അലിയാന്‍ കഴിയുന്നു എന്നുള്ളതാണു ഓരോ ആഘോഷവും നമുക്കു നല്‍കുന്ന സന്ദേശവും....
ഒരോ മതങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും ദേശങ്ങള്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും അവരുടേതായ അഘോഷങ്ങളും പങ്കുവെക്കലുകളും ഉണ്ട് . അവയെല്ലാം സങ്കുചിതങ്ങളായ വീക്ഷണങ്ങള്‍ മാറ്റി വെച്ചു കൊണ്ടു പൊതു സമൂഹത്തിന്‍റേതായി മാറുമ്പോള്‍ മാത്രമാണ്‍ അവ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷങ്ങള്‍ ആയി മാറുന്നത് .
എത്ര രൂപങ്ങളില്‍, എത്ര വര്‍ണ്ണങ്ങളില്‍ ,എത്ര ഭാഷകളില്‍ ,എത്ര വാക്കുകളില്‍ നിര്‍വ്വചിച്ചാലും മനുഷ്യന്‍റെ മനസ്സിന്‍റെ നന്മകളിലേക്ക് ഊര്‍ന്നിരങ്ങുന്ന , അവന്‍റെ അന്തരാത്മാവിന്‍റെ തെളിനീര്‍ അരുവിയില്‍ മുഖം നോക്കുന്ന ദൈവം എന്ന വിശുദ്ദാത്മാവ് നമ്മെ ഏല്‍പ്പിച്ചു പോയ വിശുദ്ദ മുഹൂര്‍ത്തങ്ങളാണ് ഒരോ ആഘോഷങ്ങളും........!
ആസന്നമായ ബലി പെരുന്നാള്‍ ....
ചില ഓര്‍മ്മപ്പെടുത്തലുകള്‍ ...
പൊള്ളുന്ന മണല്‍ക്കാട്ടില്‍ പ്രിയതമയേയും കൈക്കുഞ്ഞിനേയും തനിച്ചാക്കി ദൈവ നിയോഗത്തിലേക്കു യാത്രയായി കര്‍മ്മയോഗിയായ പ്രവാചകന്‍ ഇബ്രാഹിം (അ) !
ഉഷ്ണഭൂമിയില്‍ ദാഹിച്ചു തളര്‍ന്ന പിഞ്ചു കുഞ്ഞ് വെള്ളത്തിനായി കരഞ്ഞു തളര്‍ന്നപ്പോള്‍ വിശന്നു പൊരിഞ്ഞ തന്‍റെ മാറില്‍ കുഞ്ഞിനു നല്‍കാന്‍ ഒരിറ്റു മുലപ്പാല്‍ പോലും ഇല്ലെന്നറിഞ്ഞ ഹാജറാ ബീവി വിധിയെ പഴിച്ചില്ല,
ഞങ്ങള്‍ക്കിനി ആരെന്ന ചോദ്യത്തിന്‍ നിങ്ങള്ക്ക് അള്ളാഹു ഉണ്ടെന്ന ആശ്വാസ വചനത്തെ മാത്രം മുറുകെ പിടിച്ച് തപസ്സിരുന്നുമില്ല.
കുഞ്ഞിനെ മരുഭൂമിയില്‍ കിടത്തി സഫാ-മാര്‍വ്വാ മലകള്‍ക്കിടയില്‍ ഒരിത്തിരി ദാഹജലം ലഭിക്കുമോ എന്നു തേടി ഓടി അലഞ്ഞു. പ്രാര്‍ത്ഥനകള്‍ക്കൊപ്പം മനുഷ്യ പ്രയത്നം കൂടി വേണമെന്ന പാഠത്തിനു അടി വരയിടുകയായിരുന്നു അവര്‍!
തളര്‍ന്നു കൈക്കാല്‍ ഇട്ടടിച്ച കുഞ്ഞിന്‍റെ കാല്‍ക്കീഴില്‍ മണല്‍ത്തരികള്‍ വകഞ്ഞു മുകളിലേക്ക് ഉറവ പൊട്ടീ ദിവ്യജലം...!
ദാഹം തീരുവോളം ഹാജറായും മകന്‍ ഇസ്മായീലും ആ തെളിനീര്‍ കുടിച്ചു .അണ മുറിയാത്ത പ്രവാഹത്തെ കെട്ടി നിര്‍ത്താന്‍ ചുറ്റുമുള്ള കല്ലുകള്‍ കൂട്ടി വെച്ചു നോക്കീ ഹാജറാ ബീവി ...!
