My Blog List

സന്ദര്‍ശകര്‍

താളുകള്‍

Wednesday, January 18, 2012

സമാന്തര സാഹിത്യത്തെ ആരാണ് ഭയക്കുന്നത്?


നുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ച മനുഷ്യജീവിതത്തിന്റെ സര്‍വ്വമണ്ഡലത്തിലും വരുത്തിയ മാറ്റങ്ങള്‍ നമ്മുടെ സ്വപ്നങ്ങള്‍ക്കുമപ്പുറത്തായിരുന്നു. പ്രവചനാതീതമായ ലക്ഷ്യങ്ങളിലേക്കാണ് അനുസ്യൂതം അതിന്റെ പ്രയാണവും. കുട്ടിക്കാലത്തെ സ്വപ്നങ്ങളായിരുന്ന അമ്പിളിമാമനിലേക്കുള്ള വിരുന്നും ഫാന്റസി കഥകളിലെ ഭൂമിക്കുപുറത്തെ മറ്റൊരു ഗ്രഹത്തിലെ വാസവും ഇന്ന് അത്ഭുതങ്ങളുടെ പട്ടികയിലില്ല. പുരോഗതിയുടെ പാതയിലെ വഴിക്കല്ലുകളായി അവ അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു. മനുഷ്യപുരോഗതിയുടെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയിലും നൂതന സാങ്കേതികവിദ്യകള്‍ വരുത്തിയ മാറ്റം വിസ്മരിക്കാവതല്ല. എഴുത്തിന്റെയും വായനയുടെയും ദൃശ്യമാധ്യമങ്ങളുടെയും ലോകം പുതിയ മേച്ചില്‍പ്പുറങ്ങള്‍ താണ്ടി നവംനവങ്ങളായ ആകാശങ്ങളെ കീഴടക്കിക്കഴിഞ്ഞു. മനുഷ്യരാശിയുടെ ധൈഷണിക വികാസത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാധ്യമങ്ങള്‍ കലയുടെയും സാഹിത്യത്തിന്റെയും സംവേദന ലോകം പുതിയ ലോകത്തേക്ക് പുതിയ രൂപത്തില്‍ തുറന്നുവെച്ചിരിക്കുകയാണ്.
കുപ്പിയിലടച്ചുവെച്ച അക്ഷരങ്ങളെ പെറുക്കി നിരത്തിയൊതുക്കി ഇന്നലത്തെ വാര്‍ത്തകള്‍ ഇന്നു വിളമ്പുന്ന കാലത്തുനിന്ന് ലോകത്തെവിടേയുമുള്ള ചലനങ്ങളെ തത്സമയം ലൈവായികാണിക്കുന്ന 'ഫാസ്റ്റ് ഫുഡ് കമ്മ്യൂണിക്കേഷ'നിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു. എന്നാല്‍ ഇതൊന്നുമറിയാതെ പഴമയെന്നും, പാരമ്പര്യമെന്നും അവകാശപ്പെട്ട് നവീനകാലത്തിന്റെ പുരോഗതിയുടെ വഴികളെ നിഷേധിക്കുന്ന, ആത്മ പ്രകാശനത്തിന്റെ നൂതന സാങ്കേതിക വഴികളെ പുച്ഛത്തോടെ വീക്ഷിക്കുന്ന, കണ്ണടച്ച് ഇരുട്ടിനെ ഉപാസിക്കുന്ന ചിലരേയും ഈ കുതിച്ചോട്ടത്തിന്നിടയിലും നമുക്കുകാണാം. തങ്ങള്‍ക്കു സാധ്യമല്ലാത്തതിനെയെല്ലാം പാപമെന്ന് പറയുന്ന, എത്തിപ്പിടിക്കാനാവാത്ത കൊമ്പിലെ കനികള്‍ക്ക് പുളിയാണെന്ന് ആക്ഷേപിക്കുന്ന, ഉയരമുള്ള എന്തിനേയും അവജ്ഞയോടെ വീക്ഷിക്കുന്ന ചിലര്‍!  അജ്ഞതയെ ആഭരണമെന്ന് അലങ്കരിച്ചുകാണിക്കാന്‍ അക്ഷരങ്ങളെ പാകമാകാത്ത ഉടുപ്പണിയിച്ച് പ്രദര്‍ശിപ്പിക്കുന്നവര്‍! അവരുടെ ന്യായവാദങ്ങളും നീതീകരണങ്ങളും പ്രസക്തമല്ലെങ്കിലും അതിനുപിന്നിലെ അസഹിഷ്ണുതയെ കാണാതിരിക്കാനാവില്ല. പറഞ്ഞുവരുന്നത് മുഖ്യധാരാ മാധ്യമത്തമ്പുരാക്കന്മാരുടെ നിഷേധമനസ്ഥിതിയെ കുറിച്ചുതന്നെ! അഥവാ സൈബര്‍സാഹിത്യമെന്ന സമാന്തരസാഹിത്യമേഖല കൈവരിച്ച വളര്‍ച്ചയും അവക്കുള്ള സ്വീകാര്യതയും ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നുവെന്നോ, വഴിമുടക്കുന്നുവെന്നോ ഉള്ള ഭീതിയില്‍ നിന്നുടലെടുക്കുന്ന ചില ഒറ്റപ്പെട്ട അപസ്വരങ്ങളിലേക്ക്, അവയിലേക്ക് നയിക്കുന്ന നിഷേധ മനോവൈകല്യത്തിലേക്ക് ഒരെത്തിനോട്ടം.
കീബോര്‍ഡുസാഹിത്യത്തിന്റെ വരമൊഴികള്‍
ചരിത്രം
വെബ്-ലോഗ് (web log ) എന്നീ പദങ്ങള്‍ ലോപിച്ചുണ്ടായതാണ് 'ബ്ലോഗ്' എന്ന പ്രയോഗം. സ്വന്തം സ്വകാര്യജീവിതം രേഖപ്പെടുത്തി വെച്ചിരുന്ന സൈബര്‍ ഡയറികളുടെ ആദിമരൂപങ്ങളാണ് പില്‍ക്കാലത്ത് അപരനുമായി പങ്കുവെക്കാനുള്ള ആശയ സംവേദന മാധ്യമമായി വളര്‍ന്നത്. 1994ല്‍ 'സ്വാത്ത് മോര്‍' കോളേജിലെ പഠനകാലത്ത് 'ജസ്റ്റിന്‍ ഹോള്‍' തന്റെ പതിനൊന്നു വര്‍ഷത്തെ വിചാരങ്ങളും അനുഭവക്കുറിപ്പുകളും ഇന്റര്‍നെറ്റിലൂടെ സുഹൃത്തുക്കളുമായി പങ്കുവെച്ചതാണ് ബ്ലോഗുചരിത്രത്തിലെ ആദ്യചലനമായി രേഖപ്പെടുത്തിയിട്ടുള്ളത്. 1997ല്‍ 'ജോണ്‍ ബര്‍ഗര്‍' ആണ് web log എന്ന പദം ആദ്യമായി സാങ്കേതികമായി ഉപയോഗിച്ചത്. 1999ല്‍ 'പീറ്റര്‍ മെര്‍ഹോള്‍സ്' ഈ സാങ്കേതിക ശബ്ദത്തെ 'ബ്ലോഗ്' എന്ന ചുരുക്കെഴുത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ആ പദം പില്‍ക്കാലത്ത് സാര്‍വ്വതീകമായി ഉപയോഗിക്കാനും തുടങ്ങിയതുചരിത്രം. പ്രതിഭാസ്പര്‍ശമുള്ള പുതിയ എഴുത്തുകാര്‍  സ്വാര്‍ത്ഥ താല്‍പര്യങ്ങളും വീക്ഷണങ്ങളില്‍ പക്ഷപാതിത്വങ്ങളുടെ നിയന്ത്രണങ്ങളുമുള്ള കുത്തക മാധ്യമങ്ങളുടെയും, എഡിറ്റര്‍മാരുടെയും അനുമതിക്കും അംഗീകാരത്തിന്നും കാത്തുനില്‍ക്കാതെ വാര്‍ത്താപ്രാധാന്യമുള്ള വിഷയങ്ങളും, സാഹിത്യഭാവനകളും സ്വയം പബ്ലിഷ് ചെയ്യാന്‍ ഒരിടം കണ്ടെത്തിയതോടെ ബ്ലോഗ് ലോകത്തിന് പുതിയ ഉണര്‍വ്വുമുണ്ടായി. കെട്ടിയമര്‍ത്തിവെച്ചിരുന്ന ഭാവനകള്‍ക്ക് ചേക്കേറാനൊരു ചില്ലയായിത്തീര്‍ന്ന ഇന്റര്‍നെറ്റുലോകത്തെ ബോഗിടങ്ങള്‍.
ആനുകാലീക രാഷ്ട്രീയവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആദ്യകാല ബ്ലോഗുകള്‍ക്കു വിഷയീഭവിച്ചു. ആന്‍ഡ്രൂസള്ളിവന്റെ 'ആന്‍ഡ്രൂസള്ളിവന്‍ കോം'റോണ്‍ഗുണ്‍സ് ബര്‍ഗറുടെ 'പൊളിറ്റിക്‌സ് കോം', റീഗന്‍ ഗൊഡാര്‍ഡിന്റെ 'പൊളിറ്റിക്കല്‍ വയര്‍', ജെറോ ആംസ്‌ട്രോങ്ങിന്റെ 'മൈഡിഡി' തുടങ്ങിയവയെല്ലാം ആദ്യകാല രാഷ്ട്രീയ ബ്ലോഗുകളായിരുന്നു. ഇത്തരം ആദ്യകാല രാഷ്ട്രീയ ബ്ലോഗുകള്‍ അതാതു സമയത്തെ മീഡിയകള്‍ തരുന്ന വാര്‍ത്തകള്‍ക്കുമുപരി എഡിറ്റുചെയ്യപ്പെടാത്ത മറയില്ലാത്ത സത്യങ്ങളെന്ന വിശ്വാസ്യത ആര്‍ജ്ജിച്ചെടുത്തു. ബ്ലോഗുകള്‍ക്ക് മറ്റു മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി രാഷ്ട്രീയപരമോ ഭരണകൂടപരമോ ആയ യാതൊരു നിയന്ത്രണവുമില്ലാത്തതിനാല്‍ എല്ലാം തുറന്നുപറയുന്ന ഒരു രീതി അവലംബിച്ചിരുന്നു. അതുകൊണ്ടുതന്നെ ബ്ലോഗെഴുത്തിന്റെയും വായനയുടെയും വളര്‍ച്ച വളരെ പെട്ടെന്നും അമ്പരപ്പിക്കുന്ന തരത്തിലുമായിരുന്നു. രണ്ടാം ഇറാഖ് യുദ്ധകാലത്തെ സലാം പാക്‌സിന്റെ ബ്ലോഗുകളും അവ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചതും പ്രാരംഭകാല ബ്ലോഗുകളുടെ സ്വീകാര്യത വ്യക്തമാക്കുന്നു. അധികാരബലം മറയിട്ടു സൂക്ഷിച്ച സുപ്രധാനമായ പല രഹസ്യങ്ങളും പുറത്തുകൊണ്ടുവരുന്നതിലും ആദ്യകാല ബ്ലോഗെഴുത്തുകാര്‍ വിജയിച്ചതിലൂടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ബ്ലോഗുകളെ അവഗണിക്കാന്‍ കഴിയാതെയായി. ബ്ലോഗെഴുത്തുകാര്‍ക്ക് ഏറെ സ്വീകാര്യത കൈവരികയും, മാധ്യമരംഗത്തെ മറ്റൊരു സുപ്രധാനഇടമായി ലോകം ബ്ലോഗുകളെ അംഗീകരിക്കാനും തുടങ്ങി. 2005 സെപ്തംബറില്‍ ബ്രിട്ടനിലെ 'ദി ഗാര്‍ഡിയന്‍' ദിനപ്പത്രം ബ്ലോഗുകള്‍ക്ക് മാത്രമായി ഒരു പംക്തി ആരംഭിച്ചതും, ബിബിസി അവരുടെ എഡിറ്റര്‍മാര്‍ക്കായി ഒരു വെബ്ലോഗ് തുടങ്ങിയതും ഇതിന്റെ തുടര്‍ച്ചയാണ്.
ബ്ലോഗിടങ്ങളിലെ മലയാളി സാന്നിധ്യം 
ലോകസാഹിത്യത്തിന്ന് മലയാളം നല്‍കിയ സംഭാവനകള്‍ക്കു സമാനമാണ് പുതിയ കാലത്തെ സാഹിത്യ സംവേദനത്തിന്റെ മാധ്യമമായ ബ്ലോഗു ലോകത്തും മലയാളിയുടെ സാന്നിദ്ധ്യം. 2004ല്‍ മലയാളം യൂണീകോഡില്‍   സൈബര്‍ സ്പേസില്‍   മലയാളത്തിന്റെ ഹരിശ്രീ കുറിച്ചതുമുതല്‍ മലയാളിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. എങ്കിലും 2003ല്‍ തന്നെ ബ്ലോഗില്‍  സാന്നിധ്യമറിയിച്ച  'പോള്‍' ആണ് സൈബര്‍ ലോകത്തെ ആദ്യ മലയാളിയായി  ഗണിക്കപ്പെടുന്നത് .  ഇന്നും  ബ്ലോഗില്‍ സജീവമായ നിഷാദ് കൈപ്പള്ളിയാണ് മലയാളം യൂണീകോഡില്‍ ആദ്യമായി ബ്ലോഗിങ്ങ് ആരംഭിച്ച മലയാളി എന്ന് അറിയപ്പെടുന്നത്.
