'വി എസ് '
ഉടച്ചു വാര്‍ക്കാനുള്ള വിഗ്രഹം
ആദര്‍ശ രാഷ്ട്രീയത്തിന്റെയും വ്യക്തി ശുദ്ധിയുടെയും പേരില്‍ കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട നാമങ്ങള്‍ പരിശോധിച്ചാല്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്ന നാമങ്ങളില്‍ ഒന്നായിരിക്കും വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് അഥവാ വി എസ് അച്യുതാനന്ദന് എന്നത്. അനീതിയോടും അസമത്വത്തോടുമുള്ള സന്ധിയില്ലാത്ത സമര മുഖങ്ങളില്‍ സ്വജീവിതം കൊണ്ട് കൊത്തി വെച്ചതാണ് 'വി എസ്' എന്ന രണ്ടക്ഷരപ്പേരില് ജനകീയ പോരാട്ടങ്ങളുടെ നായകന് എന്ന് ചരിത്രം വാഴ്ത്തുന്ന ഈ പോരാളി സ്വന്തം നാമം.
വി എസ് പൊരുതുന്നത് കേവലം എതിര്‍പക്ഷ ആള്‍ക്കൂട്ടത്തിന്റെ നിലപാടുകളോട് മാത്രമല്ല; താന്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയും ആ രാഷ്ട്രീയം നെഞ്ചേറ്റിയ അണികളുടെയും മാര്‍ഗഭ്രംശം സംഭവിച്ചേക്കാവുന്ന ചെറു ചലനങ്ങളോട് കൂടിയാണ് . ജനകീയ വിഷയങ്ങളില്‍ ഇത്ര ധീരമായി ഇടപെടുന്ന മറ്റൊരു നേതാവിനെയും വര്‍ത്തമാന കാലത്ത് നമുക്ക് കണ്ടെത്താനാവില്ല
അധര്‍മ്മത്തിനെതിരെ അമാനുഷിക കഴിവുകളാല്‍ ആഞ്ഞടിക്കുന്ന വീര പുരുഷന്മാരുടെ അവതാര പരിവേഷമാണ് വീയെസ്സിന് പൊതു സമൂഹത്തിലുള്ളത് .
മറുഗതിയില്ലാതെ രക്ഷകനെ തിരയുന്ന മുറിവേറ്റ നിസ്സഹായരുടെ ഉള്ളില്‍ 'കാത്തിരുന്ന പുണ്യ വാളനെ'പ്പോലെയാണ് വി എസ് ജീവിക്കുന്നത്. അതേസമയം അതിവൈകാരികതയുള്ള ക്ഷോഭിക്കുന്ന യുവത്വത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രം തിരയുന്നതും അരുതുകള്ക്കെതിരെ സംഹാരമൂര്ത്തിയാകുന്ന വീയെസ്സിനെപ്പോലെയുള്ള ഒരാളെയാണ്.
അത് കൊണ്ട് തന്നെ വി എസ് എന്ന ശബ്ദം സമൂഹ മനുഷ്യനില്‍ നിന്ന് പലപ്പോഴും അമാനുഷികനും അവതാര ജന്മവുമായി രൂപാന്തരം പ്രാപിക്കുന്ന ഒരു ബിംബമായി മാറുന്നുണ്ട്.
കെട്ടി ഉയര്‍ത്തപ്പെട്ട ഗര്‍വ്വ ഗോപുരങ്ങള്‍ക്ക് മീതെ വീയെസ്സിന്റെ "ജേസീബിക്കൈകള് " ഉയരുന്നതും സമനിരപ്പാക്കപ്പെടുന്ന വാഗ്ദത്ത ഭൂമികളും വര്‍ത്തമാന മിത്തുകളായി യാഥാര്ത്യവുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു.
അവകാശ സംരക്ഷണങ്ങളുടെ മുന്നണി പ്പോരാളിയായി ഏഴുപതിറ്റാണ്ടായി വി എസ് കേരള ജനതക്കൊപ്പമുണ്ട്.
തലചായ്ച്ചുറങ്ങാന്‍ ഇത്തിരി മണ്ണിനും കുടിവെള്ളത്തിനും വേണ്ടിയും , പെണ് വാണിഭത്തിനും , അഴിമതിക്കുമെതിരായും കേരള ജനതയുടെ സമര മുഖങ്ങളില്‍ വി എസ് കുന്തമുനയായി നിലകൊണ്ടു..
തലചായ്ച്ചുറങ്ങാന്‍ ഇത്തിരി മണ്ണിനും കുടിവെള്ളത്തിനും വേണ്ടിയും , പെണ് വാണിഭത്തിനും , അഴിമതിക്കുമെതിരായും കേരള ജനതയുടെ സമര മുഖങ്ങളില്‍ വി എസ് കുന്തമുനയായി നിലകൊണ്ടു..
കര്‍ഷക കലാപങ്ങളുടെ പാരമ്പര്യമുള്ള പുന്നപ്രയില്‍ ജനിച്ചു വീണ വീയെസ്സിന് പോരാളിയാകാതിരിക്കാന് കഴിയുമായിരുന്നില്ല. അതൊരു ചരിത്ര നിയോഗമായിരിക്കണം.
ആദര്‍ശ ധീരതയുടെയും മൂല്യങ്ങളോടു പ്രതിബദ്ധത പുലര്‍ത്തുന്ന ആര്‍ജ്ജവത്തിന്റെയും പ്രതിരൂപമായി വീയെസ് വാഴ്ത്തപ്പെടുമ്പോള്‍ തന്നെ വീയെസ് എന്ന ബിംബം അമിതമായി അലങ്കരിക്കപ്പെടുന്നുണ്ടോ എന്ന് എന്ന് കൂടിപരിശോദിക്കപ്പെടേണ്ടതുണ്ട് . സ്വന്തം പൊക്കം കൊണ്ട് തന്നെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഉന്നത ശീര്ഷനാകുമ്പോഴും വീയെസ്സിനെ അതിമാനുഷികനാക്കുന്ന ചില പൊയ്ക്കാലുകള്‍ വീയെസ്സിന്റെ ശരീരത്തില്‍ വെച്ചു കെട്ടപ്പെടുന്നുണ്ട് എന്നതൊരു സത്യം തന്നെയാണെന്ന് നമുക്ക് മനസ്സിലാകും.
രൂപങ്ങള്‍ക്ക് മീതെ അതി ഭാവുകത്വത്തിന്റെ ചില്ലുകൂടുകള്‍ തീര്‍ത്ത് വീയെസ്സിനെ വിഗ്രഹവല്ക്കരിക്കാനാണ് പലര്‍ക്കും വ്യഗ്രത . അതുവഴി വാഴ്ത്തു പാട്ടുകാരുടെയും കുരവക്കൂട്ടത്തിന്റെയും അംഗബലം കൊണ്ട് 'ഞാന്‍ മാത്രം ശരി' എന്ന ആത്മരതിയിലേക്ക് വീ എസ് എന്ന പച്ച മനുഷ്യന് ചിലപ്പോഴെങ്കിലും അപഥ സഞ്ചാരം നടത്തുകയാണ്.
