കാറ്റ് നിറച്ച തുകൽ ഗോളം കൊണ്ട് തീ പിടിച്ച മൈതാനങ്ങളിൽ പാദങ്ങൾ കൊണ്ട് വിജയഗാഥകൾ രചിച്ച ഒട്ടനവധി ഫുട്ബോൾ പോരാളികളുണ്ട് ചരിത്രത്തിൽ. ഓരോ കാലത്തിനും ഓരോ നായകന്മാരുണ്ടായിരുന്നു. സ്വന്തം കേളീ മികവു കൊണ്ട് അവർ അവരുടെ നാമങ്ങളും അവർ പ്രധിനിധാനം ചെയ്യുന്ന രാജ്യങ്ങളുടെയും ക്ലബ്ബുകളുടെയും നാമങ്ങളും ചരിത്രത്തിൽ കൊത്തിവെച്ചു. ഒട്ടു മിന്നിക്കെട്ടു പോയ കൊള്ളിയാന്മാരും കാലാതീതമായി കത്തി നില്ക്കുന്ന സൂര്യന്മാരും അവർക്കിടയിലുണ്ട്. മറഡോണ, പെലെ,സിദാൻ, ഗാരിഞ്ച, മൽദീനി, യൊഹാൻ ക്രൈഫ് , സിദാൻ, ഫിഗോ, ബാജിയോ അങ്ങിനെ ഒരു പാട് പേർ! ഈ നിരയിൽ ഇവർക്കൊപ്പമോ ഇവർക്കു മുകളിലോ പ്രതിഷ്ട്ടിക്കാവുന്ന ഒരു നാമമാണ് പുതിയ തലമുറയിലെ കേളീ വല്ലഭനായ മെസ്സിയുടേത്. ലോകത്തെ എക്കാലത്തെയും മികച്ച റെക്കോർഡുകൾ മെസ്സിക്ക് മുന്നിൽ വഴിമാറുകയും വഴിമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മെസ്സി പന്ത് തട്ടുന്നത് എപ്പോഴും പുതിയ പുതിയ ചരിത്രങ്ങളിലേക്കാണ്.
തെരുവിൽ നിന്ന് അനാരോഗ്യത്തിന്റെ വിധി ഹിതത്തോട് പൊരുതി ലോകത്തിന്റെ നെറുകയിൽ എത്തിച്ചേർന്ന മെസ്സിയുടെ ജീവിതം ഫിക്ഷനെ വെല്ലുന്ന റിയാലിറ്റി കൊണ്ട് സമ്പന്നമാണ്. അത് കൊണ്ട് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലും അനാരോഗ്യം കൊണ്ട് കഷ്ട്ടപ്പെടുന്ന കുട്ടികൾക്ക് വേണ്ടി യൂണിസെഫുമായി കൈകോർക്കുന്ന മെസ്സിക്ക് അധികം പരസ്യപ്പെടുത്താത്ത ഒരു മാനുഷീക മുഖം കൂടി ഉണ്ട്. വെറും ആർത്തിരമ്പുന്ന ചതുര മൈതാനങ്ങളിൽ മാത്രം ഒതുങ്ങാത്ത മനുഷ്യത്വത്തിന്റെ മുഖം.
എതിരാളികൾ പോലും ഉള്ളിൽ ആരാധിക്കുന്ന പ്രതിഭയാണ് മെസ്സി. ദേശീയ ടീമുകളിൽ കളിക്കുമ്പോൾ ചിരവൈരികളായ ബ്രസീൽ താരങ്ങളായ റൊണാൾഡീഞ്ഞൊ മുതൽ പുതിയ താരോദയമായ നൈമർ വരെ ബാര്സലോണയിൽ മെസ്സിക്കൊപ്പം കളിക്കാനാവുന്നത് ഒരു ഭാഗ്യമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മെസ്സിയുടെ യുഗത്തിൽ പന്ത് തട്ടാനായതിൽ അഭിമാനമുണ്ടെന്നു പറഞ്ഞ താരങ്ങൾ വേറെയും.
