My Blog List

സന്ദര്‍ശകര്‍

താളുകള്‍

Monday, December 28, 2009

ഉയിര്‍പ്പ്സ്വപ്‌നങ്ങള്‍ കത്തിച്ച കാട്ടു തീയില്‍
പശിയടങ്ങാത്ത നാളങ്ങളില്‍
ദഹിച്ചു വേവുന്നു എന്റെ ആത്മ വേദം.
ഇരുളിന്‍ പീലി കൊണ്ട് ഞാന്‍
കോറിയെഴുതിയതാണ്
ഉണങ്ങിയ കാലത്തിന്റെ പനയോലകളില്‍
എന്നെത്തന്നെ....
ദൈവ ഹൃദയമല്ലാതെ
ആരാലും വായിക്കപ്പെടരുത് എന്റെ വേദം
അത്ര മേല്‍ പ്രണയം താങ്ങാന്‍
മറ്റാര്‍ക്ക് കഴിയും ?
മനസ്സില്‍ അടുക്കും ചിട്ടയുമില്ലാതെ
ഞാന്‍ കുത്തിനിറച്ച
സൌഹൃദത്തിന്‍ കളിക്കോപ്പുകള്‍
പകുത്തെടുത്തില്ലേ
സ്നേഹം ഭാവിചെത്തിയ ഓരോ അതിഥിയും?
ഇനിയെന്റെ മൃതി കൂടി
ഞാന്‍ നിങ്ങള്‍ക്ക് ആഘോഷമാക്കുമ്പോള്‍
കണ്ണീരു വീഴ്ത്തി എന്‍ വഴിമുടക്കാതെ...
ദൈവത്തെക്കാള്‍ പ്രണയിക്കുന്നത് ആരാണെനിക്ക്‌ ഭൂമിയില്‍

പ്രണയത്തെ വാഴ്ത്തുന്നവരോട്


മൊഴികളില്‍ അര്‍ത്ഥമില്ലാതെ,
മിഴികളില്‍ ആത്മാര്‍ഥതയില്ലാതെ,
വെറും വാക്കിനാല്‍ നാം കെട്ടി ഉയര്‍ത്തിയ
മണല്ക്കൊട്ടാരത്തെ
നീ അടുപ്പം എന്ന് വിളിക്കായ്ക!
ഉയിരില്‍ മിടിക്കാത്ത,
കനവില്‍ പൂക്കാത്ത,
കരളില്‍ വിരിയാത്ത മഴവില്ലിനെ
നീ പ്രണയം എന്ന് ഘോഷിക്കായ്ക!
കരളില്‍ തെളിച്ചമില്ലാതെ,
അലിവിന്‍ മിനുക്കമില്ലാതെ,
ഉടലാല്‍ ഒട്ടിച്ചു വെച്ചതിനെ
നീ കാമം എന്ന് പറയായ്ക !
മഴയിറ വെള്ളത്തില്‍,
കാലം വിട്ട കളിവഞ്ചിയില്‍,
ജീവന്റെ അഭയം തേടിയ
കരി ഉറുമ്പുകള്‍ മാത്രമാണ് നാം!
പരസ്പരാശ്രിതത്വത്തിന്റെ
ഇത്തിരി മഴ നേരത്തെ
നാം എന്തിനിത്ര വാഴ്ത്തണം !
നമുക്ക് പിരിയാം