മറച്ചു വെക്കാനാവാതെ ചിലപ്പോഴെങ്കിലും അദ്ധേഹത്തില്‍ നിന്ന് കുതറുന്നത് അധികാരത്തോടുള്ള കൊതിക്കെറുവും അപ്രാപ്യമായ ഉയരങ്ങളോടുള്ള പുച്ഛം കലര്‍ന്ന ചിരിയുമാണ് .
'പിഴച്ച വീട്ടിലെ നല്ല ഉണ്ണി' യെന്നു സ്വയം നെറ്റിയില്‍ ഒട്ടിച്ചു വെച്ച് അന്യ വീടുകളിലെ കോലായില്‍ ഒരുരുള ചോറും ഒരു പായയും എപ്പോഴും വീയെസ് കാത്തുവെക്കും. സ്വന്തം വാലിനു തീകൊളുത്തി കൊട്ടാരം കത്തിക്കാന്‍ ചാടിനടന്ന ഒരു പുരാണ കഥാപാത്രത്തെയാണ് സമീപ കാലത്ത് വീയെസ് ഓര്‍മ്മിപ്പിക്കുന്നത്.
ചരിത്രവും കാലവും എന്താണ് തന്നെപ്പോലെയുള്ള ഒരു വിപ്ലവകാരിയോട് ആവശ്യപ്പെടുന്നതെന്നു ബോധ്യമില്ലാത്ത , ചിന്താശക്തി നഷ്ട്ടപ്പെട്ട് വേലപ്പറമ്പിലെ കോളാമ്പി പോലെ ആരുടെയൊക്കെയോ വാക്കുകള്‍ വായിലൂടെ ലോകത്തോട് പറയേണ്ടി വരുന്ന, അമര്‍ത്തി വെച്ച രോഷം മൂലം ആത്മ നിയന്ത്രണം നഷ്ട്ടപ്പെട്ട അപക്വ പ്രകൃതിക്കാരനെ പോലെ വീയെസ് സ്വന്തം രൂപത്തെ തന്നെ മലിനപ്പെടുത്തുകയാണ് .
"ആരാണ് നിങ്ങള്‍ എന്ന് നിങ്ങള്‍ തന്നെ മനസ്സിലാക്കൂ" എന്ന് ആരാധനയോടെ അവരെ കാണുന്ന ആയിരങ്ങള്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുകയാണ്
വി എസ്
വ്യക്തി, ചരിത്രം
വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി പുന്നപ്രയെന്ന ചരിത്ര ഭൂമിയില്‍ 1923 ഒക്ടോബര്‍ 23 നാണ് വി എസ് എന്ന രക്ത നക്ഷത്രം പിറന്നു വീഴുന്നത് . കുഞ്ഞു നാളില്‍ കളിച്ചു നടക്കുമ്പോഴേ നാലാം വയസ്സില്‍ അമ്മ നഷ്ട്ടപ്പെട്ടതിനാല്‍ പരസഹായമില്ലാതെ ജീവിക്കാനും പ്ര കൃതിയോടിണങ്ങാനും വീയെസ്സിന് കഴിഞ്ഞു . ദാരിദ്ര്യത്തിലും ഏകാന്തതയിലും ബാല്യം കഴിച്ചു കൂട്ടിയ വീയെസ്സിന്റെ മനസ്സിനെ സമൂഹത്തിലെ സാമ്പത്തിക അസമത്വവും അസന്തുലിതാവസ്ഥയും കൊച്ചു നാളിലെ മഥിച്ചു കൊണ്ടേയിരുന്നു. പതിനൊന്നാം വയസ്സില്‍ തന്റെ അച്ഛനും മരിച്ചതോടെ അച്ഛന്റെ സഹോദരിയുടെ തണലില്‍ ഇല്ലായ്മകളോട് ഇണങ്ങി വീയെസ് വളര്‍ന്നു.
പട്ടിണിയോടു പൊരുതാന്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുകയല്ലാതെ നിവൃത്തിയില്ലാതെയായ വി എസ് ഏഴാം ക്ലാസ്സില്‍ വെച്ച് പഠനം ഉപേക്ഷിച്ച് ഒരു ജൌളിക്കടയില്‍ കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് കയര്‍ മേഖലയിലേക്ക്തിരിഞ്ഞു.. തൊഴില്‍ മേഖലയിലെ നീതികേടുകളും വ്യവസ്ഥിതിയിലെ പൊരുത്തക്കേടുകളും വീയെസ്സില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയത് ഇക്കാലത്താണ്.
നിവര്‍ത്തന പ്രക്ഷോഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1938 ല്‍ സ്റ്റെറ്റ് കൊണ്ഗ്രസ്സിലും പിന്നീട് പുരോഗമന പ്രസ്ഥാനങ്ങ ളിലും ആകൃഷ്ടനായി . 1940 ല്‍ വി യെസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. ഒരു വിപ്ലവകാരിക്കുള്ള വളക്കൂറുള്ള മണ്ണില്‍ ഉള്ളിലെ കലാപത്തിന്റെ വിത്തിനു മുളപൊട്ടുകയായിരുന്നു ഇവിടെ.
അടിമകളും ഉടമകളും തമ്മില്‍ നിലനിന്നിരുന്ന സാമൂഹിക അസമത്വത്തിനെതിരെ വീയെസ്സിന്റെ പോരാട്ടം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത് പുന്നപ്ര വയലാര്‍ സമരത്തിലൂടെയാണ് . കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ ചെങ്കൊടിയേന്തിയ സഖാക്കള്‍ ജന്മിമാര്ക്കെതിരെ നടത്തിയ ധീര പോരാട്ടങ്ങളുടെ പേരില്‍ ഭരണ കൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറിയ വീയെസ് പൂഞ്ഞാറിലും കോട്ടയത്തും ഒളിവില്‍ കഴിഞ്ഞു.. ജന്മി വര്‍ഗ്ഗത്തിനെതിരെ ആഞ്ഞടിക്കാന്‍ കമ്യൂണിസ്റ്റ് സേനക്ക് ഊര്‍ജ്ജം നല്കുന്ന ഉദ്ബോധനം നടത്തുകയായിരുന്നു ഇക്കാലയളവില്‍ വീയെസ്.
രക്തരൂക്ഷിതമായ കലാപത്തില്‍ ജന്മി വര്‍ഗ്ഗവും പോലീസുകാരും ആയുധങ്ങള്ക്കിരയായപ്പോള് ദിവാന് സീപിയുടെ കിങ്കരന്മാര് വീയെസ്സിനെ ഒളിവില്‍ നിന്ന് പിടിച്ചു കൊണ്ടുപോയി ക്രൂരമായി മര് ദ്ധിച്ചു . ബോധരഹിതനായി മരിക്കുമെന്ന് സംശയിച്ചപ്പോള്‍ അവര്‍ വീയെസ്സിനെ പാലായിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. ഇന്നും ആ മര്‍ദ്ധനത്തിന്റെ മുറിവുകളുമായിട്ടാണ് വീയെസ് ജീവിക്കുന്നത്.
