My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Monday, October 18, 2010

നാറാണത്ത്‌ ഭ്രാന്തന്റെ മലയില്‍ (PHOTOS)

തുലാം ഒന്ന്
പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്ത്‌ ഭ്രാന്തന്‍ തന്റെ പുകയുന്ന മനസ്സുമായി അലയുമ്പോള്‍ പിടികിട്ടാ സമസ്യകളുടെ ഉന്മാദങ്ങളില്‍ വന്യമായ കരുത്തോടെ മലയുടെ മുകളിലേക്ക് കല്ലുരുട്ടി അത് താഴേക്കു തള്ളിയിട്ടു ആര്തട്ടഹസിച്ചിരുന്നു എന്ന് പറയപ്പെടുന്ന രായിരനെല്ലൂര്‍ മല !

പാലക്കാട് ജില്ലയിലെ രായിരനെല്ലൂര്‍ ദേശത്തെ ഈ മലയിലേക്കു നാറാണത്തുഭ്രാന്തന്റെ അനുഗ്രഹം തേടി എല്ലാ വര്‍ഷവും തുലാം ഒന്നിന് ആയിരങ്ങള്‍ മല കയറുന്നു.
മലയുടെ മുകളിലെ ക്ഷേത്രവും നാറാണത്തു ഭ്രാന്തന്റെ പ്രതിമയുമാണ് ആരാധകരുടെ ലക്ഷ്യമെങ്കിലും മല കയറുക എന്നത് തന്നെയാണ് ഇതിലെ പ്രധാന ചടങ്ങ്.
വിശ്വാസികള്‍ മാത്രമല്ല കാഴ്ച കാണാന്‍ വരുന്നവര്‍ ,സാഹസീകത ഇഹ്ട്ടപ്പെടുന്നവര്‍ ,നാറാണത്തു ഭ്രാന്തന്റെ ചരിത്രം ചികയുന്നവര്‍ എന്നിങ്ങിനെ സമൂഹത്തിലെ നാനാ തുറയിലുള്ളവരും തുലാം ഒന്നിന് മലമുകളില്‍ സംഗമിക്കുന്നു.

ഈ തുലാം ഒന്നിന് ഞാനും കൂട്ടുകാരും അവര്‍ക്കൊപ്പം മല കയറി
ചില ഫോട്ടോകള്‍ പങ്കുവെക്കുന്നു






Wednesday, October 6, 2010

നീതി തോല്‍ക്കാതിരിക്കാന്‍ നിങ്ങള്ക്ക് കൂടി ബാധ്യതയില്ലേ?


ഇതാ എന്നെ ഊറ്റിയെടുത്ത വിശുദ്ദ രക്തം
എന്റെ വിയര്‍പ്പു കുറുക്കിയെടുത്ത കലര്‍പ്പില്ലാത്ത ഉപ്പ്
ചെന്തീ നിറമുള്ള വാക്കിന്‍ വെട്ടം
ആത്മാവില്‍ പൊള്ളിപ്പനിച്ച്
ഞാന്‍ വാറ്റിയെടുത്ത വിമോചനത്തിന്‍ അമൃത കുംഭം
കാലത്തില്‍ നിന്ന് ഊര്‍ന്നു പോയി
മണ്‍പുറ്റുകളില്‍ ഞാന്‍ വീണ്ടെടുത്ത
വന്മരത്തിന്‍ മുളക്കൂമ്പ്
ചങ്ങലത്തഴമ്പുകളില്‍ ,
മുറി കൂടിയ ഓര്‍മ്മയുടെ അടയാളങ്ങളില്‍,
വായിക്കാനാവുന്ന ഭൂതകാലത്തിന്‍ ശേഷിപ്പുകള്‍
സഹയാത്രികരും അനുഗാമികളും
ഒന്നൊന്നായ് വീണു പോകുമ്പോഴും
മരണത്തെ തോല്‍പ്പിച്ച് ഉയര്‍ത്തിയ
ധീര പൌരുഷത്തിന്‍ ഉത്തുംഗ ശിരസ്സ്‌
പ്രളയത്തെ എതിരിട്ട്‌
ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിച്ച്
മറഞ്ഞ പുല്‍ക്കൊടിത്തുമ്പിന്‍  ധീരത
ഒഴുക്കിനെതിരെ നീങ്ങിയ
പരല്‍ മീനിന്‍ ദിശ
കൊടുങ്കാറ്റിനെ തുളച്ചു പറന്ന 
സൂചീമുഖിപ്പക്ഷിയുടെ കൃത്യത


