My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Tuesday, February 14, 2012

നീസാ .. തോരാത്ത നിലാമഴ



നീസാ 
ഉടലിന്നു പാകമായൊരു 
ചിറകു തേടിയുള്ള 
നിന്റെ യാത്രയില്‍
ഉടല്‍ നോവുകള്‍ക്ക്
മൃതിചുംബനം കൊണ്ടു വിട നല്‍കി
മാലാഖമാര്‍ നിന്നെ ഏറ്റെടുത്തിരിക്കുന്നു

നീസാ
നിലാവിനെ തൊടാന്‍ നീട്ടിയ വിരലുകളിലേക്ക്
ഊര്‍ന്നുവീണ
അവസാന പുലരിയിലെ മഞ്ഞുതുള്ളി
നിന്നോട് പറഞ്ഞതെന്തായിരുന്നു?
വേദനകളില്ലാത്ത ലോകത്തേക്ക് 
നിന്നെയെതിരേല്‍ക്കാന്‍ 
വിശുദ്ദാത്മാവുകള്‍ അണയുംനേരം
നിന്നെ പിരിയാനാകാത്തവരുടെ
കണ്ണീര്‍ സാന്നിധ്യമാണ് ഞാന്‍ എന്ന്...?

നീസാ
ജീവിതപ്പുസ്തകത്തില്‍ 
അവസാനവരിയും കുറിച്ച് 
നീ വെള്ളിത്തൂവലുകളുടെ വസ്ത്രമണിഞ്ഞ് 
നിലാവിന്റെ ലോകത്തേക്ക് യാത്രയാകുമ്പോള്‍
ഒടുവില്‍ മൊഴിഞ്ഞതെന്തായിരുന്നു?
വാക്കുകള്‍ക്കതീതമായ
മൌനമന്ത്രങ്ങള്‍ കൊണ്ട്
വിശുദ്ദരാവുകളില്‍
അദൃശ്യ താരകങ്ങളിലൂടെ 
ഞാന്‍ 
നിങ്ങളില്‍ നിലാമഴയായ് പൊഴിയുമെന്ന്...?

Wednesday, January 18, 2012

സമാന്തര സാഹിത്യത്തെ ആരാണ് ഭയക്കുന്നത്?


അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ച മനുഷ്യജീവിതത്തിന്റെ സര്‍വ്വമണ്ഡലത്തിലും വരുത്തിയ മാറ്റങ്ങള്‍ നമ്മുടെ സ്വപ്നങ്ങള്‍ക്കുമപ്പുറത്തായിരുന്നു. പ്രവചനാതീതമായ ലക്ഷ്യങ്ങളിലേക്കാണ് അനുസ്യൂതം അതിന്റെ പ്രയാണവും. കുട്ടിക്കാലത്തെ സ്വപ്നങ്ങളായിരുന്ന അമ്പിളിമാമനിലേക്കുള്ള വിരുന്നും ഫാന്റസി കഥകളിലെ ഭൂമിക്കുപുറത്തെ മറ്റൊരു ഗ്രഹത്തിലെ വാസവും ഇന്ന് അത്ഭുതങ്ങളുടെ പട്ടികയിലില്ല. പുരോഗതിയുടെ പാതയിലെ വഴിക്കല്ലുകളായി അവ അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു. മനുഷ്യപുരോഗതിയുടെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയിലും നൂതന സാങ്കേതികവിദ്യകള്‍ വരുത്തിയ മാറ്റം വിസ്മരിക്കാവതല്ല. എഴുത്തിന്റെയും വായനയുടെയും ദൃശ്യമാധ്യമങ്ങളുടെയും ലോകം പുതിയ മേച്ചില്‍പ്പുറങ്ങള്‍ താണ്ടി നവംനവങ്ങളായ ആകാശങ്ങളെ കീഴടക്കിക്കഴിഞ്ഞു. മനുഷ്യരാശിയുടെ ധൈഷണിക വികാസത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാധ്യമങ്ങള്‍ കലയുടെയും സാഹിത്യത്തിന്റെയും സംവേദന ലോകം പുതിയ ലോകത്തേക്ക് പുതിയ രൂപത്തില്‍ തുറന്നുവെച്ചിരിക്കുകയാണ്.
കുപ്പിയിലടച്ചുവെച്ച അക്ഷരങ്ങളെ പെറുക്കി നിരത്തിയൊതുക്കി ഇന്നലത്തെ വാര്‍ത്തകള്‍ ഇന്നു വിളമ്പുന്ന കാലത്തുനിന്ന് ലോകത്തെവിടേയുമുള്ള ചലനങ്ങളെ തത്സമയം ലൈവായികാണിക്കുന്ന 'ഫാസ്റ്റ് ഫുഡ് കമ്മ്യൂണിക്കേഷ'നിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു. എന്നാല്‍ ഇതൊന്നുമറിയാതെ പഴമയെന്നും, പാരമ്പര്യമെന്നും അവകാശപ്പെട്ട് നവീനകാലത്തിന്റെ പുരോഗതിയുടെ വഴികളെ നിഷേധിക്കുന്ന, ആത്മ പ്രകാശനത്തിന്റെ നൂതന സാങ്കേതിക വഴികളെ പുച്ഛത്തോടെ വീക്ഷിക്കുന്ന, കണ്ണടച്ച് ഇരുട്ടിനെ ഉപാസിക്കുന്ന ചിലരേയും ഈ കുതിച്ചോട്ടത്തിന്നിടയിലും നമുക്കുകാണാം. തങ്ങള്‍ക്കു സാധ്യമല്ലാത്തതിനെയെല്ലാം പാപമെന്ന് പറയുന്ന, എത്തിപ്പിടിക്കാനാവാത്ത കൊമ്പിലെ കനികള്‍ക്ക് പുളിയാണെന്ന് ആക്ഷേപിക്കുന്ന, ഉയരമുള്ള എന്തിനേയും അവജ്ഞയോടെ വീക്ഷിക്കുന്ന ചിലര്‍!  അജ്ഞതയെ ആഭരണമെന്ന് അലങ്കരിച്ചുകാണിക്കാന്‍ അക്ഷരങ്ങളെ പാകമാകാത്ത ഉടുപ്പണിയിച്ച് പ്രദര്‍ശിപ്പിക്കുന്നവര്‍! അവരുടെ ന്യായവാദങ്ങളും നീതീകരണങ്ങളും പ്രസക്തമല്ലെങ്കിലും അതിനുപിന്നിലെ അസഹിഷ്ണുതയെ കാണാതിരിക്കാനാവില്ല. പറഞ്ഞുവരുന്നത് മുഖ്യധാരാ മാധ്യമത്തമ്പുരാക്കന്മാരുടെ നിഷേധമനസ്ഥിതിയെ കുറിച്ചുതന്നെ! അഥവാ സൈബര്‍സാഹിത്യമെന്ന സമാന്തരസാഹിത്യമേഖല കൈവരിച്ച വളര്‍ച്ചയും അവക്കുള്ള സ്വീകാര്യതയും ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നുവെന്നോ, വഴിമുടക്കുന്നുവെന്നോ ഉള്ള ഭീതിയില്‍ നിന്നുടലെടുക്കുന്ന ചില ഒറ്റപ്പെട്ട അപസ്വരങ്ങളിലേക്ക്, അവയിലേക്ക് നയിക്കുന്ന നിഷേധ മനോവൈകല്യത്തിലേക്ക് ഒരെത്തിനോട്ടം.
കീബോര്‍ഡുസാഹിത്യത്തിന്റെ വരമൊഴികള്‍
ചരിത്രം
വെബ്-ലോഗ് (web log ) എന്നീ പദങ്ങള്‍ ലോപിച്ചുണ്ടായതാണ് 'ബ്ലോഗ്' എന്ന പ്രയോഗം. സ്വന്തം സ്വകാര്യജീവിതം രേഖപ്പെടുത്തി വെച്ചിരുന്ന സൈബര്‍ ഡയറികളുടെ ആദിമരൂപങ്ങളാണ് പില്‍ക്കാലത്ത് അപരനുമായി പങ്കുവെക്കാനുള്ള ആശയ സംവേദന മാധ്യമമായി വളര്‍ന്നത്. 1994ല്‍ 'സ്വാത്ത് മോര്‍' കോളേജിലെ പഠനകാലത്ത് 'ജസ്റ്റിന്‍ ഹോള്‍' തന്റെ പതിനൊന്നു വര്‍ഷത്തെ വിചാരങ്ങളും അനുഭവക്കുറിപ്പുകളും ഇന്റര്‍നെറ്റിലൂടെ സുഹൃത്തുക്കളുമായി പങ്കുവെച്ചതാണ് ബ്ലോഗുചരിത്രത്തിലെ ആദ്യചലനമായി രേഖപ്പെടുത്തിയിട്ടുള്ളത്. 1997ല്‍ 'ജോണ്‍ ബര്‍ഗര്‍' ആണ് web log എന്ന പദം ആദ്യമായി സാങ്കേതികമായി ഉപയോഗിച്ചത്. 1999ല്‍ 'പീറ്റര്‍ മെര്‍ഹോള്‍സ്' ഈ സാങ്കേതിക ശബ്ദത്തെ 'ബ്ലോഗ്' എന്ന ചുരുക്കെഴുത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ആ പദം പില്‍ക്കാലത്ത് സാര്‍വ്വതീകമായി ഉപയോഗിക്കാനും തുടങ്ങിയതുചരിത്രം. പ്രതിഭാസ്പര്‍ശമുള്ള പുതിയ എഴുത്തുകാര്‍  സ്വാര്‍ത്ഥ താല്‍പര്യങ്ങളും വീക്ഷണങ്ങളില്‍ പക്ഷപാതിത്വങ്ങളുടെ നിയന്ത്രണങ്ങളുമുള്ള കുത്തക മാധ്യമങ്ങളുടെയും, എഡിറ്റര്‍മാരുടെയും അനുമതിക്കും അംഗീകാരത്തിന്നും കാത്തുനില്‍ക്കാതെ വാര്‍ത്താപ്രാധാന്യമുള്ള വിഷയങ്ങളും, സാഹിത്യഭാവനകളും സ്വയം പബ്ലിഷ് ചെയ്യാന്‍ ഒരിടം കണ്ടെത്തിയതോടെ ബ്ലോഗ് ലോകത്തിന് പുതിയ ഉണര്‍വ്വുമുണ്ടായി. കെട്ടിയമര്‍ത്തിവെച്ചിരുന്ന ഭാവനകള്‍ക്ക് ചേക്കേറാനൊരു ചില്ലയായിത്തീര്‍ന്ന ഇന്റര്‍നെറ്റുലോകത്തെ ബോഗിടങ്ങള്‍.
ആനുകാലീക രാഷ്ട്രീയവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആദ്യകാല ബ്ലോഗുകള്‍ക്കു വിഷയീഭവിച്ചു. ആന്‍ഡ്രൂസള്ളിവന്റെ 'ആന്‍ഡ്രൂസള്ളിവന്‍ കോം'റോണ്‍ഗുണ്‍സ് ബര്‍ഗറുടെ 'പൊളിറ്റിക്‌സ് കോം', റീഗന്‍ ഗൊഡാര്‍ഡിന്റെ 'പൊളിറ്റിക്കല്‍ വയര്‍', ജെറോ ആംസ്‌ട്രോങ്ങിന്റെ 'മൈഡിഡി' തുടങ്ങിയവയെല്ലാം ആദ്യകാല രാഷ്ട്രീയ ബ്ലോഗുകളായിരുന്നു. ഇത്തരം ആദ്യകാല രാഷ്ട്രീയ ബ്ലോഗുകള്‍ അതാതു സമയത്തെ മീഡിയകള്‍ തരുന്ന വാര്‍ത്തകള്‍ക്കുമുപരി എഡിറ്റുചെയ്യപ്പെടാത്ത മറയില്ലാത്ത സത്യങ്ങളെന്ന വിശ്വാസ്യത ആര്‍ജ്ജിച്ചെടുത്തു. ബ്ലോഗുകള്‍ക്ക് മറ്റു മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി രാഷ്ട്രീയപരമോ ഭരണകൂടപരമോ ആയ യാതൊരു നിയന്ത്രണവുമില്ലാത്തതിനാല്‍ എല്ലാം തുറന്നുപറയുന്ന ഒരു രീതി അവലംബിച്ചിരുന്നു. അതുകൊണ്ടുതന്നെ ബ്ലോഗെഴുത്തിന്റെയും വായനയുടെയും വളര്‍ച്ച വളരെ പെട്ടെന്നും അമ്പരപ്പിക്കുന്ന തരത്തിലുമായിരുന്നു. രണ്ടാം ഇറാഖ് യുദ്ധകാലത്തെ സലാം പാക്‌സിന്റെ ബ്ലോഗുകളും അവ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചതും പ്രാരംഭകാല ബ്ലോഗുകളുടെ സ്വീകാര്യത വ്യക്തമാക്കുന്നു. അധികാരബലം മറയിട്ടു സൂക്ഷിച്ച സുപ്രധാനമായ പല രഹസ്യങ്ങളും പുറത്തുകൊണ്ടുവരുന്നതിലും ആദ്യകാല ബ്ലോഗെഴുത്തുകാര്‍ വിജയിച്ചതിലൂടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ബ്ലോഗുകളെ അവഗണിക്കാന്‍ കഴിയാതെയായി. ബ്ലോഗെഴുത്തുകാര്‍ക്ക് ഏറെ സ്വീകാര്യത കൈവരികയും, മാധ്യമരംഗത്തെ മറ്റൊരു സുപ്രധാനഇടമായി ലോകം ബ്ലോഗുകളെ അംഗീകരിക്കാനും തുടങ്ങി. 2005 സെപ്തംബറില്‍ ബ്രിട്ടനിലെ 'ദി ഗാര്‍ഡിയന്‍' ദിനപ്പത്രം ബ്ലോഗുകള്‍ക്ക് മാത്രമായി ഒരു പംക്തി ആരംഭിച്ചതും, ബിബിസി അവരുടെ എഡിറ്റര്‍മാര്‍ക്കായി ഒരു വെബ്ലോഗ് തുടങ്ങിയതും ഇതിന്റെ തുടര്‍ച്ചയാണ്.
ബ്ലോഗിടങ്ങളിലെ മലയാളി സാന്നിധ്യം 
ലോകസാഹിത്യത്തിന്ന് മലയാളം നല്‍കിയ സംഭാവനകള്‍ക്കു സമാനമാണ് പുതിയ കാലത്തെ സാഹിത്യ സംവേദനത്തിന്റെ മാധ്യമമായ ബ്ലോഗു ലോകത്തും മലയാളിയുടെ സാന്നിദ്ധ്യം. 2004ല്‍ മലയാളം യൂണീകോഡില്‍   സൈബര്‍ സ്പേസില്‍   മലയാളത്തിന്റെ ഹരിശ്രീ കുറിച്ചതുമുതല്‍ മലയാളിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. എങ്കിലും 2003ല്‍ തന്നെ ബ്ലോഗില്‍  സാന്നിധ്യമറിയിച്ച  'പോള്‍' ആണ് സൈബര്‍ ലോകത്തെ ആദ്യ മലയാളിയായി  ഗണിക്കപ്പെടുന്നത് .  ഇന്നും  ബ്ലോഗില്‍ സജീവമായ നിഷാദ് കൈപ്പള്ളിയാണ് മലയാളം യൂണീകോഡില്‍ ആദ്യമായി ബ്ലോഗിങ്ങ് ആരംഭിച്ച മലയാളി എന്ന് അറിയപ്പെടുന്നത്.
ബ്ലോഗിങ്ങ് ഇന്ന്
പുതിയകാലത്തെ എഴുത്തുകാര്‍  എസ്റ്റാബ്ലിഷ്മെന്റുകളുടെ ജൈജാന്റിക് മതിലുകള്‍ക്കു മുന്നില്‍ ഊഴം കാത്തുനില്‍ക്കുന്നവരല്ല. കാരണം ആത്മപ്രകാശനത്തിന്ന്, സ്വയം വെളിപ്പെടലിന്ന് , പുതിയ കാലത്തോട് 'ഇതാ ഞാന്‍ 'എന്ന് സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നതിന്ന് അവന്ന് സ്വന്തമായി ഇടമുണ്ട്. അവര്‍ രാജകീയപാതയോരങ്ങളുടെ അലംകൃത പാനീസുകളായി വാഴ്ത്തപ്പെടുന്നില്ലെങ്കിലും ഹൃദയത്തിലെ വെളിച്ചവും, സുഗന്ധവും അപരന്നു പകര്‍ന്നുകൊടുക്കാന്‍ ഇടം നിഷേധിക്കപ്പെട്ട പ്രപിതാക്കളെ പോലെ ഭാഗ്യംകെട്ട ജന്മങ്ങളല്ല. അവര്‍ തെരുവിലും മണ്‍ചിരാതുകളായെങ്കിലും എരിഞ്ഞുനില്‍ക്കുന്നവരാണ്. തങ്ങളില്‍ വെളിച്ചമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നവര്‍! വാഴ്ത്തപ്പെടുന്ന പൊള്ളയായ ശബ്ദഘോഷങ്ങള്‍ക്കിടയിലും ഒരു വരിയിലെങ്കിലും സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന ഒറ്റപ്പെട്ട വേറിട്ട ശബ്ദങ്ങള്‍ ! ഏതു ആള്ക്കൂട്ടങ്ങള്‍ക്കിടയിലും, ബഹളലോകത്തിന്റെ പെരുമ്പറകള്‍ക്കിടയിലും വേറിട്ടു കേള്‍പ്പിക്കാന്‍ കഴിയുന്ന ചില ഈണങ്ങള്‍ സൂക്ഷിക്കുന്നവര്‍.... ! അവ കാലത്തിന് പകര്‍ന്നുനല്‍കുന്നവര്‍!
ലബ്ധപ്രതിഷ്ഠരായ ഉന്നത ശീര്‍ഷ സാഹിത്യകാരണവന്‍മാരുടെ സുവര്‍ണ്ണകാലവും, കാല്പനീകതയുടെ വിഭ്രമപ്രപഞ്ചവും, ഉത്തരാധുനികതയുടെ വിസ്‌ഫോടനവും കലയിലും സാഹിത്യത്തിലും വരുത്തിയ പരിണാമങ്ങളും, അവ അനുവാചകരിലുണ്ടാക്കിയ സ്വാധീനങ്ങളും, പേര്‍ത്തും, പേര്‍ത്തും ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടുണ്ട്. കല കലക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോ, സാമൂഹിക പരിവര്‍ത്തനത്തിന്നുവേണ്ടിയോ എന്നൊക്കെ ചര്‍വ്വിത ചര്‍വ്വണം നടത്തി ആസ്ഥാന ബുദ്ധി ജീവികളുടെ പേനകളുടെ മഷി വറ്റുകയും തൊണ്ടവരളുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വിഷയ ദാരിദ്ര്യങ്ങളില്‍ ഒത്തുതീര്‍പ്പാകാതെ സൈദ്ധാന്തിക വിശകലനങ്ങളുടെ ചക്കില്‍ ഇവ ഇപ്പോഴും അറ്റമില്ലാതെ കറങ്ങിക്കൊണ്ടേയിരിക്കുന്നുമുണ്ട്. അവര്‍ക്കിടയിലേക്കാണ് കീബോഡ് സാഹിത്യകാരന്‍മാരുടെ രംഗപ്രവേശം.
കീബോര്‍ഡില്‍ കൂട്ടിയെഴുതാന്‍ പഠിച്ച 'മംഗ്ലീഷ്' നവസാക്ഷരന്‍ മുതല്‍ എഴുതിത്തെളിഞ്ഞ സാഹിത്യകാരന്മാര്‍ വരെ മാറിയകാലത്തിന്റെ ഏറ്റവും വലിയ വിവര സംവേദനത്തിന്റെ മാധ്യമമായ സൈബര്‍ സാധ്യതകളുടെ ഇ-എഴുത്തിനെ ഉപയോഗിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും അവനവന്റെ ഇടം സ്വയം നിശ്ചയിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് സൈബര്‍ കാലത്തെ സാഹിത്യ പ്രവേശനത്തിന്റെ ഗുണവശം. തന്റെ സൃഷ്ടിയെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നിരുത്തുക എന്നുള്ളത് ഓണ്‍ലൈന്‍ പ്രസിദ്ധീകരണവഴിയില്‍ ഏറ്റവും ലളിതമാണ്. അതാതുസമയങ്ങളിലെ അവനവന്റെ ഭാവനകളെ, നിലപാടുകളെ സ്വയം പ്രസിദ്ധം ചെയ്യാനുള്ള വഴിയാണ് 'ബ്ലോഗ്' എന്ന സാങ്കേതത്തിലൂടെ പുതിയ കാലത്തിന്നു കൈവന്നത്. എഴുത്തുകാരനും പ്രസാധകനും ഒരാള്‍ തന്നെയാകുന്നു എന്നുള്ളതാണ് ബ്ലോഗുസാഹിത്യ മേഖലയുടെ ഗുണവും ദോഷവും!
മതിയായ രീതിയില്‍ എഡിറ്റു ചെയ്യപ്പെടാത്തവയും സാഹിത്യഗുണം പ്രദര്‍ശിപ്പിക്കാത്തവയും നിരുപാധികം പബ്ലിഷ് ചെയ്യാന്‍ കഴിയും എന്ന ഒരു പൊതുവായ വസ്തുതകൊണ്ട് അതേഅച്ചിലിട്ട് എല്ലാ ബ്ലോഗുകളെയും സാമാന്യവല്‍ക്കരിച്ചുകൊണ്ടാണ് ബ്ലോഗെഴുത്തുകാരെ മുഖ്യധാരാമാധ്യമങ്ങളിലെ പാരമ്പര്യവാദികള്‍ ആക്ഷേപിക്കാറുള്ളത്.