പി കൃഷ്ണപ്പിള്ളയാണ് വിയെസ്സിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ട് വന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷക സമരങ്ങളിലും വീയെസ് സജീവ സാന്നിധ്യമായി. ഒരു കമ്യൂണിസ്റ്റുകാരനായിരിക്കുക എന്നത് അത്രമാത്രം ജീവഭയത്തോടെ സ്വീകരിക്കേണ്ട ഒന്നായിരുന്ന ഒരു കാലത്ത് ധീരനായി പാര്‍ട്ടീ പ്രവര്‍ത്തനങ്ങളുടെ അമര സ്ഥാനത്ത് നിന്ന് കൊണ്ട് വീയെസ് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കി മര്‍ദ്ധനങ്ങളും ജയില്‍ വാസങ്ങളും ഏറ്റു വാങ്ങി. 1957 ല്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്നു വീയെസ്.
രാഷ്ട്രീയ രംഗത്ത് വീയെസ്സിന്റെ വളര്‍ച്ചയും വീഴ്ചയും പ്രവചനാതീത ങ്ങളായിരുന്നു.
1965ല്‍ തന്റെ വീട് ഉള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ 2327 വോട്ടുകള്‍ക്ക് കെ എസ് കൃഷ്ണക്കുറുപ്പിനോട് തോറ്റു കൊണ്ടാണ് വീയെസ് തുടങ്ങുന്നത് .1967ല്‍ 9515 വോട്ടുകള്‍ക്ക് എ. അച്യുതനെ തോല്‍പ്പിച്ചു കൊണ്ട് നിയമസഭയിലേക്ക് നടന്നു കയറി. 1970 ല്‍ ആര് എസ് പിയിലെ കുമാര പിള്ളയെ തോല്‍പ്പിക്കുകയും അതെ കുമാര പിള്ളയോട് 1977 ല്‍ 5585 വോട്ടുകള്‍ക്ക് പരാജയമറിയുകയും ചെയ്തു. 1991 ല്‍ മാരാരിക്കുളത്ത് നിന്ന് 9980 വോട്ടുകള്‍ക്ക് ജയിച്ച വീയെസ് 1996 ല്‍ അത്ഭുതകരമാം വിധം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ജയിച്ചാല്‍ മുഖ്യ മന്ത്രിയാകും എന്നുറപ്പുണ്ടായിട്ടും മാരാരിക്കുളത്തെ ജനങ്ങള്‍ വീയെസ്സിനെ കയ്യൊഴിയുകയായിരുന്നു. 'ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് 'എന്നപോലെ കേരള രാഷ്ട്രീയത്തിലെ ഒരു ദുരന്ത കഥാപാത്രമായി മാറി വീയെസ്. പിന്നീട് 2001 ല്‍ മലമ്പുഴയിലെത്തി മത്സരിച്ചെങ്കിലും സതീശന് പാച്ചേനിയെന്ന പയ്യനുമായി 4703 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രക്ഷപ്പെട്ടത്.
വീയെസ്സിന്റെ ആദര്‍ശ മുഖവും ജനകീയതയും എത്ര ദുര്‍ബ്ബലമാണെന്ന് വിളിച്ചു പറഞ്ഞു ആ മത്സര ഫലം. ഒറ്റയാന് പ്രകടനത്തിലൂടെയും റിബല്‍ പരിവേഷത്തിലൂടെയും രാഷ്ട്രീയതര മുഖം പ്രദര്‍ശിപ്പിച്ച് അരാഷ്ട്രീയ യൗവ്വനങ്ങളുടെ ആരാധ്യ പുരുഷനായി ജനകീയനായ വീയെസ് 2006 ല്‍ പാച്ചേനിയെ 20,017 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി തന്റെ സാന്നിധ്യവും വ്യക്തി പ്രഭാവവും അറിയിച്ചു.
വീയെസ് ജയിക്കുമ്പൊഴൊക്കെ പാര്‍ട്ടി അധികാരത്തിനു പുറത്താവുകയും പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ വീയെസ് തോല്‍ക്കുകയും ചെയ്തിരുന്നതിനാല്‍ എപ്പോഴും കാണികള്‍ ക്കിടയിലായിരുന്നു വീയെസ്സിന് സ്ഥാനം. എന്നാല്‍ 2006 ല്‍ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ നിര്‍ദേശിക്കാന്‍ പോലും കഴിയാത്ത വിധം വീയെസ് എന്ന മനുഷ്യന് ജനകീയ മുഖ്യമന്ത്രിയായി ഔദ്യോഗിക അധികാര ആരോഹണത്തിനു മുമ്പേ ജന മനസില്‍ അവരോധിക്കപ്പെടുകയായിരുന്നു. വീയെസ്സിന്റെ ജനകീയതയും റിബല്‍ പരിവേഷത്തിന്റെ ശക്തിയും വിളിച്ചു പറഞ്ഞതായിരുന്നു കേരളമങ്ങോളമിങ്ങോളം അന്ന് നടന്ന പ്രകടന മഹാമഹങ്ങള്‍ !. പാര്‍ട്ടിക്കകത്തെ മറ്റേത് അസ്വാരസ്യങ്ങള്‍ക്കും ഇടം കൊടുക്കാതെ ജനകീയ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങുകയായിരുന്നു പി ബി. വീയെസ് എന്ന സാമൂഹിക മനുഷ്യന് അരാഷ്ട്രീയമായി വിഗ്രവല്ക്കരിക്കപ്പെടുന്നതിന്റെ സ്ഥാനാരോഹണം കൂടിയായി ഈ മുഖ്യമന്ത്രിസ്ഥാനം ഏല്ക്കുന്ന ചടങ്ങ്.
പിണറായി വിജയന് എന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി പലപ്പോഴും പല അഭിപ്രായ വ്യത്യാസങ്ങളും വീയെസ്സിന് ഉണ്ടായിരുന്നു എന്നതൊരു സത്യമാണ് . ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ അധിക്ഷേപിച്ചും ഒളിയമ്പെയ്തും ഉണ്ടാക്കിയ വീര പരിവേഷമോ നേതൃ സ്ഥാനമോ വീയെസ്സിന് പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍ നിന്നുണ്ടാകുന്ന കൊതിക്കെറുവും അസഹിഷ്ണുതയും പലപ്പോഴും ഒരു വാശിക്കാരനായ കാരണവരിലേക്ക് വീയെസ്സിനെ എത്തിച്ചിരുന്നു.
