My Blog List

സന്ദര്‍ശകര്‍

താളുകള്‍

Wednesday, September 1, 2010

അഫ്ഗാന്‍ തെരുവിലെ പെരുന്നാളുകള്‍
ബാബാ ....  ഈ ഈദിന്നു എനിക്ക് ശര്‍വാണി ലഭിക്കുമോ ..?
അദ്നാന്റെ ശബ്ദമാണ് അയ്യൂബിയെ മയക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്. ബോധത്തിലേക്ക്‌ തിരിച്ചു വരാന്‍ അയാള്‍ കുറച്ചു സമയമെടുത്തു .താന്‍  ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്ന്  അപ്പോളാണ് അയാള്‍ ഓര്‍ത്തത് !
തന്റെ കയ്യില്‍ നിന്നും താഴെ വീണ ജപമാല അയാള്‍ ചുണ്ടോടു ചേര്‍ത്ത് മുത്തി.
എന്നിട്ട് ഒന്നും മനസ്സിലാകാതെ ചുളിവു വീണ നെറ്റിക്ക് താഴെ വരണ്ട വെയിലിനു കൈത്തലം കൊണ്ട് മറ പിടിച്ച് നരച്ച കണ്‍പീലികള്‍ക്കിടയിലൂടെ തന്റെ പേരക്കിടാവിനെ സൂക്ഷിച്ചു നോക്കി.
ഉപ്പൂപ്പ ശരിക്കും കേട്ടിട്ടില്ലെന്ന് അവനു മനസ്സിലായി. എങ്കിലും ഒരിക്കല്‍ കൂടി ചോദിക്കാനുള്ള ധൈര്യം അവനുണ്ടായില്ല .
ഇത്തരം ചോദ്യങ്ങളുടെയെല്ലാം മറുപടി ശാസനകളായിരുന്നു. എപ്പോഴും ..... ഉത്തരങ്ങള്‍ മഹാപാപങ്ങള്‍ ആണെന്ന് ഉപ്പൂപ്പ ധരിക്കുന്നത് പോലെ ...! അത് തന്നെ പഠിപ്പിക്കുന്നത്‌ പോലെ...!
എങ്കിലും അടക്കി വെക്കാനാകാത്ത ജിജ്ഞാസ കൊണ്ട് വാക്കുകള്‍  മുറിച്ച്  മുറിച്ച് അടുത്ത് ചെന്ന് പതിയെ ചോദിച്ചു 
ഇക്കുറി...എനിക്ക്... പെരുന്നാളിന്നു.... ഷെര്‍വാണി ......
തന്റെ നെഞ്ചിലൂടെ ഒരു മിന്നല്‍പ്പിണര്‍ കടന്നു പോയത് സ്വലാഹുധീന്‍ അയ്യൂബി അറിഞ്ഞു.
എവിടെയോ ആഴത്തില്‍ കൊളുത്തി വലിച്ചു ഒരു നോവ്‌..
അയാളുടെ തല കുനിഞ്ഞു പോയി
പതിനാലു വയസ്സായ ഈ കുരുന്നിന്റെ മുന്നില്‍ താന്‍ മുഖമുയര്‍ത്താന്‍ പോലുമാകാതെ ഭീരുവാവുകണെന്ന് അയാള്‍ അറിഞ്ഞു