എന്നാലും നമ്മള്‍ക്കില്ല
ഒറ്റുകാശിന്‍ തിളക്കത്തില്‍
പാട്ടുപാടി ആനന്ദിപ്പിക്കും നവ വിദൂഷകര്‍
മുഖസ്തുതിയെഴുതി പണക്കിഴി വാങ്ങിപ്പോകും,
സ്വന്തം സ്വരമില്ലാത്ത ഉച്ചഭാഷിണികള്‍
പതിയിരുന്നെയ്യാന്‍ പൊളിവാക്കിന്‍  വിഷം പുരട്ടിയ
പുതുകാല സമര മുറകള്‍
ചിരിച്ചു വന്നു ജീവനെടുത്തു മറയും
കപടന്മാരുടെ പട്ടാളം


മൊഴിയില്‍ പൊരുളും, മിഴിയില്‍ നിലാവും
ഉടലില്‍ വിപ്ലവ ചരിതം കൊത്തിയ
അടയാള മുദ്രകളും,
വീണവര്‍ വീണവര്‍ പകര്‍ന്നു നല്‍കിയ
ചോര മണമുള്ള വിപ്ലവക്കൊടിക്കൂറയും,
നാളെ നമ്മള്‍ക്കായ് സൂര്യനുദിക്കുമെന്നൊരു
കിനാവുമല്ലാതൊന്നുമില്ല നല്‍കാന്‍


വരിക! നീതി മരിക്കാതെ,  
സത്യം വീഴാതെ കാക്കാന്‍
നിങ്ങള്ക്ക് കൂടി ബാധ്യതയുണ്ട്
ഇതാണ് മുഹൂര്‍ത്തം!

Sunday, September 19, 2010

ശഹരസാദ് അല്ല ആയിരത്തി ഒന്നാമത്തെ കഥ പറഞ്ഞത് !

ഇനി കഥയില്ല
മൊഴിയുമില്ല
മരിച്ചാല്‍ മതിയെനിക്ക്
ഉറക്കച്ചടവില്‍,
മത്തു പിടിപ്പിക്കുന്ന അത്തര്‍ മണത്തില്‍,
ശ്വാസം മുട്ടും കുന്തിരിക്കപ്പുകയില്‍
നിന്റെ ആര്‍ത്തി പിടിച്ച കണ്ണില്‍ നോക്കി
ഇനിയെനിക്ക് പറയാനൊന്നുമില്ല
ഒന്നും...,

വാളുകള്‍ കണ്ടു കണ്ടെനിക്ക്‌ ഭീതി മാറി
ഇരുട്ടിന്‍ പരിണാമങ്ങളെ പരിചയവുമായി
രാവേറെ വളരുവോളം കഥ മെനഞ്ഞ്
ഒരു പുലരി പോലും കാണാതെ
അടുത്ത രാവു വരെയും ഉറങ്ങിയുറങ്ങി,
എനിക്ക് നഷ്ട്ടപ്പെട്ടത് എത്ര പകലുകള്‍!
എന്റെ എത്ര സൂര്യ മോഹങ്ങള്‍ !

ഒറ്റ  നിമിഷത്തില്‍  തീരുമൊരു
ജീവ ബന്ധനം ഭയന്ന്
മരണം  വരെ
എത്ര കളവുകളെ  ഞാന്‍  കഥയാക്കണം ?