ഇവരുടെ പല വിമര്‍ശനങ്ങളും മുന്‍ധാരണകളില്‍ നിന്ന് ഉരുത്തിരിയുന്നവയും അപക്വവും ആയിത്തീരാറുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിനുശേഷം മലയാളകവിതയേയില്ല എന്ന് ഈയിടെയാണ് ഒരു നിരൂപക സ്ത്രീശബ്ദം നമ്മോട് വിളിച്ചുപറഞ്ഞത്. ഇത്തരം വ്യക്തിനിഷ്ഠങ്ങളായ ചില അഭിപ്രായപ്രകടനങ്ങള്‍കൊണ്ട് ഒരു വിശാലലോകത്തെത്തന്നയാണ് ഇവര്‍ നിഷേധിക്കുന്നത്. ചുള്ളിക്കാട് എത്ര ഭാവനാവിലാസമുള്ള ശ്രേഷ്ഠകവി തന്നെയാകുമ്പോഴും അവര്‍ക്കുശേഷമുള്ള കാലത്തെ അടച്ചുനിഷേധിക്കുന്ന മനസ്സിനെ അപക്വം എന്നേ വിശേഷിപ്പിക്കാനാവൂ. ചുള്ളിക്കാടിന്നുശേഷവും തളിര്‍ത്തുപൂത്ത മാമരങ്ങളോടും പൂമരച്ചില്ലകളോടും എത്ര വലിയ നിഷേധമാണ് അവര്‍ നടത്തിയിട്ടുള്ളത് എന്ന് ചിന്തിക്കുക. മറ്റൊരു ഏച്ചിക്കാനത്തുകാരന്‍ ബ്ലോഗുസാഹിത്യകാരന്‍മാരെ കുറിച്ചു പറഞ്ഞത് അവര്‍ ' വെറും കൊള്ളിമീനുകള്‍ ' മാത്രമാണെന്നാണ്. പെട്ടെന്ന് മിന്നിക്കെട്ടുപോകുന്ന ക്ഷണികവെളിച്ചങ്ങളെന്ന്! ഒരു പക്ഷേ കാലാകാലം സാഹിത്യജോലി ചെയ്ത് കുടുംബം പുലര്‍ത്താം എന്നു പ്രതിജ്ഞ ചെയ്ത് എഴുത്തിന്നു പുറപ്പെട്ടു പോന്നിട്ടുള്ളവരല്ലാത്ത ചിലരെങ്കിലും ഇത്തരം 'കൊള്ളിമീനുകള്‍' എന്ന 'ആദരം' അര്‍ഹിക്കുന്നുണ്ട്. തങ്ങള്‍ക്കുള്ളിലെ ഭാവനയുടെ ഉറവ വറ്റിയാലും മുന്‍കാല പ്രസിദ്ധിയുടെ വിലാസത്തില്‍ എന്തുചവറും പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന, മാധ്യമങ്ങളിലെ വിലപ്പെട്ട പേജുകള്‍ മലീമസമാക്കാതെ വെളിച്ചമുള്ളപ്പോള്‍ മാത്രം കത്തിനില്‍ക്കുന്ന ചില സാന്നിദ്ധ്യങ്ങളാണ് ഇത്തരം കൊള്ളിമീന്‍ സാഹിത്യകാരന്‍മാര്‍. മുഖ്യധാരാമാധ്യമങ്ങളില്‍ എഴുതുന്ന ചിലരേക്കാള്‍ ഉയര്‍ന്നതലത്തില്‍ സാഹിത്യത്തോടും തന്റെ വായനക്കാരോടും നീതിപുലര്‍ത്തുന്ന അതേസമയം പ്രശസ്തിയുടെ ഔദാര്യങ്ങള്‍ക്കുപിറകെ പായാതെ, പ്രമോട്ടുചെയ്യാന്‍ ഗോഡ്ഫാദര്‍മാരില്ലാത്ത, ലൗഡ്‌സ്പീക്കര്‍ അനുചരവൃന്ദവുമില്ലാത്ത ഏകാന്ത സഞ്ചാരികള്‍! ഇവരുടെ രചനകള്‍ മതിയാംവിധം കാണാതെയോ വായിക്കാതെയോ അതിനു ശ്രമിക്കുകപോലും ചെയ്യാതെയാകും ഇത്തരം അഭിപ്രായങ്ങള്‍ എഴുന്നെള്ളിക്കുന്നത്.
ഈയടുത്തകാലത്ത് ഇന്ദുമേനോന്‍ ഒരു പ്രസിദ്ധീകരണത്തിലൂടെ ഒരു വിവാദപ്രസ്ഥാവന നടത്തി തന്നിലേക്ക് ശ്രദ്ധതിരിച്ചുവിട്ടിരുന്നു. ബ്ലോഗെഴുത്ത് എന്നത് 'ടോയ്‌ലറ്റ് സാഹിത്യമാണ് ' എന്ന പ്രയോഗത്തിലൂടെ.  ടോയ്‌ലറ്റ് സാഹിത്യം എന്നുള്ളത് കൊണ്ട് എന്തും അവനവന്റെ സ്വാതന്ത്ര്യത്തില്‍ ചുമരില്‍ എഴുതി വെക്കാനുള്ള ത്വരയായിട്ടായിരിക്കണം ഇന്ദുമേനോന്‍ നിര്‍വ്വചിച്ചിട്ടുണ്ടാവുക എന്നതുവ്യക്തം. മാറിയ കാലത്തെ ബ്ലോഗെഴുത്തിന്റെ വാശാലസാധ്യതകളിലേക്ക് പുതിയകാലത്തെ എഴുത്തുകാരെല്ലാം മാറിക്കഴിഞ്ഞപ്പോഴും തനിക്കു വഴങ്ങാത്ത സാങ്കേതികവിദ്യകളെ ഇങ്ങനെ കൊഞ്ഞനം കുത്തി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന്നുമുമ്പ് ഇന്ദുമേനോന്‍ ബ്ലോഗുകള്‍ എന്നാല്‍ മലയാളത്തില്‍ മാത്രം ഒതുങ്ങുന്ന എന്തോ നമുക്കു വഴങ്ങാത്ത സാഹിത്യരൂപമെന്ന പൊട്ടക്കുളത്തിലെ കൂപമണ്ഡൂകത്തിന്റെ കാഴ്ചവട്ടത്തുനിന്നും പുറത്തുവരേണ്ടതുണ്ട്. ബ്ലോഗുകളൊക്കെ ഇത്ര ജനകീയമാകുന്നതിനും മുമ്പ് തന്നെ കീ ബോര്‍ഡില്‍ എഴുത്തടങ്ങിയ മുന്‍പേ പറക്കുന്ന പക്ഷിയായി സി. രാധാകൃഷ്ണനെപ്പോലെയുള്ളവരെ ഇവരൊന്നും അറിയുകപോലുമുണ്ടാവില്ല.! മുഖ്യധാരാമാധ്യമങ്ങളില്‍ സജീവമായ പലരും സ്വന്തമായി ബ്ലോഗുള്ളവരാണെന്നതും ചിലപ്പോള്‍ അറിയാത്തത്. അല്ലെങ്കില്‍ അതിനൊപ്പം ചലിക്കാന്‍ കഴിയാത്തതിന്റെ മോഹഭംഗം! ഒരുപാടുവട്ടം പരീക്ഷയെഴുതിയിട്ടും ജയിച്ചുകയറാന്‍ കഴിയാത്ത പഴയ എസ്.എസ്.എല്‍.സി.ക്കാരന്റെ ഒരു പതിവുഗീര്‍വാണമുണ്ട്. 'ഈ കാലത്ത് പത്താംതരമൊക്കെ പാസ്സായിട്ട് എന്തുകാര്യം? അപ്പുറത്തെ വീട്ടിലെ രാമുവും സത്താറുമൊക്കെ ഗള്‍ഫില്‍ പോയും ബിസിനസ് ചെയ്തും പണമുണ്ടാക്കിയത് പത്താംതരം പാസ്സായിട്ടാണോ....? എത്ര പഠിച്ചു നമ്മുടെ അങ്ങേതിലെ രമേശന്‍ എന്നിട്ടും വല്ല ഗുണം പിടിച്ചോ? എന്നിങ്ങനെ രണ്ട് ഉദാഹരണവും അകമ്പടി ചേര്‍ത്ത് തന്റെ പോരായ്മകളെ മഹത്വവല്‍ക്കരിച്ച് സ്വയം ഒരു ആശ്വാസം കൊള്ളല്‍!
ബ്ലോഗെഴുത്തിനെ പൊതുവായി ആക്ഷേപിക്കാതെ പരോക്ഷമായി ഒളിയമ്പെയ്യുന്നവരാണ് മറ്റുചിലര്‍. തങ്ങള്‍ക്ക് എത്ര അനഭിമതനായിട്ടും വീ എസ്സിനെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ അധിക്ഷേപിക്കുന്ന ചില മഞ്ഞപ്പത്രമാധ്യമക്കസര്‍ത്തുകള്‍ പോലെ, മെസ്സിയെന്ന ലോക ഫുഡ്‌ബോളറെ വേറിട്ടുവാഴ്ത്തി അര്‍ജന്റീന എന്ന സോക്കര്‍  ശക്തിയെ കൊച്ചാക്കുന്ന നെഗറ്റീവ് യുദ്ധമുറകള്‍... a  കൊള്ളാം. പക്ഷേ z വരെയുള്ള മറ്റെല്ലാവരും വികലാംഗരാണെന്ന ഒരു കൗശലം കലര്‍ന്ന സൗന്ദര്യവീക്ഷണം.
സ്വയം വിമര്‍ശനം
ബ്ലോഗുകള്‍ എന്നാല്‍ മലയാള സാഹിത്യത്തിന്റെ പൂര്‍ണ്ണ വളര്ച്ച പ്രാപിച്ച രൂപമാണെന്നോ എല്ലാ ബ്ലോഗുകളും സമാന്തര പ്രസിദ്ദീകരണങ്ങളുടെ തുല്യ നിലവാരത്തില്‍ സന്തുലനം പാലിക്കുന്നുണ്ടെന്നോ ആരും അവകാശപ്പെടുന്നില്ല. സ്വയം പ്രസാധനം എന്ന എളുപ്പവഴിയില്‍ തന്നെ അതിന്റെ ഗുണ ദോഷങ്ങള്‍ വെളിപ്പെടുന്നുണ്ട്
മുഖ്യധാരാ മാധ്യമങ്ങള്‍ വിലാസമുള്ള എഴുത്തുകാരന്റെ പതിവു രുചികള്‍ ആവര്‍ത്തിക്കുകയും ശ്രദ്ദേയരായ പുതിയ എഴുത്തുകാര്‍ക്ക് നേരെ മുഖം തിരിക്കുകയും ചെയ്യുന്നിടത്ത് നിന്നാണ് ബ്ലോഗെഴുത്തുകാര്‍ ജനിക്കുന്നത്.
പതിവു മാധ്യമങ്ങളില്‍ പ്രതിഭ വറ്റിയിട്ടും പാകമാകാതെ തച്ചു പഴുപ്പിക്കുന്ന പ്രസിദ്ദരുടെ അരുചികള്‍ ആവര്ത്തിക്കുന്നിടത്താണ് പുതിയ കാലത്തെ ബ്ലോഗ് വായനകള്‍ തുടങ്ങുന്നതും.
അച്ചടി മാധ്യമങ്ങളില്‍ പിറക്കുന്നവയെല്ലാം പൂര്‍ണ്ണ വളര്ച്ച എത്തിയ ജന്മങ്ങളാണെന്നു അവകാശപ്പെടാന്‍ കഴിയാത്തത് പോലെ തന്നെയാണ് ബ്ലോഗിടങ്ങളിലും സംഭവിക്കുന്നതും. എന്നാല്‍ സാഹിത്യ ഗുണത്തെയും, ഭാഷയെയും, കാലത്തെയും വര്‍ഗ്ഗീകരിച്ചു തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു 'സുപ്രീം പവര്‍' (എഡിറ്റര്‍ ) അച്ചടി മാധ്യമങ്ങളില്‍ ഉള്ളപ്പോള്‍ പോസ്റ്റ് ചെയ്യപ്പെടുന്ന സൃഷ്ട്ടികളുടെ ബാഹുല്യത്തിനനുസരിച്ച് ബ്ലോഗ്‌ ലോകം പോലെ വിശാലമായ ഒരിടത്ത് അങ്ങിനെ ഒരു തിരഞ്ഞെടുപ്പ് സാധ്യമല്ലാത്തതിനാല്‍ പല രചനകളും പൂര്‍ണ്ണമായ പണിക്കുറ തീര്ന്നവയാകുന്നില്ല എന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് പറയാന്‍ കഴിയില്ല. എങ്കിലും ഓരോ രചനകളുടെയും അടിയില്‍ വായിക്കുന്ന സമയത്ത് തന്നെ വായനക്കാര്‍ എഴുതുന്ന കമന്റുകളിലൂടെ തന്റെ രചനയെ കുറിച്ചൊരു കേവലരൂപം രചയിതാവിന് കിട്ടുന്നു എന്നുള്ളൊരു  ഗുണവശം കൂടി ഇതിനുണ്ട്.
ശരിയാം വിധം നിഷ്പക്ഷമായി നടത്തുന്ന നിരൂപണങ്ങളിലൂടെയും, വിമര്‍ശനങ്ങളിലൂടെയും തന്റെ പോരായ്മകളെ തിരിച്ചറിയാനും, അതിനനുസരിച് എപ്പൊഴും തന്റെ രചനയെ എഡിറ്റു ചെയ്തു കുറ്റമറ്റതാക്കാനും രചയിതാവിന് കഴിയും. 
നല്ല രചനകള്‍ക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളിലൂടെ ആത്മ വിശ്വാസം കൈവരാനും, തന്റെ സിദ്ദിയെ വളര്‍ത്തിയെടുക്കാനും ഇത്തരം വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള സംവേദനങ്ങളിലൂടെ സാധ്യമാവുകയും ചെയ്യും.
എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ പരസ്പരം തലോടലിന്റെയും അഭിനന്ദനങ്ങളുടെ കൊടുത്തു വാങ്ങലുകളുടെയും ബാര്‍ട്ടര്‍ സമ്പ്രദായങ്ങളാണ് മിക്ക ബ്ലോഗുകളുടെയും കമന്റു ബോക്സുകള്‍ നിരക്കുന്നതെന്നതൊരു സത്യമാണ്.
ബ്ലോഗര്‍മാര്‍ക്ക് തൊട്ടാല്‍ പൊട്ടുന്ന ചില്ല് കൂടുകളുടെ ആവരണമാണുള്ളതെന്ന്  ഈയിടെ നടന്ന ഒരു ഓണ്‍ ലൈന്‍ കൂട്ടായ്മയുടെ ക്യാമ്പില്‍ ഉയര്‍ന്നു കേട്ടിരുന്നു. മിക്കപ്പോഴും അതൊരു യാഥാര്‍ത്യവും ആണെന്ന് മനസ്സിലാക്കാം.
നിരന്തരമായ വായനകളിലൂടെയും സമകാലിക സാഹിത്യകാരന്മാരുമായുള്ള സമ്പര്‍ക്കത്തിലൂടെയും സ്വന്തം രചനകളെ തിരുത്തുകയും നവീകരിക്കുകയും ചെയ്യാന്‍ ഓരോ പുതിയ ബ്ലോഗര്‍മാരും ശ്രദ്ദിക്കേണ്ടതുണ്ട്. പുതിയ കാലത്തെ പല ഓണ്‍ ലൈന്‍ കൂട്ടായ്മകളിലും അങ്ങിനെയുള്ള സഹകരണങ്ങളും അനുഗ്രഹീത എഴുത്തുകാരുടെ ശിക്ഷണവും കാണാനാവുന്നുണ്ട് എന്നത് ശുഭ സൂചകമാണ്.
പ്രാദേശിക ഭാഷാ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍, ബ്ലോഗേര്‍സ് കൂട്ടായ്മകള്‍ എന്നിവയിലൂടെ ബ്ലോഗ് രംഗത്തെ ശ്രദ്ദേയമായ രചനകള്‍ സമാഹരിച്ചു   പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതും പുതിയ കാല്‍ വെപ്പാണ്‌. ഇത്തരം സാഹിത്യ ക്യാമ്പുകളിലൂടെയും, ശില്‍പ്പശാലകളിലൂടെയും പുതിയൊരു സാഹിത്യലോകം ഉരുവപ്പെട്ടുവരുന്നു എന്നതും മോണിട്ടറിന്  മുന്നില്‍ നിന്നും അവയില്‍ പലതും അച്ചടിയുടെ ലോകത്തേക്ക് ആനയിക്കപ്പെടുന്നു എന്നതുമാണ്‌ ഇവയുടെ ശിഷ്ട്ടഫലം. ആരൊക്കെ ദുര്‍ബ്ബലമായ കൈകള്‍ കൊണ്ടു പൊത്തിപ്പിടിക്കാനും ഊതിക്കെടുത്താനും ശ്രമിക്കുന്നുണ്ടെങ്കിലും ബ്ലോഗെഴുത്തുകാര്‍ എന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പല അനുഗ്രഹീത എഴുത്തുകാരും പുതിയ സൂര്യന്മാരായി ഉദിച്ചു വരുന്നുണ്ടെന്നതൊരു യാഥാര്ത്യമാണ്.
2009 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ 'ആടുജീവിത'ത്തിന്റെ കര്‍ത്താവായ ബെന്യാമിന്‍ പറയുന്നത് പോലെ 
"സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗുകളുമൊക്കെ ഇന്നൊരു സാമൂഹിക യാഥാര്ത്യമാണ്. ഇന്നിന്റെ കഥ പറയുന്ന ഒരാള്‍ക്ക് അതിനെ ഒഴിവാക്കി ക്കൊണ്ട് ഒന്നും പറയാന്‍ കഴിയില്ല. ചില എഴുത്തുകാരുടെ അത്തരത്തിലുള്ള അഭിപ്രായം പരിജ്ഞാനക്കുറവു കൊണ്ടു മാത്രം സംഭവിക്കുന്നതാണ് ". 
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് മരണപാശവുമായി കപില്‍ സിബല്‍
മുല്ലപ്പൂവിപ്ലവങ്ങളുടെ 'ഭയഭൂതം' ആവേശിച്ച  ഭരണകൂടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കു മേല്‍ തടയിടാന്‍ പുതിയ നിയമ നിര്‍മ്മാണങ്ങളുടെ തിരക്കിലാണ് . അണ്ണാ ഹസാരെമാര്‍ പുതിയ കാലത്തെ ആകര്‍ഷണീയ മുദ്രാവാക്യങ്ങള്‍ കൊണ്ടു ജനസമ്മിതി ഹൈജാക്ക് ചെയ്യുമ്പോഴും 2 G സ്പെക്ട്രം പോലെയുള്ള ഭരണകൂട നഗ്നതകള്‍ വിളിച്ചു പറയുന്ന ഗോപീകൃഷ്ണന്മാര്‍ സമാന്തര മാധ്യമങ്ങളിലൂടെ ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുമ്പോള്‍ സ്വതന്ത്ര അഭിപ്രായങ്ങളും നിലപാടുകളും അതാതു സമയങ്ങളില്‍ പങ്കു വെക്കുന്ന എല്ലാ വായകളും മൂടിക്കെട്ടണം ...!!
പക്ഷെ അധികാരത്തിന്റെ ഇരുമ്പു മറക്കുള്ളില്‍ ഏതു നിയമങ്ങള്‍ കൊണ്ടാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടവിലിടാനാവുക?
ബ്ലോഗ് ചരിത്രം :വിവരങ്ങള്‍ക്ക് കടപ്പാട് 
വിക്കിപീഡിയ , 'ബ്ലോഗ്‌ ഭൂമി' ആദര്‍ശ്, 'കടലാസ്' കുഞ്ഞിമുഹമ്മദ് 

