My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Saturday, February 5, 2011

അധികാരം... ചില കീഴാള വിചാരങ്ങൾ


പിറകില്‍ നിന്നാരോ നീക്കും 
വിവേകത്തില്‍, അവിവേകത്തിൽ 
നീങ്ങാന്‍ ഇടമുണ്ട് ഓരോ കരുവിനും
കറുപ്പും വെളുപ്പും തിരിച്ച യുദ്ധഭൂമിയില്‍

ലംബം തിരശ്ചീനം തേരുകള്‍
നേരെയോടി വെട്ടിത്തിരിയും അശ്വങ്ങള്‍ 
കോണാകൃതിയില്‍  പായും ഗജങ്ങള്‍
എങ്ങിനെയും ചരിക്കാം മന്ത്രിയൊരാള്‍ക്ക്
എങ്ങും ഒറ്റച്ചുവട് മാത്രം രാജ ഗമനം
എപ്പൊഴും സംശയിച്ചേ ഒരടി വെക്കൂ കാലാളുകള്‍

പൊരുതി വീഴുന്നുണ്ടിരുവശം കറുത്തവര്‍, വെളുത്തവര്‍
എതിര്‍ മുഖത്ത്‌ കള്ളികളില്ലാതെ പരുങ്ങുന്നുണ്ടൊരു രാജ ദു:ഖം
തറ തിന്നു തീര്‍ത്ത് പായുന്നുണ്ട്
ഒരായിരം ചിതലുകള്‍ കളിപ്പലകക്കുള്ളില്‍... 
ഒന്നമർന്നിരുന്നാൽ പൊടിഞ്ഞു വീഴും 
സിംഹാസനങ്ങളാണെന്നാലും 
എന്തൊരു ഗാംഭീര്യമാണവര്‍ക്ക് വീഴും വരെയും!

അപ്പോഴും പൊടി പൊടിക്കുന്നുണ്ട് മുകളില്‍ 
അധീശത്വത്തിന്‍ അങ്കം.
തീര്‍ന്നാലും തീര്‍ന്നാലും ഒത്തു തീരാതെ 
പുതിയ അങ്കം കുറിക്കും കളത്തിലെപ്പൊഴും 
പൊരുതുവാനല്ലെങ്കിലെന്തിനീ കളവും കരുക്കളും
എന്നൊരു ന്യായവും!

നിയമമൊന്നേയുള്ളൂ തുടങ്ങാൻ 
ആദ്യം ആയുധം പ്രയോഗിക്കുന്നവൻ
എപ്പോഴും വെളുപ്പൻ ആയിരിക്കണം!
കളിയായാലും കാര്യമായാലും കറുപ്പൻ ആരാ ആദ്യം തുടങ്ങാൻ?
മുഖം കറുത്തു പോയതിനാൽ തന്നെ 
രണ്ടാമതേ ചലിക്കാവൂ വെളുപ്പന്നു പിന്നിൽ കറുപ്പൻ!

കളികൾ വരും കളിക്കാരും 
കറുപ്പും, വെളുപ്പും ആനയും, കുതിരയും 
തേരും കാലാളും മന്ത്രിയും രാജാവും 
ഭരിക്കും മരിക്കും 
പിറകിൽ നിന്നു തള്ളാൻ ആളില്ലാത്തതിനാൽ
കളത്തിനു പുറത്താണെപ്പോഴും 
കാഴ്ച്ചക്കാരനാം  
വെളുത്ത മനസ്സുള്ള കറുത്തവൻ ഞാൻ