പിണറായിയുമായുള്ള അഭിപ്രായ ഭിന്നത മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി വിളിച്ചു പറയുന്നത് വഴി പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ട്ടപ്പെടുത്തിയതിന്റെ പേരില്‍ 2007 മെയ് 26 നു പോളിറ്റ് ബ്യൂറോയില്‍ നിന്നും വീയെസ്സിനെ താല്‍ക്കാലികമായി പുറത്താക്കി . അപ്പോഴും വീയെസ് മുഖ്യ മന്ത്രിയായി തുടരുകയും ചെയ്തു. 2009 ജൂലൈ 12 നു വീയെസ്സിനെ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് പുറത്താക്കുകയും കേന്ദ്ര കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് 2012 ജൂലൈ 22 നു വീയെസ്സിനെ പരസ്യമായി ശാസിച്ചു .
പലപ്പോഴും വീയെസ്സിനെതിരെ പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ക്ക് പിന്നില്‍ വീയെസ്സിന്റെ പാര്ട്ടിക്കതീതനായ "വണ്‍ മാന്‍ ഷോ " പ്രകടനങ്ങള്‍ തന്നെയായിരുന്നു കാരണം. പാര്‍ട്ടീ വിരുദ്ദരുമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തുക , കിളിരൂര്‍ കവിയൂര്‍ തുടങ്ങിയ കേസുകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വിവാദങ്ങള്‍ സൃഷ്ട്ടിക്കുക, പാര്‍ട്ടി സെക്രട്ടരിയേറ്റ് തീരുമാനങ്ങള്‍ അവഗണിക്കുക , മൂന്നാറില്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ ഏക പക്ഷീയമായി തീരുമാനങ്ങള്‍ നടപ്പിലാക്കുക , തുടങ്ങി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാര്‍ട്ടീ നിലപാടിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെല്ലു വിളിച്ചത് വരെ പാര്‍ട്ടിയുടെ കുറ്റപത്രങ്ങളില്‍ ഉണ്ട് . പാര്‍ട്ടി തോറ്റ അവസരത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീയെസ് ചിരിച്ച ഒറ്റ സ്നാപ്പിലുണ്ട് വീയെസ്സിലെ പാര്‍ട്ടീ വിരുദ്ധത വ്യക്തമാക്കുന്ന മുഴുവാന്‍ ഭാവങ്ങളും.! നെയ്യാറ്റിന് കര ഉപതിരഞ്ഞെടുപ്പിന്റെ ഇലക്ഷന് തിയ്യതി തന്നെ റ്റീപി യുടെ വിധവയെ കാണാന്‍ പോയ വികാര ഭരിതമായ മുഹൂര്‍ത്തങ്ങള്‍ ചാനലിലൂടെ തത്സമയം ലോകത്തിനു മുന്നില്‍ സ്വയം കാണിച്ചു കൊടുത്തു കൊണ്ട് വീയെസ് തുറന്നു കാട്ടിയത് വീയെസ്സിന്റെ കപടനായ കമ്യൂണിസ്റ്റുകാരന്റെ മറ്റൊരു മുഖമായിരുന്നു . ആ ഒരൊറ്റ സന്ദര്‍ശനത്തിലൂടെ ഇടതു അനുഭാവമുള്ള സാധാരണക്കാരുടെ വോട്ടുകള്‍ കൂടി മറുവിഭാഗത്തിനു മറിച്ചു കൊടുക്കാന്‍ വീയെസ്സിന് കഴിഞ്ഞു. വീയെസ്സിനെ മനസ്സാ സ്നേഹിക്കുന്ന പാര്ട്ടിക്കാരനെപ്പോലും വെല്ലുവിളിക്കുന്നതായിരുന്നു വീയെസ്സിന്റെ ഈ നടപടി.
ഇപ്പോള്‍ മാധ്യമങ്ങളും നിയമ വ്യവസ്ഥയും കയ്യൊഴിഞ്ഞ ലാവ്ലിന് വിഷയം വീണ്ടും വീണ്ടും കുത്തിപ്പൊക്കി ലൈവാക്കി നിര്‍ത്തുന്നതിനു പിന്നിലെ യുക്തിയും 'ഞാന്‍ മാത്രം പുണ്യവാളന് ' എന്ന തന്റെ ഇമേജിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തി നിര്‍ത്തുക എന്ന ലക്ഷ്യം മാത്രം വെച്ചുള്ള താണെന്ന് അറിയാന്‍ പോളിറ്റ് ബ്യൂറോ തീരുമാനം വരുംവരെയൊന്നും കാത്തുനില്‍ക്കേണ്ട കാര്യമില്ല.
തന്നിലേക്ക് മാത്രം കമ്യൂണിസത്തിന്റെ നന്മകള് ഫോക്കസ് ചെയ്യിക്കുന്നതിലൂടെ വീയെസ് തന്നെ സ്നേഹിക്കുന്നവരെ പോലും പുറം കാലു കൊണ്ട് തൊഴിച്ച് കോമാളിയായി മാറി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് വേണ്ടി ചുടു ചോറ് വാരിക്കളിക്കുകയാണ് .
മുമ്പ് മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചിട്ടാണ് ഉന്നത വിജയം നേടുന്നതെന്ന് ആക്ഷേപിച്ച് ഒരു സമുദായത്തെയും പ്രദേശത്തെ മുഴുവനായും പുച്ചിച് തന്റെ ഉള്ളിലുള്ള ഭൂതത്തെ തുറന്നു വിട്ടിരുന്നു വി എസ് . മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ പഠിക്കാനിരുന്ന കുട്ടികള്‍ക്കും പഠിക്കാന്‍ അവസരമില്ലാതതിനാല് തങ്ങളുടെ നിര്‍ഭാഗ്യം കുട്ടികള്‍ക്കുണ്ടാകരുതെന്നു കരുതി അവര്‍ക്ക് കൂട്ടിരുന്ന രക്ഷിതാകള്‍ക്കും താങ്ങാനാവാത്ത ഒരു പരിഹാസമായിരുന്നു അത് .
മറ്റൊരു തമാശ ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തെ മുസ്ലിം രാജ്യമാക്കാനുള്ള അജണ്ടയാണ് പോപ്പുലര്‍ ഫ്രെണ്ടിനെന്നും കൂടുതല്‍ മക്കളെ ഉല്പാദിപ്പിച്ച് മുസ്ലിം ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് അവരുടെ ശ്രമം എന്നുമുള്ള വീയെസ്സിന്റെ പ്രസ്താവനയാണ്. കാര്യം മറ്റെന്തൊക്കെയായാലും ജനസംഖ്യ വര്‍ധിച്ച് കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമായിപ്പോകുന്നതിനെ ഇത്ര വലിയ ഭീഷണിയായി കാണുന്ന വീയെസ്സിന്റെ മനോഭാവം വരികള്‍ക്കിടയില്‍ നിന്ന് വേണം വായിച്ചെടുക്കാന്‍. ഒളിച്ചു വെച്ച ഇത്തരം മുസ്ലിം വിരുദ്ദതകള് ഭാവന ചെയ്ത ആരോപണങ്ങളാല്‍ പരസ്യമായി വിളിച്ചു പറഞ്ഞ് വീയെസ് തന്നെ സ്നേഹിക്കുന്ന ഒരു പാട് സുമനസ്സുകളുടെ അകത്ത് നിന്നാണ് ഇറങ്ങിപ്പോയത്.