Saturday, January 14, 2012

വര്‍ണ്ണങ്ങള്‍ക്ക് കൂട്ടിരിക്കുന്നവര്‍

വരകളുടെയും വര്‍ണ്ണങ്ങളുടെയും സാംസ്കാരിക ഭൂതകാലത്തേക്ക് അനന്തപുരി പുതിയൊരു വഴി വെട്ടുകയാണ്


12 y 12 എക്സിബിഷന്‍ എന്നത് കൊണ്ടു ഒരു ഔപചാരിക ചിത്രപ്രദര്‍ശനത്തിന്റെ പതിവു രീതികളെ അനുകരിക്കുകയല്ല creant art gallery. അത് പുതിയ കാലത്തേക്ക് ഒരു കാന്‍വാസ് ഒരുക്കുകയാണ് . പുതിയ തലമുറയുടെയും പഴയ തലമുറയുടെയും വര്‍ണ്ണക്കൂട്ടുകള്‍ക്ക് ചേര്‍ന്നിരിക്കാനും സംവേദനം ചെയ്യുവാനും പ്രകാശിതമാകാനും ഒരു ഇരിപ്പിടം!

കലയിലും സാഹിത്യത്തിലും സാംസ്കാരിക മേഖലയിലും ഒട്ടും പിറകിലല്ലാത്ത അനന്തപുരിയില്‍ പുതിയ വരകളെ കണ്ടെത്തുവാനും അവ ജനങ്ങളിലേക്ക് എത്തിക്കുവാനും ഒരു വേദി ഒരുക്കുക കൂടിയാണ് creant .

മലയാളത്തിലെ ആദ്യത്തേതും ഏറ്റവും കൂടുതല്‍ അംഗങ്ങളെ ഉള് വഹിക്കുന്നതുമായ സോഷ്യല്‍ നെറ്റ് വര്‍ക്കായ കൂട്ടം . കോമിന്റെ സഹകരണത്തോടെ പ്രശസ്ത ചിത്രകാരി സജിതാ ശങ്കറിന്റെ മേല്‍നോട്ടത്തില്‍ ജെന്സര്‍ ഹോളിഡെയ്സിനോട് കൈകോര്‍ത്താണ് ക്രന്റിന്റെ പിറവി .

12.1.2012 നു പോയ തലമുറയിലെ അനുഗ്രഹീത ചിത്രകാരന്‍ സി.എല്‍ പൊറിഞ്ചുകുട്ടി ഭദ്രദീപം കൊളുത്തി പ്രദര്‍ശനത്തിനു തുടക്കംകുറിച്ചു. ചിത്ര കലയുടെ സാങ്കേതിക വശങ്ങളെകുറിച്ചും, വര്‍ത്തമാനത്തെകുറിച്ചും, അതിന്റെ പുതിയ സാധ്യതകളെ കുറിച്ചും, പ്രശസ്ത ചിത്രകാരന്‍ കാനായി കുഞ്ഞിരാമന്‍ കാഴ്ച്ച്ചക്കാരുമായി പങ്കുവെച്ചു.

ചിത്ര വീക്ഷണം

ചിത്രകലയിലെ പുതു ശബ്ദങ്ങള്‍ക്ക്‌ കാലത്തോട് വെളിപ്പെടുത്താനുള്ളത് എന്താണെന്നതിന്റെ വിളംബരങ്ങളാണ് ഓരോ കാന്‍വാസും സംസാരിക്കുന്നത്.

സംഭീതമായ ഒരു കാലത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളാണ് അനു റിന്‍സിയുടെ നിറങ്ങള്‍ നമ്മോടു പറയുന്നത്

ഒരു ഫോട്ടോഗ്രാഫ് എന്ന് തോന്നിപ്പിക്കും വിധം അത്ര കൃത്യതയോടെ റിയലിസ്റ്റിക്‌ രീതി പിന്തുടരുകയാണ് സജീഷ്.

പ്രകൃതിയെയും മനുഷ്യനെയും സംയോജിപ്പിച്ച് യന്ത്ര യുഗത്തില്‍ നിന്നും പിന്‍ നടത്തുന്നു സതീഷ്‌.

നെടുകെ മുറിച്ച ഫലത്തിനുള്ളില്‍ വിനാശകരമായ ആയുധ മൂര്‍ച്ചകളെ ആവിഷ്കരിക്കുന്ന രാകേഷ് പുളിയറക്കോണം ബിംബങ്ങളിലൂടെയാണ് സംസാരിക്കുന്നത്.

ഭീതിയുടെ നൂല്‍പ്പാലത്തിലൂടെ മറുകര തേടിയുള്ള മനുഷ്യന്റെ സഞ്ചാരമാണ് ജഗേഷ് എടക്കാട് ഫാന്റസി ചേര്‍ത്ത് അവതരിപ്പിക്കുന്നത്.

നിമ്മി മെല്‍വിന്‍ കറുത്ത കാലത്തും പ്രതീക്ഷകളുടെ കൊടിക്കൂറകള്‍ ഉയര്‍ത്തുന്ന സ്വപ്നങ്ങളുടെ വാഴ്ത്തുകാരിയാണ്.

അനൂപിന്റെ ചിത്രങ്ങള്‍ ദുരിത ജീവിതത്തിന്റെ ആത്മഭാഷണങ്ങളാണ് .

ഓരോ പോയിന്റിലും സൂക്ഷ്മതയുടെയും കൃത്യതയുടെയും മുദ്ര പതിപ്പിച്ച റിയലിസ്റ്റിക് രീതിയാണ് മിനേഷ് കുമാര്‍ പിന്തുടരുന്നത്. അലുമിനിയം ഷീറ്റില്‍ എച്ചു ചെയ്തെടുത്ത ചിത്രങ്ങള്‍ സ്വാഭാവിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെയാണ്.

ഒരു വിത്തിന്റെ രൂപാന്തരത്ത്തിലൂടെ പ്രകാശന്‍ വ്യക്തമാക്കുന്നത് ഒരു മുഴുലോകത്ത്തിന്റെ തന്നെ അവസ്ഥയാണ്.

ഹോചിമിന്‍ അബ്സ്ട്രാക്റ്റ് ചിത്ര രീതിയിലൂടെ സൌഹൃദങ്ങളുടെ ആഴങ്ങളെയും കപടതയെയും നേരിയ കോറലുകള്‍ കൊണ്ടു പോലും വായിച്ചെടുക്കാന്‍ കഴിയും വിധം അവതരിപ്പിച്ചിട്ടുണ്ട്.

യാമിനിയുടെ ചിത്രങ്ങളില്‍ വര്‍ണ്ണങ്ങളുടെ കുത്തൊഴുക്കാണ് . വെളിപ്പെടുത്താനുള്ള ആത്മ സംഗീതത്തിന്റെ ചിത്ര ഭാഷ്യങ്ങളാണ്‌ യാമിനിയുടെ ചിത്രങ്ങളില്‍ ഉള് ചേര്‍ന്ന് കിടക്കുന്നത് .

ഏകാന്തനായ ചിത്രകാരന്റെ ആകാശക്കാഴ്ച്ചകളില്‍ മിഴിനട്ടാണ് ഷാന്ടോ ആന്റണി തന്റെ ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നിട്ടുള്ളത്.

പരസ്യപ്പലകകളില്‍ സ്വയം അനാവൃതമാകുന്ന വര്‍ത്തമാന സ്വത്വങ്ങളെ കൂടി ഷാന്ടോ കാഴ്ചക്ക് മുന്നിലെത്തിക്കുന്നു.

പ്രദര്‍ശനം ജനു: 29 നു അവസാനിക്കും.



ചില മുഹൂര്‍ത്തങ്ങള്‍......



ഭദ്രദീപം. സി.എല്‍ പൊറിഞ്ചുകുട്ടി


ചിത്രങ്ങളെ കുറിച്ച്..... കാനായി കുഞ്ഞിരാമന്



പ്രശസ്ത ചിത്രകാരി സജിതാ  ശങ്കര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം


ഗാലറി സന്ദര്‍ശിച്ച ഇ എം എസ്സിന്റെ പുത്രി രാധചേച്ചിയുടെ കൂടെ.... 


Thursday, October 27, 2011

ഇറോമിന്റെ ഒടുവിലെ സൂര്യന്‍






ഉടല്‍ വേവും ഉള്താപങ്ങളില്‍
ഉയിര്‍ വിടചോദിക്കും
ശ്വസനചംക്രമണത്തിന്‍ വിഷമ സന്ധിയില്‍
ദാഹം തുളച്ചു താഴും വരണ്ട തൊണ്ടക്കുഴിയില്‍
'ഇറോം' എന്തോ പറയാന്‍ കിതക്കുന്നുവോ ...

ചരിത്രം അടയാളപ്പെടുത്തിയ ശിരോലിഖിതങ്ങളില്‍
പാകമാകാത്ത കാഞ്ചനകോടീരങ്ങള്‍ ചാര്‍ത്തി 
ഉന്നതശ്ശീര്‍ഷരായ വാഴ്ത്തപ്പെട്ട ദൈവ രൂപങ്ങളില്‍
നവലോക ക്ഷുഭിതയൌവ്വനങ്ങളുടെ
റോള്‍മോഡല്‍ മുദ്രരൂപങ്ങള്‍
ചാപ്പകുത്തും ശരീരവടിവുകളില്‍
മാധ്യമക്കമ്പോളം വിലപേശി നിറയ്ക്കും പൂമുഖ പരസ്യപ്പലകകളില്‍
എവിടെയുമില്ലല്ലോ നീ ...

വിശപ്പിനെ പ്രണയിച്ച്
ദാഹം കുടിച്ച്
മൃതിയെ കയ്യാട്ടി വിളിച്ച്
വാഴ്ത്തുകള്‍ക്കും ആരാധനാമന്ത്രങ്ങള്‍ക്കും
പാദശുശ്രൂഷകര്‍ക്കും പിടി കൊടുക്കാതെ
നിലവിളിച്ചലറും അനിയനും 
ഉടുതുണി നിഷേധിക്കപ്പെട്ട സഹോദരിക്കും
സ്വന്തം മണ്ണില്‍ മുഖം ചേര്‍ത്തുറങ്ങാന്‍ ഇടംചോദിച്ച അമ്മമാര്‍ക്കും
പാപപത്രികകള്‍ ചില്ലിട്ടു തൂക്കിയ ശവകുടീരങ്ങള്‍ക്ക് താഴെ
നിര്‍ബന്ധ മൌനം പുതച്ചുറങ്ങേണ്ടി വന്ന പിതാക്കള്‍ക്കുമായി
നീ വിശന്ന് ഉണര്‍ന്നിരുന്നു

കപട വിപ്ലവനാട്യങ്ങള്‍
തെരുവില്‍ വിജയക്കൊടികള്‍ വീശിയപ്പോള്‍
ഞങ്ങള്‍
നിന്റെ പെയ്തു തോര്‍ന്ന കണ്ണീര്‍മഴകള്‍ക്ക്‌
നിന്റെ അഗ്നിനിശ്വാസങ്ങള്‍ക്ക്
ചോദ്യശരങ്ങള്‍ തൊടുക്കാന്‍ പോലുമാകാതെ
തളര്‍ന്ന ചൂണ്ടുവിരലിനു കാവലിരുന്ന
ചിത്രത്തിലില്ലാത്ത  സൈന്യരൂപങ്ങള്‍!
ആയുധം നിഷേധിക്കപ്പെട്ട യോദ്ധാക്കള്‍
വരും നാളെയെന്ന  ഒടുവിലെ പുലരി വെട്ടത്തിനായി
മാനം നോക്കിയിരുന്ന വരിയുടക്കപ്പെട്ട ക്ഷീണജന്മങ്ങള്‍...