ബ്ലോഗിങ്ങ് ഇന്ന്
പുതിയകാലത്തെ എഴുത്തുകാര്‍  എസ്റ്റാബ്ലിഷ്മെന്റുകളുടെ ജൈജാന്റിക് മതിലുകള്‍ക്കു മുന്നില്‍ ഊഴം കാത്തുനില്‍ക്കുന്നവരല്ല. കാരണം ആത്മപ്രകാശനത്തിന്ന്, സ്വയം വെളിപ്പെടലിന്ന് , പുതിയ കാലത്തോട് 'ഇതാ ഞാന്‍ 'എന്ന് സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നതിന്ന് അവന്ന് സ്വന്തമായി ഇടമുണ്ട്. അവര്‍ രാജകീയപാതയോരങ്ങളുടെ അലംകൃത പാനീസുകളായി വാഴ്ത്തപ്പെടുന്നില്ലെങ്കിലും ഹൃദയത്തിലെ വെളിച്ചവും, സുഗന്ധവും അപരന്നു പകര്‍ന്നുകൊടുക്കാന്‍ ഇടം നിഷേധിക്കപ്പെട്ട പ്രപിതാക്കളെ പോലെ ഭാഗ്യംകെട്ട ജന്മങ്ങളല്ല. അവര്‍ തെരുവിലും മണ്‍ചിരാതുകളായെങ്കിലും എരിഞ്ഞുനില്‍ക്കുന്നവരാണ്. തങ്ങളില്‍ വെളിച്ചമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നവര്‍! വാഴ്ത്തപ്പെടുന്ന പൊള്ളയായ ശബ്ദഘോഷങ്ങള്‍ക്കിടയിലും ഒരു വരിയിലെങ്കിലും സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന ഒറ്റപ്പെട്ട വേറിട്ട ശബ്ദങ്ങള്‍ ! ഏതു ആള്ക്കൂട്ടങ്ങള്‍ക്കിടയിലും, ബഹളലോകത്തിന്റെ പെരുമ്പറകള്‍ക്കിടയിലും വേറിട്ടു കേള്‍പ്പിക്കാന്‍ കഴിയുന്ന ചില ഈണങ്ങള്‍ സൂക്ഷിക്കുന്നവര്‍.... ! അവ കാലത്തിന് പകര്‍ന്നുനല്‍കുന്നവര്‍!
ലബ്ധപ്രതിഷ്ഠരായ ഉന്നത ശീര്‍ഷ സാഹിത്യകാരണവന്‍മാരുടെ സുവര്‍ണ്ണകാലവും, കാല്പനീകതയുടെ വിഭ്രമപ്രപഞ്ചവും, ഉത്തരാധുനികതയുടെ വിസ്‌ഫോടനവും കലയിലും സാഹിത്യത്തിലും വരുത്തിയ പരിണാമങ്ങളും, അവ അനുവാചകരിലുണ്ടാക്കിയ സ്വാധീനങ്ങളും, പേര്‍ത്തും, പേര്‍ത്തും ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടുണ്ട്. കല കലക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോ, സാമൂഹിക പരിവര്‍ത്തനത്തിന്നുവേണ്ടിയോ എന്നൊക്കെ ചര്‍വ്വിത ചര്‍വ്വണം നടത്തി ആസ്ഥാന ബുദ്ധി ജീവികളുടെ പേനകളുടെ മഷി വറ്റുകയും തൊണ്ടവരളുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വിഷയ ദാരിദ്ര്യങ്ങളില്‍ ഒത്തുതീര്‍പ്പാകാതെ സൈദ്ധാന്തിക വിശകലനങ്ങളുടെ ചക്കില്‍ ഇവ ഇപ്പോഴും അറ്റമില്ലാതെ കറങ്ങിക്കൊണ്ടേയിരിക്കുന്നുമുണ്ട്. അവര്‍ക്കിടയിലേക്കാണ് കീബോഡ് സാഹിത്യകാരന്‍മാരുടെ രംഗപ്രവേശം.
കീബോര്‍ഡില്‍ കൂട്ടിയെഴുതാന്‍ പഠിച്ച 'മംഗ്ലീഷ്' നവസാക്ഷരന്‍ മുതല്‍ എഴുതിത്തെളിഞ്ഞ സാഹിത്യകാരന്മാര്‍ വരെ മാറിയകാലത്തിന്റെ ഏറ്റവും വലിയ വിവര സംവേദനത്തിന്റെ മാധ്യമമായ സൈബര്‍ സാധ്യതകളുടെ ഇ-എഴുത്തിനെ ഉപയോഗിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും അവനവന്റെ ഇടം സ്വയം നിശ്ചയിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് സൈബര്‍ കാലത്തെ സാഹിത്യ പ്രവേശനത്തിന്റെ ഗുണവശം. തന്റെ സൃഷ്ടിയെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നിരുത്തുക എന്നുള്ളത് ഓണ്‍ലൈന്‍ പ്രസിദ്ധീകരണവഴിയില്‍ ഏറ്റവും ലളിതമാണ്. അതാതുസമയങ്ങളിലെ അവനവന്റെ ഭാവനകളെ, നിലപാടുകളെ സ്വയം പ്രസിദ്ധം ചെയ്യാനുള്ള വഴിയാണ് 'ബ്ലോഗ്' എന്ന സാങ്കേതത്തിലൂടെ പുതിയ കാലത്തിന്നു കൈവന്നത്. എഴുത്തുകാരനും പ്രസാധകനും ഒരാള്‍ തന്നെയാകുന്നു എന്നുള്ളതാണ് ബ്ലോഗുസാഹിത്യ മേഖലയുടെ ഗുണവും ദോഷവും!
മതിയായ രീതിയില്‍ എഡിറ്റു ചെയ്യപ്പെടാത്തവയും സാഹിത്യഗുണം പ്രദര്‍ശിപ്പിക്കാത്തവയും നിരുപാധികം പബ്ലിഷ് ചെയ്യാന്‍ കഴിയും എന്ന ഒരു പൊതുവായ വസ്തുതകൊണ്ട് അതേഅച്ചിലിട്ട് എല്ലാ ബ്ലോഗുകളെയും സാമാന്യവല്‍ക്കരിച്ചുകൊണ്ടാണ് ബ്ലോഗെഴുത്തുകാരെ മുഖ്യധാരാമാധ്യമങ്ങളിലെ പാരമ്പര്യവാദികള്‍ ആക്ഷേപിക്കാറുള്ളത്.
ഇവരുടെ പല വിമര്‍ശനങ്ങളും മുന്‍ധാരണകളില്‍ നിന്ന് ഉരുത്തിരിയുന്നവയും അപക്വവും ആയിത്തീരാറുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിനുശേഷം മലയാളകവിതയേയില്ല എന്ന് ഈയിടെയാണ് ഒരു നിരൂപക സ്ത്രീശബ്ദം നമ്മോട് വിളിച്ചുപറഞ്ഞത്. ഇത്തരം വ്യക്തിനിഷ്ഠങ്ങളായ ചില അഭിപ്രായപ്രകടനങ്ങള്‍കൊണ്ട് ഒരു വിശാലലോകത്തെത്തന്നയാണ് ഇവര്‍ നിഷേധിക്കുന്നത്. ചുള്ളിക്കാട് എത്ര ഭാവനാവിലാസമുള്ള ശ്രേഷ്ഠകവി തന്നെയാകുമ്പോഴും അവര്‍ക്കുശേഷമുള്ള കാലത്തെ അടച്ചുനിഷേധിക്കുന്ന മനസ്സിനെ അപക്വം എന്നേ വിശേഷിപ്പിക്കാനാവൂ. ചുള്ളിക്കാടിന്നുശേഷവും തളിര്‍ത്തുപൂത്ത മാമരങ്ങളോടും പൂമരച്ചില്ലകളോടും എത്ര വലിയ നിഷേധമാണ് അവര്‍ നടത്തിയിട്ടുള്ളത് എന്ന് ചിന്തിക്കുക. മറ്റൊരു ഏച്ചിക്കാനത്തുകാരന്‍ ബ്ലോഗുസാഹിത്യകാരന്‍മാരെ കുറിച്ചു പറഞ്ഞത് അവര്‍ ' വെറും കൊള്ളിമീനുകള്‍ ' മാത്രമാണെന്നാണ്. പെട്ടെന്ന് മിന്നിക്കെട്ടുപോകുന്ന ക്ഷണികവെളിച്ചങ്ങളെന്ന്! ഒരു പക്ഷേ കാലാകാലം സാഹിത്യജോലി ചെയ്ത് കുടുംബം പുലര്‍ത്താം എന്നു പ്രതിജ്ഞ ചെയ്ത് എഴുത്തിന്നു പുറപ്പെട്ടു പോന്നിട്ടുള്ളവരല്ലാത്ത ചിലരെങ്കിലും ഇത്തരം 'കൊള്ളിമീനുകള്‍' എന്ന 'ആദരം' അര്‍ഹിക്കുന്നുണ്ട്. തങ്ങള്‍ക്കുള്ളിലെ ഭാവനയുടെ ഉറവ വറ്റിയാലും മുന്‍കാല പ്രസിദ്ധിയുടെ വിലാസത്തില്‍ എന്തുചവറും പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന, മാധ്യമങ്ങളിലെ വിലപ്പെട്ട പേജുകള്‍ മലീമസമാക്കാതെ വെളിച്ചമുള്ളപ്പോള്‍ മാത്രം കത്തിനില്‍ക്കുന്ന ചില സാന്നിദ്ധ്യങ്ങളാണ് ഇത്തരം കൊള്ളിമീന്‍ സാഹിത്യകാരന്‍മാര്‍. മുഖ്യധാരാമാധ്യമങ്ങളില്‍ എഴുതുന്ന ചിലരേക്കാള്‍ ഉയര്‍ന്നതലത്തില്‍ സാഹിത്യത്തോടും തന്റെ വായനക്കാരോടും നീതിപുലര്‍ത്തുന്ന അതേസമയം പ്രശസ്തിയുടെ ഔദാര്യങ്ങള്‍ക്കുപിറകെ പായാതെ, പ്രമോട്ടുചെയ്യാന്‍ ഗോഡ്ഫാദര്‍മാരില്ലാത്ത, ലൗഡ്‌സ്പീക്കര്‍ അനുചരവൃന്ദവുമില്ലാത്ത ഏകാന്ത സഞ്ചാരികള്‍! ഇവരുടെ രചനകള്‍ മതിയാംവിധം കാണാതെയോ വായിക്കാതെയോ അതിനു ശ്രമിക്കുകപോലും ചെയ്യാതെയാകും ഇത്തരം അഭിപ്രായങ്ങള്‍ എഴുന്നെള്ളിക്കുന്നത്.
ഈയടുത്തകാലത്ത് ഇന്ദുമേനോന്‍ ഒരു പ്രസിദ്ധീകരണത്തിലൂടെ ഒരു വിവാദപ്രസ്ഥാവന നടത്തി തന്നിലേക്ക് ശ്രദ്ധതിരിച്ചുവിട്ടിരുന്നു. ബ്ലോഗെഴുത്ത് എന്നത് 'ടോയ്‌ലറ്റ് സാഹിത്യമാണ് ' എന്ന പ്രയോഗത്തിലൂടെ.  ടോയ്‌ലറ്റ് സാഹിത്യം എന്നുള്ളത് കൊണ്ട് എന്തും അവനവന്റെ സ്വാതന്ത്ര്യത്തില്‍ ചുമരില്‍ എഴുതി വെക്കാനുള്ള ത്വരയായിട്ടായിരിക്കണം ഇന്ദുമേനോന്‍ നിര്‍വ്വചിച്ചിട്ടുണ്ടാവുക എന്നതുവ്യക്തം. മാറിയ കാലത്തെ ബ്ലോഗെഴുത്തിന്റെ വാശാലസാധ്യതകളിലേക്ക് പുതിയകാലത്തെ എഴുത്തുകാരെല്ലാം മാറിക്കഴിഞ്ഞപ്പോഴും തനിക്കു വഴങ്ങാത്ത സാങ്കേതികവിദ്യകളെ ഇങ്ങനെ കൊഞ്ഞനം കുത്തി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന്നുമുമ്പ് ഇന്ദുമേനോന്‍ ബ്ലോഗുകള്‍ എന്നാല്‍ മലയാളത്തില്‍ മാത്രം ഒതുങ്ങുന്ന എന്തോ നമുക്കു വഴങ്ങാത്ത സാഹിത്യരൂപമെന്ന പൊട്ടക്കുളത്തിലെ കൂപമണ്ഡൂകത്തിന്റെ കാഴ്ചവട്ടത്തുനിന്നും പുറത്തുവരേണ്ടതുണ്ട്. ബ്ലോഗുകളൊക്കെ ഇത്ര ജനകീയമാകുന്നതിനും മുമ്പ് തന്നെ കീ ബോര്‍ഡില്‍ എഴുത്തടങ്ങിയ മുന്‍പേ പറക്കുന്ന പക്ഷിയായി സി. രാധാകൃഷ്ണനെപ്പോലെയുള്ളവരെ ഇവരൊന്നും അറിയുകപോലുമുണ്ടാവില്ല.! മുഖ്യധാരാമാധ്യമങ്ങളില്‍ സജീവമായ പലരും സ്വന്തമായി ബ്ലോഗുള്ളവരാണെന്നതും ചിലപ്പോള്‍ അറിയാത്തത്. അല്ലെങ്കില്‍ അതിനൊപ്പം ചലിക്കാന്‍ കഴിയാത്തതിന്റെ മോഹഭംഗം! ഒരുപാടുവട്ടം പരീക്ഷയെഴുതിയിട്ടും ജയിച്ചുകയറാന്‍ കഴിയാത്ത പഴയ എസ്.എസ്.എല്‍.സി.ക്കാരന്റെ ഒരു പതിവുഗീര്‍വാണമുണ്ട്. 'ഈ കാലത്ത് പത്താംതരമൊക്കെ പാസ്സായിട്ട് എന്തുകാര്യം? അപ്പുറത്തെ വീട്ടിലെ രാമുവും സത്താറുമൊക്കെ ഗള്‍ഫില്‍ പോയും ബിസിനസ് ചെയ്തും പണമുണ്ടാക്കിയത് പത്താംതരം പാസ്സായിട്ടാണോ....? എത്ര പഠിച്ചു നമ്മുടെ അങ്ങേതിലെ രമേശന്‍ എന്നിട്ടും വല്ല ഗുണം പിടിച്ചോ? എന്നിങ്ങനെ രണ്ട് ഉദാഹരണവും അകമ്പടി ചേര്‍ത്ത് തന്റെ പോരായ്മകളെ മഹത്വവല്‍ക്കരിച്ച് സ്വയം ഒരു ആശ്വാസം കൊള്ളല്‍!
