ആഘോഷങ്ങള്‍ നമ്മോടു പറയുന്നത് ....
ആഘോഷങ്ങളുടെ ചുവന്നാക്ഷരങ്ങളില്‍,തീയ്യതികളുടെ ചാക്രികതയില്‍ ഒരിക്കല്‍ കൂടി കലണ്ടര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ബലി പെരുന്നാള്‍!
ആഘോഷങ്ങളെല്ലാം സന്തോഷം പരസ്പരം പകരാന്‍, വേദനകള്‍ മറന്നു പുഞ്ചിരിക്കാന്‍ നമുക്കു വീണു കിട്ടുന്ന മുഹൂര്‍ത്തങ്ങളാണ് .ജാതി-മത-വര്‍ണ്ണ-രാഷ്ട്രീയ അതിര്‍ വരമ്പുകള്‍ നമ്മെ ഏതു വേറിട്ട കള്ളികളില്‍ നിര്‍ത്തുമ്പോഴും, ആ വേര്‍തിരിവുകള്‍ എത്ര ദുര്‍ബ്ബലമാണെന്നു നമ്മെ ബോധ്യപ്പെടുത്തി, നമുക്ക് പരസ്പരം ഒഴുകി നിറഞ്ഞ് അലിയാന്‍ കഴിയുന്നു എന്നുള്ളതാണു ഓരോ ആഘോഷവും നമുക്കു നല്‍കുന്ന സന്ദേശവും....
ഒരോ മതങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും ദേശങ്ങള്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും അവരുടേതായ അഘോഷങ്ങളും പങ്കുവെക്കലുകളും ഉണ്ട് . അവയെല്ലാം സങ്കുചിതങ്ങളായ വീക്ഷണങ്ങള്‍ മാറ്റി വെച്ചു കൊണ്ടു പൊതു സമൂഹത്തിന്‍റേതായി മാറുമ്പോള്‍ മാത്രമാണ്‍ അവ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷങ്ങള്‍ ആയി മാറുന്നത് .
എത്ര രൂപങ്ങളില്‍, എത്ര വര്‍ണ്ണങ്ങളില്‍ ,എത്ര ഭാഷകളില്‍ ,എത്ര വാക്കുകളില്‍ നിര്‍വ്വചിച്ചാലും മനുഷ്യന്‍റെ മനസ്സിന്‍റെ നന്മകളിലേക്ക് ഊര്‍ന്നിരങ്ങുന്ന , അവന്‍റെ അന്തരാത്മാവിന്‍റെ തെളിനീര്‍ അരുവിയില്‍ മുഖം നോക്കുന്ന ദൈവം എന്ന വിശുദ്ദാത്മാവ് നമ്മെ ഏല്‍പ്പിച്ചു പോയ വിശുദ്ദ മുഹൂര്‍ത്തങ്ങളാണ് ഒരോ ആഘോഷങ്ങളും........!
ആസന്നമായ ബലി പെരുന്നാള്‍ ....
ചില ഓര്‍മ്മപ്പെടുത്തലുകള്‍ ...
പൊള്ളുന്ന മണല്‍ക്കാട്ടില്‍ പ്രിയതമയേയും കൈക്കുഞ്ഞിനേയും തനിച്ചാക്കി ദൈവ നിയോഗത്തിലേക്കു യാത്രയായി കര്‍മ്മയോഗിയായ പ്രവാചകന്‍ ഇബ്രാഹിം (അ) !
ഉഷ്ണഭൂമിയില്‍ ദാഹിച്ചു തളര്‍ന്ന പിഞ്ചു കുഞ്ഞ് വെള്ളത്തിനായി കരഞ്ഞു തളര്‍ന്നപ്പോള്‍ വിശന്നു പൊരിഞ്ഞ തന്‍റെ മാറില്‍ കുഞ്ഞിനു നല്‍കാന്‍ ഒരിറ്റു മുലപ്പാല്‍ പോലും ഇല്ലെന്നറിഞ്ഞ ഹാജറാ ബീവി വിധിയെ പഴിച്ചില്ല,
ഞങ്ങള്‍ക്കിനി ആരെന്ന ചോദ്യത്തിന്‍ നിങ്ങള്ക്ക് അള്ളാഹു ഉണ്ടെന്ന ആശ്വാസ വചനത്തെ മാത്രം മുറുകെ പിടിച്ച് തപസ്സിരുന്നുമില്ല.