വരിക ഈ വരണ്ട മിഴികളിലെ വെട്ടമാവുക
ഞങ്ങളില്‍ ഉയിരാവുക
ഉടലാവുക
ഉറക്കെപ്പാടുക
നീതി മരിച്ചിട്ടില്ലെന്ന്...
ഒടുവിലെ സൂര്യന്‍ ഉദിച്ചുവെന്ന്  !

Wednesday, October 19, 2011

'പ്രിഥ്വി വിരോധം' മലയാളി മനസ്സിന്റെ പുതിയ മനോരോഗം





മലയാളി സമൂഹത്തിന്റെ മന:ശാസ്ത്രം

സമീപകാലത്ത് മലയാളി സമൂഹത്തിന്റെ ബോധമണ്ഡലത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി , വിശേഷം, പ്രതീകം എന്നിവ എന്തെന്ന് പരതിയാല്‍ നാം എത്തിച്ചേരുന്നത്  അണ്ണാ ഹസാരെയുടെ സമരം, സൗമ്യയുടെ വധം, മുല്ലപ്പൂ വിപ്ലവങ്ങളുടെ ആശയപരിസരം, സാമ്പത്തീക മാന്ദ്യം തുടങ്ങിയ കാലീകപ്രസക്തിയുള്ള വിഷയങ്ങളിലോ, മലയാളിയുടെ കാല്‍പ്പനിക കുലചിന്തകള്‍ പേറുന്ന, അവന്റെ സാംസ്കാരിക പരിസരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലും ഗൌരവ ചിന്തകളിലോ അല്ലെന്നു നമുക്ക് കാണാം. അവന്റെ സൌഹൃദ സദസ്സുകളെയും കൂടിച്ചേരലുകളേയും അവന്റെ ആശയ വിനിമയോപാധികളെയും പിന്തുടരുമ്പോള്‍  മലയാളി മനസ്സ് ഒരാഭരണമായി കൊണ്ടു നടക്കുന്ന സാംസ്കാരിക മനോരോഗത്തിന്റെ കൌതുകലോകത്തായിരിക്കും നമ്മുടെ അന്വേഷണങ്ങള്‍ അവസാനിക്കുന്നത് . അപരഹാസ്യം അവനു നല്‍കുന്ന ആത്മസുഖത്തേക്കാള്‍ വലുതല്ല അവന്റെ കെട്ടിപ്പൊക്കി ഉയര്‍ത്തിയ സാംസ്കാരികൌന്നത്യത്തിന്റെ പ്രതീക ഗോപുരങ്ങള്‍ ഒന്നും തന്നെയെന്നൊരു സ്വയം പ്രഖ്യാപനം അതില്‍ കാണാം.
കണ്ണാടിയില്‍ കാണുന്ന സ്വരൂപത്തെ കഴിഞ്ഞാല്‍ അവന്‍ കണ്ടെത്തുന്ന ഏതു രൂപത്തിന്റെയും ന്യൂനത കണ്ടെത്തുന്നതിലായിരിക്കും മലയാളിയുടെ പരമമായ സംതൃപ്തി കുടികൊളളുന്നത്
ഇനി വയ്യെന്ന മട്ടില്‍ മൃഷ്ട്ടാന്നഭോജനം നടത്തി ഒരു ഏമ്പക്കവും വിട്ടു സദ്യാഹാളിന്നു പുറത്തേക്കു വരുമ്പോള്‍ അടുത്തുള്ളവനോട് അവന്‍ പറയുന്നത് 'പൂവന്‍ പഴത്തിനു വലിപ്പം കൂടി ഇതെങ്ങിനെ വായിലേക്ക് കടത്തും ? സദ്യയുടെ ഐശ്വര്യം പോയി' എന്നോ മറ്റോ ആയിരിക്കും. ഒരേ സമയം ഉള്ളില്‍ ആസ്വദിക്കുകയും പുറമേ അവമതിക്കുകയും ചെയ്യുന്ന ഒരു സ്വഭാവപ്രകൃതിയാണ് ഓരോരുത്തനും അഭിമാനത്തോടെ പേറുന്നത്.
'പ്രിഥ്വി വിരോധം' എന്ന മനോരോഗം.
പ്രിഥ്വിരാജിനെ ജീവിക്കാന്‍  സമ്മതിക്കില്ലെന്നൊരു അപ്രഖ്യാപിത ഉപരോധം ഏറ്റെടുത്തു ആശയ ലോകം കൊണ്ടു ഇഞ്ചിഞ്ചായി വധിച്ച് ആസ്വദിക്കുന്ന 'പ്രിഥ്വിവിരോധം' എന്ന അപകടകരമായ മാനസീകരോഗം ഒരു പകര്ച്ച്ചവ്യാധി പോലെ പരസ്പരം പകര്‍ന്നു രസിക്കുകയാണ് ഇന്നത്തെ മലയാളി സമൂഹത്തിന്റെ  പ്രധാന വിനോദങ്ങളില്‍ ഒന്ന്. സ്വയം ചീഞ്ഞളിഞ്ഞു പരസ്പരം ദുര്‍ഗന്ധം വമിപ്പിച്ച് മലിനജീവിതങ്ങളില്‍ ആത്മരതി നുകരുന്ന ഒരു രോഗഗ്രസ്ത സമൂഹമായി മലയാളികള്‍ സ്വയം തങ്ങളുടെ സംസ്കാരത്തെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കു
കയാണ് .
വെറുമൊരു നേരംപോക്ക് ഫലിതങ്ങളിലെ വ്യക്തി ഹത്യ എന്നതിലുമപ്പുറം പ്രിഥ്വിരാജ് ഉന്നമാക്കപ്പെടുന്നതിലെ ഭൂതകാലം ചികയുന്നതിലൂടെയേ നമ്മുടെ സാമൂഹിക സാംസ്കാരിക മുഖത്തിന്റെ വൈകൃതം നമുക്ക് ശരിക്കും ബോധ്യമാകൂ..
പ്രിഥ്വിരാജ് നാള്‍വഴികള്‍
മലയാള സിനിമക്ക് ശ്രദ്ദേയമായ സംഭാവനകള്‍ നല്‍കിയ ചലച്ചിത്ര നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1983 ല്‍  ആണ് പ്രിഥ്വിരാജിന്റെ ജനനം.തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും  പഠനം പൂര്‍ത്തിയാക്കി ഓസ്ട്രേലിയയില്‍ വിവര സാങ്കേതിക വിദ്യയില്‍ ബിരുദ കോഴ്സിന്നു ചേര്‍ന്നെങ്കിലും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് രഞ്ജിത്തിന്റെ 'നന്ദനം' എന്ന സിനിമയിലൂടെ  വെള്ളി വെളിച്ചത്തിനു ഇതാ ഞാന്‍ എന്ന് പരിചയപ്പെടുത്തുകയായിരുന്നു പ്രിഥ്വിരാജ്.
കുടവയറും വിഗ്ഗ് വെച്ച തലകളുമായി വൃദ്ദനായകരുടെ 'വേഷംകെട്ടു യുവത്വം' മലയാള സിനിമയെ മുട്ടിന്‍ കാലില്‍ വലിച്ചിഴക്കുന്ന സമയത്താണ് പൌരുഷ പ്രകൃതിയും ഒഴുക്കുള്ള സംഭാഷണ ചാതുരിയും കൊണ്ടു പ്രിഥ്വിരാജ് പ്രേക്ഷകന്റെ സങ്കല്‍പ്പ നായകനായി വന്നു പിറക്കുന്നത്.‌
അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സ്വന്തമായി നയവും അഭിപ്രായവുമുള്ള പ്രിഥ്വിരാജിനൊപ്പം വിവാദങ്ങളുടെയും ഒളിയമ്പുകളുടെയും  ഒരു അദൃശ്യ വലയം എപ്പോഴുമുണ്ടായിരുന്നു. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയും സിനിമാ വ്യവസായികളും ചേരിതിരിഞ്ഞപ്പോള്‍ തിലകനും, ലാലുഅലക്സിനും, സുരേഷ് കൃഷ്ണക്കുമൊപ്പം വിമതപക്ഷത്ത് നിന്ന് പ്രിഥ്വി ആദ്യ വെടി പൊട്ടിച്ചിരുന്നു. 
അമ്മയെയും ചലച്ചിത്ര പ്രവര്‍ത്തകരെയും വെല്ലു വിളിച്ച 'സത്യം' എന്ന സിനിമയിലെ നായകനായതിലൂടെ സിനിമാലോകത്ത് തന്നെ ധാരാളം ശത്രുക്കളെയും ഈ സമയം കൊണ്ടു  സമ്പാദിക്കുകയും ചെയ്തു.
പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ദി കൈമുതലായുള്ള പ്രിഥ്വിരാജ് എതിര്‍പ്പുകളെ വകഞ്ഞു മാറ്റി ബഹുദൂരം മുന്നോട്ടു പോയി. ഒരുപിടി ശ്രദ്ദേയമായ ചിത്രങ്ങള്‍ കൊണ്ടു യുവാക്കളുടെ റോള്‍ മോഡല്‍  ആയി മാറാന്‍ അധികം സമയം എടുത്തില്ല. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡു നേടിയ 'വാസ്തവം' എന്ന ചിത്രത്തിലൂടെ തന്റെ അഭിനയസിദ്ധിക്ക് ആധികാരിക തിളക്കം നല്‍കാനും പ്രിഥ്വിരാജിനായി.  അതോടെ നരച്ച മീശ കറുപ്പിച്ചും, കുടവയര്‍ പിറകോട്ടു പിടിച്ചുകെട്ടിയും യയാതിയെപ്പോലെ യൌവ്വനം ഇരന്ന്  പുതിയ കാലത്തും ചുവടുപിഴക്കുന്ന കാലുകള്‍ ഉറപ്പിക്കാന്‍ പാടുപെടുന്ന പഴയ പ്രതിഭകളും അവര്‍ക്കൊപ്പം ചെരിപ്പിനനുസരിച്ചു കാലു മുറിച്ചു പാകപ്പെടുത്തുന്ന അണിയറ പ്രവര്‍ത്തകരും ഉണര്‍ന്നു. പ്രിഥ്വിവിരോധം എന്ന രോഗ ബീജത്തിന് ആദ്യമായി ജീവരൂപം കൈകൊള്ളുന്നത്‌ അത്തരം പിന്നാമ്പുറ മലിനപരിസരങ്ങളില്‍ നിന്നാകാം.