ബ്ലോഗെഴുത്തിനെ പൊതുവായി ആക്ഷേപിക്കാതെ പരോക്ഷമായി ഒളിയമ്പെയ്യുന്നവരാണ് മറ്റുചിലര്‍. തങ്ങള്‍ക്ക് എത്ര അനഭിമതനായിട്ടും വീ എസ്സിനെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ അധിക്ഷേപിക്കുന്ന ചില മഞ്ഞപ്പത്രമാധ്യമക്കസര്‍ത്തുകള്‍ പോലെ, മെസ്സിയെന്ന ലോക ഫുഡ്‌ബോളറെ വേറിട്ടുവാഴ്ത്തി അര്‍ജന്റീന എന്ന സോക്കര്‍  ശക്തിയെ കൊച്ചാക്കുന്ന നെഗറ്റീവ് യുദ്ധമുറകള്‍... a  കൊള്ളാം. പക്ഷേ z വരെയുള്ള മറ്റെല്ലാവരും വികലാംഗരാണെന്ന ഒരു കൗശലം കലര്‍ന്ന സൗന്ദര്യവീക്ഷണം.
സ്വയം വിമര്‍ശനം
ബ്ലോഗുകള്‍ എന്നാല്‍ മലയാള സാഹിത്യത്തിന്റെ പൂര്‍ണ്ണ വളര്ച്ച പ്രാപിച്ച രൂപമാണെന്നോ എല്ലാ ബ്ലോഗുകളും സമാന്തര പ്രസിദ്ദീകരണങ്ങളുടെ തുല്യ നിലവാരത്തില്‍ സന്തുലനം പാലിക്കുന്നുണ്ടെന്നോ ആരും അവകാശപ്പെടുന്നില്ല. സ്വയം പ്രസാധനം എന്ന എളുപ്പവഴിയില്‍ തന്നെ അതിന്റെ ഗുണ ദോഷങ്ങള്‍ വെളിപ്പെടുന്നുണ്ട്
മുഖ്യധാരാ മാധ്യമങ്ങള്‍ വിലാസമുള്ള എഴുത്തുകാരന്റെ പതിവു രുചികള്‍ ആവര്‍ത്തിക്കുകയും ശ്രദ്ദേയരായ പുതിയ എഴുത്തുകാര്‍ക്ക് നേരെ മുഖം തിരിക്കുകയും ചെയ്യുന്നിടത്ത് നിന്നാണ് ബ്ലോഗെഴുത്തുകാര്‍ ജനിക്കുന്നത്.
പതിവു മാധ്യമങ്ങളില്‍ പ്രതിഭ വറ്റിയിട്ടും പാകമാകാതെ തച്ചു പഴുപ്പിക്കുന്ന പ്രസിദ്ദരുടെ അരുചികള്‍ ആവര്ത്തിക്കുന്നിടത്താണ് പുതിയ കാലത്തെ ബ്ലോഗ് വായനകള്‍ തുടങ്ങുന്നതും.
അച്ചടി മാധ്യമങ്ങളില്‍ പിറക്കുന്നവയെല്ലാം പൂര്‍ണ്ണ വളര്ച്ച എത്തിയ ജന്മങ്ങളാണെന്നു അവകാശപ്പെടാന്‍ കഴിയാത്തത് പോലെ തന്നെയാണ് ബ്ലോഗിടങ്ങളിലും സംഭവിക്കുന്നതും. എന്നാല്‍ സാഹിത്യ ഗുണത്തെയും, ഭാഷയെയും, കാലത്തെയും വര്‍ഗ്ഗീകരിച്ചു തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു 'സുപ്രീം പവര്‍' (എഡിറ്റര്‍ ) അച്ചടി മാധ്യമങ്ങളില്‍ ഉള്ളപ്പോള്‍ പോസ്റ്റ് ചെയ്യപ്പെടുന്ന സൃഷ്ട്ടികളുടെ ബാഹുല്യത്തിനനുസരിച്ച് ബ്ലോഗ്‌ ലോകം പോലെ വിശാലമായ ഒരിടത്ത് അങ്ങിനെ ഒരു തിരഞ്ഞെടുപ്പ് സാധ്യമല്ലാത്തതിനാല്‍ പല രചനകളും പൂര്‍ണ്ണമായ പണിക്കുറ തീര്ന്നവയാകുന്നില്ല എന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് പറയാന്‍ കഴിയില്ല. എങ്കിലും ഓരോ രചനകളുടെയും അടിയില്‍ വായിക്കുന്ന സമയത്ത് തന്നെ വായനക്കാര്‍ എഴുതുന്ന കമന്റുകളിലൂടെ തന്റെ രചനയെ കുറിച്ചൊരു കേവലരൂപം രചയിതാവിന് കിട്ടുന്നു എന്നുള്ളൊരു  ഗുണവശം കൂടി ഇതിനുണ്ട്.
ശരിയാം വിധം നിഷ്പക്ഷമായി നടത്തുന്ന നിരൂപണങ്ങളിലൂടെയും, വിമര്‍ശനങ്ങളിലൂടെയും തന്റെ പോരായ്മകളെ തിരിച്ചറിയാനും, അതിനനുസരിച് എപ്പൊഴും തന്റെ രചനയെ എഡിറ്റു ചെയ്തു കുറ്റമറ്റതാക്കാനും രചയിതാവിന് കഴിയും. 
നല്ല രചനകള്‍ക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളിലൂടെ ആത്മ വിശ്വാസം കൈവരാനും, തന്റെ സിദ്ദിയെ വളര്‍ത്തിയെടുക്കാനും ഇത്തരം വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള സംവേദനങ്ങളിലൂടെ സാധ്യമാവുകയും ചെയ്യും.
എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ പരസ്പരം തലോടലിന്റെയും അഭിനന്ദനങ്ങളുടെ കൊടുത്തു വാങ്ങലുകളുടെയും ബാര്‍ട്ടര്‍ സമ്പ്രദായങ്ങളാണ് മിക്ക ബ്ലോഗുകളുടെയും കമന്റു ബോക്സുകള്‍ നിരക്കുന്നതെന്നതൊരു സത്യമാണ്.
ബ്ലോഗര്‍മാര്‍ക്ക് തൊട്ടാല്‍ പൊട്ടുന്ന ചില്ല് കൂടുകളുടെ ആവരണമാണുള്ളതെന്ന്  ഈയിടെ നടന്ന ഒരു ഓണ്‍ ലൈന്‍ കൂട്ടായ്മയുടെ ക്യാമ്പില്‍ ഉയര്‍ന്നു കേട്ടിരുന്നു. മിക്കപ്പോഴും അതൊരു യാഥാര്‍ത്യവും ആണെന്ന് മനസ്സിലാക്കാം.
നിരന്തരമായ വായനകളിലൂടെയും സമകാലിക സാഹിത്യകാരന്മാരുമായുള്ള സമ്പര്‍ക്കത്തിലൂടെയും സ്വന്തം രചനകളെ തിരുത്തുകയും നവീകരിക്കുകയും ചെയ്യാന്‍ ഓരോ പുതിയ ബ്ലോഗര്‍മാരും ശ്രദ്ദിക്കേണ്ടതുണ്ട്. പുതിയ കാലത്തെ പല ഓണ്‍ ലൈന്‍ കൂട്ടായ്മകളിലും അങ്ങിനെയുള്ള സഹകരണങ്ങളും അനുഗ്രഹീത എഴുത്തുകാരുടെ ശിക്ഷണവും കാണാനാവുന്നുണ്ട് എന്നത് ശുഭ സൂചകമാണ്.
പ്രാദേശിക ഭാഷാ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍, ബ്ലോഗേര്‍സ് കൂട്ടായ്മകള്‍ എന്നിവയിലൂടെ ബ്ലോഗ് രംഗത്തെ ശ്രദ്ദേയമായ രചനകള്‍ സമാഹരിച്ചു   പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതും പുതിയ കാല്‍ വെപ്പാണ്‌. ഇത്തരം സാഹിത്യ ക്യാമ്പുകളിലൂടെയും, ശില്‍പ്പശാലകളിലൂടെയും പുതിയൊരു സാഹിത്യലോകം ഉരുവപ്പെട്ടുവരുന്നു എന്നതും മോണിട്ടറിന്  മുന്നില്‍ നിന്നും അവയില്‍ പലതും അച്ചടിയുടെ ലോകത്തേക്ക് ആനയിക്കപ്പെടുന്നു എന്നതുമാണ്‌ ഇവയുടെ ശിഷ്ട്ടഫലം. ആരൊക്കെ ദുര്‍ബ്ബലമായ കൈകള്‍ കൊണ്ടു പൊത്തിപ്പിടിക്കാനും ഊതിക്കെടുത്താനും ശ്രമിക്കുന്നുണ്ടെങ്കിലും ബ്ലോഗെഴുത്തുകാര്‍ എന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പല അനുഗ്രഹീത എഴുത്തുകാരും പുതിയ സൂര്യന്മാരായി ഉദിച്ചു വരുന്നുണ്ടെന്നതൊരു യാഥാര്ത്യമാണ്.
2009 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ 'ആടുജീവിത'ത്തിന്റെ കര്‍ത്താവായ ബെന്യാമിന്‍ പറയുന്നത് പോലെ 
"സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗുകളുമൊക്കെ ഇന്നൊരു സാമൂഹിക യാഥാര്ത്യമാണ്. ഇന്നിന്റെ കഥ പറയുന്ന ഒരാള്‍ക്ക് അതിനെ ഒഴിവാക്കി ക്കൊണ്ട് ഒന്നും പറയാന്‍ കഴിയില്ല. ചില എഴുത്തുകാരുടെ അത്തരത്തിലുള്ള അഭിപ്രായം പരിജ്ഞാനക്കുറവു കൊണ്ടു മാത്രം സംഭവിക്കുന്നതാണ് ". 
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് മരണപാശവുമായി കപില്‍ സിബല്‍
മുല്ലപ്പൂവിപ്ലവങ്ങളുടെ 'ഭയഭൂതം' ആവേശിച്ച  ഭരണകൂടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കു മേല്‍ തടയിടാന്‍ പുതിയ നിയമ നിര്‍മ്മാണങ്ങളുടെ തിരക്കിലാണ് . അണ്ണാ ഹസാരെമാര്‍ പുതിയ കാലത്തെ ആകര്‍ഷണീയ മുദ്രാവാക്യങ്ങള്‍ കൊണ്ടു ജനസമ്മിതി ഹൈജാക്ക് ചെയ്യുമ്പോഴും 2 G സ്പെക്ട്രം പോലെയുള്ള ഭരണകൂട നഗ്നതകള്‍ വിളിച്ചു പറയുന്ന ഗോപീകൃഷ്ണന്മാര്‍ സമാന്തര മാധ്യമങ്ങളിലൂടെ ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുമ്പോള്‍ സ്വതന്ത്ര അഭിപ്രായങ്ങളും നിലപാടുകളും അതാതു സമയങ്ങളില്‍ പങ്കു വെക്കുന്ന എല്ലാ വായകളും മൂടിക്കെട്ടണം ...!!
പക്ഷെ അധികാരത്തിന്റെ ഇരുമ്പു മറക്കുള്ളില്‍ ഏതു നിയമങ്ങള്‍ കൊണ്ടാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടവിലിടാനാവുക?
ബ്ലോഗ് ചരിത്രം :വിവരങ്ങള്‍ക്ക് കടപ്പാട് 
വിക്കിപീഡിയ , 'ബ്ലോഗ്‌ ഭൂമി' ആദര്‍ശ്, 'കടലാസ്' കുഞ്ഞിമുഹമ്മദ് 