അടുത്ത കാലത്തൊന്നും ആർക്കും പെട്ടെന്ന് തകർക്കാൻ കഴിയാത്ത റെക്കോർഡുകളാണ് മെസ്സിയുടെ പേരിലുള്ളത്. നാല് തവണ തുടർച്ചയായി ലോക ഫുട്ബോളർ പട്ടം നേടിയ ഫിഫയുടെ ചരിത്രത്തിലെ ഏക താരമാണ് മെസ്സി. ഓരോ വർഷവും ആ പുരസ്കാരത്തിനു താൻ എത്ര മാത്രം അർഹനാണ് എന്ന് സ്വന്തം കളി മികവു കൊണ്ട് തെളിയിച്ചിട്ടുമുണ്ട് മെസ്സി.
എന്നാൽ കേളീ മികവിന്റെ അംഗീകാരങ്ങളെ സാധൂകരിക്കുന്നത് ഗോളുകളും പാസ്സുകളും പ്രതിനിധാനം ചെയ്യുന്ന ടീമിന്റെ ( ദേശീയ ടീമിന്റെ / ക്ലബ്ബിന്റെ ) വിജയ മാര്ജിനും ട്രോഫികളും കൂടി ആകുമ്പോൾ, ഒരു തവണയെങ്കിലും അധികമായി ചാർത്തപ്പെട്ട ഒരു തൂവൽ മെസ്സിയുടെ ശിരസ്സിൽ ഇല്ലേ എന്നൊരു സംശയത്തിനു കൂടി പഴുതു നല്കുന്നുണ്ട് ഭൂതകാലം! പുതിയ ലോക ഫുട്ബോളറെ തിരഞ്ഞെടുക്കാനുള്ള സജീവ ചർച്ചകളും നടപടി ക്രമങ്ങളും ഫിഫ തുടങ്ങിക്കഴിഞ്ഞ ഈ നേരത്ത് ആ ചരിത്രം ഒന്ന് പുന:പരിശോധിക്കുന്നത് നന്നായിരിക്കും.
ലയണൽ മെസ്സി
1987 ജൂൺ 24 ന് ഒരു ഫാക്ടറി തൊഴിലാളിയായ 'ജോർജ്ജ് ഹൊറാസിയോ മെസ്സി'യുടേയും, 'സെലിയ മറിയ കുചിറ്റിനി' എന്ന ഒരു സാധാരണ തൂപ്പുകാരിയുടെയും മകനായി അർജന്റീനയിലെ 'റൊസാരിയോ' എന്ന പ്രദേശത്താണ് മെസ്സി എന്ന ഇതിഹാസം വന്നു പിറക്കുന്നത്.
ജന്മനാ പോഷകാഹാരക്കുറവു കൊണ്ടും ഹോർമോണ്‍ തകരാര് കൊണ്ടും വലഞ്ഞ ഒരു മെലിഞ്ഞ രോഗിയായ പയ്യനിൽ നിന്ന് ലോകത്തിന്റെ നെറുകകയിലേക്ക് മെസ്സിയെ കൈ പിടിച്ചു നടത്തിയത് ഈ കുട്ടിയുടെ കാലുകളിലെ മാന്ത്രിക ചലനങ്ങൾ കണ്ടറിഞ്ഞ ബാര്സലോണ എന്ന ക്ലബ്ബായിരുന്നു. അവരുടെ സോക്കർ നഴ്സറിയിൽ വളർന്നു വന്ന മെസ്സി അവരുടെ പ്രതീക്ഷകളെ മുഴുവൻ സഫലമാക്കിക്കൊണ്ട് തന്റെ പാദങ്ങൾ കൊണ്ട് പിൽക്കാലത്ത് ക്ലബ്ബിനു നന്ദി പറഞ്ഞത് ചരിത്രം. വെറും പതിനേഴു വയസ്സും പത്തുമാസവുമുള്ള സമയത്ത് വിഖ്യാതമായ ബാഴ്സലോണയുടെ ടീമിന് വേണ്ടി ആദ്യ ഗോളടിച്ച് കൊണ്ടാണ് മെസ്സിയുടെ അരങ്ങേറ്റം. ബാഴ്സലോണക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന് അന്നേ റെക്കോര്ഡ് ബുക്കിൽ മെസ്സി സ്വന്തം നാമം കോറിയിട്ടു. പിന്നീടങ്ങോട്ട് മെസ്സിയുടെ കളി ജീവിതത്തിന്റെ ഗ്രാഫ് ലംബമായിട്ടാണ് വളർന്നത്.