പ്രിഥ്വിരാജ് പൂര്‍ണ്ണശരികളുടെ ആള്രൂപം ആണെന്നോ  പ്രിഥ്വിരാജും ഭാര്യ സുപ്രിയയും ഒന്നിച്ച് ജോണ് ബ്രിട്ടാസിന് മുന്നില്‍ നിരത്തിയ വാദമുഖങ്ങളോ അഭിപ്രായങ്ങളോ പൂര്‍ണ്ണമായും ആധികാരിക രേഖകളുടെ പിന്തുണയുള്ളവയോ തന്നെയാണെന്നോ  ആര്‍ക്കും അഭിപ്രായമില്ല. എന്നാല്‍ അങ്ങിനെ ഒരു സമീപനത്തിന്റെ പേരില്‍ പ്രിഥ്വിരാജെന്ന മഹാനടനെ നിര്‍ദാക്ഷിണ്യം വേട്ടയാടുന്നതിനു ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയില്ല. അഥവാ ആയുധങ്ങള്‍ സൃഷ്ട്ടിക്കപ്പെട്ടതിനു ശേഷം പാകമായ ഇരയെ തേടി നടന്ന വേട്ടക്കാര്‍ക്ക് മുന്നില്‍ ഒരു നിയോഗം പോലെ വന്നു വെളിപ്പെട്ടു എന്നൊരു പാപം മാത്രമേ പ്രിഥ്വിരാജ് ചെയ്തുള്ളൂ..
'ഏറും മോറും  ഒത്തുവരിക'യെന്ന നാട്ടു പ്രയോഗം പോലെ, അല്ലെങ്കില്‍ ;മോങ്ങാനിരിക്കുന്ന നായത്തലയില്‍ വന്നു വീണ തേങ്ങ'യായിപ്പോയി ജോണ് ബ്രിട്ടാസിന്റെ പ്രിഥ്വിരാജുമായുള്ള അഭിമുഖം എന്ന മഹാസംഭവം എന്നും വായിച്ചെടുക്കാം.  ഈ സംഭവത്തോടെപ്രിഥ്വിരാജെന്ന മഹാനടനെ മലയാളി സമൂഹ മനസ്സ് തിരസ്ക്കരിക്കുകയും അവിടെ രാജുമോന്‍ എന്ന കോമാളി കഥാപാത്രത്തെ പ്രതിഷ്ടിക്കുകയും ചെയ്തു. മേല്‍വിലാസം പോലും വ്യക്തമാക്കാത്ത ഏതോ വിദ്വാന്‍ പ്രിഥ്വിരാജിന്റെ വാക്കുകളും മറുപടിയായുള്ള ക്ലിപ്പുകളും  കൂടി എഡിറ്റു ചെയ്തു യൂടൂബില്‍ കയറ്റിയതോടെ ഒത്തു കിട്ടിയ ഇരയെ വലിച്ചു കീറി പങ്കുവെക്കുന്ന കഴുകന്മാരുടെ വേഷം എടുത്തണിഞ്ഞ്  ആവും വിധം തങ്ങളാല്‍ കഴിയുന്നപരിഹാസ ഭാവനകളും ഒളിയമ്പുകളും തൊടുത്ത് പ്രിഥ്വിരാജെന്ന മഹാ നടനെന്ന ബിംബത്തെ കൂടുതല്‍ വികൃതമാക്കാന്‍ മലയാളി പൊതുസമൂഹം മത്സരിക്കുകയായിരുന്നു.  തെറ്റായി ഉച്ചരിക്കപ്പെടുന്ന ഏതൊരു ഇംഗ്ലീഷു പദവും ഏറ്റെടുക്കേണ്ടി വരുന്ന  ഒരു പിതൃത്വത്തിന്റെ  ബാധ്യത പ്രിഥ്വിരാജിനു ചാര്‍ത്തിക്കിട്ടി. പഴയ സ്പോക്കണ്‍  മംഗ്ലീഷു ഹാസ്യങ്ങള്‍ പുതിയ ഉടുപ്പണിയിച്ച്  വീര്യം കൂട്ടിയ വീഞ്ഞായി പുനരവതരിപ്പിക്കപ്പെട്ടു. മുന്‍വിധികളോടെ അഹങ്കാരിയും അപക്വമതിയുമായ ഒരാളുടെ കോപ്രായങ്ങള്‍ എന്ന് വരാനിരിക്കുന്ന പടങ്ങള്‍ക്ക് വരെ സീല്‍ചെയ്യപ്പെട്ടു. രാജുമോനെ കാണുമ്പോഴേക്കും വായ പൊത്തി ചിരിക്കുന്ന കോമാളി കഥാപാത്രത്തിലേക്ക് പ്രിഥ്വിരാജിനെ മാറ്റിയെടുത്തപ്പോള്‍  മാത്രമാണ് ഈ മനോരോഗികള്‍ക്ക് സമാധാനം കിട്ടിയത്. അമിതമായ ആത്മവിശ്വാസവും തന്റെ കഴിവിലുള്ള പൂര്‍ണ്ണ വിശ്വാസവും ,ഇകഴ്ത്തപ്പെടുന്നതിലെ നൈരാശ്യവും നിഴലിച്ചതായിരുന്നു പ്രിഥ്വിരാജിന്റെ അഭിമുഖത്തിലെ ഓരോ വാക്കുകളും. അതുകൊണ്ട് തന്നെ വാക്കുകള്‍ക്കുമപ്പുറം  പ്രിഥ്വിരാജിന്റെ വികാരം മലയാളി പൊതു സമൂഹത്തിനു മനസ്സിലാകാതെ പോയി. അല്ലെങ്കിലും അപരന്റെ വളര്‍ച്ചയില്‍ പങ്കുകൊള്ളാന്‍ ആര്‍ക്കാണ് നേരം?