കൊട്ടാര  ഭ്രുത്യരുടെ അശ്ലീല നോട്ടങ്ങളില്‍ ചൂളി,
അസൂയ മൂത്ത പരിചാരികക്കൂട്ടത്തിന്‍
മുന വെച്ച വാക്കുകളില്‍ മനം നൊന്ത്
ചരിത്രങ്ങളില്‍ ഇടം പിടിക്കാന്‍ മാത്രം
ഞാന്‍
നിന്‍റെ കിരീടമില്ലാത്ത നരച്ച തലയെ
ഇനിയും എത്ര കാലം മടിയില്‍ പേറണം?

അതിനാല്‍ ഞാന്‍ ഇന്ന് പറയാന്‍ പോകുന്നത്
ആയിരാമത്തെ കഥയാണ്‌
എന്റെ അവസാനത്തെയും...
ഒരിടത്തൊരിടത്ത് കഥ പറയുന്നൊരു
സുന്ദരിയുണ്ടായിരുന്നു .....
അവള്‍
കൊട്ടാരത്തിലെ അന്തപ്പുരത്തില്‍
മനം മയക്കുന്ന കഥകളുറങ്ങുന്ന നെഞ്ചിലേക്ക്
സ്വയം ഒരു കഠാരിയായ് ആഴ്ന്നിറങ്ങി
ആയിരത്തി ഒന്നാമത്തെ കഥയായി മാറിയത്
നാളെ മറ്റൊരാള്‍ നിന്നോട് പറയും
ഇന്നീ ഒടുവിലെ അറബിക്കഥയില്‍
ഞാനീ രാത്രിയെ യാത്രയാക്കുകയാണ്
ഹേയ് ഖുറം! നിങ്ങള്‍ ഉറക്കമായോ?

Wednesday, September 1, 2010

അഫ്ഗാന്‍ തെരുവിലെ പെരുന്നാളുകള്‍




ബാബാ ....  ഈ ഈദിന്നു എനിക്ക് ശര്‍വാണി ലഭിക്കുമോ ..?
അദ്നാന്റെ ശബ്ദമാണ് അയ്യൂബിയെ മയക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്. ബോധത്തിലേക്ക്‌ തിരിച്ചു വരാന്‍ അയാള്‍ കുറച്ചു സമയമെടുത്തു .താന്‍  ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്ന്  അപ്പോളാണ് അയാള്‍ ഓര്‍ത്തത് !
തന്റെ കയ്യില്‍ നിന്നും താഴെ വീണ ജപമാല അയാള്‍ ചുണ്ടോടു ചേര്‍ത്ത് മുത്തി.
എന്നിട്ട് ഒന്നും മനസ്സിലാകാതെ ചുളിവു വീണ നെറ്റിക്ക് താഴെ വരണ്ട വെയിലിനു കൈത്തലം കൊണ്ട് മറ പിടിച്ച് നരച്ച കണ്‍പീലികള്‍ക്കിടയിലൂടെ തന്റെ പേരക്കിടാവിനെ സൂക്ഷിച്ചു നോക്കി.
ഉപ്പൂപ്പ ശരിക്കും കേട്ടിട്ടില്ലെന്ന് അവനു മനസ്സിലായി. എങ്കിലും ഒരിക്കല്‍ കൂടി ചോദിക്കാനുള്ള ധൈര്യം അവനുണ്ടായില്ല .
ഇത്തരം ചോദ്യങ്ങളുടെയെല്ലാം മറുപടി ശാസനകളായിരുന്നു. എപ്പോഴും ..... ഉത്തരങ്ങള്‍ മഹാപാപങ്ങള്‍ ആണെന്ന് ഉപ്പൂപ്പ ധരിക്കുന്നത് പോലെ ...! അത് തന്നെ പഠിപ്പിക്കുന്നത്‌ പോലെ...!
എങ്കിലും അടക്കി വെക്കാനാകാത്ത ജിജ്ഞാസ കൊണ്ട് വാക്കുകള്‍  മുറിച്ച്  മുറിച്ച് അടുത്ത് ചെന്ന് പതിയെ ചോദിച്ചു 
ഇക്കുറി...എനിക്ക്... പെരുന്നാളിന്നു.... ഷെര്‍വാണി ......
തന്റെ നെഞ്ചിലൂടെ ഒരു മിന്നല്‍പ്പിണര്‍ കടന്നു പോയത് സ്വലാഹുധീന്‍ അയ്യൂബി അറിഞ്ഞു.
എവിടെയോ ആഴത്തില്‍ കൊളുത്തി വലിച്ചു ഒരു നോവ്‌..
അയാളുടെ തല കുനിഞ്ഞു പോയി
പതിനാലു വയസ്സായ ഈ കുരുന്നിന്റെ മുന്നില്‍ താന്‍ മുഖമുയര്‍ത്താന്‍ പോലുമാകാതെ ഭീരുവാവുകണെന്ന് അയാള്‍ അറിഞ്ഞു