52 comments:

 1. കൂട്ടുകാരാ ... ഒന്നും പറയാനില്ല . നിങ്ങള്‍ എല്ലാം പറഞ്ഞിരിക്കുന്നു.

  സൈബര്‍ ഇടങ്ങളിലെ എഴുത്ത് പൂര്‍വ്വാധികം ശക്തി പ്രാപിച്ചു വരുന്ന ഈ കാലത്ത് സാഹിത്യവും സംസ്കാരവും എങ്ങിനെ ചരിക്കണം എന്നും അത് തങ്ങളുടെ ആസ്ഥി വര്‍ദ്ധിപ്പിക്കാന്‍ എങ്ങിനെ ഉപയോഗിക്കാം എന്നും തീരുമാനിച്ചിരുന്ന പത്രമുതലാളിമാര്‍ വിറളി പിടിക്കുക സ്വാഭാവികം... ഈ അസ്വസ്ഥതയുടെ ബഹിര്‍സ്ഫുരണമാണ് തങ്ങളുടെ ചൊല്‍പ്പടിക്കു കിട്ടുന്ന പേനയുന്തുകാരെ ഉപയോഗിച്ച് നിരന്തരം അവര്‍ സൈബര്‍ എഴുത്തിനെ ആക്രമിച്ചു കൊണ്ടിരിക്കുന്നതില്‍ കാണുന്നത്...

  നിങ്ങള്‍ പറഞ്ഞത് ശരിയാണ് - മുഖ്യധാരാമാധ്യമങ്ങളില്‍ എഴുതുന്ന ചിലരേക്കാള്‍ ഉയര്‍ന്നതലത്തില്‍ സാഹിത്യത്തോടും തന്റെ വായനക്കാരോടും നീതിപുലര്‍ത്തുന്ന അതേസമയം പ്രശസ്തിയുടെ ഔദാര്യങ്ങള്‍ക്കുപിറകെ പായാതെ, പ്രമോട്ടുചെയ്യാന്‍ ഗോഡ്ഫാദര്‍മാരില്ലാത്ത, ലൗഡ്‌സ്പീക്കര്‍ അനുചരവൃന്ദവുമില്ലാത്ത ഏകാന്ത സഞ്ചാരികളായ ഒരു പറ്റം എഴുത്തുകാരുടെ രചനകള്‍ വെളിച്ചം കാണുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും ഈ മാധ്യമം നില നില്‍ക്കുന്നതു കൊണ്ടാണ്....

  താങ്കളുടെ ഈ പോസ്റ്റ് ശ്രദ്ധേയമാണ്... ഇത് കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.

  ReplyDelete
 2. ഒന്നും പറയാതെ പോകാനൊക്കില്ല,ഇത്ര വിശദമായൊരു സുന്ദരലേഖനം വായിച്ചാൽ.
  കുറേ ആളുകൾ വികലപദവർഷങ്ങളിലൂടെ ചെറുത്തുകണ്ടു,ഈ ബ്ലോഗ്വിരുദ്ധരെ.പക്ഷേ സംസ്കാരമുള്ള ഭാഷയിൽ അതിസുന്ദരമായൊരു ലേഖനം വായിയ്ക്കുന്നതിതാദ്യം.

  താങ്കൾ ഉയർത്തിക്കാട്ടിയ ബ്ലോഗെഴുത്തിലെ ഉത്തമശീർഷർക്ക് ഉത്തമോദാഹരണമാണ് എന്റെ മുൻപ് കമന്റ് ചെയ്തിരിയ്ക്കുന്ന പ്രദീപ് മാഷ്.അദ്ദേഹത്തെ സൃഷ്ടികളുടെ മികവ് ഒരുപക്ഷേ പല ബ്ലോഗർമാർക്കും അപ്രാപ്യമെന്ന് പറയാനാണ് ഞാൻ താല്പര്യപ്പെടുന്നത്.

  അദ്ദേഹത്തിന്റെ കമന്റ് മുകളിൽ കണ്ടു എന്നതുകൊണ്ട് പറഞ്ഞെന്നുമാത്രം.

  അത് മാത്രമല്ല സോദരാ,താങ്കളെഴുതിയത് പോലുള്ള ഒരുമാശയസമ്പുഷ്ടമായ,എന്നാൽ സരസ്അമായ ഒരു ലേഖനം വായിയ്ക്കാൻ എത്രയോ പ്രിന്റഡ് മീഡിയായിലെ വായനക്കാർ ആഗ്രഹിയ്ക്കുന്നുണ്ട്.
  എന്നിട്ട് ലഭിയ്ക്കുന്ന,നേരത്തേ പറഞ്ഞ പൂർവ്വമഹത്വങ്ങളാൽ മലീമസമാക്കപ്പെട്ട,അറുവിരസലേഖനങ്ങൾ വായിയ്ക്കാൻ നിർബന്ധിതരാക്കപ്പെടുന്നു.

  മാഷു പറഞ്ഞ അഭിപ്രായം തന്നെയാണെനിയ്ക്കും.ഈ പോസ്റ്റ് ചർച്ച ചെയ്യപ്പെടേണ്ടതും ശ്രദ്ധേയവുമായ ഒന്നാകുന്നു.

  ReplyDelete
 3. നല്ല പോസ്റ്റ്‌.. അഭിനന്ദനങ്ങള്‍

  ReplyDelete
 4. ഇതിന് മറുപടി പറയാന്‍ ഇനി എന്റെ കയ്യില്‍ ഒന്നുമില്ല
  താങ്കള്‍ എല്ലാം പറഞ്ഞു
  വളരെ വ്യക്തം അതിലേറെ ശക്തം
  ആശാംസകള്‍

  ReplyDelete
 5. കാര്യങ്ങള്‍ പലതും അറിയുന്നതെന്കിലും മനസ്സില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ പറഞ്ഞിട്ടുണ്ട്

  ReplyDelete
 6. തികച്ചും അഭിനന്ദനീയം ഈ പോസ്റ്റ്‌ അലിഫ്‌..

  ReplyDelete
 7. ബ്ലോഗിനെക്കുറിച്ച് പറയാനുള്ളതെല്ലാം ഈ പോസ്റ്റില്‍ 
  അടങ്ങിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

  ReplyDelete
 8. സമാന്തര സാഹിത്യത്തെ ഭയപ്പെടുന്ന ഒരുപാട് പേര്‍ ഇന്ന നമ്മുടെ മലയാളത്തിലുണ്ട്....പല മാസികകളും,വാരികകളും ഇതിന്റെ ഭിഷണി നേരിടുന്നുമുണ്ട്. ഇന്ന് ഏറ്റവും കുടുതല്‍ വായിക്കപ്പെടുന്ന മാദ്ധ്യമമാണ് ബ്ലോഗ്‌ ... എച്ചിത്തനം പറഞ്ഞ സന്തോഷ്‌ എച്ചിക്കാനത്തെ നമുക്ക്‌ മറക്കാം.ഇന്ടുമെനോനെയും മറക്കാം...നിലാവുദിക്കുംപോള്‍ മോങ്ങുന്ന നായകളെ നമ്മള്‍ കല്ലെറിയണ്ടാ...... ഇപ്പോള്‍ ഈ ലേഖനത്തിനു വലിയൊരു നമസ്കാരം പറഞ്ഞ് ഞാനിപ്പോള്‍ നിര്‍ത്തുന്നു..നാളെ വിണ്ടും വരും ..............

  ReplyDelete
 9. അലിഫ് ഭായ്.. പറയാനുള്ളത് വ്യക്തമായി പറഞ്ഞു.. നല്ല പോസ്റ്റ്‌..

  ReplyDelete
 10. വ്യക്തം ..ശക്തം

  ReplyDelete
 11. വ്യക്തവും ശക്തവുമായ എഴുത്ത്.... അഭിനന്ദനങ്ങള്‍...

  ReplyDelete
 12. നല്ല പോസ്റ്റ്‌. കുറെ വിവരങ്ങള്‍ പങ്കുവെച്ചതിനോടൊപ്പം പറയാനുള്ളത് സുന്ദരമായി പറയുകയും ചെയ്തു

  ReplyDelete
 13. ബ്ലോഗെഴുത്ത് കുറച്ചിലാണെന്ന് വിശ്വസിക്കുന്നവർ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നു.നേരിനോട് നീതി പുലർത്തുന്ന ഈ ലേഖനത്തിന് അഭിവാദ്യങ്ങൾ

  ReplyDelete
 14. സമഗ്രമായ വിശകലനം ,ക്രിതക്രുത്യതയോടെ കാര്യങ്ങള്‍ പഠിച്ചു വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ,ഇത്തരം എഴുത്തുകളെ ,എങ്ങനെ കൊള്ളിമീനുകള്‍ എന്ന് പറഞ്ഞു അവഗണിക്കാനാകും?ഒരര്‍ത്ഥത്തില്‍ ശരിയാണ് ,കൊള്ളിമീനുകള്‍ പുലരിയുടെ നാന്ദിയാണ് ,ചളിക്കുണ്ടില്‍ വീണു കിടക്കുന്ന ഈ കൂപമണ്ടൂകങ്ങള്‍ അതെങ്ങനെ അറിയാന്‍ ?