ശാസിക്കാനോ  സന്ത്വനിപ്പിക്കാനോ  ആകാതെ മനസ്സിന്റെ ആഴങ്ങളില്‍ നിന്ന് ഉയര്‍ന്ന ഒരു തേങ്ങലിനെ  കഷ്ട്ടപ്പെട്ട്  അയാള്‍ നെഞ്ചിന്‍ കൂടില്‍ അമര്ത്തി.
ഒതുക്കി നിര്ത്താനാകാത്ത   രണ്ടു കണ്ണീര്‍ തുള്ളികള്‍ കണ്ണില്‍ നിന്ന് കുതറി താടിയുടെ വെള്ളി നൂലുകളില്‍ തങ്ങി മണ്ണില്‍ വീണു ചിതറി. 
' ബാബാ  ' അദ്നാന്‍ പരിഭ്രമത്തോടെ   വിളിച്ചു.
താന്‍ എന്താണ് ചോദിച്ചതെന്ന് പോലും അവന്‍ മറന്നു . എന്തോ അപരാധമായിരുന്നിരിക്കണം തന്റെ ചോദ്യം .....
ആദ്യമായിട്ടാണ് ബാബ തന്റെ മുന്നില്‍ കരയുന്നത്...
അവന്‍ ഉപ്പൂപ്പയുടെ മുഖം പിടിച്ചുയര്‍ത്തി
അയാള്‍ അവന്റെ മുഖത്തേക്ക് നോക്കാതെ ഇരുന്ന ഇരുപ്പില്‍ അവനെ മാറിലേക്ക്‌ വലിച്ചടുപ്പിച്ചു.
അവന്റെ എണ്ണ മയമില്ലാത്ത ചെമ്പിച്ച ചപ്രത്തലയില്‍ വിറയ്ക്കുന്ന കൈകളാല്‍ തലോടി.
അവന്‍ ഉപ്പൂപ്പാന്റെ മടിയിലേക്ക്‌ ചാഞ്ഞ്  ഇറങ്ങി മടിയില്‍ തല ചായ്ച്ചു കിടന്നു. ഇന്ന് ഒരു കഥ പറയാന്‍ ആവശ്യപ്പെടാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല. ഉപ്പൂപ്പ ആകാശത്തേക്ക് മുഖമുയര്തിയാണ് ഇരിക്കുന്നത് ! ഏതോ വിശുദ്ദമായ പ്രാര്‍ത്ഥന പോലെ ...!
എന്നാലും എന്തെങ്കിലും ഒന്ന് അബ്ബ തന്നോട് പരയാതിരിക്കില്ലെന്നു കരുതി കുറെ നേരം കണ്ണടച്ച് കിടന്നു  
പിന്നെ എപ്പോഴോ മയക്കത്തിലേക്കു വീണു.


അദ്നാന്‍ ഉറങ്ങി എന്നറിഞ്ഞിട്ടേ ആകാശത്തേക്ക് മുഖമുയര്‍ത്തിയ അയ്യൂബി  മുഖം താഴ്ത്തിയുള്ളൂ
ശാന്തമായി ഉറങ്ങുന്ന അവന്റെ മുഖത്തേക്ക്  അയാള്‍ സൂക്ഷിച്ചു നോക്കി. അടഞ്ഞ കണ്‍ പീലികള്‍ക്കടിയില്‍ ചെറുതായി അനങ്ങുന്ന കൃഷ്ണ മണികള്‍ ...!
അവനിപ്പോള്‍ സ്വപ്നം കാണുകയാകും..
തിളങ്ങുന്ന ശര്‍വാണിയിട്ട് താന്‍ പെരുന്നാളിന് മസ്ജിദില്‍  പോകുന്നത്, കൂട്ടുകാരോടൊപ്പം നിര്‍ഭയനായി മൈതാനങ്ങളില്‍ കളിക്കുന്നത് ...വയറു നിറയെ 'അലീസ' കഴിക്കുന്നത് ....
വൃദ്ദന്‍ ഒരു നെടുവീര്‍പ്പിട്ടു
കഴിഞ്ഞ തവണ അവനോടു പറഞ്ഞതായിരുന്നു അടുത്ത ഈദിന്ന് ശര്‍വാണി വാങ്ങിത്തരുമെന്ന്...!
പെരുന്നാളിന് പുത്തനുടുപ്പ്‌ ഇടുമെന്നും അത്തര്‍ പുരട്ടുമെന്നും മധുരമുള്ള 'അലീസ' ഉണ്ടാവുമെന്നും അവനോടു പറഞ്ഞത് അവന്റെ കൂട്ടുകാരനായ  'ദര്വേശ്' ആയിരുന്നു.
അന്ന് തന്നോട് അതിനെക്കുറിച്ച് അദ്നാന്‍ സംശയം ചോദിക്കാന്‍ വന്നപ്പോള്‍ താന്‍ ശാസിക്കുകയായിരുന്നു മേലില്‍ ദരവേശുമായി കളിക്കാന്‍ പോകരുതെന്ന്.....