ശാസിക്കാനോ  സന്ത്വനിപ്പിക്കാനോ  ആകാതെ മനസ്സിന്റെ ആഴങ്ങളില്‍ നിന്ന് ഉയര്‍ന്ന ഒരു തേങ്ങലിനെ  കഷ്ട്ടപ്പെട്ട്  അയാള്‍ നെഞ്ചിന്‍ കൂടില്‍ അമര്ത്തി.
ഒതുക്കി നിര്ത്താനാകാത്ത   രണ്ടു കണ്ണീര്‍ തുള്ളികള്‍ കണ്ണില്‍ നിന്ന് കുതറി താടിയുടെ വെള്ളി നൂലുകളില്‍ തങ്ങി മണ്ണില്‍ വീണു ചിതറി. 
' ബാബാ  ' അദ്നാന്‍ പരിഭ്രമത്തോടെ   വിളിച്ചു.
താന്‍ എന്താണ് ചോദിച്ചതെന്ന് പോലും അവന്‍ മറന്നു . എന്തോ അപരാധമായിരുന്നിരിക്കണം തന്റെ ചോദ്യം .....
ആദ്യമായിട്ടാണ് ബാബ തന്റെ മുന്നില്‍ കരയുന്നത്...
അവന്‍ ഉപ്പൂപ്പയുടെ മുഖം പിടിച്ചുയര്‍ത്തി
അയാള്‍ അവന്റെ മുഖത്തേക്ക് നോക്കാതെ ഇരുന്ന ഇരുപ്പില്‍ അവനെ മാറിലേക്ക്‌ വലിച്ചടുപ്പിച്ചു.
അവന്റെ എണ്ണ മയമില്ലാത്ത ചെമ്പിച്ച ചപ്രത്തലയില്‍ വിറയ്ക്കുന്ന കൈകളാല്‍ തലോടി.
അവന്‍ ഉപ്പൂപ്പാന്റെ മടിയിലേക്ക്‌ ചാഞ്ഞ്  ഇറങ്ങി മടിയില്‍ തല ചായ്ച്ചു കിടന്നു. ഇന്ന് ഒരു കഥ പറയാന്‍ ആവശ്യപ്പെടാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല. ഉപ്പൂപ്പ ആകാശത്തേക്ക് മുഖമുയര്തിയാണ് ഇരിക്കുന്നത് ! ഏതോ വിശുദ്ദമായ പ്രാര്‍ത്ഥന പോലെ ...!
എന്നാലും എന്തെങ്കിലും ഒന്ന് അബ്ബ തന്നോട് പരയാതിരിക്കില്ലെന്നു കരുതി കുറെ നേരം കണ്ണടച്ച് കിടന്നു  
പിന്നെ എപ്പോഴോ മയക്കത്തിലേക്കു വീണു.