  ReplyDelete
 15. ബ്ലോഗിന്റെ ഭൂതവും വർത്തമാനവും നന്നായി പറഞ്ഞിട്ടുണ്ട്. ഭദ്രവും കുലീനവുമായ അവതരണം. ആശംസകൾ
  ബ്ലോഗിലെ ബാർട്ടർ സമ്പ്രദായം മാറ്റേണ്ടതു തന്നെ. അതിനു മുൻ കൈയെടുക്കേണ്ടത് മറ്റാരുമല്ല. ബ്ലോഗർമാർ തന്നെ. ഒരു ബ്ലോഗർമാൻ സ്പിരിറ്റ് എല്ലാവരിലും ഉണ്ടാവട്ടെ.
  ബ്ലോഗിന്റെ ഭാവിയെ പറ്റിയാകട്ടെ ആലീഫിന്റെ അടുത്ത പോസ്റ്റ്. അത്തരമൊരന്വേഷണം ഗുണകരമായിരിക്കുമെന്ന് തോന്നുന്നു. സ്നേഹ പൂർവ്വം വിധു.

  ReplyDelete
 16. അലിഫ് നന്നായി പഠിച്ചു എഴുതി.ആനുകാലിക /പുസ്തക പാരായണം കുറയുന്നത്, ഒപ്പം ആര്‍ക്കും എഴുതുവാന്‍
  സാധ്യതയുള്ള മറ്റൊരു മാധ്യമത്തിന്റെ വളര്‍ച്ച ഇതാവും ബ്ലോഗിനെ എതിര്‍ക്കുവാന്‍ ഒരു കാരണം.
  ഇവിടെ ആര്‍ക്കും എഴുതുകയും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം ഉടന്‍ .മഹാത്തരമായവ അല്ലെങ്കിലും
  ബ്ലോഗുകളില്‍ സ്വതന്ത്രമായി സംവദിക്കനാകും.പത്രത്തിന്റെ തലപര്യമോ പ്രശസ്തിയുടെയോ ബലമോ ഇവിടെ വേണ്ട.സജീവമായ ഒരു ലോകം
  തന്നെ ബ്ലോഗുകള്‍ എന്ന് മറക്കാന്‍ പാടില്ല.കാലത്തിനൊപ്പം നടക്കുക അതിനെ അന്ഗീകരിക്കുക,ഒപ്പം നല്ല രചനകള്‍ ഉണ്ടാകട്ടെ എന്ന് വിചാരിക്കുകയും ആവാം

  ReplyDelete
 17. ഒരു രണ്ടാം തരമായോ ശ്രേഷ്ടമാല്ലെന്നോ ഒക്കെ ബ്ലോഗെഴുത്തിനെ കാണുന്ന, സ്വന്തം സാമ്രാജ്യത്തിന്റെ പരിധികള്‍ ശോഷിക്കുന്നു എന്ന ഭയപ്പാടില്‍ നിന്നും ഉരുത്തിരിയുന്ന വെവലാധികള്‍ ആയാണ് ചിലരൊക്കെ പറയുന്നത് കേട്ടാല്‍ തോന്നുക. അത് വളരെ കൃത്യമായി തന്നെ വളരെ വിശദമായി ഈ ലേഖനത്തില്‍ മനസ്സിലാകേണ്ടടാവര്‍ക്ക് മനസ്സിലാക്കാവുന്ന തരത്തില്‍ വിവരിച്ചിരിക്കുന്നു. മുഴുവന്‍ കൃത്യമാല്ലെന്കിലും ഇവിടെ സംഭവിക്കുന്ന പോരായ്മകളും വിലയിരുത്തലുകളും അഭിപ്രായങ്ങളും ഒക്കെ ബ്ലോഗ്‌ എഴുത്തിനെ കൂടുതല്‍ മികവുറ്റതാക്കാന്‍ കഴിയുന്ന തരത്തില്‍ വളര്‍ത്തുന്നതിനു സഹായകരമായ നല്ല ഒരു ലേഖനം.

  ReplyDelete
 18. “നിരന്തരമായ വായനകളിലൂടെയും സമകാലിക സാഹിത്യകാരന്മാരുമായുള്ള സമ്പര്‍ക്കത്തിലൂടെയും സ്വന്തം രചനകളെ തിരുത്തുകയും നവീകരിക്കുകയും ചെയ്യാന്‍ ഓരോ പുതിയ ബ്ലോഗര്‍മാരും ശ്രദ്ദിക്കേണ്ടതുണ്ട്..”

  നല്ലൊരു ഹോം വർക്കിനുശേഷം സൈബർ ലോകത്തുള്ള നവീനസാഹിത്യത്തെ കുറിച്ച് നന്നായി വിലയിരുത്തിയിരിക്കുന്നു കേട്ടൊ അലീഫ്.
  അഭിനന്ദനങ്ങൾ...

  ReplyDelete
 19. ബ്ലോഗ് ചരിത്രം നല്ലവണ്ണം പരത്തി തന്നെ പറഞ്ഞിരിക്കുന്നു,വായിച്ചു തീര്‍ക്കാന്‍ ഒത്തിരി സംയമെടുത്തെങ്കിലും നന്നായി അവതരിപ്പിച്ചു.കൂട്ടത്തില്‍ ഈ വഴിക്കും ഒന്നു വരണേ.

  ReplyDelete
 20. സന്ദര്‍ഭോചിതമായി പറയട്ടെ ഇതും ഒന്നു വായിക്കുന്നത് നന്നായിരിക്കും. http://irippidamweekly.blogspot.com/2012/01/75.html

  ReplyDelete
 21. ബ്ലോഗ് സാഹിത്യത്തില്‍ അതിനെക്കുറിച്ച് തന്നെ ഗവേഷണസ്വഭാവത്തില്‍ ഒരു ലേഖനം.അഭിനന്ദനങ്ങള്‍.

  ReplyDelete
 22. പലപ്പോഴുമറിയാന്‍ ആഗ്രഹിച്ച ബ്ലോഗ്‌ ചരിത്രം താങ്കള്‍ വിശദമായി പറഞ്ഞു. നല്ല പോസ്റ്റ്‌. മാധ്യമങ്ങളുടെ ദയക്ക് വേണ്ടി കാത്തു നില്‍ക്കാതെ സ്വന്തം രചനകള്‍ സ്വയം പ്രസിദ്ധീകരിക്കാന്‍ ആളുകള്‍ക്ക് അവസരം കൊടുക്കുന്ന ബ്ലോഗുകള്‍ ഇനിയും വളരട്ടെ..

  ReplyDelete
 23. സുന്ദരമായി പറഞ്ഞ ഈ കാര്യങ്ങള്‍ ഇന്ദു മേനോനെ പോലുള്ളവര്‍
  ഒരു വട്ടം ഒന്ന് വായിച്ചെങ്കില്‍ ....
  ബ്ലോഗ്‌ എഴുത്തിന്റെ നിലവാരം എന്തെന്ന് ഈ ലേഖനത്തില്‍ നിന്ന് തന്നെ അവര്‍ക്ക് മനസ്സിലാക്കാം .
  ആശംസകള്‍

  ReplyDelete
 24. ആലിഫ്..അഭിനന്ദനങ്ങൾ..ബ്ലോഗ് സാഹിത്യത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തികൾക്കുംവേണ്ടിയാണ് താങ്കളുടെ ശബ്ദം ഇവിടെ ഉയർന്നിരിക്കുന്നത്. കൂണ്ടും കുഴിയും നിറഞ്ഞ വഴിത്താരയിൽ പതിഞ്ഞുവീണ ചക്രച്ചാലുകളിലൂടെ മാത്രം ചലിക്കുവാൻ വിധിക്കപ്പെട്ട നമ്മുടെ സാഹിത്യലോകത്തിന്,കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് വ്യത്യസ്തതമായ പുതിയ പാതകൾ തേടിയുള്ള സൈബർലോകത്തിന്റെ യാത്രകൾ എതിർക്കപ്പെടേണ്ടതാണെന്നത് തോന്നുന്നത് സ്വഭാവികം.ഇതാണ് ലോകമെന്ന് കരുതുന്ന പൊട്ടക്കിണറ്റിലെ ആ ത‌വളകളെ നമുക്ക് അവഗണിക്കാം. നമ്മുടെ സമൂഹത്തിനുവേണ്ടി സുഹൃത്തുക്കൾക്കുവേണ്ടി,നമ്മുടെ സന്തോഷത്തിനുവേണ്ട് നമുക്ക് എഴുതാം....ആശംസകൾ നേരുന്നു.

  ReplyDelete
 25. എസ്.ശാരദക്കുട്ടി മാതൃഭൂമി ഓണപ്പതിപ്പില്‍ പറഞ്ഞതിനെ ആണൊ "നിരൂപക സ്ത്രീ ശബ്ദം" എന്നതുകൊണ്ട് പരാമര്‍ശിക്കുന്നത്. (ഇത്തരം കാര്യങ്ങളെ പേരെടുത്ത് പറയുന്നതല്ലേ നല്ലത്?)
  ആണെങ്കില്‍ അതാണെങ്കില്‍ ആലിഫിന്റേത് ഒരു അതിവായനയോ ആനാവശ്യ
  വായനയോ ആകാനിടയുണ്ട്. ചങ്ങമ്പുഴയെക്കുറിച്ചാണ്‌ ശാരദക്കുട്ടി അതില്‍ ഏറെയും പറയുന്നത്.
  അതിനു പൂരമായാണ്‌ ചുള്ളിക്കാട് വരുന്നത്. അത് അവരുടെ തികച്ചും വ്യക്തിപരമായ അനുഭവം പോലെ പറയുന്ന ഒന്നാണ്‌.
  എനിക്ക് ചങ്ങമ്പുഴ വായിക്കുമ്പോള്‍ ശാരദക്കുട്ടിക്ക് അനുഭവപ്പെട്ടതുപോലൊന്നും ഇല്ല.
  അതെന്റെ കാര്യം. അതുപോലെ തന്നാണ്‌ അവര്‍ക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കാര്യവും. അവരുടെ വ്യക്ത്യനുഭവത്തെ
  അവര്‍ തുറന്നു പറഞ്ഞു. ചുള്ളികാടിനു ശേഷം കവിത ഇല്ല എന്നു പറഞ്ഞതിനോടൊപ്പം "ആ അര്‍ത്ഥത്തില്‍"എന്നൊരു തുടര്‍ വരി കൂടി ഉണ്ട്.
  അത് അവരുടെ അര്‍ഥം ആണ്‌. അതുപോലെ തന്നെ മറ്റെല്ലാവരും കവിതയെ കരുതണം
  എന്നൊരു നിര്‍ബന്ധം അവര്‍ കാട്ടുന്നതായി തോന്നിയില്ല. ഇത് ശാരദക്കുട്ടിക്ക് വേണ്ടി വാദിക്കുന്നതല്ല.
  മറിച്ച് ഇത്തരം എഴുത്തില്‍ പുലര്‍ത്തേണ്ട സൂക്ഷമതകളേക്കൂറിച്ച് ഓര്‍മ്മപ്പെടുത്തുന്നു എന്നു മാത്രം.

  സമാന്തരക്കാര്‍ എന്തിനാണ്‌ ഇത്ര ആകുലപ്പെടുന്നത്. എച്ചിക്കാനവും മറ്റും പറഞ്ഞതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയൂ.
  അല്ല നിങ്ങള്‍ എതിര്‍ വാദത്തിലാണെങ്കില്‍ അതില്‍ പുതിയ ആശയങ്ങള്‍കൂടി വരണം. ആലിഫിന്റെ ഈ കുറിപ്പില്‍ അങ്ങനൊന്നും കാണാന്‍ കഴിഞ്ഞില്ല.
  എഡിറ്ററുടെ അഭാവം എന്നത് ഒരുപാട് പേര്‍ ആവര്‍ത്തിച്ച ഒന്നാണ്‌. അത് ഇനിയും പറയുന്നതില്‍ പുതുമ ഒന്നും ഇല്ല.
  എഴുത്തച്ഛനെ വായിക്കാതെയും എഴുതാം (ഇത് ഏതോ കവിതാ ചര്‍ച്ചയില്‍ വയിച്ചതാണ്‌.)എന്ന്‌ ധാര്‍ഷ്ട്യമെന്നും തോന്നിപ്പിക്കുന്ന
  ആത്മവിശ്വാസമാണ്‌ അച്ചടയല്ലാത്ത മാധ്യമങ്ങളില്‍ എഴുതുന്നവരുടെ കൈമുതല്‍ എന്നു തോന്നുന്നു.
  എതിരാളി ശരിയാണ്‌ എന്ന് ബോധ്യമാണ്‌ നിങ്ങളെ തര്‍ക്കത്തിലേക്ക് നയിക്കുന്നത് എന്നു കെ.പി.അപ്പന്‍ എഴുതിയതാണ്‌ ഓര്‍മ്മവരുന്നത്.

