My Blog List

സന്ദര്‍ശകര്‍

താളുകള്‍

Wednesday, March 10, 2010

ഫറസ്ദഖ്! വെളിച്ചത്തിന്റെ വാഴ്ത്തുകാരന്‍
മദ്യം ലഹരി പിടിപ്പിച്ച 
മഞ്ഞുതുള്ളികളായ്‌ 
ഫറസ്ദഖ്!
നീ പാതിരാവില്‍ സംഗീതമായ് പെയ്യുമ്പോള്‍ 
നീ തൂലികത്തുമ്പാല്‍  വസ്ത്രമുരിഞ്ഞ 
പ്രൌഡകളാം  കുലീന  വനിതകള്‍ 
നിനക്കൊപ്പം  നിശാനടനമാടുമ്പോള്‍ 
മത്തുപിടിച്ച്ചൊരു കാറ്റായി വന്നു 
നീയെന്റെ പാതിരാവില്‍ നിറയുന്നു

എത്ര മേല്‍ നീ മദ്യ ചഷകം നിറക്കുമ്പോഴും
എത്രയശ്ലീലം നീ 
നഗ്ന നാരിയെ വാഴ്ത്തുമ്പോഴും
പുരോഹിതന്മാര്‍ നിനക്കായ്‌ മരക്കുരിശു പണിയുമ്പോഴും 
വെറുക്കാനാകുന്നില്ല ഫറസ്ദഖ് നിന്നെയെനിക്ക് .
സ്വര്‍ഗ്ഗ വാതിലില്‍ മാലാഖമാരാല്‍ ആനയിക്കപ്പെടും 
പരിശുദ്ധനായേ  എന്റെ സ്വപ്നങ്ങളില്‍ 
നിനക്ക് മുഖമുള്ളൂ


അധികാര ധാര്ഷ്ട്യങ്ങളെ വാഴ്ത്തിയ 
നിന്റെ മുഖസ്തുതിക്കവിതകള്‍ വായിച്ചിട്ടും 
ആടയാഭരണങ്ങള്‍ക്കും  പണക്കിഴികള്‍ക്കുമായി 
നീ ഉയര്ത്തിയ വാഴ്ത്ത്തുപാട്ടിന്‍ ശബ്ദ ഘോഷങ്ങള്‍ കേട്ടിട്ടും
നീ പൊള്ളിപ്പനിച്ച പാതിരാവുകളും 
നീ ഉരുകിത്തീര്‍ന്ന  നട്ടുച്ചകളും   
മാത്രമേ നിന്നെക്കുറിച്ച് എനിക്ക് വിശ്വസിക്കാനാകുന്നുള്ളൂ 


എത്ര പരിചരിച്ചാലും 
എത്ര മേല്‍ പട്ടണിയിച്ചാലും
കത്തുന്ന പൌരുഷം 
കനലായ് ഉള്ളില്‍ എരിയുന്നവര്‍ക്ക് 
ഒളിപ്പിക്കാനാകില്ല വിശ്വ രൂപമെന്ന്
കാലത്തെ പഠിപ്പിച്ചവന്‍ നീ 


ഫറസ്ദഖ്
നീയെനിക്കു  ദേവ പ്രണയത്തിന്‍ പാട്ടുകാരന്‍
സൈനുല്‍ ആബിദീനിന്‍ 
സൂര്യ തേജസാം സൂഫീ മുഖം നോക്കി
അധികാര ഗര്വ്വിന്‍ ഹിഷാം
മന്‍ ഹാദാ...?
എന്ന് പുച്ഛം മൊഴിഞ്ഞപ്പോള്‍ 
"ഇത് നീ അറിയാതിരിക്കിലും അറിയും 
ഈ വിശുദ്ധ ഗേഹവും അത് വഹിക്കും ചരിതവും ...
ഇത് പട്ടിണിപ്പടയുടെ നായകന്‍...
ഇത് ധര്‍മ്മ വിപ്ലവത്തിന്‍ 
പുരുഷാരം നെഞ്ചിലേറ്റും ദിവ്യരൂപം ...
ഇത് നിന്റെ കാഞ്ചന ഗോപുരങ്ങള്‍ വിട്ടെറിഞ്ഞ്‌ 
പച്ച മണ്ണിന്‍  ഗന്ധത്തില്‍ ഉറങ്ങുന്നവന്‍ ...
ഇത് സര്‍വ്വാനുഗ്രഹ ദൂതന്റെ 
രക്തത്തില്‍ പിറന്ന സിംഹ ജന്മ്മം....." എന്ന് 
കണ്ഠം പൊട്ടിപ്പാടിയോന്‍ 