കുഞ്ഞിനെ മരുഭൂമിയില്‍ കിടത്തി സഫാ-മാര്‍വ്വാ മലകള്‍ക്കിടയില്‍ ഒരിത്തിരി ദാഹജലം ലഭിക്കുമോ എന്നു തേടി ഓടി അലഞ്ഞു. പ്രാര്‍ത്ഥനകള്‍ക്കൊപ്പം മനുഷ്യ പ്രയത്നം കൂടി വേണമെന്ന പാഠത്തിനു അടി വരയിടുകയായിരുന്നു അവര്‍!
തളര്‍ന്നു കൈക്കാല്‍ ഇട്ടടിച്ച കുഞ്ഞിന്‍റെ കാല്‍ക്കീഴില്‍ മണല്‍ത്തരികള്‍ വകഞ്ഞു മുകളിലേക്ക് ഉറവ പൊട്ടീ ദിവ്യജലം...!
ദാഹം തീരുവോളം ഹാജറായും മകന്‍ ഇസ്മായീലും ആ തെളിനീര്‍ കുടിച്ചു .അണ മുറിയാത്ത പ്രവാഹത്തെ കെട്ടി നിര്‍ത്താന്‍ ചുറ്റുമുള്ള കല്ലുകള്‍ കൂട്ടി വെച്ചു നോക്കീ ഹാജറാ ബീവി ...!
എന്നിട്ടും ജലപ്രവാഹം നില്‍ക്കാതായപ്പോള്‍ ഹാജറാ വെള്ളത്തോട് മൊഴിഞ്ഞൂ...
'സംസം' ശമിക്കൂ പ്രവാഹമേ..!
മരുഭൂമിയില്‍ കെട്ടി നില്‍ക്കും ജല സാനിധ്യം കണ്ട് മുകളില്‍ വട്ടമിട്ടു പറന്നൂ പരുന്തുകള്‍ ..!
ദൂരെ നിന്നു പരുന്തുകള്‍ വലം വെക്കുന്നതു കണ്ട് വെള്ളം ലഭിക്കുന്നിടത്ത് തമ്പടിക്കാന്‍ വന്നൂ കച്ചവടക്കാരായ ഒട്ടക കാഫിലകള്‍..!
വിശ്രമ സങ്കേതങ്ങള്‍ പൊതു വാണിഭ കേന്ദ്രങ്ങളും അധിവാസ പ്രദേശങ്ങളുമായി ജനപഥം വളര്‍ന്നു .. അങ്ങിനെ മക്കാ എന്ന നഗരമുണ്ടായീ എന്നു ചരിത്രം...!
** ** ** ** **
മക്കളില്ലാത്ത വേദനയില്‍ നിരന്തര പ്രാര്‍ഥനയില്‍ സദാ മുഴുകിയിരുന്ന പ്രവാചകന്‍ ഇബ്രാഹീം(അ)യും ബീവി ഹാജറയും വാര്‍ദ്ദക്യ ത്തോടടുത്തു. ഒടുവില്‍ അല്ലാഹുവിനോട് ഒരു ഉപാധി വെച്ചു പ്രവാചകന്‍, തങ്ങള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ അത് നിനക്ക് ബലി തരാം എന്ന് ! ഒടുവില്‍ ഇസ്മായീല്‍ പിറന്നു ...
ലാളിച്ചു കൊതി തീരും മുമ്പേ കുഞ്ഞിനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗ സന്നദ്ദതയില്‍ സംപ്രീതനായ ഇബ്രാഹീം നബിയോട് കുഞ്ഞിനു പകരമായി ഒരു ആടിനെ അറുക്കാന്‍ കല്പ്പിച്ചൂ നാഥന്‍ ....!
ഇവയെല്ലാം ഹജ്ജിന്‍റെ ചരിത്രത്തോട് ഇഴ ചേര്‍ന്നു കിടക്കുന്ന മുഹൂര്‍ത്തങ്ങള്‍...
ഹജ്ജും പെരുന്നാളും ഉയര്‍ത്തുന്ന സ്നേഹത്തിന്റെ, സമഭാവനയുടെ, സാഹോദര്യത്തിന്റെ വിശുദ്ദ സന്ദേശം നമ്മുടെ മനസ്സുകളില്‍ ഏറ്റു വാങ്ങുക!
ഏവര്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍ ....
:D
ReplyDelete