അദ്നാന്‍ ഉറങ്ങി എന്നറിഞ്ഞിട്ടേ ആകാശത്തേക്ക് മുഖമുയര്‍ത്തിയ അയ്യൂബി  മുഖം താഴ്ത്തിയുള്ളൂ
ശാന്തമായി ഉറങ്ങുന്ന അവന്റെ മുഖത്തേക്ക്  അയാള്‍ സൂക്ഷിച്ചു നോക്കി. അടഞ്ഞ കണ്‍ പീലികള്‍ക്കടിയില്‍ ചെറുതായി അനങ്ങുന്ന കൃഷ്ണ മണികള്‍ ...!
അവനിപ്പോള്‍ സ്വപ്നം കാണുകയാകും..
തിളങ്ങുന്ന ശര്‍വാണിയിട്ട് താന്‍ പെരുന്നാളിന് മസ്ജിദില്‍  പോകുന്നത്, കൂട്ടുകാരോടൊപ്പം നിര്‍ഭയനായി മൈതാനങ്ങളില്‍ കളിക്കുന്നത് ...വയറു നിറയെ 'അലീസ' കഴിക്കുന്നത് ....
വൃദ്ദന്‍ ഒരു നെടുവീര്‍പ്പിട്ടു
കഴിഞ്ഞ തവണ അവനോടു പറഞ്ഞതായിരുന്നു അടുത്ത ഈദിന്ന് ശര്‍വാണി വാങ്ങിത്തരുമെന്ന്...!
പെരുന്നാളിന് പുത്തനുടുപ്പ്‌ ഇടുമെന്നും അത്തര്‍ പുരട്ടുമെന്നും മധുരമുള്ള 'അലീസ' ഉണ്ടാവുമെന്നും അവനോടു പറഞ്ഞത് അവന്റെ കൂട്ടുകാരനായ  'ദര്വേശ്' ആയിരുന്നു.
അന്ന് തന്നോട് അതിനെക്കുറിച്ച് അദ്നാന്‍ സംശയം ചോദിക്കാന്‍ വന്നപ്പോള്‍ താന്‍ ശാസിക്കുകയായിരുന്നു മേലില്‍ ദരവേശുമായി കളിക്കാന്‍ പോകരുതെന്ന്.....


എങ്കിലും അവന്‍ പോകും... ദര്വേശ് അവനു ആപ്പിള്‍ കഷണങ്ങളും റൊട്ടിയുമെല്ലാം   കൊടുക്കാറുണ്ടായിരുന്നു.
അവന്റെ ഉപ്പയെ ഇത് വരെയും യാങ്കികളുടെ തോക്കുകളോ ബോംബറുകളോ   കണ്ടിരുന്നില്ല. അല്ലെങ്കില്‍ ഓരോദിവസവും അയാള്‍ ഖനിയില്‍ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്കു തന്നെ മടങ്ങി വരുന്നതെങ്ങിനെ?


തന്റെ മകന്‍ 'മെഹബൂബ് ' അദ്നാനിന്റെ ഉപ്പ മരണത്തിലേക്ക് അങ്ങോട്ട്‌ നടന്നു കയറുകയായിരുന്നല്ലോ...
അല്ലെങ്കില്‍ നിരായുധനായ ഒരു സിവിവിലിയന്റെ കല്ലേറ് കൊണ്ട് ഒരു സൈനികന്‍ മരിച്ചാല്‍ അവനു മരണമല്ലാതെ മറ്റെന്താണ് സൈന്യം തിരിച്ചു കൊടുക്കുക ?
വെടിയേല്‍ക്കുമ്പോഴും അയാള്‍ പുഞ്ചിരിച്ചുവത്രേ ! കാരണം അയാള്‍ കൊന്നത് തന്റെ ഭാര്യയെ വലിച്ചിഴച്ചു കൊണ്ട് പോയ സൈനികനെ തന്നെയായിരുന്നു.
ഇത്ര നാളും മെഹബൂബ് എന്ന തന്റെ ധീരനായ മകന്‍ ആ സൈനികന്റെ മാറില്‍ കുത്തിയ അടയാള ചിഹ്നവും ചുമലിലെ നക്ഷത്രങ്ങളുടെ എണ്ണവും മനസ്സില്‍ വെച്ച് അയാളെ തിരയുകയായിരുന്നുവത്രേ !