എന്നിട്ടും ജലപ്രവാഹം നില്‍ക്കാതായപ്പോള്‍ ഹാജറാ വെള്ളത്തോട് മൊഴിഞ്ഞൂ...
'സംസം' ശമിക്കൂ പ്രവാഹമേ..!
മരുഭൂമിയില്‍ കെട്ടി നില്‍ക്കും ജല സാനിധ്യം കണ്ട് മുകളില്‍ വട്ടമിട്ടു പറന്നൂ പരുന്തുകള്‍ ..!
ദൂരെ നിന്നു പരുന്തുകള്‍ വലം വെക്കുന്നതു കണ്ട് വെള്ളം ലഭിക്കുന്നിടത്ത് തമ്പടിക്കാന്‍ വന്നൂ കച്ചവടക്കാരായ ഒട്ടക കാഫിലകള്‍..!
വിശ്രമ സങ്കേതങ്ങള്‍ പൊതു വാണിഭ കേന്ദ്രങ്ങളും അധിവാസ പ്രദേശങ്ങളുമായി ജനപഥം വളര്‍ന്നു .. അങ്ങിനെ മക്കാ എന്ന നഗരമുണ്ടായീ എന്നു ചരിത്രം...!
** ** ** ** **
മക്കളില്ലാത്ത വേദനയില്‍ നിരന്തര പ്രാര്‍ഥനയില്‍ സദാ മുഴുകിയിരുന്ന പ്രവാചകന്‍ ഇബ്രാഹീം(അ)യും ബീവി ഹാജറയും വാര്‍ദ്ദക്യ ത്തോടടുത്തു. ഒടുവില്‍ അല്ലാഹുവിനോട് ഒരു ഉപാധി വെച്ചു പ്രവാചകന്‍, തങ്ങള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ അത് നിനക്ക് ബലി തരാം എന്ന് ! ഒടുവില്‍ ഇസ്മായീല്‍ പിറന്നു ...
ലാളിച്ചു കൊതി തീരും മുമ്പേ കുഞ്ഞിനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗ സന്നദ്ദതയില്‍ സംപ്രീതനായ ഇബ്രാഹീം നബിയോട് കുഞ്ഞിനു പകരമായി ഒരു ആടിനെ അറുക്കാന്‍ കല്പ്പിച്ചൂ നാഥന്‍ ....!
ഇവയെല്ലാം ഹജ്ജിന്‍റെ ചരിത്രത്തോട് ഇഴ ചേര്‍ന്നു കിടക്കുന്ന മുഹൂര്‍ത്തങ്ങള്‍...
ഹജ്ജും പെരുന്നാളും ഉയര്‍ത്തുന്ന സ്നേഹത്തിന്റെ, സമഭാവനയുടെ, സാഹോദര്യത്തിന്റെ വിശുദ്ദ സന്ദേശം നമ്മുടെ മനസ്സുകളില്‍ ഏറ്റു വാങ്ങുക!
ഏവര്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍ ....
Thursday, November 4, 2010
ഗസല്‍ മഴയില്‍ ഒരു രാവ്....! [വാര്‍ത്ത]
സൂഫീ സംഗീതത്തെ കുറിച്ച് സെമിനാറും സൂഫീ സംഗീത സദസ്സും കോഴിക്കോട് ടൌണ് ഹാളില്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവ.കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗമായ വി. ടി. മുരളി ഉദ്ഘാടനം ചെയ്തു.
സൂഫീ സംഗീത പാരമ്പര്യത്തെ കുറിച്ചും അതിന്റെ ആത്മീയ തലങ്ങളെ കുറിച്ചും ജലാലുദ്ദീന്‍ റൂമിയുടെയും ഖലീല്‍ ജിബ്രാന്റെയും സാഹിത്യ സംഭാവനകളെ കുറിച്ചുമുള്ള വിശദമായ പഠനവും ഗസല്‍-ഖവാലി സംഗീത സദസ്സും ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു.
ബ്ലോഗ്ഗ് വായനക്കാര്‍ക്കായി വാര്‍ത്തകള്‍ ചുരുക്കി ചില ചിത്രങ്ങളും ഒരു ഗാന ശകലവും.......