21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ട മെസ്സി 22 ആം വയസ്സിൽ ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കി. 2013 ജനുവരി 7ന് ലഭിച്ച നാലാമത്തെ ബാലൺ ഡി ഓർ( Ballon d'Or ) ബഹുമതിയോടെ, ഈ ബഹുമതി 4 തവണ നേടുന്ന ലോകത്തെ ആദ്യ കളിക്കാരനായി മെസ്സി മാറി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4 തവണയാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കിയത്.
കഴിഞ്ഞ സീസണിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡിൽ നാൽപ്പത് വർഷം പിന്നിട്ട ജർമ്മനിയുടെ യേര്‍ഡ് മുള്ളറുടെ പേരിലുള്ള റെക്കോർഡ് (85 ഗോൾ ) റയൽ ബെറ്റിസിനെതിരെയുള്ള ഇരട്ട ഗോൾ വേട്ടയിലൂടെ മെസ്സി സ്വന്തം പേരിൽ എഴുതിച്ചേർത്തു.
2012ൽ സ്പാനിഷ് ലീഗിൽ മെസ്സി ഏഴ് ഹാട്രിക്കുകൾ നേടിയിരുന്നു. ചാമ്പ്യന്‍സ് ലീഗിൽ ഒരു സീസണിൽ മാത്രം (2011/ 12) രണ്ട് ഹാട്രിക്ക് നേടിയ ഏക താരമെന്ന ഖ്യാതിയും മെസ്സിക്ക് സ്വന്തം. ഗോളടിക്കുന്നതിൽ മാത്രമല്ല ഗോളടിപ്പിക്കുന്നതിലും മെസ്സി മുന്നിൽ തന്നെയായിരുന്നു. ആ സീസണിൽ 29 ഗോളുകൾക്ക് മെസ്സി സഹായിയായി. അർജന്റീനയ്ക്കായി മെസ്സി 2012 സീസണിൽ 12 ഗോളുകൾ നേടിയിരുന്നു. മൊത്തം 76 മത്സരങ്ങളിൽ നിന്നായി 31 അന്താരാഷ്ട്ര ഗോളുകൾ.
മെസ്സി നേടിയ പുരസ്കാരങ്ങളും, മെസ്സിയുടെ മാത്രം കയ്യൊപ്പുള്ള ഗോളുകളും എന്തുകൊണ്ട് വീണ്ടും വീണ്ടും മെസ്സിയെ ലോക ഫുട്ബോളർ ആയി കളിയെഴുത്തുകാരും പരിശീലകരും പിന്തുണയ്ക്കുന്നു എന്നതിന് അടിവരയിടുന്നുണ്ട്.
വീണ്ടുമൊരിക്കൽ കൂടി ലോക ഫുട്ബോൾ പട്ടത്തിന്റെ ചർച്ച സജീവമാകുമ്പോഴാണ് ഒരു പുനരാലോചനയുടെ ആവശ്യം വരുന്നത്. അവിടെയാണ് ചരിത്രത്തിൽ മെസ്സിയുടെ വാഴ്ത്തുകൾക്ക് പിന്നിൽ ഒരാൾ മുഖം കുനിച്ചു നില്ക്കുന്നത് .
വെസ്ലി സ്നൈഡർ.