മയ്യിത്ത് പോലും തിരികെ ലഭിക്കാത്തതിനാല്‍ അദ്നാനോട് ഉപ്പ ഹജ്ജിനു പോയതാണെന്നായിരുന്നു പറഞ്ഞത്. ചിലര്‍ ഹജ്ജിനു പോയാല്‍ തിരികെ വരില്ലെന്നും....
ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമേ താന്‍ കളവു പറഞ്ഞിട്ടുള്ളൂ ...
അയാള്‍ നെടുവീര്‍പ്പിട്ടു.
എവിടെ നിന്നെങ്കിലും ഇത്തിരി പണം ലഭിച്ചാല്‍ കുറച്ചു അലീസ വാങ്ങി ഇവന് കൊടുക്കണം! 
എന്നെങ്കിലും നടക്കുമോ എന്നറിയില്ലെങ്കിലും വെറുതെ അങ്ങിനെ മോഹിക്കും...
'അലീസ' സ്വര്‍ഗത്തിലെ ഭക്ഷണമാണെന്നും നമ്മുടെ സ്വപ്നങ്ങളെല്ലാം നമ്മെ സ്വര്‍ഗത്തില്‍ കാത്തിരിക്കുമെന്നുമാണ് അവനെ പഠിപ്പിച്ചത് .
തന്റെ കൂടെ പ്രാര്തനകളില്‍ പങ്കെടുപ്പിച്ചും സദുപദേശ കഥകള്‍ പറഞ്ഞു കൊടുത്തും അവനെ തികഞ്ഞ ശാന്ത സ്വഭാവിയാക്കാന്‍ താന്‍ എത്ര ശ്രമിച്ചിട്ടും വീരകഥകളും പോരാട്ടങ്ങളുടെ ചരിത്രവും കേള്‍ക്കാന്‍ വേണ്ടിയാണ് അവന്‍ എപ്പോഴും വാശി പിടിച്ചത്. അന്നേരമെല്ലാം മെഹബൂബിന്റെ കണ്ണിലെ തീപ്പൊരികള്‍ അവന്റെ കണ്ണില്‍  കണ്ട്‌ താന്‍ അവന്നു ക്ഷമാശീലരായ പുണ്യാത്മാവുകളുടെ കഥ പറഞ്ഞു കൊടുത്തായിരുന്നു ശാന്തനാക്കിയിരുന്നത്.


ഉറക്കത്തില്‍ എന്തോ കേട്ടിട്ടെന്ന വണ്ണം അദ്നാന്‍ ഒന്ന് ഞെട്ടി, പിന്നെ എണീറ്റിരുന്നു ചുറ്റും കാതു കൂര്‍പ്പിച്ചു തല വെട്ടിച്ചു നോക്കി.
അബ്ബാ... നിങ്ങളൊരു ശബ്ദം കേട്ടോ?
ഇല്ല! വൃദ്ദന്‍ പ്രതിവചിച്ചു.
'അലീസയുമായി അവര്‍ വരുന്നുണ്ട്.. ഞാന്‍ ശരിക്കും കണ്ടു'.... ദൂരെ നിന്ന് ഒരു ഹേലികോപ്ട്ടറിന്റെ നേരിയ മുരള്‍ച്ച അയാള്‍ കേട്ടു. 
അഭയാര്‍ഥി കേമ്പുകളിലേക്ക് റൊട്ടിപ്പൊതികള്‍ ഏറിയുന്ന ഐക്യ രാഷ്ട്ര സമിതിയുടെ ഹെലി കോപ്റ്റര്‍ ആയിരിക്കണം ...!
എല്ലാ ഈദുകളുടെ തലേനാളും ഇത് പതിവാണ്....