സൂഫീ സംഗീതം ആത്മാവിന്റെ പ്രണയമാണെന്ന് വി. ടി. മുരളി
റൂമി സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും അദൃശ്യമായ ആത്മാവിനെ തൊട്ടറിഞ്ഞവനെന്ന് സെന്‍ ബുദ്ധിസ്റ്റ് ചിന്തകന്‍ പി. എന്‍. ദാസ്
ജനകീയ സംഗീതത്തിന്റെ മതമാനം ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ വായിക്കുന്നതാണ് തന്റെ സംഗീതാന്വേഷണങ്ങള്‍ എന്ന് മലപ്പുറം ഗവ:കോളേജ് മലയാളം പ്രൊഫസര്‍ ജമീല്‍ അഹമ്മദ്
ഭയത്തില്‍ നിന്ന് പ്രണയത്തിലേക്ക് ദൈവത്തോടുള്ള ബന്ധം പരിണമിക്കുമ്പോഴാണ് കവിതയും സംഗീതവും പിറക്കുന്നതെന്ന് കക്കാട് മുഹമ്മദ് ഫൈസി
സംഗീതം ശബ്ദങ്ങള്‍ കടന്ന് മനസ്സുമായി സംവദിക്കുന്ന മാധ്യമമാണെന്ന് എം വി മുഹമ്മദലി
കാണാനുള്ള സൌകര്യത്തിനായി ആമുഖം ഒഴിവാക്കി ഒരു ചെറിയ ക്ലിപ്പ് ആണ് ഇട്ടിട്ടുള്ളത്
വിശദമായി പിറകെ........
അലിഫ് കുമ്പിടി
സൂഫീ സംഗീത പാരമ്പര്യത്തെ കുറിച്ചും അതിന്റെ ആത്മീയ തലങ്ങളെ കുറിച്ചും ജലാലുദ്ദീന്‍ റൂമിയുടെയും ഖലീല്‍ ജിബ്രാന്റെയും സാഹിത്യ സംഭാവനകളെ കുറിച്ചുമുള്ള വിശദമായ പഠനവും ഗസല്‍-ഖവാലി സംഗീത സദസ്സും ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു.
ബ്ലോഗ്ഗ് വായനക്കാര്‍ക്കായി വാര്‍ത്തകള്‍ ചുരുക്കി ചില ചിത്രങ്ങളും ഒരു ഗാന ശകലവും.......
സൂഫീ സംഗീതം ആത്മാവിന്റെ പ്രണയമാണെന്ന് വി. ടി. മുരളി
റൂമി സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും അദൃശ്യമായ ആത്മാവിനെ തൊട്ടറിഞ്ഞവനെന്ന് സെന്‍ ബുദ്ധിസ്റ്റ് ചിന്തകന്‍ പി. എന്‍. ദാസ്
ജനകീയ സംഗീതത്തിന്റെ മതമാനം ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ വായിക്കുന്നതാണ് തന്റെ സംഗീതാന്വേഷണങ്ങള്‍ എന്ന് മലപ്പുറം ഗവ:കോളേജ് മലയാളം പ്രൊഫസര്‍ ജമീല്‍ അഹമ്മദ്
ഭയത്തില്‍ നിന്ന് പ്രണയത്തിലേക്ക് ദൈവത്തോടുള്ള ബന്ധം പരിണമിക്കുമ്പോഴാണ് കവിതയും സംഗീതവും പിറക്കുന്നതെന്ന് കക്കാട് മുഹമ്മദ് ഫൈസി
സംഗീതം ശബ്ദങ്ങള്‍ കടന്ന് മനസ്സുമായി സംവദിക്കുന്ന മാധ്യമമാണെന്ന് എം വി മുഹമ്മദലി
കാണാനുള്ള സൌകര്യത്തിനായി ആമുഖം ഒഴിവാക്കി ഒരു ചെറിയ ക്ലിപ്പ് ആണ് ഇട്ടിട്ടുള്ളത്
വിശദമായി പിറകെ........
അലിഫ് കുമ്പിടി
Thursday, October 28, 2010
പുല്ലാങ്കുകുഴലുകള്‍ ഒളിപ്പിക്കുന്നത്...
എനിക്കൊരു ഓടക്കുഴല്‍ കൊണ്ട് വന്നു സ്നേഹത്തോടെ സമ്മാനിച്ചപ്പോള്‍..... .
ഞങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന സ്നേഹം ഇത്രയും അര്‍ത്ഥവത്തായ, വായിക്കാപ്പെടാത്ത സംഗീതമായി എനിക്ക് സമര്‍പ്പിച്ചപ്പോള്‍ മനം നിറഞ്ഞു എഴുതിപ്പോയത് ....)