മറ്റൊരു തമാശ ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തെ മുസ്ലിം രാജ്യമാക്കാനുള്ള അജണ്ടയാണ് പോപ്പുലര്‍ ഫ്രെണ്ടിനെന്നും കൂടുതല്‍ മക്കളെ ഉല്പാദിപ്പിച്ച് മുസ്ലിം ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് അവരുടെ ശ്രമം എന്നുമുള്ള വീയെസ്സിന്റെ പ്രസ്താവനയാണ്. കാര്യം മറ്റെന്തൊക്കെയായാലും ജനസംഖ്യ വര്‍ധിച്ച് കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമായിപ്പോകുന്നതിനെ ഇത്ര വലിയ ഭീഷണിയായി കാണുന്ന വീയെസ്സിന്റെ മനോഭാവം വരികള്‍ക്കിടയില്‍ നിന്ന് വേണം വായിച്ചെടുക്കാന്‍. ഒളിച്ചു വെച്ച ഇത്തരം മുസ്ലിം വിരുദ്ദതകള് ഭാവന ചെയ്ത ആരോപണങ്ങളാല്‍ പരസ്യമായി വിളിച്ചു പറഞ്ഞ് വീയെസ് തന്നെ സ്നേഹിക്കുന്ന ഒരു പാട് സുമനസ്സുകളുടെ അകത്ത് നിന്നാണ് ഇറങ്ങിപ്പോയത്.
മദനിയുമായി പാര്‍ട്ടി വേദി പങ്കിട്ട വിഷയത്തില്‍ ആര്‍ജ്ജവത്തോടെ വീയെസ് പാര്‍ട്ടിയെ എതിര്‍ത്തപ്പോള്‍ എന്നും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത മലപ്പുരത്തുകാര്‍ വീയെസ്സിനെ അത്ര ആദരവോ ടെയായിരുന്നു കണ്ടിരുന്നതും ! ലാവ്ലിന് വിഷയം കത്തി നില്ക്കുന്ന സമയത്ത് മാധ്യമ ശ്രദ്ധ തിരിച്ചു വിടാന്‍ പിണറായി എന്ന പ്രായോഗിക രാഷ്ട്രീയത്തിലെ ബുദ്ധി രാക്ഷസന് നടത്തിയ ഒരു തന്ത്രപരമായ നീക്കമായിരുന്നു അതെന്നു പിന്നീട് ആ വിഷയത്തില്‍ തല വെച്ചു കൊടുത്ത മാധ്യമ ഇരകള്‍ക്ക് പോലും വൈകിയാണ് മനസ്സിലായത്. ആവശ്യം കഴിഞ്ഞു നേരം പുലര്‍ന്നപ്പോള്‍ പിണറായി മദനിയെ വലിച്ചു പുറത്തിടുകയും 'രാജ്യ ദ്രോഹി' എന്ന് മുതുകില്‍ പച്ച കുത്തി ഓടിച്ചു വിടുകയും ചെയ്തത് ഇവിടെ കൂട്ടി വായിക്കാനുള്ളതാണ്.
വീയെസ്സിനോട് പറയാനുള്ളത്
പ്രിയപ്പെട്ട വീയെസ്
താങ്കള്‍ ആരാണെന്ന് സ്വയം മനസ്സിലാക്കുകയും സ്വന്തം പൊക്കവും പൊക്കമില്ലായ്മയും താങ്കള്‍ സ്വയം മനസ്സിലാക്കുകയും ചെയ്യണം..
ഉയരമുള്ള കൊമ്പുകളോട് മുഴുവന്‍ ഉള്ള അസൂയ കലര്‍ന്ന പുച്ഛം താങ്കള്‍ക്കു ചേരില്ല.
എത്താന്‍ കഴിയാത്ത മരക്കൊമ്പിലുള്ളവരെ പല്ലിളിച്ചു കാട്ടുന്നതിലൂടെയും കൊമ്പു കുലുക്കി വീഴ്ത്താന്‍ ശ്രമിക്കുന്നതിലൂടെയും താങ്കള്‍ സ്വയം പരിഹാസ്യനാവുകയാണ്.
സിംഹാസനങ്ങളില്ലാതെയും കുരവക്കൂട്ടമില്ലാതെയും താങ്കള്‍ ചരിത്രത്തില്‍ ഇടം നേടിയ ആളാണ്. താങ്കള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശ സമരങ്ങളിലെ വീര നായകനാണ്. താങ്കള്‍ പ്ലാച്ചി മടയില്‍ ദാഹ ജലം നിഷേധിക്കപ്പെടുന്ന ജനതയുടെ രക്ഷകനായിരുന്നു. കാസര്‍ഗോട് എന്ടോ സള്ഫാന് ഇരകളുടെ നാട്ടില്‍ താങ്കള്‍ പൊരുതുന്ന അഗ്നി സാന്നിധ്യമായിരുന്നു. മൂന്നാറില്‍ താങ്കള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഭൂമാഫിയകളുടെ അന്തകനായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കര്‍ഷക ഭൂമികള്‍ കയ്യേറിയ റിയല്‍ എസ്റ്റെറ്റ് മാഫിയകളെ വെട്ടി നിരത്തിയ കര്‍ഷകരുടെ തോഴനായിരുന്നു താങ്കള്‍ . അധികാരത്തിന്റെ യാതൊരു പ്രലോഭന വഴികളിലും ചരിക്കാതെ വിയര്‍പ്പിന്റെ മണവും, ചോരയുടെ ചൂടും അധ്വാനിക്കുന്ന ജന വിഭാഗത്തിനായ് സമര്‍പ്പിച്ച , ആദര്‍ശം അനുഭവതലത്തില്‍ ജീവ ശ്വാസമാക്കിയ ചരിത്രത്തിലെ ആയിരങ്ങളില്‍ ഒരുവനായി മാറിയ നേതാവാണ് താങ്കള്‍
താങ്കളുടെ ഉയരം ശത്രുപക്ഷ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച് ഉയര്‍ത്തിക്കെട്ടിയ ബലൂണ്‍ രൂപങ്ങളില്‍ ആകരുത്
താങ്കളെ വാഴ്ത്തുന്നത് ബഹുരാഷ്ട്ര കമ്പനികളുടെ എച്ചില് തിന്നു കൊഴുത്ത ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കൂലിയെഴുത്തുകാരാവരുത്.