  ഇങ്ങനൊരു കുറിപ്പ് തയ്യാറാക്കാന്‍ നല്ല തയ്യാറെടുപ്പ് വേണം എന്നറിയാം. അതിനുള്ള ഊര്‍ജ്ജം ഇനിയും ഉണ്ടാകട്ടെ എന്ന ആശസയോടെ
  ആലിഫിന്റെ എഴുത്തിനു എല്ലാ ഭാവുകങ്ങളും.

  ReplyDelete
 26. കാമ്പുള്ള വിമര്‍ശനങ്ങളാണ് സൃഷ്ട്ടിയെ പരിപോഷിപ്പിക്കുക എന്ന് എവിടെയോ വായിച്ചിട്ടുണ്ട്..
  'കാമ്പുള്ളവ'
  ബ്ലോഗുകളെ വിമര്ശിക്കുന്നതിലെ അസഹിഷ്ണുത അല്ല എന്റെ കുറിപ്പ് എന്ന് എന്റെ കുറിപ്പില്‍ തന്നെ വ്യകതവുമാണല്ലോ?
  പിന്നെ ശാരദക്കുട്ടിക്കു നിരൂപക ഇടങ്ങളില്‍ സവിശേഷമായ സ്ഥാനം തന്നെയാണുള്ളത്. അവരുടെ വ്യക്തി പരമായ അഭിപ്രായം എന്ന് പറയുന്നതില്‍ തന്നെ ഒരു ചേര്‍ച്ചക്കുറവ് ഇല്ലേ ?
  ശാരദക്കുട്ടിയുടെ പല നിരീക്ഷണങ്ങളും ശരാശരി വായനക്കാരന്റെത് കൂടിയാകുന്നതാണ് ശാരദക്കുട്ടിയെ ഒക്കെ ഇപ്പോഴും എന്റെ മനസ്സിലോക്കെ ചേര്‍ത്ത് നിര്‍ത്തുന്നതിലെ കാര്യവും...
  അവരുടെ ഒരു നിരീക്ഷണത്തോട്‌ വിയോജിക്കുക എന്നത് അവരോടുള്ള ശത്രുതയോ മറ്റോ ആണോ?
  പിന്നെ സമാന്തരക്കാരോ മുഖ്യധാരക്കാരോ ആകുലപ്പെടേണ്ടതില്ല എന്ന് പറയുന്നതിലല്ലേ കാര്യം?
  പിന്നെ ഇതൊക്കെ ഒരു ചര്ച്ചയാക്കേണ്ടതില്ല എന്നാണെങ്കില്‍ 'അവര്‍ക്ക് അവരുടെ കാര്യം നമ്മള്‍ക്ക് നമ്മുടെ കാര്യം' എന്ന് അതിര്‍ കെട്ടി തിരിക്കേണ്ട രണ്ടു സാഹിത്യ ശാഖകള്‍ ആയി ഇവയെ തരം തിരിക്കണം എന്ന് എനിക്ക് തോന്നിയിട്ടില്ല!
  ലേഖനത്തിന്റെ ഗുണ ദോഷങ്ങളുടെ കാര്യം ഞാന്‍ അല്ല പറയേണ്ടത്..
  അത് നിങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വായനക്കാര്‍ തീരുമാനിക്കേണ്ടതാണ്!
  എന്റേത് മാത്രം ശരി എന്ന് എനിക്ക് വാദം ഇല്ല..
  അങ്ങിനെ മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പൊതു ശരി കണ്ടെത്തും വരെ ചര്‍ച്ച തുടരുന്നതില്‍ വിരൊധമില്ല.
  ആധികാരികതക്ക് വേണ്ടിയുള്ള ഉപദേശം സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു....
  അതാണ്‌ കാമ്പായി തോന്നിയത്...

  ReplyDelete
 27. ee postinu ellavidha abhinandanangalum......

  ReplyDelete
 28. നല്ല പോസ്റ്റ്‌....... . അഭിനന്ദനങ്ങള്‍ !!!!

  ReplyDelete
 29. കിടുക്കന്‍ സംഭവം കക്കൂസ് സാഹിത്യം, എന്ന് വിളിച്ചു പരിഹസിച്ചവര്‍ ഒന്ന് കണ്ടെങ്കില്‍ ഇതൊക്കെ

  ReplyDelete
 30. വിശദമായും സൂക്ഷമമായും വിലയിരുത്തി..അഭിനന്ദനങ്ങള്‍..ഒറ്റയടിക്കാക്ഷേപിക്കുന്നവര്‍ തളര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്.

  ReplyDelete
 31. അഭിനന്ദമാര്‍ഹിക്കുന്ന ലേഖനം. വിശദമായി അവതരിപ്പിച്ച്ചിര്‍ക്കുന്നു വിഷയ സംബന്ധമായ കാര്യങ്ങളെല്ലാം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അലിഫ് ഭായ്..

  ReplyDelete
 32. "ചങ്ങമ്പുഴയെ അറിഞ്ഞ് എന്റെ ജീവിതം" എന്നാണ്‌ ശാരദക്കുട്ടിയുടേ ആ ലേഖനത്തിന്റെ പേര്‌. ഒരു സിനിമാ പ്രേമി തന്റെ ഇഷ്ടസിനിമയെക്കുറിച്ച്
  പറയുന്നതുപോലെയോ ക്രിക്കറ്റ് പ്രേമി പ്രിയകളിക്കാരനെക്കുറിച്ച് പറയുന്നതുപോലെയോ ഉള്ള ഒന്നായാണ്‌ എനിക്കത് അനുഭപ്പെട്ടത്. അതിന്റെ അവസാന ഭാഗത്താണ്‌ ആലിഫ്
  അവതരിപ്പിച്ച പരാമര്‍ശം ഉള്ളത്. അതവര്‍ സമര്‍ത്ഥിക്കുന്നേയില്ല. ശാരദക്കുട്ടി എന്ന നിരൂപകയേക്കാല്‍ ഒരാസ്വദകയുടെ അഭിപ്രായം മാത്രമായാണ്‌ എനിക്ക്
  തോന്നിയത്. മലയാളാത്തിലെ ഒരു നിരൂപകയുടെ കാവ്യസം‌വേദനക്ഷമത ഇത്രവരെയേ ഒള്ളു എന്ന്‌ വേണമെങ്കില്‍ പരിതപിക്കാം.
  (പരിതപിക്കുക എന്നത് അത്ര നല്ല പ്രയോഗം അല്ല. ഇവിടെ പക്ഷേ അതാണ്‌ ചേരുക എന്നു തോന്നി).സത്യനു ശേഷം മലയാളത്തില്‍ നടന്‍ ഉണ്ടായിട്ടില്ല
  എന്ന് പറയുന്നവരോട് തോന്നും പോലെ ഒരു വികാരം മാത്രമേ എനിക്ക് തോന്നിയിട്ടൊള്ളു. വിയോജിപ്പിനു ഇടം കൊടുക്കാത്തതരം തികച്ചും
  വ്യക്തിപരമായ ഒരഭിപ്രായം. പച്ചക്കറി മാത്രം കഴിക്കുന്നവര്‍ അതാണവര്‍ക്കിഷ്ടം അതുതന്നാണ്‌ നല്ലതുമെന്നു പറയുന്നതിനോട് എങ്ങിനെ വിയോജിക്കാനാണ്?
  ഇപ്പറഞ്ഞത് എന്റെ തോന്നലാണ്‌ ട്ടോ. ശാരദക്കുട്ടിയുടെ അഭിപ്രായത്തിനു നിരീക്ഷണം എന്ന പദവികൊടുക്കാന്‍ തോന്നിയില്ല. അത്രമാത്രം.
  വിയോജിപ്പ് ശത്രുതയാണെന്ന് തോന്നിയിട്ടില്ല. (ശത്രുത പക്ഷേ വിയോജിപ്പാകാം!)

  എച്ചിക്കാനത്തിന്റെയൊക്കെ അഭിപ്രായത്തെ എച്ചിത്തരം എന്നു വിളിക്കണോ? വേണ്ടെന്നു തോന്നുന്നു. എതിരാളി,
  ( എതിരാളി എന്ന് അവര്‍ കരുതുന്നുണ്ടോ എന്ന് അറിയില്ല) ശരിയാണ്‌ എന്ന ബോധ്യം കൊണ്ട് പറയുന്നതാവും അതെന്ന് കരുതാനാണ്‌ എനിക്കിഷ്ടം.
  "സമാന്തരം" എന്ന പേരിനെത്തന്നെ വിചാരണ ചെയ്യണം എന്നാണ്‌ തോന്നുന്നത്‌. തരം തിരിവിനൊരെളുപ്പം എന്നല്ലാതെ അതില്‍ കാര്യമുള്ളതായി തോന്നിയിട്ടില്ല. വായനക്കാരുടെ എണ്ണത്തില്‍ കുറവായതുകൊണ്ട് മാത്രം ചാര്‍ത്തിക്കൊടുത്ത പദവിയല്ലേ ഈ സമാന്തരം. അങ്ങനാണെങ്കില്‍, രചനകളില്‍ ഭൂരിഭാഗത്തിനും ഡിജിറ്റല്‍ പ്രസിദ്ധീകരണം ആയാല്‍ ഇപ്പോഴത്തെ മുഖ്യധാരാ അച്ചടിമാധ്യമങ്ങളെ സമാന്തരം എന്നു വിളിക്കേണ്ടി വരില്ലേ. ഇന്റര്‍നെറ്റില്‍ മാത്രമേ എഴുതു എന്ന് ശാഠ്യം ഉള്ളവര്‍ ഉണ്ടോ? എനിക്കറിയില്ല. അച്ചടിച്ചു വരുന്നതില്‍ ആഹ്ലാദിക്കുന്നവര്‍ ഏറെ. അച്ചടിക്കപ്പെട്ട രചനയുടെ ഫോട്ടോ തന്ന എത്രയോ പേരുണ്ട്. സന്തോഷത്തോടെ അവരുടെ ആ രചനകളെ വീണ്ടും വായിച്ചവരും അച്ചടിക്കപ്പെട്ടതില്‍ അഭിനന്ദിച്ചവരും ഏറെയുണ്ട്. അതുകൊണ്ടൊക്കെയാണാല്ലോ കൂട്ടായ്മകളുടെ ഭാഗമായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. അതിനെ നന്ന് എന്നു വാഴ്തിയും കണ്ടു. അപ്പോള്‍ അച്ചടിമാധ്യമത്തിലേക്ക് ഇവര്‍ കടന്നത് കൂടുതല്‍ വായനക്കാരെ തേടിയല്ലേ? ഭാഷ, പ്രമേയം, രാഷ്ട്രീയം തുടങ്ങിയ എന്തെങ്കിലും ആണോ മേല്പറഞ്ഞ സമാന്തരത്തെ നിര്‍‌വചിച്ചത്? അല്ലെന്നാണ്‌ തോന്നിയത്. അത് വായനക്കാരുടെ എണ്ണം, എഴുത്തുകാരുടെ പ്രശസ്തി തുടങ്ങിയവകളൂടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഒരു സൗകര്യം മാത്രമാണെന്ന് തോന്നുന്നു. ബ്ലോഗില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് CV യില്‍ വച്ച് കണ്ടിട്ടില്ല. എന്നാല്‍ അച്ചടിച്ചു വന്ന പുസ്തകങ്ങളെ ഉള്‍പ്പെടുത്തിക്കണ്ടിട്ടുണ്ട്. (പ്രശസ്ത ബ്ലോഗര്‍ എന്നൊരു പ്രയോഗം നടപ്പില്‍ വന്നു തുടങ്ങി എന്നത് മറക്കുന്നില്ല.)എനിക്ക് തോനിയത് ഈ തരം തിരിവ് എഴുതുന്ന മാധ്യമത്തിന്റെ അധിക്കരം പ്രശസ്തി തുടങ്ങിയവകളുടെ അടിസ്ഥാനത്തില്‍ വരുന്ന ആരോപണപ്രത്യാരോപണങ്ങളും ആവലാതികളൂം ആണെന്നാണ്‌. ("അച്ചടി മലായാളം നാടുകടത്തിയ കവിതകള്‍" എഴുതുന്ന കുഴൂര്‍ വില്‍സനെ ബ്ലോഗ്ഗില്‍ വായിക്കുമ്പോള്‍ സമാന്തരത്തിന്റെ വലിപ്പച്ചെറുപ്പങ്ങള്‍ തോന്നിയില്ല.)
  പ്രസിദ്ധിക്കരിക്ക്ക്കുന്ന മാധ്യമാടിസ്ഥനത്ത്ല്‍ രചനകളെ സമാന്തരം എന്ന് പേരിടുമ്പോള്‍ അതിര്‍കെട്ടിത്തിരിക്കേണ്‍റ്റ സാഹിത്യ ശാഖകള്‍ എന്നോരു സാധ്യത കൂടി അതില്‍ തെളിയുന്നില്ലേ?
  അച്ചടിമാധ്യമത്തില്‍ അല്പത്തരങ്ങള്‍ മാത്രമേ വരുന്നൊള്ളു എന്ന് ബ്ലോഗ്ഗര്‍/ഡിജിറ്റല്‍ പ്രാസാധകര്‍ വിളിച്ച് പറഞ്ഞാല്‍ എത്രമാത്രം ചര്‍ച്ച നടക്കും എന്നുകൂടി ആലോചിച്ചാലോ?