എങ്കിലും അവന്‍ പോകും... ദര്വേശ് അവനു ആപ്പിള്‍ കഷണങ്ങളും റൊട്ടിയുമെല്ലാം   കൊടുക്കാറുണ്ടായിരുന്നു.
അവന്റെ ഉപ്പയെ ഇത് വരെയും യാങ്കികളുടെ തോക്കുകളോ ബോംബറുകളോ   കണ്ടിരുന്നില്ല. അല്ലെങ്കില്‍ ഓരോദിവസവും അയാള്‍ ഖനിയില്‍ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്കു തന്നെ മടങ്ങി വരുന്നതെങ്ങിനെ?


തന്റെ മകന്‍ 'മെഹബൂബ് ' അദ്നാനിന്റെ ഉപ്പ മരണത്തിലേക്ക് അങ്ങോട്ട്‌ നടന്നു കയറുകയായിരുന്നല്ലോ...
അല്ലെങ്കില്‍ നിരായുധനായ ഒരു സിവിവിലിയന്റെ കല്ലേറ് കൊണ്ട് ഒരു സൈനികന്‍ മരിച്ചാല്‍ അവനു മരണമല്ലാതെ മറ്റെന്താണ് സൈന്യം തിരിച്ചു കൊടുക്കുക ?
വെടിയേല്‍ക്കുമ്പോഴും അയാള്‍ പുഞ്ചിരിച്ചുവത്രേ ! കാരണം അയാള്‍ കൊന്നത് തന്റെ ഭാര്യയെ വലിച്ചിഴച്ചു കൊണ്ട് പോയ സൈനികനെ തന്നെയായിരുന്നു.
ഇത്ര നാളും മെഹബൂബ് എന്ന തന്റെ ധീരനായ മകന്‍ ആ സൈനികന്റെ മാറില്‍ കുത്തിയ അടയാള ചിഹ്നവും ചുമലിലെ നക്ഷത്രങ്ങളുടെ എണ്ണവും മനസ്സില്‍ വെച്ച് അയാളെ തിരയുകയായിരുന്നുവത്രേ !


മയ്യിത്ത് പോലും തിരികെ ലഭിക്കാത്തതിനാല്‍ അദ്നാനോട് ഉപ്പ ഹജ്ജിനു പോയതാണെന്നായിരുന്നു പറഞ്ഞത്. ചിലര്‍ ഹജ്ജിനു പോയാല്‍ തിരികെ വരില്ലെന്നും....
ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമേ താന്‍ കളവു പറഞ്ഞിട്ടുള്ളൂ ...
അയാള്‍ നെടുവീര്‍പ്പിട്ടു.
എവിടെ നിന്നെങ്കിലും ഇത്തിരി പണം ലഭിച്ചാല്‍ കുറച്ചു അലീസ വാങ്ങി ഇവന് കൊടുക്കണം! 
എന്നെങ്കിലും നടക്കുമോ എന്നറിയില്ലെങ്കിലും വെറുതെ അങ്ങിനെ മോഹിക്കും...
'അലീസ' സ്വര്‍ഗത്തിലെ ഭക്ഷണമാണെന്നും നമ്മുടെ സ്വപ്നങ്ങളെല്ലാം നമ്മെ സ്വര്‍ഗത്തില്‍ കാത്തിരിക്കുമെന്നുമാണ് അവനെ പഠിപ്പിച്ചത് .
തന്റെ കൂടെ പ്രാര്തനകളില്‍ പങ്കെടുപ്പിച്ചും സദുപദേശ കഥകള്‍ പറഞ്ഞു കൊടുത്തും അവനെ തികഞ്ഞ ശാന്ത സ്വഭാവിയാക്കാന്‍ താന്‍ എത്ര ശ്രമിച്ചിട്ടും വീരകഥകളും പോരാട്ടങ്ങളുടെ ചരിത്രവും കേള്‍ക്കാന്‍ വേണ്ടിയാണ് അവന്‍ എപ്പോഴും വാശി പിടിച്ചത്. അന്നേരമെല്ലാം മെഹബൂബിന്റെ കണ്ണിലെ തീപ്പൊരികള്‍ അവന്റെ കണ്ണില്‍  കണ്ട്‌ താന്‍ അവന്നു ക്ഷമാശീലരായ പുണ്യാത്മാവുകളുടെ കഥ പറഞ്ഞു കൊടുത്തായിരുന്നു ശാന്തനാക്കിയിരുന്നത്.