അങ്ങയെ ആനയിച്ച് ആനപ്പുറത്ത് വലം വെക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ദത കൊണ്ട് അരാഷ്ട്രീയ മുഖം മൂടിയണിഞ്ഞ കൂലിപ്പട്ടാളമാകരുത്.
താങ്കള്‍ മാനം മുട്ടെ ഉയര്‍ത്തിക്കെട്ടിയ ഫ്ലെക്സുകളില്‍ നിന്ന് കൃത്രിമ ചിരി ചിരിക്കരുത്.
താങ്കള്‍ പൊരി വെയിലില്‍ കാക്കകള്‍ക്ക് കക്കൂസായി , കഞ്ചാവ് വില്‍പ്പനക്കാരുടെയും കള്ളച്ചൂ തുകാരുടെയും വിശ്രമ കേന്ദ്രമായ പ്രതിമാ രൂപമായി ഒരു കല്ല് ദൈവമാകരുത്.
താങ്കള്‍ അധ്വാനിക്കുന്നവന്റെയും വേദനിക്കുന്നവന്റെയും ഇടയിലേക്ക് , പച്ച മണ്ണിന്റെ ഗന്ധമുള്ള മണ്ണിലേക്ക് , താങ്കളില്‍ അന്ത്യ പ്രതീക്ഷയും ആശയും അര്‍പ്പിച്ചിരിക്കുന്ന പതിനായിരങ്ങള്‍ക്കിടയിലേക്ക് വിറക്കാത്ത പാദത്തോടെ , തളരാത്ത സമര വീര്യത്തോടെ ഇറങ്ങി വരണം.
പൊയ്കാല്‍ പൊക്കങ്ങള്‍ ഉപേക്ഷിച്ച്,, വര്‍ണ്ണ ഉടയാടകള്‍ വലിച്ചെറിഞ്ഞ് , കൂലിപ്പട്ടാളത്തിന്റെ അകമ്പടികളില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് , ഒരു പച്ച മനുഷ്യനായി വരൂ... നിങ്ങളെ സ്വീകരിക്കാന്‍ നീതിയുടെ കാവല്ക്കാരുണ്ടാകും!
സത്യം നെഞ്ചേറ്റിയവരുണ്ടാകും., യഥാര്‍ത്ഥ ജനാധിപത്യ വിശ്വാസികള്‍ ഉണ്ടാകും , പാര്‍ട്ടിയും സമൂഹവും ഉണ്ടാകും.
അവരുടെ എണ്ണം കുറവായിരിക്കും അവര്‍ ചാര്‍ത്തിത്തരുന്ന കിരീടങ്ങള്‍ക്ക് തിളക്കം കുറവായിരിക്കും പക്ഷെ അപ്പോഴാണ് താങ്കള്‍ യഥാര്‍ത്ഥ വീയെസ് ആകുന്നത് . വിഗ്രഹത്തിനുമപ്പുറത്ത് ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആവുന്നത്
ലാല്‍സലാം
വേദന ശരിക്കും അനുഭവവേദ്യമാകുന്നുണ്ട്....
ReplyDeleteഇത് കുശലം പറയാനുള്ള വേദിയല്ല, അതറിയാം !
Deleteസഖാവേ എവിടെയാണ് കാണാനില്ല?
ലേഖനം പഠന സ്വഭാവമുള്ളതും അതിമാനുഷ ബിംബവല്ക്കരനത്തെ തുറന്നു കാട്ടുന്നതും തന്നെയാണ്. മാത്രവുമല്ല മലപ്പുറം വിദ്യാര്തികളുടെ വിജയനേട്ടങ്ങളുടെ കാര്യത്തിലും, മുസ്ലിം പ്രജനനം എന്ന വഷളന്‍ തിയറിയുടെ കാര്യത്തിലും വീയെസ്സിനെ പൊലെഒരാള് വെറുമൊരു സംഗി കോമാളിയെ പോലെ പെരുമാരിയതിലുള്ള ബോഷ്കും തുറന്നു കാട്ടുന്നുണ്ട്. എന്നാല്‍ പിണറായി- വീയെസ്സ് തര്‍ക്കം വിശകലനം ചെയ്യുന്നിടത്ത് ഒരു ഭാസുരേന്ദ്ര ബാബു തലത്തിലേക്ക് താഴ്ന്നു പോയി.. അതൊരു മുഴച്ചു നില്ക്കുന്ന പോരായ്മയായി തോന്നി ..... എങ്കിലും നമ്മുടെ കാലം ആവശ്യപ്പെടുന്ന ഒരു വീയെസ് പുനര്‍വായന തുടങ്ങി വെക്കലില് നല്ല ശ്രമം...അഭിനന്ദനങ്ങള്‍......
ReplyDeleteവീയെസ് പിണറായി വിഷയത്തെ ലേഖനത്തില്‍ ഫോക്കസ് ചെയ്തിരുന്നെങ്കില്‍ അതൊരു പറഞ്ഞു പഴകിയ പുരാണം മാത്രമാകുമോ എന്ന് കരുതിയിട്ടാണ് ആ വിഷയം സ്പര്‍ശിക്കാതെ പോയത്. ഈ അകല്‍ച്ച ഒരു സത്യമാണെങ്കിലും വീയെസ് എന്ന മനുഷ്യന് ബിംബവല്‍ക്കരിക്കപ്പെടുന്ന വിഷയത്തില്‍ ഊന്നുമ്പോള്‍ അതൊരു വായനക്ക് ആവര്‍ത്തന വിരസതയാകും എന്നും കരുതി. എത്താ മരക്കൊമ്പുകളോടുള്ള അസൂയ എന്നൊക്കെ വ്യക്തിപരമായി പറയുമ്പോള്‍ തന്നെ അതില്‍ പലതും അടങ്ങിയിട്ടുണ്ട്. ഞാന്‍ ഒരു വീയെസ് വിരോധി അല്ലാതിരുന്നിട്ടും ഉള്ളില്‍ ഏറെ ഇഷ്ട്ടപ്പെട്ടിട്ടും തന്നെ എങ്ങിനെ വെറുക്കണം എന്നാണു വീയെസ് അനുഭവത്തിലൂടെ
ReplyDeleteചോദിക്കുന്നത്.... അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതും
ഇനിവരിക അരചനായല്ല
ReplyDeleteഉള്ളാടന്റെ നിനവായി
അരയത്തിതന് കണ്ണുനീരായി....
ഈ ശ്രമത്തിനെ അഭിനന്ദിക്കാതെ തരമില്ല. കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിച്ച ലേഖനം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വി.എസ്. ഒരു പ്രതീക്ഷയാണിപ്പോഴും ജനമനസ്സുകളില്‍. എല്ലാം മാറ്റി വെച്ചു പച്ച മണ്ണിന്റെ ഗന്ധത്ത്തിലേക്ക് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കാം.
ReplyDeleteഅഭിനന്ദനങ്ങള്‍..