ഒട്ടകങ്ങളുടെ ദാഹംഒട്ടകങ്ങള്‍ക്കു ദാഹിക്കില്ലെന്നൊരു
ശാസ്ത്ര കഥയുടെ അലങ്കാരത്തെ സാക്ഷ്യപ്പെടുത്താന്‍ എത്ര ദാഹത്തിന്‍ രാപ്പകലുകളെ
ഓരോ ഒട്ടകങ്ങളും തന്‍റെ ജീനിയില്‍ വഹിക്കുന്നുണ്ടാകണം?
കുടിച്ചാലും മതിവരാത്ത ആര്‍ത്തികളില്‍,
എന്നെങ്കിലും ലഭിക്കുന്ന ജല സമൃദ്ധിയില്‍,
എത്ര നാള്‍ ഉടലില്‍ വഹിച്ചായിരിക്കണം
ഓരോ ഒട്ടകവും ചുട്ടു പഴുത്ത മണല്ക്കാടുകളെ ചവിട്ടിത്തള്ളുന്നത്
'ഒട്ടകത്തിനു ഇടം കൊടുത്താല്‍' എന്നൊരു പഴം കഥയുടെ പേരില്‍
തണുത്തുറഞ്ഞ എത്ര രാവുകളില്‍
തമ്പിനു പുറത്തെ മഞ്ഞു ശയ്യകളില്‍
ഓരോ ഒട്ടകവും പൂര്‍വ്വികരുടെ പാപഫലം അനുഭവിച്ചു തീര്‍ക്കുന്നുണ്ടാകണം ?
ഒരിക്കലും ഇഴ പിരിക്കാനാകാത്ത ഗണിതം കൊണ്ട്
വണിക്കുകള്‍ പരസ്പരം കൈമാറുന്ന
കച്ചവടത്തിന്റെ ലാഭ നഷ്ടങ്ങള്‍ അറിയാതെ
ഉടയോരെ ചുമന്നു ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക്
അവര്‍
എത്ര സംസ്കാരങ്ങളെ
തങ്ങളുടെ നീണ്ട കാലുകളാല്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നുണ്ടാകണം ?
സമയം കൊല്ലുന്ന അറബിക്കഥകളുടെ മാസ്മര ലോകങ്ങളരിയാതെ
ഉടയവര്‍ തീ കാഞ്ഞ്,
അറബന മുട്ടിപ്പാടും പാതിരാ പാട്ടുകളുടെ താള ലയമറിയാതെ
അടുത്ത യാത്രയുടെ സമയം കാത്തിരിപ്പായിരിക്കും ഓരോ ഒട്ടകവും എപ്പോഴും....

ശമനം


ഓരോ തുള്ളിയിലും ചവര്‍പ്പിന്റെ അരുചി ഏറ്റും
കൈപ്പാര്‍ന്ന കഷായമാണ് നീ
ഓരോ തുള്ളിയിലും ഉണ്ട്
ആര്‍ത്തലക്കുന്ന ചര്‍ദ്ധിയുടെ
ആയിരം തുറവായകള്‍ !
എന്നിട്ടും മധുരമെന്നോതി
കുടിച്ചു തീര്‍ക്കുകയാണ് നിന്നെ ഞാന്‍
ഞരമ്പില്‍ നീ പടര്‍ന്നു കത്തുന്നുണ്ട്
അകക്കാമ്പില്‍ നീ നൃത്തം ആടുന്നുണ്ട്
മനസ്സിന്റെ മധുരം കടയാന്‍
കഷായം കുടിച്ചു ഞാന്‍
ആയുസ്സ് നീന്തുകയാണ്
നീ തിരുമധുരമായ്
എവിടെയോ മറഞ്ഞിരിപ്പുണ്ട്
ഇന്ന് 
എന്‍റെ സ്നേഹം ഞാന്‍ അയക്കാന്‍ മറന്ന കുറിമാനം
തുപ്പല്‍ നനവില്‍ ഞാന്‍ ഒട്ടിച്ചു വെച്ച തുറക്കാത്ത കവര്‍
അരികുകള്‍ പിന്നിയൊരു ജീവിതം
എന്നിട്ടും ഞാന്‍ സൂക്ഷിച്ചു വെച്ചു
ഭൂതകാലം പൊടി പിടിച്ച
ദിനസരി കുറിപ്പുകള്‍ക്കിടയില്‍...

പോയകാലം

നീയെത്തി നോക്കുമ്പോള്‍
പിറകില്‍ നിന്ന് വിളിക്കുമ്പോള്‍
ഞാനിതാ എന്ന് നീ മുമ്പില്‍ നില്‍ക്കുമ്പോള്‍
മാത്രം ഞാന്‍ നിന്നെ കണ്ടതായ് ഭാവിച്ചു

ഓര്‍മ്മകള്‍

പടിവാതിലില്‍ ഒരിറ്റ് കണ്ണീര്‍
മഴയില്‍ മാഞ്ഞു പോയ നിന്‍ കാലടികള്‍ ....
നിന്നെ കുറിച്ചുള്ള മറവികള്‍ പോലും
ഞാന്‍ എന്നെതന്നെ മറക്കുകയായിരുന്നു എന്ന്
ഇന്ന് അറിയുന്നു ഞാന്‍

പക്ഷെ

ഭൂമിയില്‍ വാസം ഇല്ലാത്തവര്‍ക്ക്
ആരെത്തിക്കും എന്‍റെ കിനാവുകള്‍ ..
.