മെസ്സി ലോക ഫുട്ബോളർ പട്ടം ചൂടിയ 2 010 സീസണിൽ സോക്കർ സിംഹാസനങ്ങളുടെ ഉയരങ്ങളിൽ നിന്നും പിന്തള്ളപ്പെട്ട താരമായിരുന്നു വെസ്ലി സ്നൈഡർ എന്ന ഹതഭാഗ്യൻ! ആ വർഷം സ്നൈഡറുടെ നേട്ടത്തിൽ ഇറ്റാലിയൻ സീരീകപ്പും, ചാമ്പ്യൻസ് ലീഗും, ലോക കപ്പിലെ അഞ്ചു ഗോൾ മികവും ഉണ്ടായിരുന്നു. ലോകകപ്പ് ഫൈനൽ റണ്ണർ അപ്പായിരുന്നു സ്നൈഡറുടെ ടീം. കണക്കുകളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെങ്കിൽ ആ വർഷത്തെ ഏറ്റവും മികച്ച ശരാശരിയുള്ള കളിക്കാരനായിരുന്നു സ്നൈഡർ എന്ന് നിസ്സംശയം പറയാം. എന്നാൽ കളിയെഴുത്തുകാരുടെയും, ലോക ഫുട്ബോളിലെ പരിശീലകരുടെയും വോട്ടിംഗിൽ സ്നൈഡർ ബഹുദൂരം പിറകിലായിരുന്നു. മെസ്സിക്കും, സാവിക്കും, ഇനിയസ്റ്റക്കും പിറകിലായി ആദ്യ മൂന്നുസ്ഥാനങ്ങൾ പോലും ലഭിക്കാതെ സ്നൈഡർ അന്തിമ ലിസ്റ്റിൽ നിന്ന് പുറത്തായി. ഫിഫയുടെ ലോകകപ്പിലെ 'സിൽവർ ബോളും', 'ബ്രോണ്സ് ഷൂ'വും വാങ്ങിയ താരം! ആ വര്ഷത്തെ ഫിഫയുടെ ലോക ഇലവനിൽ ഇടം പിടിച്ച താരം! ഏറെ മോഹിച്ച ലോകഫുട്ബോളർ പട്ടം ലഭിക്കാതെ വെറും കാഴ്ചക്കാരനായി മാറി. സ്നൈഡറെ പോലെയുള്ള ഒരാൾക്ക് ഒരിക്കൽ മാത്രം ലഭിക്കുന്ന അനുകൂലമായ സുവർണ്ണാവസരം നിഷേധിച്ചു കൊണ്ട് ഫിഫ മെസ്സിക്ക് തന്നെ ലോകഫുട്ബോളർ പട്ടം ചാർത്തി നല്കി.
സ്നൈഡറെയും മെസ്സിയെയും ആ സീസണിൽ തുലനം ചെയ്‌താൽ മെസ്സി തന്നെയാകും മികച്ച ഗോൾ ശരാശരി കൊണ്ടും ടീമിന്റെ മൊത്തം വിജയങ്ങൾ കൊണ്ടും, പ്രതിഭ കൊണ്ടും മുന്നില് ഉണ്ടാവുക എന്നത് നിസ്തർക്കമാണ്. പക്ഷെ കണക്കുകളുടെ ആധികാരികതയിൽ, നേട്ടങ്ങളുടെ പിൻബലത്തിൽ, സ്നൈഡറെ പോലെ ഒരു കളിക്കാരന് ഒരു തവണമാത്രം ലഭിക്കാൻ സാധ്യതയുള്ള ലോക ഫുട്ബോളറുടെ കിരീടം അന്ന് അർഹിച്ചിരുന്നു എന്നതാണ് വാസ്തവം.