  ReplyDelete
 33. അത് കാടടച്ചു വെടി വെക്കുന്നതിനു ഒരു ഉദാഹരണം പറഞ്ഞത് മാത്രമായിരുന്നല്ലോ...
  അല്ലാതെ അതും ബ്ലോഗെഴുത്തും തമ്മില്‍ ചേര്‍ത്ത് പറഞ്ഞതല്ലല്ലോ?
  പിന്നെ ഏച്ചിക്കാനം പറഞ്ഞത് ഏച്ചിക്കാനത്തിന്റെ അഭിപ്രായം!
  അഭിപ്രായം പറയാന്‍ ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്നത് പോലെ തന്നെയാണ് അതിനെ എതിര്‍ക്കാനുള്ള അവകാശവും..
  അല്ലാതെ ഇതൊന്നും പരസ്പര ശത്രുതയില്‍ നിന്ന് വരുന്നതല്ലല്ലോ?
  തുറന്നു പറയുകയും അതില്‍ ചര്‍ച്ച നടക്കുകയും ചെയ്യുന്നത് ഗുണകരം തന്നെയാണ്...
  പിന്നെ ഈ ഏച്ചിക്കാനം എന്റെ ശത്രു ലിസ്റ്റില്‍ പെട്ട ആളൊന്നുമല്ല എന്റെ ഫോട്ടോ പ്രദര്‍ശനം കൂറ്റനാട് ഉദ്ഘാടനം ചെയ്തു സുദീര്‍ഘമായി സംസാരിച്ച ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരു എഴുത്തുകാരനാണ്‌..
  ഇവിടെ ഉണ്ട്
  http://alifkumbidi.blogspot.com/2010/07/blog-post_26.html
  അവരുടെ അഭിപ്രായങ്ങളില്‍ വിയോജിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് ഞാന്‍ ഉപയോഗിച്ചത്..
  പിന്നെ ഈ ശാരദക്കുട്ടി ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഒരു പബ്ലിഷിംഗ് യൂണിറ്റിന്റെ ആദ്യ പുസ്തകത്തിനു അവതാരിക എഴുതിയ ആളാണ്‌..
  അവരെയൊക്കെ സ്നേഹിക്കുമ്പോഴും ആദരിക്കുമ്പോഴും നമുക്ക് യോജിക്കാനും വിയോജിക്കാനും ഉള്ള ഇടം സൂക്ഷിക്കാറുണ്ട് .
  അച്ചടി മാധ്യമങ്ങള്‍ ബ്ലോഗിനേക്കാള്‍ നിലവാരം കുറവാണെന്ന ഒരു വാദമാണോ ഞാന്‍ നിരത്തിയിട്ടുള്ളത്? അല്ലെങ്കില്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് അപരാധമാണെന്നോ ,അത് ഒരു മേന്മയേ അല്ലെന്നോ ഞാന്‍ എഴുതിയിട്ടില്ല.
  മറിച്ച് അതിന്റെ പിറകിലെ സുപ്രീം പവര്‍ ഉള്ളതിന്റെ ഗുണ വശവും ഞാന്‍ എഴുതിയിരുന്നു...
  ബ്ലോഗുകളെ സാമാന്യ വല്ക്കരിച്ചു കൊണ്ടു അധിക്ഷേപിക്കുന്നതിനെതിരെയാണ് ഞാന്‍ നിലകൊണ്ടിട്ടുള്ളത്...
  അല്ലാതെ രണ്ടു വ്യത്യസ്ത മേഖലകള്‍ തമ്മിലുള്ള മത്സരത്തിലെ ഒരു ഭാഗത്തെ മാത്രം ന്യായീകരിച്ചു കൊണ്ടല്ല ഞാന്‍ എഴുതിയിട്ടുള്ളതും..
  പുറം കാഴ്ചകള്‍ കൊണ്ടു നിസ്സാരവല്‍ക്കരിക്കപ്പെട്ട , അധിക്ഷേപിക്കപ്പെട്ട ഒരു ഭാഗത്ത്‌ നിലകൊള്ളുന്നത് അത്ര വലിയ അപരാധമാണെന്ന് വിശ്വസിക്കാത്തത് കൊണ്ടു മാത്രം...

  ReplyDelete
 34. "ടോയ്‌ലറ്റു സാഹിത്യം" പരിശോധിക്കുമ്പോൾ തങ്ങളുടെ "അപാര" കണ്ടെത്തലുകളേക്കാൾ മനോഹരവും ആശയസമ്പുഷ്ടപൂർണ്ണവുമായ "ചവറുകൾ" കണ്ടെത്തപ്പെടുന്നതുകൊണ്ടാണ് ചിലർക്കെങ്കിലും ബ്ലോഗിലെ സൃഷ്ടികൾ ടോയ്‌ലറ്റ് സാഹിത്യമാകുന്നത്. അവർക്ക് അത് അസൂയയുടെ നോട്ടംകൊണ്ട് നേരിടേണ്ടിവരുന്നു. അതുകൊണ്ടുതന്നെ അവർക്കതു കണ്ടില്ലെന്നു നടിയ്ക്കാനാവുന്നില്ല. മാത്രമല്ല സ്വകാര്യാവശ്യത്തിന് അത് കട്ടെടുക്കുകയും ചെയ്യുന്നു. ചിലരെങ്കിലും ബ്ലോഗെഴുത്തിനെ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ടെന്നത് അവരിൽ വായനാസ്നേഹികൾ ബാക്കിയുണ്ടെന്നു തെളിവായി കാണാം.

  വായിൽ തോന്നുന്നതു കോതയ്ക്കു പാട്ട് എന്നതുതന്നെയാണ് എല്ലാ ബ്ലോഗർമാരും അനുവർത്തിയ്ക്കുന്നത്. അല്ലാതെ മറ്റെന്തെഴുത്താണു ലോകത്തു നടക്കുന്നത്? ബ്ലോഗർമാർ മാത്രമല്ല ലോകത്തെ പത്ര പത്രേതര മാധ്യമങ്ങളെല്ലാം അതു തന്നെയാണ് ചെയ്യുന്നത്, അവയിൽ എഴുതുന്നവരെല്ലാം അങ്ങനെയാണു ചെയ്യുന്നത്. അല്ലാതെ ഒരാളുടെ ഇഷ്ടത്തിനാണോ മറ്റൊരാൾ എഴുതുന്നത്? ഒരു പത്രത്തിന്റെ ഇഷ്ടത്തിനാണോ മറ്റൊരു പത്രം എഴുതുന്നത്? ഒരിയ്ക്കലും ഒന്നും അങ്ങനെയല്ല. ഒരാൾ തന്റെ സൃഷ്ടി പങ്കുവയ്ക്കുമ്പോൾ അതു മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നുവെങ്കിൽ അത് ആസ്വാദദായകമെന്നു വിശേഷിപ്പിയ്ക്കും. ചിന്തകൾക്കു പണികൊടുക്കുന്നുണ്ടെങ്കിൽ അത് ഉദാത്ത സൃഷ്ടിയെന്ന് വിശേഷിപ്പിയ്ക്കും. അവാർഡുകൊടുക്കും. മിയ്ക്കവാറും അവാർഡുകൾ പരസ്പരസഹായത്തിനുദാഹരങ്ങളുമാണ്.

  ബ്ലോഗുകളിലും അതുതന്നെയാണു നടക്കുന്നത്. എല്ലാരും വളരെ നന്നായിത്തന്നെ എഴുതുന്നു. കഴിവുള്ളവരും ഇല്ലാത്തവരും നന്നായിത്തന്നെ എഴുതുന്നു. മറ്റുള്ളവർക്ക് ആസ്വദിയ്ക്കാൻ കഴിയുമ്പോൾ നല്ല പോസ്റ്റുകളാകുന്നു. പ്രൊഫൈലിന്റെ ലിംഗസൂചന നോക്കി അഭിപ്രായങ്ങളുടെ രൂപവും ഭാവവും എണ്ണവും ചിലപ്പോഴൊക്കെ മാറുന്നുണ്ടെന്നതു മാത്രമാണു വ്യത്യസ്ഥമായുള്ളത്. ചിലർക്ക് വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിയ്ക്കാൻ കഴിയുമ്പോൾ മറ്റുചിലർക്ക് അതിനേക്കാൾ നന്നായി ചിന്തിയ്ക്കാൻ കഴിയുന്നുണ്ടെങ്കിലും അതു ബ്ലോഗിലേയ്ക്കു പകർത്താൻ കഴിയുന്നില്ല. എല്ലാരും ഒരേപോലെയല്ലാത്തനിലയ്ക്ക് തോന്നുന്നപോലെ പോസ്റ്റുകൾ വരട്ടെ. കമന്റുകളുടെ എണ്ണം കൊണ്ടു നിരാശപ്പെടുന്നതും സന്തോഷം കൊള്ളുന്നതും ഒഴിവാക്കുമ്പോൾ നല്ല പോസ്റ്റുകൾ എഴുതാനുള്ള മാനസിക സാഹചര്യം വന്നുകൊള്ളും.

  പ്രവാസികളായ ബൂലോകരിൽ നല്ലൊരു ശതമാനവും അവരുടെ വിദേശവാസത്തിന്റെ ഇടവേളകൾ ഉപയോഗപ്പെടുത്തിയവരാണ്. മാനസിക പിരിമുറുക്കത്തിന് അത് അവർക്ക് ഗുണകരമായ മാറ്റം കൊടുത്തിട്ടുണ്ടാവും. അത് വിദേശത്ത് അവർക്ക് അനിവാര്യമായി വേണ്ടിയിരുന്നിരിയ്ക്കണം. അത്രകണ്ട് സീരിയസ്സായി ബൂലോകത്തെ അവർ കണ്ടിരുന്നില്ല. അതുകൊണ്ടാണ് പ്രവാസജീവിതം അവസാനിപ്പിച്ചവരും അവധിയ്ക്കുവന്നവരും എത്ര നന്നായി എഴുതുന്നവരായിരുന്നാലും പിന്നെ ഓൺലൈനിൽപ്പോലും കാണാത്തത്. നാട്ടിലുള്ള ചിലരും സമാന സാഹചര്യത്തിൽ ബ്ലോഗെഴുതിയവരാണ്. അവരുടെ തിരക്കുപിടിച്ച ജീവിതത്തിന്റെ ഇടവേളകളിൽ അൽപ്പസമയം ബൂലോകത്തു ചെലവഴിച്ചെന്നു മാത്രം. നിത്യവും ബ്ലോഗെഴുത്തിനും വായനയ്ക്കും വേണ്ടി അൽപ്പസമയം മാറ്റിവച്ചിരിയ്ക്കുന്നവർ വളരെക്കുറവാണ്. അവരാവട്ടെ ബൂലോകത്തു കൊഴിഞ്ഞുപോകാതെ നിൽക്കാൻ ഇഷ്ടപ്പെടുന്നവരാണ്.