ഞാന്‍ ഒറ്റക്ക്


പകല്‍,
അവള്‍ നനഞ്ഞ
മഴ മേഘക്കാടുകളിലലഞ്ഞും
അവള്‍ മീട്ടിയ
മേഘ രാഗങ്ങള്‍ തന്‍ തന്ത്രികള്‍ തിരഞ്ഞും
ആര്‍ത്തു പെയ്യും വ്യസന മഴയില്‍
ഉള്ളിലൊരു മരുഭൂമി തന്‍
കനല്ചൂടുമായ്
എന്‍റെ അയനം.
രാത്രി,
ആരുടെയോ കണ്ണീര്‍ മഴയില്‍ കട പുഴകി
തീരങ്ങളില്‍
തല തല്ലി ഒഴുകിയിട്ടും
പാതി മുറിഞ്ഞ കിനാവില്‍
പുലരാത്ത പുലരിയില്‍
ഞാന്‍ ഒറ്റക്ക്

വെറുപ്പിന്‍റെ സുവിശേഷം


നമുക്കീ ധ്രുവങ്ങളുടെ അന്തരങ്ങളെ സ്നേഹിച്ച്
ഒറ്റക്കൊറ്റക്ക് മൃതിയെ പുല്‍കാം
ഓര്‍മ്മകളുടെ സാന്ത്വനം പോലും വീശരുത്
ഒരു ഉഷ്ണ ഭൂവിലും
സ്മൃതികളുടെ താഴ്വരകളെ എന്നോ നാം
വെറുപ്പിന്‍ പ്രളയം കൊണ്ട്
ഉഴുതു മറിച്ച്ചിരുന്നുവല്ലോ?
അഗ്നി നാമ്പുകല്‍ വിഴുങ്ങിയ
നാം പരസ്പരം പകര്‍ന്ന കുറിമാനങ്ങളുടെ
ചാരക്കൂനകള്‍ക്ക് പോലും ഇന്നറിയില്ല
മുന്‍പ് നാം സ്നേഹിച്ചിരുന്നു എന്നൊരു പഴങ്കഥ പോലും...
ഒരു തൂവലാല്‍ പോലും സ്പര്ശിക്കാതിരിക്കുക
പഴയ പുരാണങ്ങള്‍ തന്‍
ചിതലരിച്ച്ച ഗ്രന്ധപ്പുരകള്‍ !
എന്നിട്ടുമെന്നിട്ടും
നോവ്‌ തിളക്കും
അകത്തെ അടുപ്പില്‍
കണ്ണീര്‍ ഒഴിച്ച് കിടത്തി
നമുക്ക് വിശന്നു മരിക്കാം...
വേദനയുടെ ആഴങ്ങളിലല്ലാതെ നമുക്ക് കണ്ടെതാനാകില്ല
നമ്മള്‍ക്ക് ഒത്തു ചേരാന്‍ ചേര്‍ച്ചയുള്ള ഒരിടവും

ഞാന്‍ ഭാഗ്യവതിയാം സൂര്യകാന്തി

നിന്‍ തീക്ഷ്ണ മിഴികളെ
നേരിടാനാകാതെകരിഞ്ഞു പോയൊരു
പുഷ്പ ഹൃദയമാണ് ഞാന്‍
ചിരിക്കാന്‍ മാത്രം പഠിച്ചതാണ് എന്‍ മുഖം
കരയാന്‍ മാത്രം പടച്ച്ചതാണ് എന്‍ മനം
നിന്നെ സ്നെഹിച്ചതിനാല്‍ മാത്രം
പൊള്ളുന്ന പ്രണയത്തെ ദലങ്ങലാല്‍ ഏറ്റുവാങ്ങി
കരിഞ്ഞ്ഞുണങ്ങി യതാണ്
എന്റെ പകലുകള്‍ ഓരോന്നും
നിശാ ഗന്ധികളോടും പാതിരാ മുല്ലകളോടും
ഇരുളില്‍ സന്ധിക്കാരുണ്ട്
നിന്റെ കറുത്ത രാവുകള്‍ എന്ന് അറിഞ്ഞിട്ടും
പകല്‍ തോറ്റു മടങ്ങിയ ഓരോ ത്രിസന്ധ്യകളും
അകക്കാമ്പില്‍ കരിഞ്ഞു പോയ കിനാവുകളെ
ഉണക്കി ഉണക്കി
നിനക്കായ് പെറ്റ് പെരുകാന്‍
വിധിക്കപ്പെട്ടതാനെന്‍
മഞ്ഞളിച്ച ജന്മം
വാഴ്തുകാര്‍ മാത്രം നിന്നെ ജപിച്ചുണര്‍ത്തും
പഴംപാട്ടുകളില്‍
ഞാന്‍ ഭാഗ്യവതിയാം സൂര്യകാന്തി