നീ നീട്ടുന്നതൊരു വെറും മുളം തണ്ടല്ല
സുഷിരങ്ങളില്‍ ഉണരാതെ പോയ എത്രയോ ദ്വാപര യുഗ സ്പന്ദനങ്ങള്‍ !
കാട്ടുമുളം തണ്ടിന്‍ സുഷിരങ്ങളില്‍,
നീ ഒളിപ്പിച്ചു വെച്ചിരിക്കുന്നതേതു
പ്രണയത്തിന്‍ നിശബ്ദ സംഗീതം... ?
വരണ്ട മണ്ണിന്‍ കാത്തിരിപ്പിലേക്ക്
പെയ്യാ മഴ മൌനം നീട്ടി ശ്യാമാംബരം,
ഒരു മഴവില്‍ തെല്ലിട തെളിയും
ചാറ്റല്‍ കുളിരിനു കാത്തു
പീലിയൊതുക്കി ഒരൊറ്റ മയൂരം.
ഇല കരിഞ്ഞസ്ഥിയായ് തീര്‍ന്ന
മരുഭൂ തരുവില്‍ ക്ഷീണിച്ച കൊമ്പില്‍
ദാഹിച്ച വേഴാമ്പലിന്‍ ആത്മ തപം.
ആരെയോ തിരഞ്ഞ് എങ്ങോ ഉഴറും
നീലക്കടമ്പിന്‍ പൂമണമുള്ളൊരു കാറ്റ്.
മഴയ്ക്ക് പെയ്യാതിരിക്കാനാവും
വേഴാമ്പല്‍ ദാഹിച്ചു മരിച്ചേക്കും
കാറ്റിനു വീശാതിരിക്കാനും,
മയിലിനു ആടാതിരിക്കുവാനുമായേക്കും
പാടാതിരിക്കാനെനിക്കെങ്ങിനെയാകും?
ചുണ്ടിനും മുളം തണ്ടിനുമിടയില്‍,
നിനക്കും എനിക്കുമിടയില്‍
സ്പന്ദിക്കുന്നൊരു കാലം
ദേവ പ്രണയമായ്
എന്നെ വന്നു തൊടുമ്പോള്‍ ...
Monday, October 18, 2010
നാറാണത്ത് ഭ്രാന്തന്റെ മലയില്‍ (PHOTOS)
തുലാം ഒന്ന്
പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന്‍ തന്റെ പുകയുന്ന മനസ്സുമായി അലയുമ്പോള്‍ പിടികിട്ടാ സമസ്യകളുടെ ഉന്മാദങ്ങളില്‍ വന്യമായ കരുത്തോടെ മലയുടെ മുകളിലേക്ക് കല്ലുരുട്ടി അത് താഴേക്കു തള്ളിയിട്ടു ആര്തട്ടഹസിച്ചിരുന്നു എന്ന് പറയപ്പെടുന്ന രായിരനെല്ലൂര്‍ മല !
പാലക്കാട് ജില്ലയിലെ രായിരനെല്ലൂര്‍ ദേശത്തെ ഈ മലയിലേക്കു നാറാണത്തുഭ്രാന്തന്റെ അനുഗ്രഹം തേടി എല്ലാ വര്‍ഷവും തുലാം ഒന്നിന് ആയിരങ്ങള്‍ മല കയറുന്നു.
മലയുടെ മുകളിലെ ക്ഷേത്രവും നാറാണത്തു ഭ്രാന്തന്റെ പ്രതിമയുമാണ് ആരാധകരുടെ ലക്ഷ്യമെങ്കിലും മല കയറുക എന്നത് തന്നെയാണ് ഇതിലെ പ്രധാന ചടങ്ങ്.
വിശ്വാസികള്‍ മാത്രമല്ല കാഴ്ച കാണാന്‍ വരുന്നവര്‍ ,സാഹസീകത ഇഹ്ട്ടപ്പെടുന്നവര്‍ ,നാറാണത്തു ഭ്രാന്തന്റെ ചരിത്രം ചികയുന്നവര്‍ എന്നിങ്ങിനെ സമൂഹത്തിലെ നാനാ തുറയിലുള്ളവരും തുലാം ഒന്നിന് മലമുകളില്‍ സംഗമിക്കുന്നു.
ഈ തുലാം ഒന്നിന് ഞാനും കൂട്ടുകാരും അവര്‍ക്കൊപ്പം മല കയറി
ചില ഫോട്ടോകള്‍ പങ്കുവെക്കുന്നു
Subscribe to:
Posts (Atom)















+copy.jpg)