ഫ്രാങ്ക് റിബറി
വീണ്ടും വിശ്വകേളീ വല്ലഭനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ ചൂട് പിടിക്കുകയാണ്. പതിവ് പോലെ മുൻ നിരയിൽ മെസ്സിയുടെ നാമം ഉണ്ട്. മെസ്സിക്ക് ക്ലബ്ബ് ഫുട്ബോളിൽ മികച്ച ശരാശരിയുണ്ട്. ദേശീയ ടീമിന് വേണ്ടി മികച്ച റെക്കോർഡുകൾ ആണ് ഈ വർഷവും. കളിയിലെ മാന്ത്രിക സ്പർശം കൊണ്ടും, കരുത്തും, സൗന്ദര്യവും ഇഴ ചേർന്ന സ്വന്തം ശൈലി കൊണ്ടും ലോകം കീഴടക്കിയ മെസ്സിയെന്ന ഇതിഹാസ താരത്തിനൊപ്പം ഭ്രമണം നടത്തുകയാണ് ഫുട്ബോൾ പ്രേമികൾ ഇക്കുറിയും. ഈ വർഷം ഫ്രാങ്ക് റിബറിയാണ് സജീവമായി ചർച്ചയിൽ നിറയുന്ന മറ്റൊരു താരം. ബയറണ്‍ മ്യൂണിക്കിന്റെ ഈ ഫ്രഞ്ച് താരം 2012 / 13 യൂറോപ്യന്‍ സീസണിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാര്സലോണയുടെ അര്‍ജന്റീനാതാരം ലയണൽ മെസ്സി, റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പിന്തള്ളിയാണ് റിബറി ഈ പുരസ്‌കാരത്തിന് അർഹനായത്.
തന്റെ ടീമായ ബയറണ്‍ മ്യൂണിക്കിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കുന്നതിലും ജർമൻ ചാമ്പ്യന്മാരാക്കുന്നതിലും വഹിച്ച പങ്കാണ് റിബറിയെ ഈ സ്ഥാനത്തിനു അർഹമാക്കിയത് . ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ ബയറണിന്റെ വിജയഗോൾ ആര്യൻ റോബൻ നേടിയത് റിബറി നല്കിയ പാസിൽ നിന്നായിരുന്നു.
ലോക താരത്തെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി റിബറിയേയും മെസ്സിയെയും വേറിട്ടൊരു താരതമ്യപ്പെടുത്തലിനു മുതിരുന്നത് റിബറിയോട് ചെയ്യുന്ന അനീതിയായിരിക്കും. മെസ്സിക്ക് ഇനിയും അങ്കങ്ങൾക്ക് പ്രായവും അവസരങ്ങളും പ്രതിഭയും ഉണ്ട്. സ്നൈഡറെ പോലെ റിബറിയും കണക്കുകളിൽ വളരെയേറെ മുന്നിലാണ്. ഇനി റിബറിക്കു മുന്നിൽ ഇത് പോലെ ഒരു അവസരം മുട്ടിവിളിക്കാനുള്ള സാധ്യതയും വിദൂരം! ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലുമില്ലെന്ന രീതിയിലാണ് റിബറിയുടെ കരിയർ!
കളിയെഴുത്തുകാരും പരിശീലകരും ഇക്കുറിയും മെസ്സിയെ കാണുമ്പോൾ കവാത്ത് മറക്കുമോ ? അതോ ഫ്രഞ്ചുകാരുടെ റിബറി സിദാനു ശേഷം മറ്റൊരു ചരിത്രമാകുമോ? കാത്തിരുന്നു കാണാം.
( ഇതൊക്കെയാണെങ്കിലും ഇപ്പോഴും ഈ ലോക ഫുട്ബോളർ പട്ടം മെസ്സിക്ക് ലഭിക്കണം എന്നാണു എന്റെ ഉള്ളിലെ മോഹം. (ഞാൻ ഒരു അർജന്റീന ഫാൻസ് ആയതു കൊണ്ടാകാം)
ഒരു തുക്കടാ ബ്ലോഗർ ആയ ഞാൻ പോലും ഇങ്ങിനെ ചിന്തിക്കുമ്പോൾ ലോക ഫുട്ബോളിലെ ആസ്ഥാന കളിയെഴുത്തുകാരെ എങ്ങിനെ വിമർശിക്കും എന്ന വിരോധാഭാസം ചിന്ത്യം )
വിവരങ്ങൾക്ക് കടപ്പാട് : എ. എൻ രവീന്ദ്രദാസ്, വിക്കി, സ്പോര്ട്സ് ലേഖനങ്ങൾ, കളിയിടത്തിലെ കൂട്ടുകാർ