ഒരു സത്യസന്ധമായ അവലോകനം ആശംസകള്‍
ReplyDelete>>>അതുവഴി വാഴ്ത്തു പാട്ടുകാരുടെയും കുരവക്കൂട്ടത്തിന്റെയും അംഗബലം കൊണ്ട് 'ഞാന്‍ മാത്രം ശരി' എന്ന ആത്മരതിയിലേക്ക് വീ എസ് എന്ന പച്ച മനുഷ്യന് ചിലപ്പോഴെങ്കിലും അപഥ സഞ്ചാരം നടത്തുകയാണ്.<<<<
ReplyDeleteയെസ്.....
Deleteവേണ്ടത് തന്നെ....
ReplyDeleteകമ്മ്യൂണിസ്റ്റ് കാരനായ എനിക്ക് തോന്നാത്തത് നിങ്ങളെനിക്ക് പറഞ്ഞു തന്നു..... കിടിലന്‍......
അതെ ആദര്‍ശങ്ങളില്‍ നിന്ന് മുഖം തിരിച്ചു ചില വ്യക്തിപരമായ ഇഷ്ട്ടാനിഷ്ട്ടങ്ങളിലേക്ക് തന്റെ മുഖം തിരിക്കുമ്പോള്‍ വീയെസ് ബിംബം മുഖം കുത്തി വീഴുകയാണ്
ReplyDeleteകപട ആദര്‍ശത്തിന്റെ പോയ്മുകവും, മാധ്യമങ്ങള്‍ ചാര്‍ത്തികൊടുത്ത ബഫൂണ്‍ ഇമേജുംതകര്ന്നു തരിപ്പണം ആയിരിക്കുന്നു..
ReplyDeleteനേരിന്റെയും,നന്മ്മയുടെയും,വികസനത്തിന്റെയും,രാഷ്ട്രീയത്തില്‍ നിന്നും, മാറി..,പകയുടെയും,പരസ്പര വൈര്യത്തിന്റെയും,പിന്നാലെ കേരള രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചതിനു...
കിട്ടിയ കര്ര്മ്മ ഫലം ആണോ...സഖാവ് വി.എസ്. അനുഭവിക്കുന്നത്...............?
എത്രയൊക്കെ പറഞ്ഞാലും സ്വന്തം
ReplyDeleteഅധികാരം കാത്തു സൂക്ഷിക്കാന്‍
എന്ത് വിട്ടു വീഴ്ചക്കും തയ്യാറാവുന്ന
ഒരു സ്വാര്ഥന് എന്ന കണക്കില്‍ ആണ്
വീയെസ്സിനെ ഞാന്‍ കൂട്ടുന്നത്...
വീയെസ്സിനോടുള്ള വിരോധം മുഴുവന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ReplyDeleteവര്‍ഗ സ്നേഹിയായ കമ്യൂനിസ്ടുകാരന്, അന്യവര്‍ഗ സാമാന്യ ബോധ രാഷ്ട്രീയത്തിന്റെ ബിംബമായി കുടിയിരുത്തപ്പെടുമ്പോള്‍ വേലിക്കകത്ത് നിന്നും വിള തിന്നുന്ന പ്രതീതിയുണ്ടാകുക സ്വാഭാവികം.
ReplyDeleteച്യുതിയില്ലാത്തവന്, ച്യുതികളുടെ അന്തകന്‍ എന്നൊക്കെ പറയുമ്പോള്‍ അതിശയോക്തി എന്നോ വീരാരാധന എന്നോ പലരും പുലമ്പിയേക്കാമെങ്കിലും വി.എസ്. എന്ന രണ്ടക്ഷരം കേരളീയ മനസാക്ഷിക്കൊപ്പം ജനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നതിന്റെ ആശ്വാസം വാക്കുകള്‍ക്കതീതമാണ്.. പാമോയില്‍ ഇടപാടിലെ അഴിമതി തെളിവുകള്‍ സഹിതം ബി.സി.ജോജോ എന്ന അന്വേഷണകുതുകിയും മിടുക്കനുമായ പത്രപ്രവര്ത്തകന്, തന്റെ ചീഫ് എഡിറ്ററെ സമീപിച്ചപ്പോള്‍ സ്നേഹപൂര്‍വ്വം അദ്ദേഹം ഉപദേശിച്ചത് ഇത് നല്‍കേണ്ടത് വി.എസ്. അച്യുതാനന്ദന്റെ കൈകളിലാണ് എന്നാണ്.. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നിയമസഭയില്‍ വി.എസ്. ഈ വിഷയം തെളിവുസഹിതം അവതരിപ്പിച്ചപ്പോള്‍ അന്നത്തെ മുഖ്യസചിവന്‍ കരുണാകരനുള്‍പ്പെടെ ഞെട്ടി, കുഞ്ഞൂഞ്ഞും മുസ്തഫയുമുള്പ്പെടെയുള്ളവര് ഇന്നും ഞെട്ടിക്കൊണ്ടിരിക്കുന്നു.. അന്ന് വി.എസ്. ഏറ്റെടുത്ത പോരാട്ടം ഇന്നും തുടരുന്നു.. രാഷ് ട്രീയ പ്രവര്‍ത്തനം എന്നത് പഞ്ച നക്ഷത്ര സുഖങ്ങളില്‍ അഭിരമിക്കാനും കോടികള്‍ കൊയ്യാനും കഴിയുന്ന എറ്റവും ലാഭകരമായ ബിസിനസാണ് എന്നുകരുതുന്ന, ആട്ടിന്‍തോലിട്ട എല്ലാ ചെന്നായ്ക്കളുടെയും കൊടിയ ശത്രു വി.എസ് മാത്രം.. ധീരനായ ഞങ്ങളുടെ പ്രിയ സഖാവെ, കനല് നിറഞ്ഞ സമരപഥങ്ങളിലൂടെ കടന്നുവന്ന അങ്ങയുടെ കൂടെയാണ് ശരി എന്നത് അനുദിനം വെളി വായിക്കൊണ്ടിരിക്കുന്നു.. പെണ്ണുപിടിയന്മാര്ക്കും, അഴിമതിക്കാര്‍ക്കും, മാഫിയകള്‍ക്കും വേണ്ടി മാത്രം ജനാധിപത്യം എന്ന വാക്കിനെ പ്പോലും വ്യഭിചരിക്കുന്ന രഷ്ട്രീയ ചാന്ദു പൊട്ടുകള്‍ക്ക് ഒരേ ഒരു ശത്രു മാത്രം.. വി.എസ്... അവര്‍ കുരയ്ക്കട്ടെ..
ReplyDeleteഅങ്ങയുടെ പ്രയാണം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്..
അനീതി കണ്ടാല്‍ കേരളത്തിലെ ഭൂരിപക്ഷ ജനങ്ങള്‍ക് വിശ്വസ്തതയോടെ സമീപിക്കാന്‍ വി സ് അല്ലാതെ വേറൊരു നേതാവിനെ കാണിചു തരാന്‍ ഒരാള്കും സാധിക്കില്ല ...
