പാതി വഴിയില്‍ യാത്ര പറഞ്ഞ
പൊട്ടക്കലം ബ്ലോഗ്ഗര്‍ ജ്യോനവന് സ്നേഹ പൂര്‍വ്വം...
പൊട്ടക്കലങ്ങളില്‍ .... ഒതുങ്ങാതെ
കറുത്ത മൌനം തിളക്കും കലങ്ങള്‍ ഒക്കെയും
ഉടച്ചു സ്വയം പൊട്ട കലമായി മാറിയോന്‍
കൊഴുത്ത കറുപ്പില്‍ തപസ്സിരിക്കുന്നോരാ
വെളുപ്പിനെ കാട്ടി കലാപം കൊളുത്തിയോന്‍
അടുപ്പ് കൂട്ടും പച്ച വിറകില്‍ നീറി നീ
വേവാത്ത പട്ടിണിയരിയായി തിളച്ചവന്‍
വാക്കിന്‍റെ തീക്കൊള്ളി കൊണ്ട് നീ പൊള്ളിച്ചതെന്തിനാണ് പരദേശം ?
കത്തിച്ചതെന്തിനീ കിനാവിന്‍റെ പച്ചകള്‍ ?
ഊതി ഊതി പുകഞ്ഞ കണ്ണാല്‍
കണ്ണീരു വീഴ്ത്തി കെടുത്തീ നിലാവിനെ ?
വെട്ടുവാനോ നീ തരു വെച്ചു?
മായ്കുവാനോ കളം വരച്ചു ?
നഗര മധ്യങ്ങളില്‍ ഓടയോരങ്ങളില്‍
വെളിപാട് പാടി പതിഞ്ഞ കണ്ടങ്ങളില്‍
ആര്‍ത്തിയോടെ പാഞ്ഞു നടന്നെതെന്തിന്നു നീ ?
പാര്‍കുവാന്‍ അല്ലാകില്‍ എന്തിനു ഭൂമിയില്‍
ആര്‍കായ് പണിഞ്ഞു നീ പാതിയില്‍ മണ്‍ കൂര ?
കെട്ടി നില്കാനായ് കഴിയാത്ത ജന്മം
പൊട്ടക്കലം വിട്ടു പോയ വാനം നോക്കി
നില്കും ഞങ്ങള്‍ക്ക് നല്‍കൂ മറുമൊഴി
മിണ്ടാതിരിക്കാന്‍ നിനക്കെന്തു ന്യായം?
അലിഫ് കുമ്പിടി
No comments:
Post a Comment
അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..