നീ
ചാട്ടവാറിന്റെ സീല്‍ക്കാരങ്ങളെ 
സ്വന്തം കവിതയ്ക്ക് താളമാക്കിയോന്‍
മരുഭൂമിയിലെ ഏകാന്ത തടവില്‍ 
ദൈവത്തെ പ്രണയിച്ച്
വിശപ്പിന്റെ ഗീതം കുറിച്ചവന്‍


ഫറസ്ദഖ്
നീ ചളി പുരണ്ട കാലുകളും 
പാപം പുരണ്ട മേനിയുമായ് 
തെരുവില്‍ വസിച്ചാലും അരമനകളില്‍ വാണാലും
കരളിലൊരു നിലാവിനെ കൊണ്ട് നടന്നവന്‍ 
നീ വിശ്വാസത്തിന്‍ ഉടല്ക്കാഴ്ച്ചകളുടെ കര്മ്മരൂപങ്ങളോട് 
പുറം തിരിഞ്ഞു നിന്നവന്‍
എന്നിട്ടും
കത്തും പ്രണയം കൊണ്ട് 
മദീനയുടെ വെളിച്ചത്തെ മനസ്സില്‍ ഒളിപ്പിച്ചവന്‍
പാടൂ നീ 
മദ്യവും മദിരയും 
നിന്റെ വാക്കിലും നോക്കിലും നിറഞ്ഞാലും 
നിന്റെ മനസ്സില്‍ നിന്നൊരു കസ്തൂരി ഗന്ധം 
എന്റെ ഉള്ളില്‍ പടരുമ്പോഴൊക്കെയും
നീയെനിക്ക് വെളിച്ചത്തിന്‍ വാഴ്ത്തുകാരന്‍ .

ഫറസ്ദഖ്
ആറാം നൂറ്റാണ്ടില്‍  ജീവിച്ചിരുന്ന പേര്‍ഷ്യന്‍ കവി 
*മാന്‍ ഹാദാ = ആരാണിവന്‍ ...?

മദ്യത്തെയും മദിരയെയും വാഴ്ത്തി കവിത കുറിച്ചിരുന്ന അറേബ്യന്‍ കവി 
 രാജാവിന്റെ മുഖസ്തുതി  കവിതകള്‍ എഴുതി രാജ കൊട്ടാരങ്ങളില്‍ നിന്ന് 
പട്ടും വളയും വാങ്ങിയിരുന്ന കാലത്ത് 
ഒരിക്കല്‍ ഭരണാധികാരി  ഹിശാമുബ്നു അബ്ദുല്‍ മലിക്  മക്കയിലെത്തി ക അബ  യുടെ ചാരത്ത് സൈന്യസമേതം ഇരിക്കുമ്പോള്‍ 
ലളിത ജീവിതം നയിച്ചിരുന്ന സൂഫിയായിരുന്ന   സൈനുല്‍ ആബിദീന്‍  എന്ന പ്രവാചകന്റെ പേരക്കിടാവ് 
ക അബയിലെക്ക് വന്നു 
അവരെ കണ്ട ജനങ്ങള്‍ ഒന്നായ് വന്ദിച്ചു എഴുന്നേറ്റു.
അത് കണ്ടപ്പോള്‍ ഹിഷാം മന്‍ ഹാദാ? ..ആരാണിവന്‍  ...എന്ന് പുച്ഛത്തോടെ ചോദിച്ചു 
അത് കേട്ട ഫറസ്ദഖ് രോഷത്തോടെ ഹിശാമിനെ നോക്കി ഒരു കവിത ചൊല്ലി എന്ന് ചരിത്രം 

നന്ദി : കക്കാട് മുഹമ്മദ്‌ ഫൈസി