  ഒരു വിഭാഗം ബൂലോക വളർച്ചക്കു വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നവരാണ്. അവർ കഴിയുന്നിടത്തൊക്കെ സാമ്പത്തിക ബാധ്യതയും സമയവും കാര്യമാക്കാതെ ബ്ലോഗ്ശിൽപ്പശാലകൾ സംഘടിപ്പിച്ചുകൊണ്ട് പുതിയ ബ്ലോഗർമാരെ സൃഷ്ടിച്ചുകൊണ്ടേയിരിയ്ക്കുന്നു. അവർക്കു വേണ്ടുന്ന പിന്തുണ കൊടുത്തുകൊണ്ടാവണം നാം ബ്ലോഗെഴുത്തിനെക്കുറിച്ചു വിലപിയ്ക്കേണ്ടത്. അവയിൽ പങ്കുചേർന്നുവേണം നാം ബൂലോകത്തെക്കുറിച്ച് സംസാരിയ്ക്കേണ്ടത്. ഇപ്പോഴും സീരിയസ്സായി ബ്ലോഗെഴുതുന്നവർ, അങ്ങനെ എഴുതാതിരിയ്ക്കാനാവാത്തവർ ബൂലോകത്ത് ധാരാളമുണ്ട് എന്നത് നമുക്ക് അഭിമാനിയ്ക്കാവുന്നതു തന്നെയാണ്. അവരെ നമ്മൾ മറന്നുപോകരുത്.

  ReplyDelete
 35. നിലവാരമില്ലാത്ത രചനകള്‍ ബ്ലോഗ്‌ ലോകത്ത് മാത്രമല്ല ,സകല മേഘലയിലും ബാധിച്ചിട്ടുണ്ട് ,
  നൂറു രചനകള്‍ എടുത്താല്‍ അതില്‍ നല്ലത് എന്ന് പറയുന്നത് വിരലില്‍ എണ്ണാന്‍ സാധിക്കും ..
  അത് പോലെ തന്നെ ആണ് ബ്ലോഗിലും വരുന്നത് എന്നത് എന്ത് കൊണ്ടോ എല്ലാവര്യും മറക്കുന്നു
  പലപ്പോഴും നനന്നായി എഴുതാന്‍ സാധിക്കുന്നവര്‍ ആനുകാലികങ്ങളില്‍ എഴുതാന്‍ വിമുക്ത കാണിക്കുന്നു ,,അവരെ പോലെ ഉള്ളവര്‍ക്ക് ബ്ലോഗ്‌ ഒരു അനുഗ്രഹം തന്നെ ആണ്.പിന്നെ ഇതിനു ഒരു എഡിറ്റര്‍ ഇല്ല ഒരു ദോഷം ..അത് ബ്ലോഗേര്‍സ് തമ്മില്‍ പരസ്പരം എഡിറ്രായി പരിഹരിക്കവുന്നാതാണ് .അത് പോലെ വായനകാര്‍ ബ്ലോഗേര്‍സ് തന്നെ ആയതു കൊണ്ട് തന്നെ നല്ല പോസ്റ്റിനെ വായിക്കുകയും തെറ്റുകള്‍ കണ്ടാല്‍ അത് തിരുത്തി കൊടുക്കാനുള്ള സന്മനസും ഉണ്ടാവണം ..അല്ലാതെ സ്വയം പണിയുന്ന ദെന്ത ഗോപൂരത്തില്‍ അടയിരിക്കുകയല്ല വേണ്ടത്

  ReplyDelete
 36. നല്ല പോസ്റ്റ്‌....... . അഭിനന്ദനങ്ങള്‍ !

  ReplyDelete
 37. വിമർശനങ്ങളെ എന്തിനു ഭയക്കണം??വിമർശനങ്ങളിലൂടെ സ്ഫുടം ചെയ്യപെട്ടേ “സമാന്തര” രചനകളും വളരൂ...
  അങ്ങിനെയല്ലേ വേണ്ടതും..

  ReplyDelete
 38. ഇത് വിമര്‍ശനങ്ങളെ ഭയന്ന് കൊണ്ടല്ലല്ലോ കുറിച്ചിട്ടുള്ളത് ..
  വിമര്‍ശനങ്ങളിലുള്ള അസഹിഷ്ണുതയും അല്ല..
  അത് വ്യക്തമാക്കിയിട്ടും ഉണ്ട്.
  ആരോപണങ്ങള്‍ക്ക് മറുപടി പരയാതിരിക്കുന്നതും ആക്ഷേപങ്ങളെ മനസാ സ്വീകരിക്കുന്നതും ക്ഷമയോ സഹിഷ്ണുതയോ ആകുന്നില്ല ചിലപ്പോള്‍ അതൊരു കുറ്റസമ്മതത്തിന്റെ ലേബലിലാണ് വരുന്നത്..
  അതിനാല്‍ തിരിച്ചറിവിന്റെ വിവേകം പലപ്പോഴും വിളിച്ചു പറയുന്നത് തന്നെയാണ്...
  മൌനം എപ്പൊഴും ഭൂഷണമല്ല...

  ReplyDelete
 39. നന്നായി പറഞ്ഞു മാഷേ .....അഭിനന്ദനങ്ങള്‍

  ReplyDelete
 40. പറയുന്നെങ്കില്‍ ദേ ഇങ്ങനെ തന്നെ പറയണം..

  അഭിനന്ദനങ്ങള്‍.......

  ReplyDelete
 41. ശത്രു- എന്നല്ല എതിരാളി. തര്‍ക്കങ്ങളെക്കുറിച്ച് കെ.പി.അപ്പന്റെ പറഞ്ഞ ഒരു പ്രയോഗത്തെ ഓര്‍ത്തതാണ്‌ അത്. അതില്‍ ശത്രുതയുടെ പ്രശ്നം വരുന്നില്ല.
  എഴുത്തുകാര്‍ എന്ന നിലക്കും, അല്ലാതെയും ഇവരോട് ശത്രുതയൊന്നും ഇല്ല. അതിന്റെ ആവശ്യവും ഇല്ല.
  എനിക്കിത് യോജിപ്പിന്റെയോ വിയോജിപ്പിന്റേയോ പ്രശ്നമല്ല. മറിച്ച് വിയോജിക്കുവാന്‍ നമ്മള്‍ കൊണ്ടു വരുന്ന തരം തിരിവുകളൂടെ പ്രശ്നമാണ്‌.
  അച്ചടി മാധ്യമങ്ങളുടെ നിലവാരക്കുറവിനെപ്പറ്റി ആലിഫ് പറഞ്ഞതല്ല. അങ്ങനൊരു ആക്ഷേപം ബ്ലോഗ്ഗെഴുത്തുകാര്‍ ഉന്നയിച്ചാല്‍ അതിനു മറുപടി എന്തായിരിക്കും എന്ന് ഞാന്‍ ചോദിച്ചതാണ്‌.
  പുറംകാഴ്ചകള്‍ കൊണ്ട് അധിക്ഷേപിക്കപ്പെടുകയും നിസ്സരവല്‍കരിക്കപ്പെടുകയും ചെയ്ത-സമാന്തര സാഹിത്യം-ബ്ലോഗ്ഗ് സാഹിത്യം എന്ന വിവേചനത്തെയാണ്‌ എനിക്ക് മനസ്സിലാകാതിരുന്നത്.
  ഏതെങ്കിലും ഒരു പക്ഷത്തെ ന്യായീകരിക്കുന്നതിന്റെ പ്രശ്നമല്ല മറിച്ച് ദുര്‍ബ്ബലമെന്ന് സ്വയം തോന്നുന്നതുകൊണ്ട് (എങ്ങനെ ദുര്‍ബ്ബലം എന്ന് മുന്നു പറഞ്ഞിരുന്നു)നിലവിളിക്കുന്നതിന്റെ പ്രശ്നമായാണ്‌ എനിക്ക് തോന്നിയത്.
  എഴുത്തിന്റെ ഉള്ളടക്കം കൊണ്ട് ഡിജിറ്റല്‍ എഴുത്ത് സമാന്തരമായ ഒന്നാണ്‌ എന്ന് എനിക്ക് തോന്നിയിട്ടില്ല.

  ReplyDelete
 42. എന്റെ ആരിഫ് ഭായ് സമ്മതിച്ചിരിക്കുന്നൂ. പല ഫിസിയോ തിരക്കുകൾ കാരണം ഞാൻ ഈ വല്ല്യേ ലേഖനം വായിക്കൽ പണ്ട് ഇത്തിരി നീട്ടിവച്ചതായിരുന്നു. മാപ്പ് ആരിഫ് ഭായ്. നല്ല കിടുക്കൻ ലേഖനം. ഇതിന്റെ പുറകിലെ അദ്ധ്വാനവും അന്വേഷണവും നന്നായി മനസ്സിലാവുന്നുണ്ട് ഇതിലെ ഓരോ വരിയും വായിക്കുമ്പോൾ. എനിക്ക് ചെറിയ ഒരു അഭിപ്രായമുള്ളത് പഴയകാലത്തെ ബ്ലോഗ്ഗുകളെ കുറിച്ച് പറഞ്ഞപ്പോൾ, മലയാളത്തിൽ ഈ പറഞ്ഞ വല്ല്യേ സാഹിത്യകാരന്മാരേയൊക്കെപ്പറ്റി പറയുന്ന കൂട്ടത്തിൽ നിന്ന് 'കൊടകരപുരാണം' ബ്ലോഗ്ഗിലൂടെ പ്രസിദ്ധനായ സജീവൻ എടത്താടനെ മാറ്റി നിർത്തിയത് തീരെ നന്നായില്ല. എന്തായാലും കൊള്ളാം ഞാൻ അഭിനന്ദിക്കുന്നു, ഈ ഒരു വലിയ ശ്രമത്തേയും അതിന്റെ പിന്നിൽ അതിനുവേണ്ടി നീയൊഴുക്കിയ വിയർപ്പിനേയും. സജീവേട്ടനെ ഒഴിച്ചുനിർത്തരുതായിരുന്നു എന്ന ഒരു ചെറിയ അഭിപ്രായമൊഴിച്ചാൽ ഈ ലേഖനം ഒരു വല്ല്യേ പാഠപുസ്തകമായിരുന്നു എന്ന് തന്നെ പറയാം. ആശംസകൾ.

  ReplyDelete
 43. ലേഖനവും അഭിപ്രായങ്ങളും വായിച്ച് മനസ്സിലാക്കാൻ കഴിഞ്ഞതിൽ വലിയ ആഹ്ലാദമുണ്ട്. അഭിനന്ദനങ്ങൾ.

  ReplyDelete
 44. നല്ല വിലയിരുത്തൽ.
  കഴിഞ്ഞ വർഷത്തെ "മാധവ-ഭൂമി" കൂടി പരാമർശിക്കാമായിരുന്നു.

  ReplyDelete
 45. ബ്ലോഗിനെക്കുറിച്ച് ഇത്രയും ആധികാരികവും വാസ്തു നിഷ്ടവുമായൊരു ലേഖനം ഞാന്‍ വായിച്ചിട്ടില്ല .
  നന്ദി സുഹൃത്തേ..

  ReplyDelete
 46. നന്നായി ഈ ലേഖനം ബ്ലോഗ്ഗിനെ സപ്പോർട്ട് ചെയ്തു വരുന്ന ഇത്തരം വസ്തു നിഷ്ടമായ ലേഖനങ്ങൾ ഭാവിയിൽ അച്ചടി മാധ്യമത്തിൽ കൂടി വന്നാൽ വിരോധാഭാസം ആവില്ല

  ReplyDelete
 47. ഇതൊരു നല്ല വായന തന്നെ :) ഇതിനു പിന്നിലെ ശ്രമത്തിനു hats off ! ആശംസകള്‍

  ReplyDelete
 48. വളരെ പ്രസക്തമായ വിഷയം. പറയാൻ ഉപയോഗിച്ച നല്ല ഭാഷ. വിയോജിക്കാൻ ഒന്നും കാണുന്നില്ല. എല്ലാം കൊണ്ടും ശ്രദ്ധേയമായ ലേഖനം. അഭിനന്ദനങ്ങൾ പ്രിയ അലിഫ് ഷാ.

  ReplyDelete

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..