അഭിമുഖ മഹാസംഭവം കഴിഞ്ഞ പാടെ മലയാളി മനസ്സിന്റെ പിന്നാമ്പുറങ്ങളില്‍ ഇരതേടി നടന്നു വിശ്രമത്തിലായിരുന്നവര്‍ എല്ലാ അമ്പുകളിലും വിഷം പുരട്ടി സജീവമായി. അവന്റെ ധിഷണയും ആശയ വിനിമയോപാധികളുടെ സര്‍വ്വ സ്രോതസ്സും ഉണര്‍ന്നു.ഇ- മെയിലുകളായും ,എസ്സെമ്മെസ്സുകളായും  വായ്മൊഴി, വരമൊഴിച്ചന്തങ്ങളായും  രാജുമോനെന്ന മംഗ്ലീഷു സായിപ്പിന്റെ ബഫൂണ്‍ കോലത്തിലേക്ക്  ഒരു മഹാനടനെ അവര്‍ കോലം കെട്ടിച്ചുവിട്ടു. അല്പ്പനും അഹങ്കാരിയുമായ കഥാപാത്രങ്ങളാക്കി പ്രിഥ്വിരാജിനെയും ഭാര്യ സുപ്രിയയെയും ചേര്‍ത്ത് കഥകള്‍ മത്സരിച്ചു പടച്ചു . അതില്‍ ഒന്നാണ് ഇവര്‍ ഒരു കടയില്‍ ചെന്ന് ടെന്‍ കോര്‍ണര്‍ റൈസ് ലവ് ഉണ്ടോ? എന്ന് ചോദിക്കുന്നത് അഥവാ ദശ- മൂല- അരി- ഇഷ്ട്ടം ..! ഇത്ര ഭാവനാ സമ്പന്നമായി കഥകള്‍ സൃഷ്ട്ടിക്കാന്‍ കഴിവുള്ളവര്‍ തങ്ങളുടെ പ്രതിഭ വെളിപ്പെടുത്തുന്ന ഇടം, അവസരം, അതിലൂടെ ലഭിക്കുന്ന ലാഭം എന്നിവ ചേര്‍ത്ത് ചിന്തിക്കുമ്പോളാണ്‌ മലയാളി മനസ്സിന്റെ മനോരോഗം എന്ന പ്രയോഗം എത്രമാത്രം യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാകൂ. വ്യക്തമായ ഉന്നത്തോടെ തങ്ങളുടെ പരിഹാസഭാവനകളുടെ ഭാണ്ഡം ചുമക്കാന്‍ തെളിച്ചു കൊണ്ടുവരപ്പെട്ട  ആദ്യ ബലിമൃഗം ഒന്നുമല്ല പ്രിഥ്വിരാജ് എന്ന മഹാനടന്‍ എന്ന് മലയാളി മനസ്സിന്റെ ഭൂതകാല ചരിത്രം പരിശോധിച്ചാല്‍  നമുക്ക് മനസ്സിലാകും
അപരന്റെ വിഴുപ്പു ചുമക്കുന്നവര്‍
മലയാളി മനസ്സിന് അപഹസിക്കാന്‍ എപ്പൊഴും ഒരു പ്രതീകം വേണ്ടിയിരുന്നു. അപരന്റെ വായില്‍ കയ്യിട്ടു മണത്ത് അവന്റെ വായ നാറുന്നുവെന്നു മൂന്നാമതൊരാളോട് പറഞ്ഞോ, കുമ്പിട്ടു നില്‍ക്കുന്നവന്റെ ആസനത്തില്‍ മൂക്ക് വെച്ച് നോക്കി നിന്നെ നാറുന്നു എന്നോ പറഞ്ഞില്ലെങ്കില്‍ സ്വന്തം ശുദ്ധിബോധം കൈമോശം വരുമോ എന്നൊരു വേവലാതിയാണ് അവന്. താന്താങ്ങളുടെ പൊങ്ങച്ചഗോപുരങ്ങള്‍ക്ക് ഉയരം വെപ്പിക്കുവാന്‍ ചുറ്റുപാടുള്ളതിനെ  തകര്‍ക്കുകയെന്ന ഒരു തന്ത്രമാണവന്റെ രീതി. ഉയരമുള്ളവന്റെ ചുമലുകള്‍ ഇടിച്ചു താഴ്ത്തി തനിക്കും തന്റെ വിദൂഷകര്‍ക്കും കയറി നിന്ന് ചിരിക്കാന്‍ ഒരു ഉയര്‍ന്ന തലം അവന്‍ കെട്ടിയുയര്ത്തും. തങ്ങള്‍ സമ്പൂര്‍ണ്ണരെന്ന സ്വയം പ്രഖ്യാപനങ്ങള്  ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടി തങ്ങള്‍ക്കു അനഭിമതരായവരുടെ കാര്‍ട്ടൂണ്‍ രൂപങ്ങള്‍ പടക്കുകയും അവയെ വിഴുപ്പുമാലകള്‍ കൊണ്ടു അഭിഷേകം ചെയ്യുകയും ചെയ്യും.
ഇത്തരം മുഖം കുനിച്ചു നിര്‍ത്തപ്പെട്ട ഒരു പാട് നിസ്സഹായ ജന്മങ്ങളെ സമൂഹത്തില്‍ സമീപ ഭൂതകാലത്ത് തന്നെ നമുക്ക് കാണാം. തങ്ങള്‍ ബോധമുള്ളവരാണെന്ന്  സ്ഥാപിക്കാന്‍ ഭ്രാന്തനെ കല്ലെറിയുന്ന വന്റെ മന:ശ്ശാസ്ത്രമാണത് .
സീതിഹാജി
സര്‍ദാര്‍ കഥകളുടെ മലയാള വാര്പ്പുമാതൃകകളായിരുന്നു ആദ്യകാലത്ത് മലയാളീ വിദൂഷകഫലിതങ്ങള്‍ക്ക് അസ്ഥിവാരം പണിതത്. ഉള്ളവനെ ചിരിപ്പിച്ചും അവന്റെ വിഡ്ഢി ഭാവനകളെ ചിരിച്ചു പ്രോത്സാഹിപ്പിച്ചും ജീവിച്ചു പോന്ന വിദൂഷകവേഷം കെട്ടിയ കോമാളി സില്‍ബന്ധികള്‍ ആയിരുന്നു മലയാളത്തിലേക്ക് മൊഴിയും പരിസരവും മാറ്റി സര്‍ദാര്‍ ഫലിതങ്ങള്‍ക്ക് മലയാളിടച്ചു നല്‍കിയത്. ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ വിദ്യാഭ്യാസകാലം പ്രീഡിഗ്രിക്കാലം ആണെന്ന് പഴയ കാലത്തെ താലോലിക്കുന്ന ഏതൊരു പൂര്‍വ്വ വിദ്യാര്‍ഥിയും സമ്മതിക്കും (സ്കൂളിന്റെ അതിരില്‍ തറച്ച പ്ലസ് ടൂ കുട്ടികള്‍ക്ക് ആ കാലത്തിന്റെ മധുരത്തെ കുറിച്ച് എന്തറിയാം !) കലാലയ വെടിക്കൂട്ടങ്ങളുടെ തലതെറിച്ച പ്രീഡിഗ്രി സദസ്സുകളുടെ സര്‍ദാര്‍ പ്രേതംകയറിയ മലയാളിയുടെ ആദ്യ പരിഹാസ്യ ബലിയാടായിരിക്കണം യശ:ശ്ശരീരനായ സീതിഹാജി.
ജനമനസ്സില്‍ പുഞ്ചിരിനിലാവ് കൊണ്ടു അടയാളമിട്ട സീതി സാഹിബ് വരേണ്യരായ കദര്‍ധാരികളുടെയും ,ആഭിജാത്യവും കുലമഹിമയും സമ്പത്തും കൊണ്ടു അനുഗ്രഹിക്കപ്പെട്ട  അധികാര ഗര്‍വ്വിന്റെ പ്രതീകങ്ങള്‍ക്കുമിടയില്‍ ഇവയെല്ലാമുണ്ടായിട്ടും സാധാരണക്കാരന്റെ സുഹൃത്തും അവന്റെ ഭാഷയില്‍ അവന്റെ വിഷയങ്ങള്‍ കേള്‍ക്കുകയും ഇടപെടുകയും ചെയ്തിരുന്ന സാമാജികനുമായിരുന്നു.
ഒരേ സമയം മുന്കോപവും സരസ പ്രകൃതവും മാറിമാറി മുദ്രവെക്കുന്ന ഒരു സംസാര രീതിയായിരുന്നു സീതിഹാജിയുടേത് . അപ്പപ്പോള്‍ തോന്നിയത് പച്ചയായി പറയാന്‍ ഔപചാരിക പദങ്ങള്‍ തേടിപ്പോകാതെ ഓ.വി. വിജയന്‍റെ രീതിയില്‍ 'തൂറാന്‍  മുട്ടിയ പ്രജാപതിയുടെ' ഭാഷ തന്നെയായിരുന്നു സീതി ഹാജിയുടേത്.
ഉരുളക്കുപ്പേരി പോലെ മറുപടി പറയുകയും ദേഷ്യംപിടിച്ചാല്‍ തന്റെ നാട്ടിന്‍പുറത്തെ സുഹൃത്തിനോടെന്ന പോലെ ഏതു പൊതു ഇടത്തും പ്രതികരിക്കാനും മടിയുണ്ടായിരുന്നുമില്ല . ഇതായിരുന്നു സീതി ഹാജിയുടെ ഗുണവും ദോഷവും.
അതുകൊണ്ട് തന്നെ സീതിഹാജിയുടെ സംസാരരീതിയും സ്വഭാവസവിശേഷതയും പരിഹാസ ഭാവനകളും കൂട്ടിച്ചേര്‍ത്ത് സര്‍ദാര്‍ ഫലിതങ്ങളുടെ  മലയാളഭാഷ്യം ചമക്കുകയായിരുന്നു കാംപസ് കൌമാരങ്ങള്‍!
സീതിഹാജിയെ കുറിച്ച് പറയപ്പെടുന്ന ഒരു പ്രധാന തമാശാപ്രയോഗം അദ്ദേഹത്തിന്റെ മുന്കോപത്തെ കുറിച്ചു തന്നെയാണ് .ഒരിക്കല്‍ പ്രസംഗിക്കാന്‍  വേണ്ടി എഴുന്നേറ്റു നിന്ന് 'നിങ്ങളൊക്കെ സീതിഹാജി തെറി പറയും തെറി പറയും എന്ന് പറയുന്നു ..ഞാന്‍ എന്ത് കോപ്പിലെ .... ആണ് പറയാറുള്ളത്? ' എന്ന് സാമാന്യം മുഴുത്ത ഒരു തെറിപ്പദം  കൂട്ടി ചോദിച്ചു എന്നാണു കഥ.!
ഹജ്ജു ചെയ്യാത്ത ഇന്ദിരയെ എന്തിനു ഇന്ദിരാജി എന്ന് വിളിക്കണം എന്ന് ചോദിച്ചുവെന്നും മരം മുറിച്ചാല്‍ മഴപെയ്യില്ലെങ്കില്‍ അറബിക്കടലില്‍ മഴ പെയ്യുന്നത് പിന്നെങ്ങിനെ ആണെന്ന് നിയമസഭയില്‍ ചോദിച്ചു എന്നതും പിന്നാമ്പുറ കഥകളില്‍ ഉണ്ട്.. പലതിലും അശ്ലീലം കലര്‍ത്തി വിളമ്പുന്നതായിരുന്നു അക്കാലത്തെ കൌമാര സദസ്സുകളിലെ കഥകളുടെ വിജയഫോര്‍മുല.
ഓരോ കഥകളുടെയും ഉപകഥകളായി അങ്ങിനെ അക്കാലത്തെ എല്ലാ ഫലിതഭാവനകളുടെയും കേന്ദ്ര കഥാപാത്രമായി സീതിഹാജി  മാറ്റപ്പെട്ടു. അതെന്തായാലും പുതിയ കാലത്തെ കഥാപാത്രങ്ങളുടെ വരവോടെ സീതി ഹാജി പുതിയ കഥകളില്‍ നായക സ്ഥാനത്തു നിന്ന് സാവധാനം മോചിതനായി.
ജയന്
പിന്നെയായിരുന്നു മിമിക്രി കലാകാരന്മാരുടെ ഗോഷ്ട്ടിപുരാണങ്ങള്‍ മലയാളി ഇടനേരം എടുത്തണിഞ്ഞ കൃത്രിമ ഗൌരവങ്ങളെ ഇക്കിളിപ്പെടുത്താന്‍ തുടങ്ങിയത് . ഇക്കുറി അവരുടെ ആയുധങ്ങള്‍ക്ക് ചേര്‍ന്ന ഇരയെ ഒത്തുവന്നത് അഭ്രപാളിയില്‍ അനശ്വരനായ ഒരു സൂപ്പര്‍ താരത്തിനു യോജിക്കുന്ന രീതിയിലായിരുന്നു. വെറും ആറു വര്‍ഷത്തെ അഭിനയ ജീവിതം കൊണ്ടു മലയാള സിനിമയുടെ നായക സങ്കല്‍പ്പത്തിനു തന്നെ പുതിയ മാനം നല്‍കിയ കൃഷ്ണന്‍ നയര്‍ എന്ന 'ജയന്‍' ആയിരുന്നു ആ ഹതഭാഗ്യന്‍ .  1980 നവംബര്‍ 16 നു ജീവിതത്തോടും അഭിനയകലയോടും ഒരേസമയം വിടപറഞ്ഞ, സ്വജീവിതം കലക്ക് വേണ്ടിയുള്ള ആത്മാര്‍പ്പണമാക്കിയ കലാകാരനായിരുന്നു ജയന്‍ എന്ന വിസ്മയം! 'കോളിളക്കം' എന്ന വിജയാനന്ദ് ചിത്രത്തിലെ അവസാന സാഹസീകരംഗം ചിത്രീകരിക്കുമ്പോള്‍ ചെന്നെയില്‍ വെച്ചാണ് ജയന്‍ മരണത്തിന്റെ വാതില്‍ തട്ടിത്തുറന്ന് ഓര്‍മ്മയായത്. സ്വന്തമായി രൂപപ്പെടുത്തിയ ഒരു സംഭാഷണ രീതികൊണ്ടും വേറിട്ടൊരു ചിരികൊണ്ടും അക്കാലത്ത് ആബാലവൃദ്ധം ജനങ്ങളുടെ ആരാധനാ കഥാപാത്രമായ ജയന്‍ അതേ കാരണങ്ങള്‍ കൊണ്ടു പില്‍ക്കാലത്തെ മിമിക്രീ കോമാളിക്കൂട്ടത്തിന്റെ അവമതിക്കും കാരണമായി എന്നുള്ളത് ചരിത്രത്തിന്റെ ദുരന്ത പരിണാമമായിരിക്കും.
പര്‍വ്വതീകരിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് ഒരു ജയന്‍ ടച്ചു തന്നെ ഈ കൊമാളിക്കൂട്ടം സമൂഹത്തിനു പകര്‍ന്നു കൊടുത്തു. 'ഒരു ജയന്തി ജനത കിട്ടിയിരുന്നെങ്കില്‍ പിടിച്ചു നിര്ത്താമായിരുന്നു' , 'ഒരു കഴുങ്ങു കിട്ടിയിരുന്നെങ്കില്‍ പല്ലില്‍ കുത്താമായിരുന്നു', 'സൌരയൂഥത്തില്‍ കയറി പന്ത് തട്ടാമായിരുന്നു' തുടങ്ങി ജയന്റെ വേഷവും ശബ്ദവും ശൈലിയും കൂട്ടിച്ചേര്‍ത്തു വയറ്റുപ്പിഴപ്പിന്റെ പേര് പറഞ്ഞു നിരന്തരം ദ്രോഹിച്ചു കൊണ്ടേയിരുന്നു ഇക്കൂട്ടര്‍. സഹികെട്ട് ജയന്റെ കുടുംബം കോടതി കയറും വരെയും ഒരു മനസ്സാക്ഷിക്കുത്തും ആര്‍ക്കും അനുഭവപ്പെട്ടില്ലെന്നതായിരുന്നു ഏറെ ദു:ഖകരം !
ശ്രീശാന്ത്
കുറച്ചു കാലം ഇരതേടി നടന്നു വെറുംകയ്യോടെ മടങ്ങി വന്ന അരിശം ഈ വേട്ടക്കാര്‍ക്ക് തീര്‍ന്നു കിട്ടിയത് ഈയടുത്ത കാലത്തായി കായികരംഗത്ത് നിന്ന് ഒരു ഒത്ത ഇരയെ വീണുകിട്ടിയപ്പോഴാണ് . ഇന്ത്യ വിജയ കിരീടംചൂടിയ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിലും , ഏകദിന ലോകകപ്പിലും കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച മലയാളികളുടെ അഭിമാനമായ ശ്രീശാന്താണ് ഇക്കുറി ടാര്‍ജറ്റ് ചെയ്യപ്പെട്ടത്. നേട്ടങ്ങളില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുന്ന , ക്ഷുഭിത പ്രകൃതിയുള്ള ശ്രീശാന്തിന്റെ സ്വാഭാവം തന്നെ ഒരു വികൃതിപ്പയ്യനായ വിദ്യാര്‍ഥിയുടേതിനു സമാനമായിരുന്നു.
ക്ലാസ്സില്‍ എത്ര ബഹളക്കാരനായാലും പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിക്കുന്ന വിദ്യാര്‍ഥിയുടെ മന:ശ്ശാസ്ത്ര മായിരുന്നു ശ്രീശാന്തിന്റേത് . സ്വഭാവ സവിശേഷതകളിലെ ഈ  പൊരുത്തക്കേടിനെ മാത്രം ഫോക്കസ് ചെയ്ത് ശ്രീശാന്തിന്റെ പ്രതിഭാസ്പര്‍ശത്തെയും അര്‍പ്പണബോധത്തെയും കണ്ടില്ലെന്നു നടിച്ച് മലയാളികള്‍ക്ക് തന്നെ അപമാനമാണ് ശ്രീശാന്തെന്നു മുദ്രകുത്തിയാണ്  പൊതു സമൂഹത്തിന്റെ വര്‍ഗ്ഗീകരണ കള്ളികള്‍ ശ്രീ ശാന്തിനെ മാറ്റി നിര്‍ത്തിയത് .
ഹര്‍ഭജന്റെ കയ്യില്‍ നിന്ന് അടിവാങ്ങിയതും, സൈമണ്‍സിനെ തെറി വിളിച്ചതും മുഖഭാവങ്ങളിലെ ഗോഷ്ട്ടികളും മാത്രം മലയാളി സൂക്ഷിച്ചു നോക്കി വിലയിരുത്തി . അവനവനു എത്തിപ്പെടാന്‍ കഴിയാത്തിടത്ത് അന്യന്‍ ഇരിക്കുമ്പോഴുള്ള  ഒരു കുശുമ്പു തീര്‍ക്കാന്‍ ഓരോരുത്തരും ശ്രീശാന്തിനെ വിടാതെ പിന്തുടര്‍ന്ന് ചന്തപ്പിള്ളേരുടെ  മനസ്സോടെ കൂക്കി വിളിച്ചു കൊണ്ടേയിരുന്നു. ശ്രീശാന്തിന്റെ അമ്മയുടെ പ്രാര്‍ഥനയും പൊങ്കാലയും ഒക്കെയായിരുന്നു മാധ്യമ വാര്‍ത്തകളിലെ പോലും പ്രധാന ഉള്ളടക്കം!
ഗോപുമോന്റെ അമ്മ എന്ന് തുടങ്ങുന്ന ഫലിതങ്ങള്‍ക്കായിരുന്നു ലോകകപ്പിനിടയില്‍ പോലും പ്രചാരം..
അവയിലൊന്നാണ് ലോകകപ്പിന് ശേഷം ശ്രീശാന്തിന്റെ അമ്മ ചാനലുകാരോട് പറയുന്നതായി പ്രചരിച്ച  ഒരു ഫലിതം
'എന്റെ ഗോപുമോനെക്കൊണ്ട് ഒരു ഓവര്‍ കൂടി ചെയ്യിക്കാത്തതിനുള്ള ശിക്ഷ ആ ധോണിക്ക് കിട്ടി. അവന്റെ ഓവറില്‍ ശ്രീലങ്ക  ഇത്തിരികൂടി റണ്സ് എടുത്തിരുന്നെങ്കില്‍ സിമ്പിളായി സെഞ്ചുറി തികക്കാമായിരുന്നില്ലേ  ആ ധോണിക്ക്' എന്ന്..  ശ്ലീലവും അശ്ലീലവും കലരുന്ന ദ്വയാര്‍ത്ഥ ഫലിതങ്ങള്‍ വേറെയും!
അതെന്തായാലും ശ്രീശാന്ത് ശാന്തമായി തന്നെ അവയെ നേരിട്ടു. ടീ വി രാജേഷിനെ പോലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയാനൊന്നും ശ്രീശാന്ത് നിന്നില്ല. ക്രിക്കറ്റ് കളിച്ചില്ലെങ്കിലും ഡാന്സ് കളിച്ചു ഞാന്‍ ഞാന്‍ കുടുംബം  പോറ്റും എന്ന്  തെളിയിച്ചു കൊടുത്തു ശ്രീ.
സില്‍സിലാ ഹരിശങ്കര്‍
അടുത്ത ഇര ഉര്‍വ്വശീശാപം ഉപകാരമായ സില്സിലാ ആല്‍ബം ഫെയിം ഹരിശങ്കര്‍ ആയിരുന്നു
ഹരിശങ്കര്‍ കലവൂര്‍ എന്ന വെറും മനുഷ്യനെ 'സില്സിലാ ഹരിശങ്കര്‍' എന്ന ആഗോള പ്രശസ്തനാക്കിയതിന് , അഞ്ചു ലക്ഷം ഹിറ്റുകള്‍ വന്നു യൂടൂബു താരമാക്കിയതിന് മലയാളി മനസ്സാക്ഷിയെ നമിക്കണം! വെറുമൊരു നേരംപോക്ക് ഗാനചിത്രീകരണത്തെ 'കൂതറ ആല്‍ബ' മെന്ന പേരില്‍ യൂടൂബില്‍ അപ്ലോഡ് ചെയ്തു പരിഹസിക്കാനുള്ള ശ്രമമാണ് നെഗറ്റീവ് പബ്ലിസിറ്റിയായി ഹരിശങ്കറെ  അനുഗ്രഹിച്ചത്. നേരിട്ടും ഫോണ്‍ വിളികളിലൂടെയും എസ്സെമ്മെസ് വഴിയും നിത്യവും കേട്ടു കൊണ്ടിരുന്ന തെറികള്‍ക്ക്‌ പ്രായശ്ചിത്തമായി ഏഷ്യാനെറ്റ്  റ്റോക്ക് ഷോയിലേക്ക്  പി സത്യന്‍ ക്ഷണിക്കുന്നതിലൂടെ കഥ മാറുന്നു. പിന്നീട് സില്സിലാ ഹരി ശങ്കര്‍ വളര്‍ന്നത്‌ സിനിമയിലേക്ക് . പി കെ പ്രകാശ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ  ബോബനും ജയസൂര്യയും ഇന്ദ്രജിത്തും അഭിനയിക്കുന്ന 'ത്രീ കിങ്ങ്സ്' എന്ന സിനിമയില്‍ ഔസേപ്പച്ചന്‍ ഈഗാനം ചിട്ടപ്പെടുത്തുന്നതും പില്‍ക്കാല ചരിത്രം! തന്നെ വീടിനു പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതിരുന്ന സമൂഹത്തിനു മുന്നിലൂടെ 'ആസ്വദിക്കുക ജീവിതം ആസ്വദിക്കുക യൌവ്വനം' എന്ന് പാടി സില്‍ സിലാ ഹരി ശങ്കര്‍ നെഞ്ചു വിരിച്ചു നടന്നു പോകുന്നു 
സന്തോഷ്‌ പണ്ഡിറ്റ്
ഹരിശങ്കര്‍ ഉഴുതു മറിച്ച ഭൂമിയിലാണ് അടുത്ത ഇരക്ക്  മുളപൊട്ടുന്നത്. സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ആല്‍ബമെടുപ്പുകാരനാണ് 'എന്നെ വേട്ടയാടു വിളയാട്' എന്ന് പറഞ്ഞ് പൊതു ജനത്തിനു മുന്നില്‍ മലര്‍ന്നടിച്ചു കിടന്നു തന്നത് . പക്ഷെ ഇക്കുറി ആ വലയില്‍ ബുദ്ധിമാനായ മലയാളികള്‍ ഒന്നടങ്കം വീണു തോറ്റു കൊടുക്കുകയായിരുന്നു. നേരെ ചൊവ്വേ പ്രശസ്തനാവാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള, ബുദ്ധിമാനായ, അതേ സമയം പാവത്താനായ ഒരാള്‍ക്ക്‌ മുന്നില്‍ തങ്ങളുടെ ബുദ്ധിയുടെ ഭാരം ബുദ്ധിമാന്മാരായ മനോരോഗികള്‍ അടിയറ വെച്ച്  ലജ്ജിച്ചു നില്‍ക്കുന്ന വൈപരീത്യം ആണ് ഇക്കുറി സംഭവിച്ചത് . ഇത്രകാലം തങ്ങള്‍ പണ്ഡിറ്റിനെ ചുമന്നത് അയാളുടെ ലക്ഷ്യങ്ങള്‍ക്ക് പിന്നില്‍ അറിയാതെ കൊളുത്തിവെച്ച ഇര പിടിച്ചാണെന്നു  മനസ്സിലാക്കാന്‍ ഈ മനോരോഗികള്‍ വൈകിയതിലാണ് കാലത്തിന്റെ തമാശ!
താന്‍ സൌന്ദര്യമില്ലാത്തവരുടെ നായകനാണെന്നും 'വലിയകുട്ടി' യാണെന്നും ലോകത്തോട്‌ വിളിച്ചു പറഞ്ഞു ബഹുഭാഷയില്‍ വലിയ കാന്‍വാസില്‍ നിങ്ങളെ ഞാന്‍ എന്റെ സിനിമ കാണിച്ചു വിറളി പിടിപ്പിക്കും എന്ന് വെല്ലു വിളിക്കാനും സന്തോഷ്‌ പണ്ഡിറ്റിനു കഴിഞ്ഞു എന്നുള്ളിടത്താണ് മലയാളി മനസ്സിന്റെ ഗര്‍വ്വിന്റെ കിരീടം സ്വല്പ്പമെങ്കിലും ചെരിയുന്നത് .
ടിന്റുമോന്‍
എന്നാല്‍ നവകാലത്തെ എല്ലാ കോമാളി ഭാവനകളുടെയും അപര ഹാസ്യത്തിന്റെയും  സര്‍വ്വപാപഭാരങ്ങളും ഏറ്റുവാങ്ങി കുരിശേറാന്‍  'ടിന്റുമോന്‍' എന്ന ഊരില്ലാത്ത, പേരില്ലാത്ത, വിലാസവും രക്ഷിതാക്കളും ഇല്ലാത്ത പീഡിതരുടെ പ്രതിരൂപ നായകന്‍ നമുക്ക്,  മലയാളി മനസ്സുകള്‍ക്ക് മുന്നില്‍ വിനയാന്വിതനായി വന്നു നില്‍ക്കുന്നു. വാമൊഴിയായും വരമൊഴിയായും ഉരുവം കൊണ്ട , കുസൃതികളുടെയും ,തര്‍ക്കുത്തരങ്ങളുടെയും വിഡ്ഢിത്തരങ്ങളുടെയും മൂര്‍ത്ത രൂപം! ആര്‍ക്കും ഏതു ആണിയും തറക്കാന്‍ കഴിയുംവിധം ചാഞ്ഞുചെരിഞ്ഞങ്ങിനെ കുരിശില്‍ കിടക്കുന്നു!
എപ്പൊഴും അപരനെ തറക്കാന്‍ കുരിശുതേടി നടക്കുന്ന പൊതു സമൂഹത്തിന്റെ എല്ലാ ആശയും തീരുംവരെ 'എന്നെ ക്രൂശിക്കൂ നിങ്ങള്‍ ആനന്ദിക്കൂ' എന്ന് പ്രലോഭിപ്പിച്ചുകൊണ്ടു ടിന്റുമോന്‍ നമ്മുടെ സാംസ്കാരിക ബോധത്തിന് മുന്നില്‍ ബലിയാടായി നിന്ന്, വിമലീകരിക്കപ്പെട്ട വിശുദ്ദരൂപങ്ങള്‍ക്ക്‌ വിസ്മൃതിയുടെ മറകെട്ടുന്നു!
പക്ഷെ ടിന്റുവിനുപോലും രക്ഷിതാക്കള്‍ ഉണ്ടെന്നും അത് തങ്ങളാണെന്നും ഇരിഞാലക്കുടയിലും എറണാകുളത്തും  ഓരോ വ്യക്തികളും, കമ്പനികളും വ്യവഹാരങ്ങളുമായി കോടതി കയറുന്നത് ഇതിനോട് കൂട്ടിവായിക്കുമ്പോള്‍ , ടിന്റുമോന്റെ രക്ഷിതാക്കള്‍ എന്ന് അവകാശപ്പെടുന്നവരോ അപരഹാസ്യത്തിന്റെ വികൃത മുഖംമൂടി ആഭരണമാക്കുന്നവരോ  നമുക്ക് നല്‍കുന്ന സന്ദേശം ചെറുതല്ല. മറ്റൊരാളെ താറടിക്കാനും വിഡ്ഢിവിലാസങ്ങള്‍ ശത്രുവിനെതിരെ ചാര്‍ത്താന്‍ പോലും പേറ്റന്റ്  എടുക്കുന്ന കോര്‍പ്പറേറ്റ് മനസ്സായി മാറിക്കൊണ്ടിരിക്കുന്നു നമ്മുടെ സമൂഹത്തിന്റെ മനസ്സ് എന്ന്!
കലികാലം എന്ന് പഴങ്കാല പഴമൊഴി!