ReplyDeleteവീയെസിന്റെ ജന പക്ഷ നിലപാടുകളെയും ആര്‍ജ്ജവത്തെയും എന്നും മലയാളി സമൂഹം ആരാധനയോടെ മാത്രമേ നോക്കിക്കണ്ടിട്ടുള്ളൂ...
ReplyDeleteഅങ്ങിനെയുള്ള വീയെസ് കേവലം ഒരു കൊതിക്കെരുവുകാരന് കാരണവരുടെ നിലവാരത്തിലേക്ക് താഴരുത് എന്നാണു വീയെസ്സിനെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നത്.
വീയെസ്സിന്റെ ഗുണങ്ങളെ ആരും എതിര്‍ത്തിട്ടില്ല. എന്നാല്‍ അവയെ മാത്രം ഫോക്കസ് ചെയ്തു വിഗ്രഹവല്ക്കരിക്കുന്നതിനെയാണ് എതിര്‍ത്തത്.
താങ്കളും പ്രശ്നത്തിന്റെ ഒരു വശം മാത്രം പൊക്കിപ്പിടിച്ചാണ് സംസാരിക്കുന്നത്.
ഞാനും വീയെസ്സിനെ സ്നേഹിക്കുന്നു അതോടൊപ്പം വീയെസ്സിനെ എതിര്‍ക്കുന്ന ചില പോയിന്റുകള്‍ പറഞ്ഞിരുന്നു അവയെക്കുറിച്ച് എന്താണ് അഭിപ്രായം...?
(ഇപ്പോള്‍ മാധ്യമങ്ങളും നിയമ വ്യവസ്ഥയും കയ്യൊഴിഞ്ഞ ലാവ്ലിന് വിഷയം വീണ്ടും വീണ്ടും കുത്തിപ്പൊക്കി ലൈവാക്കി നിര്‍ത്തുന്നതിനു പിന്നിലെ യുക്തിയും 'ഞാന്‍ മാത്രം പുണ്യവാളന് ' എന്ന തന്റെ ഇമേജിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തി നിര്‍ത്തുക എന്ന ലക്ഷ്യം മാത്രം ...)
(മുമ്പ് മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചിട്ടാണ് ഉന്നത വിജയം നേടുന്നതെന്ന് ആക്ഷേപിച്ച് ഒരു സമുദായത്തെയും പ്രദേശത്തെ മുഴുവനായും പുച്ചിച് തന്റെ ഉള്ളിലുള്ള ഭൂതത്തെ തുറന്നു വിട്ടിരുന്നു വി എസ് . മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ പഠിക്കാനിരുന്ന കുട്ടികള്‍ക്കും പഠിക്കാന്‍ അവസരമില്ലാതതിനാല് തങ്ങളുടെ നിര്‍ഭാഗ്യം കുട്ടികള്‍ക്കുണ്ടാകരുതെന്നു കരുതി അവര്‍ക്ക് കൂട്ടിരുന്ന രക്ഷിതാകള്‍ക്കും താങ്ങാനാവാത്ത ഒരു പരിഹാസമായിരുന്നു അത് .
മറ്റൊരു തമാശ ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തെ മുസ്ലിം രാജ്യമാക്കാനുള്ള അജണ്ടയാണ് പോപ്പുലര്‍ ഫ്രെണ്ടിനെന്നും കൂടുതല്‍ മക്കളെ ഉല്പാദിപ്പിച്ച് മുസ്ലിം ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് അവരുടെ ശ്രമം എന്നുമുള്ള വീയെസ്സിന്റെ പ്രസ്താവനയാണ്. )
(പലപ്പോഴും വീയെസ്സിനെതിരെ പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ക്ക് പിന്നില്‍ വീയെസ്സിന്റെ പാര്ട്ടിക്കതീതനായ "വണ്‍ മാന്‍ ഷോ " പ്രകടനങ്ങള്‍ തന്നെയായിരുന്നു കാരണം. പാര്‍ട്ടീ വിരുദ്ദരുമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തുക , കിളിരൂര്‍ കവിയൂര്‍ തുടങ്ങിയ കേസുകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വിവാദങ്ങള്‍ സൃഷ്ട്ടിക്കുക, പാര്‍ട്ടി സെക്രട്ടരിയേറ്റ് തീരുമാനങ്ങള്‍ അവഗണിക്കുക , മൂന്നാറില്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ ഏക പക്ഷീയമായി തീരുമാനങ്ങള്‍ നടപ്പിലാക്കുക , തുടങ്ങി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാര്‍ട്ടീ നിലപാടിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെല്ലു വിളിച്ചത് വരെ പാര്‍ട്ടിയുടെ കുറ്റപത്രങ്ങളില്‍ ഉണ്ട് . പാര്‍ട്ടി തോറ്റ അവസരത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീയെസ് ചിരിച്ച ഒറ്റ സ്നാപ്പിലുണ്ട് വീയെസ്സിലെ പാര്‍ട്ടീ വിരുദ്ധത വ്യക്തമാക്കുന്ന മുഴുവാന്‍ ഭാവങ്ങളും.! നെയ്യാറ്റിന് കര ഉപതിരഞ്ഞെടുപ്പിന്റെ ഇലക്ഷന് തിയ്യതി തന്നെ റ്റീപി യുടെ വിധവയെ കാണാന്‍ പോയ വികാര ഭരിതമായ മുഹൂര്‍ത്തങ്ങള്‍ ചാനലിലൂടെ തത്സമയം ലോകത്തിനു മുന്നില്‍ സ്വയം കാണിച്ചു കൊടുത്തു കൊണ്ട് വീയെസ് തുറന്നു കാട്ടിയത് വീയെസ്സിന്റെ കപടനായ കമ്യൂണിസ്റ്റുകാരന്റെ മറ്റൊരു മുഖമായിരുന്നു . ആ ഒരൊറ്റ സന്ദര്‍ശനത്തിലൂടെ ഇടതു അനുഭാവമുള്ള സാധാരണക്കാരുടെ വോട്ടുകള്‍ കൂടി മറുവിഭാഗത്തിനു മറിച്ചു കൊടുക്കാന്‍ വീയെസ്സിന് കഴിഞ്ഞു. വീയെസ്സിനെ മനസ്സാ സ്നേഹിക്കുന്ന പാര്ട്ടിക്കാരനെപ്പോലും വെല്ലുവിളിക്കുന്നതായിരുന്നു വീയെസ്സിന്റെ ഈ നടപടി.)
മറുപടി പറയും എന്ന് പ്രതീക്ഷിക്കുന്നു
ഈ പരിശ്രമത്തെ പൂര്‍ണമനസ്സോടെ അഭിനന്ദിക്കുന്നു.
ReplyDeleteനല്ല ലേഖനം
ReplyDeleteആശംസകൾ