My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Thursday, May 26, 2011

മാഞ്ഞ വഴികളിലെ കണ്ണീര്‍



ഓര്‍മ്മകള്‍ മാഞ്ഞ വഴികളിലേക്ക് പിന്‍ നടക്കുമ്പോള്
അമ്മുക്കുട്ടീ നീയെന്തിനാണ്‌ കണ്ണുകളൊപ്പുന്നത് ?

ജീവിതം കൊണ്ടു നീ വരച്ചതെന്തായിരുന്നെന്റെ പ്രാണനിൽ...
എന്റെ ചുളിഞ്ഞ ജീവിതങ്ങൾ 
ഇസ്തിരിയായ് അമർന്നമർന്ന് തേഞ്ഞു തീരൽ!
എപ്പോഴും മറക്കുന്ന കണ്ണട
വേലിക്കരികിലേക്ക് ഓടി വന്നു തരുന്ന ഒരു ഓർമ്മപ്പെടുത്തൽ! 
ഒരു ചോറ്റു പാത്രത്തിൽ രണ്ടു പാത്രം ചോറ്  കുത്തി നിറക്കുന്ന സ്നേഹം!
എത്ര മൂടി വെച്ചാലും ഓഫീസിലാകെ ഒഴുകിപ്പരക്കുന്ന ഒരു ചമ്മന്തി മണം!
എത്ര നേരത്തേ വന്നാലും പടിക്കൽ കാത്തു നിന്ന് 
ഇന്നെന്തെ വൈകീന്നൊരു പരിഭവം!
എന്താ പാതിരക്കും ഇത്ര എഴുതാൻ എന്നാവും ഒമ്പതിനേ നിന്റെ ചോദ്യം
പിന്നെ അവസാനത്തെ പാത്രവും കഴുകിക്കമഴ്ത്തി 
വാസനസോപ്പിൽ കുളിച്ചൊരുങ്ങി വന്ന് പറ്റിച്ചേർന്നു പാതിയുറക്കം മുറിച്ച് 
ഇടക്ക് കുഞ്ഞുറങ്ങീട്ടായെന്ന് നാണത്തോടൊരു സ്വകാര്യം!
എല്ലു മുറിഞ്ഞു പണിയെടുത്ത
 പകലിന്റെ ക്ഷീണങ്ങളെ വിസ്മരിച്ച് ഒരു വിധേയത്വം!
എന്നാലും സൂര്യനു മുമ്പേ ഉണർന്നിട്ട് 
ഇവൾക്കെന്താണിത്ര പണിയെന്നാവും ഞാന്‍... 

ചില നേരം ചുമരിൽ   ചാരി നിന്ന് വല്ലാണ്ട് കിതക്കുമ്പോള് 
 നെഞ്ചോട് ചേർത്തു പിടിച്ചു ചോദിക്കും എന്താ ന്റെ തമ്പ്രാട്ടിക്ക്....?
ഒരു വേദനയും പറഞില്ല എന്നിട്ടും 
അവളുടെ  തലയിണകൽ എന്താണിത്ര നനഞ്ഞു കുതിർന്നിരുന്നത്...?
ചിണുങ്ങുന്ന മോൾക്ക് ഫീസിന്റെ കാര്യം പോലും പറയാതെ
നിനക്കെന്താ ചോദിച്ചാലെന്ന ശാസനയിലും മുഖം താഴ്ത്തി, 
എന്തിനാ എന്നെയിങ്ങിനെ പേടിച്ചു സ്നേഹീക്കുന്നതെന്ന
ഓരോ ചോദ്യങ്ങളിലും തളർന്നു മാറിലേക്കു വീണൊരു തേങ്ങൽ ...!
പിന്നെ ഒരു വിളർത്ത ചിരി 

പിന്നെയെപ്പോളാണവൾക്ക് പിടിച്ചു നിൽക്കാനാവാതെ
വീണു പോകേണ്ടി വന്നത്  ?
തുപ്പലിനൊപ്പം "ദേ നോക്ക് ഏട്ടാ ചോര"  എന്ന് 
എന്നെ നോക്കി ഭീതിയോടെ കരയാൻ കഴിഞ്ഞത്?
ആശുപത്രി വരാന്തയിലൂടെ ഒരു തള്ളു വണ്ടിയിൽ 
ഉന്തിയുന്തി ഞാൻ തളരവേ ഉള്ളം കയ്യിൽ അമർത്തിപ്പിടിച്ച് ഒരു ചോദ്യം 
ന്റെ ഏട്ടനാരാ ഞാൻ പോയാൽ.....
ആരുമുണ്ടായില്ലപിന്നെ ആരും! 
അച്ചന്റെ പഴയ ശീലങ്ങളെ പൊറുക്കാതെ  
പ്രേമത്തിന്റെ ഒളി വാതിലിലൂടെ തനിച്ചാക്കിപ്പോയ  മകളു പോലും... 

എന്നാലുമുണ്ട് അമ്മുക്കുട്ടീ നീ
ഇന്നലത്തെ പഴഞ്ചോറിൽ പുളിച്ച  ചാറു കുഴയുന്നതിൽ,
മൂടി വെക്കാൻ മറന്ന ഫ്ലാസ്കിലെ തണുത്ത പാട കെട്ടിയ  ചായയിൽ,
ഒറ്റക്കാലു മാത്രമുള്ള ക ണ്ണടയിൽ ,
ഉറങ്ങുന്നേരം ഒറ്റക്കു തട്ടി മറിഞ്ഞു വീണുകിലുങ്ങുന്ന  പാത്രങ്ങളിൽ
വാസന സോപ്പു മണക്കും പാതിരാ സ്വപ്നങ്ങളിൽ
വെറുതേയുള്ള   ഉണരലിൽ
എല്ലാം എല്ലാം നിറയേ....
 മാഞ്ഞവഴികളിൽ പോലും
നീ സാരിത്തലപ്പുയർത്തി  കണ്ണീരൊപ്പുന്നുവല്ലോ
ഞാൻ കരയുന്നില്ലല്ലോ പിന്നെ നീ മാത്രമിങ്ങിനെ........