'ഇക്കുറി അലീസ തന്നെയാണ് ! ഞാന്‍ ശരിക്കും കണ്ടു'      
അദ്നാന്‍ ചിരിച്ചു കൊണ്ട് അബ്ബായുടെ ചുമല്‍ പിടിച്ചു കുലുക്കി.
നീ സ്വപ്നം കണ്ടതാണെന്ന് പറയാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. ജീവിതത്തില്‍ അത്ര സന്തോഷത്തോടെ തന്റെ കണ്ണുകളിലേക്കു അദ്നാന്‍ നോക്കുന്നത് അയാള്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
അയാള്‍ അവനെ മാറോട് ചേര്‍ത്ത് നിറുത്തി മൂര്‍ദ്ദാവില്‍ ചുംബിച്ചു.
അവന്‍ ഹെലികോപ്റ്റര്‍ താഴേക്കു എറിയുന്ന റൊട്ടിപ്പൊതികള്‍ പെറുക്കാന്‍ തെരുവിലേക്ക് ഓടി .
അവന്റെ  തുള്ളിച്ചാടിയുള്ള ആ ഓട്ടം കണ്ടു സന്തോഷത്തോടെ അയാള്‍ ആകാശത്തേക്ക് മുഖമുയര്‍ത്തി കണ്ണടച്ചു.
.
പുറത്തെവിടെയോ ഒരു ഉഗ്ര സ്ഫോടനം!  വൃദ്ദന്‍  ഞെട്ടി ഉണര്‍ന്നു...
 ചുറ്റും കരിമ്പുക! 
അയാള്‍ പുറകിലേക്ക് മലച്ചു വീണു.
 ദൂരെ കരിമ്പുകകള്‍ക്കപ്പുറത്ത്  നീലാകാശത്ത് നക്ഷത്രക്കുടുക്കുകളുള്ള ശര്‍വാണി അണിഞ്ഞ്‌ അദ്നാന്‍ അബ്ബായെ നോക്കി  കൈ വീശി
 ഈദ് മുബാറക്ക്‌ 






 അധിനിവേശകാലത്ത് റഷ്യന്‍ പട്ടാളക്കാര്‍ തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്‍ എന്ന പിതാവും അയാളുടെ യാസിന്‍ എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്‍. ആ മകനെ   തിരഞ്ഞു പോകുന്ന യാത്രയാണ് അതീക് രാഹിമി എഴുതിയ 'earth  and ash'  എന്ന കഥയുടെ പ്രമേയം

മണ്ണും ചാരവും
വിവര്‍ത്തനം കെ.പി.ബാലചന്ദ്രന്‍

ഇവരുടെ വികാരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചപ്പോള്‍ അഫ്ഗാനിലെ  ജീവിത മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു അപ്പോള്‍ 
എഴുതിയത് .....   .
    



        


  



Sunday, August 29, 2010

ചോരച്ചുവപ്പില്‍ കത്തുന്ന പന്തങ്ങള്‍



ജീവിതം തോല്‍ക്കാനുള്ളതല്ലെന്നു  പഠിപ്പിച്ച 
ചോര പൂത്ത കാലത്തെ 
കൊത്തി വെക്കുകയാണ് 
ഓര്‍മ്മയുടെ ചുവരുകള്‍...


രോഷം കത്തും കനല്‍ക്കണ്ണുകള്‍!
ഉടല്‍ക്കരുത്തിന്‍   യൌവ്വനം! 
മേനിയിലാര്‍ന്നിറങ്ങിയ 
ആയുധ മൂര്‍ച്ചയെ തുളച്ച്‌
അന്ത്യം മുഴക്കിയ  ഇങ്കിലാബിന്‍ ചീള് ! 
എല്ലാമെല്ലാമുണ്ട്
സമയത്തെ തോല്‍പ്പിച്ചു കൊണ്ട് ചുമരില്‍.... 


നീയും ഞാനുമെന്ന അകലങ്ങള്‍ക്കിടയില്‍
സ്പന്ദിക്കുന്ന കാലത്തില്‍ നിന്ന് 
ശബ്ദമില്ലാത്ത നിലവിളികളും
അമര്‍ത്തപ്പെട്ട മുദ്രാവാക്യങ്ങളും
തുടച്ചു നീക്കപ്പെട്ട ജീവിതങ്ങളും
നമ്മെ കൂട്ടിയിണക്കുന്നു.

രക്ത സാക്ഷികള്‍ 
ചരിത്രത്തിന്റെ തെരുവില്‍ തൂക്കിയ 
പാനീസുകളാണെന്ന് 
അവര്‍ ആണയിടുന്നു
എങ്കില്‍ പിന്നെ ഇരുട്ടിലേക്ക് വലിച്ചിഴച്ചു 
അവര്‍ എന്റെ മുതുകില്‍ തെമ്മാടിയെന്നു
മുദ്ര കുത്തിയതെന്തിനായിരുന്നു?