ഉറക്കത്തില്‍ എന്തോ കേട്ടിട്ടെന്ന വണ്ണം അദ്നാന്‍ ഒന്ന് ഞെട്ടി, പിന്നെ എണീറ്റിരുന്നു ചുറ്റും കാതു കൂര്‍പ്പിച്ചു തല വെട്ടിച്ചു നോക്കി.
അബ്ബാ... നിങ്ങളൊരു ശബ്ദം കേട്ടോ?
ഇല്ല! വൃദ്ദന്‍ പ്രതിവചിച്ചു.
'അലീസയുമായി അവര്‍ വരുന്നുണ്ട്.. ഞാന്‍ ശരിക്കും കണ്ടു'.... ദൂരെ നിന്ന് ഒരു ഹേലികോപ്ട്ടറിന്റെ നേരിയ മുരള്‍ച്ച അയാള്‍ കേട്ടു. 
അഭയാര്‍ഥി കേമ്പുകളിലേക്ക് റൊട്ടിപ്പൊതികള്‍ ഏറിയുന്ന ഐക്യ രാഷ്ട്ര സമിതിയുടെ ഹെലി കോപ്റ്റര്‍ ആയിരിക്കണം ...!
എല്ലാ ഈദുകളുടെ തലേനാളും ഇത് പതിവാണ്....


'ഇക്കുറി അലീസ തന്നെയാണ് ! ഞാന്‍ ശരിക്കും കണ്ടു'      
അദ്നാന്‍ ചിരിച്ചു കൊണ്ട് അബ്ബായുടെ ചുമല്‍ പിടിച്ചു കുലുക്കി.
നീ സ്വപ്നം കണ്ടതാണെന്ന് പറയാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. ജീവിതത്തില്‍ അത്ര സന്തോഷത്തോടെ തന്റെ കണ്ണുകളിലേക്കു അദ്നാന്‍ നോക്കുന്നത് അയാള്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
അയാള്‍ അവനെ മാറോട് ചേര്‍ത്ത് നിറുത്തി മൂര്‍ദ്ദാവില്‍ ചുംബിച്ചു.
അവന്‍ ഹെലികോപ്റ്റര്‍ താഴേക്കു എറിയുന്ന റൊട്ടിപ്പൊതികള്‍ പെറുക്കാന്‍ തെരുവിലേക്ക് ഓടി .
അവന്റെ  തുള്ളിച്ചാടിയുള്ള ആ ഓട്ടം കണ്ടു സന്തോഷത്തോടെ അയാള്‍ ആകാശത്തേക്ക് മുഖമുയര്‍ത്തി കണ്ണടച്ചു.
.
പുറത്തെവിടെയോ ഒരു ഉഗ്ര സ്ഫോടനം!  വൃദ്ദന്‍  ഞെട്ടി ഉണര്‍ന്നു...
 ചുറ്റും കരിമ്പുക! 
അയാള്‍ പുറകിലേക്ക് മലച്ചു വീണു.
 ദൂരെ കരിമ്പുകകള്‍ക്കപ്പുറത്ത്  നീലാകാശത്ത് നക്ഷത്രക്കുടുക്കുകളുള്ള ശര്‍വാണി അണിഞ്ഞ്‌ അദ്നാന്‍ അബ്ബായെ നോക്കി  കൈ വീശി
 ഈദ് മുബാറക്ക്‌ 


 അധിനിവേശകാലത്ത് റഷ്യന്‍ പട്ടാളക്കാര്‍ തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്‍ എന്ന പിതാവും അയാളുടെ യാസിന്‍ എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്‍. ആ മകനെ   തിരഞ്ഞു പോകുന്ന യാത്രയാണ് അതീക് രാഹിമി എഴുതിയ 'earth  and ash'  എന്ന കഥയുടെ പ്രമേയം

മണ്ണും ചാരവും
വിവര്‍ത്തനം കെ.പി.ബാലചന്ദ്രന്‍

ഇവരുടെ വികാരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചപ്പോള്‍ അഫ്ഗാനിലെ  ജീവിത മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു അപ്പോള്‍ 
എഴുതിയത് .....   .
            


  5 comments:

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..