Monday, September 19, 2011

മൊബൈല്‍ ഫോണ്‍ ഫോട്ടോകളുടെ സംസ്ഥാന തല പ്രദര്‍ശനം


മൊബൈല്‍ ഫോണ്‍ ഫോട്ടോകളുടെ  സംസ്ഥാന തല പ്രദര്‍ശനം ഒക്ടോ:6,7,8,9, തിയ്യതികളില്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍  

മുമ്പ് ഫോട്ടോകള്‍ ക്ഷണിച്ചിരുന്നു എങ്കിലും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വേറിട്ട ചിത്ര വിശേഷങ്ങള്‍ പങ്കു വെക്കാന്‍ കഴിയുന്ന കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു..
ഇത് വരെ വന്നഎണ്ണൂറോളം ഫോട്ടോകളില്‍ നിന്നും ശ്രദ്ദേയങ്ങളായ  ഫോട്ടോകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്..
സപ്തം:25th തിയ്യതി വരെ പുതിയ എന്‍ട്രികള്‍ സ്വീകരിക്കുന്നതാണ്!
പ്രദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്  ഈ മെയില്‍ വഴിയോ ഫോണ്‍ നമ്പര്‍ വഴിയോ ഉടനെ ബന്ധപ്പെടുക!

തിരഞ്ഞെടുത്ത ഫോട്ടോകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ..
തിരഞ്ഞെടുത്ത ഫോട്ടോകളുടെ ഉടമകളെ അറിയിക്കുന്നതിനു ഫോട്ടോകളുടെ കൂടെ ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പരും വെക്കേണ്ടതാണ്..



 കൂടുതൽ വിവരങ്ങൾക്ക്   ഈ നമ്പറുകളിൽ  ബന്ധപ്പെടുക..
alif 9995452593(after may15)
gireesh marengalath 9495488032
email: alifshaah@gmail.കോം
മുമ്പ് നടത്തിയ ചില ഏകാംഗ പ്രദര്‍ശനങ്ങളില്‍ നിന്ന്....

Tuesday, August 16, 2011

ഒറ്റയുടുപ്പില്‍ നരച്ച് ...



അപര ജീവിതങ്ങള്‍ക്ക് ഉടുപ്പുകള്‍ തുന്നും
തുന്നല്‍ക്കാരനാണ് ഞാന്‍ 
ഉടലളവുകളുടെ നിമ്നോന്നതികള്‍ 
എന്നെക്കാള്‍ അറിയില്ല അണിയുന്നവര്‍ക്ക് പോലും 
ഒരു പാകവും തെറ്റിയില്ല
പരുത്തിയിലും, പട്ടിലും
വെളുപ്പിലും, കറുപ്പിലും
ഏതു കടും  വർണ്ണക്കൂട്ടിലും...
എന്നിട്ടും ഒരിക്കലും പാകമായിരുന്നില്ലെനിക്കെന്റെ ഉടുപ്പുകൾ 
ചേർച്ചയില്ലൊരു നിറവും
എന്നാലും അണിഞ്ഞില്ലെങ്കിലും
പണ്ടത്തെ പാകത്തിൽ
ഓർമ്മകളടുക്കി വെച്ച പഴയ തകരപ്പെട്ടിയിൽ
ഭൂതകാലത്തിന്റെ പാകമായ ഒരുടുപ്പുണ്ട്
തുരുമ്പിച്ചൊരു പഴയ സൂചിയാൽ
ചേർത്തു കെട്ടാറുണ്ട് ഇടക്കിടെ ഞാന്‍ 
ഓർമ്മയുടെ സ്ഫടിക  വൃത്തക്കുടുക്കുകൾ
പിന്നിത്തുടങ്ങിയൊരു കാലത്തിന്റെ അരികുകളെ
പിന്നെയും തുന്നിത്തുന്നി....
എന്നാലും എത്ര സൂക്ഷിച്ചിട്ടും
അമർത്തി മടക്കിയതിനാൽ
കീറിയ ഇടനെഞ്ചും തുന്നുവിട്ട കാലിപ്പോക്കറ്റും
കാണുമ്പോഴാണു സങ്കടം.

അവളിപ്പോൾ അണിയുന്നത് 
നക്ഷത്രങ്ങൾ തുന്നിയ മേഘത്തിൻ ഉടുപ്പാവണം!
ഒറ്റയുടുപ്പിൽ നിറം കെട്ടു ഞാനിങ്ങിനെ.... 
മഴവന്നു നനച്ചും വെയിൽ വന്നുണക്കിയും
പകലിലും രാവിലും വർഷ ഭേദങ്ങളിലും... 
ഉടുപ്പണിഞ്ഞിട്ടും ഓർമ്മകൾ നഗ്നമാക്കുകയാണെന്നെ...
എന്നെയണിയിക്കാൻ 
എനിക്കു പാകമല്ലാത്ത ഉടുപ്പുകളുടെ മേന്മകൾ ചൊല്ലി
ലോകം എന്റെ പിറകേയുണ്ട്
തുന്നാത്തൊരു വെളുത്ത ഉടുപ്പേ എനിക്കിനി പാകമാകൂ 
എന്നു എന്നേപ്പോൽ ആർക്കറിയാം? 
നീയെന്നെ പൊതിയുന്ന വെളുപ്പായ് വന്നു മൂടും വരെ
ഒറ്റയുടുപ്പിൽ നരക്കുന്ന
കാലത്തിന്റെ തുന്നൽക്കാരനാവുകയാണു ഞാൻ....