അറിയാം.... 
ജീവിതം മുഴുവന്‍
അവരെന്നെ വേട്ടയാടും
എന്നാലും മരണം കൊണ്ട് 
എന്നെയും വാഴ്ത്തി 
പുരാവസ്തുവില്‍ ചില്ലിട്ടു തൂക്കും


ത്യാഗ കാലങ്ങളിലെ 
വീരസ്യം വിളമ്പി,
അരമനയിലെ അന്നവും,
തട്ടകങ്ങളിലെ പൊന്നാടയും വാങ്ങി
അവര്‍ക്ക് അനഭിമതനാകാതിരുന്നാല്‍ 
ഞാന്‍ പൂജ്യനായേക്കാം...


വേണ്ടാ!
എനിക്കും നിനക്കുമിടയില്‍
നമ്മളെ പിന്‍ചേര്‍ന്ന്
സ്വപ്നങ്ങളുടെ ഭാണ്ഡം പേറുവോര്‍ക്ക് 
ഞാനീ തെരുവില്‍ 
ശിരസ്സ്‌ കത്തിച്ച് 
സ്വയം വിളക്കായ് എരിയുകയാണ്‌


കിനാവിന്റെ തീപ്പന്തം ഏറ്റുവാങ്ങി 
മറ്റൊരാള്‍ വരും വരെ 
എനിക്കെങ്ങിനെ അണയാന്‍ കഴിയും....?  

Friday, August 13, 2010

പറയാതെ കൂട്ടം വിട്ടു പോയതാര് ....ബാബുവേട്ടന്‍ ഒരോര്‍മ്മയാകുമ്പോള്‍

ആള്‍ക്കൂട്ടങ്ങളില്‍
ആയിരം മുഖങ്ങളിലൊന്നായ്
ചിലപ്പോള്‍ കണ്ടിരിക്കാം
തിരക്കിനിടയില്‍ കണ്ടില്ലെന്നുമിരിക്കാം
എന്നാലും അടയാളപ്പെടുത്തിയിട്ടുണ്ട്
ഇവിടെ ഞാന്‍ ഉണ്ടായിരുന്നെന്നോരാള്‍!
ഒന്നും ഉരിയാടിയിരുന്നില്ലെങ്കിലും
ഒന്നും കുറിച്ചില്ലെങ്കിലും
എന്റെ വേദനയുടെ വരികളെ
വായിച്ച്ചിരുന്നിരിക്കണം....!
എന്റെ സ്വപ്‌നങ്ങള്‍ ഞാനറിയാതെയും
പങ്കു വെച്ച്ചിരുന്നിരിക്കണം!
എന്നോട് മോഴിഞ്ഞില്ലെങ്കിലും
എന്നെയോര്‍ത്ത നിമിഷങ്ങളില്‍
സ്നേഹമൊരു പ്രാര്‍ത്ഥനയായി
എന്നില്‍ നിറഞ്ഞിരുന്നിരിക്കണം!

അല്ലെങ്കില്‍
എങ്ങിനെയാണ് ഇങ്ങിനെ
ഒരു ശൂന്യതയുടെ ഒരിടം
മനസ്സില്‍ വന്നു പോയത്?
സൌഹൃദത്തിന്റെ ആള്‍ വരിയില്‍
ഞാനറിയാതെ ഒരു വിടവ്........

പറയാതെ വന്നതിനാല്‍
മിണ്ടാതെ
എന്റെമാനസ്സും ചാരിയിരുന്നിരിക്കണം!
അത് കൊണ്ടാവാം പറയാതെ പോയതും!
എന്റെ മനസ്സിന്റെ മണ്‍ വഴികളില്‍
ചില കാലടിപ്പാടുകള്‍ അങ്ങിനെയാണ്,
എത്ര മഴ പെയ്താലും
അത് മാഞ്ഞു പോകില്ല
അവര്‍ അപരിചിതരായിട്ടു കൂടി.....!

{ www.koottam.comലെ അംഗം ബാബുവേട്ടന്‍ ഓര്‍മ്മയായപ്പോള്‍ എഴുതിയത് }