{പോരാളിയുടെ ദിനസരിക്കുറിപ്പുകള്‍ ഭാഗം.3}
ഞാന്‍ സ്വപ്നം കാണും താഴ്വരകളിലെ
ആടുകളെ മേയ്ക്കാന്‍
ഒരു ഇടയന്‍ വേണം,
എന്റെ ഗോതമ്പ് പാഠങ്ങള്‍ കൊയ്യാന്‍
ഒരു കൂട്ടുകാരി,
എന്റെ വിപ്ലവ സേനയെ നയിക്കാന്‍
ഒരു പിന്ഗാമി,
ഒരു മഴ പെയ്യണം
ആരോ കൊളുത്തിയ
എന്റെ കാടിന്റെ അഗ്നി കെടുത്താന്‍.
ഒരു കാറ്റ് വീശണം
എന്റെ മുറിവേറ്റ സൈനികര്‍ക്കുറങ്ങാന്‍.
ഒരു നക്ഷത്രമുദിക്കണം
എന്റെ തോഴര്‍ക്ക് ലക്‌ഷ്യം കാണിക്കാന്‍.
ഒരു മഷിത്തണ്ടു വേണം
എന്റെ വിപ്ലവം
എന്തുകൊണ്ട് തോറ്റു പോയെന്നു
എനിക്കെവിടെയെങ്കിലും കുറിക്കണം.
ആരെങ്കിലും അറിയണം
എന്റെ ഉദ്യാനങ്ങളിലെ പൂക്കള്‍
ചവിട്ടിയരക്കപ്പെട്ടത് എങ്ങിനെയെന്ന്...
ഒരാളെങ്കിലും ചോദിക്കൂ
എനിക്ക് അനുഗാമികളായി
കണ്ണ് കുത്തിപ്പൊട്ടിക്കപ്പെട്ടവരും,
നാവ് അരിയപ്പെട്ടവരും,
വരിയുടക്കപ്പെട്ടവരും,
അര്‍ദ്ധ നഗ്നരും,
മുടന്തരും മാത്രമായതെന്നു ..
അല്ലെങ്കില്‍
എന്നെയും മറന്നേക്കൂ
ചരിത്രങ്ങളില്‍ നിന്ന് നിഷ്കാസിതരായവരില്‍,
ഓര്‍മ്മകളില്‍ നിന്ന് തിരോഭവിച്ചവരില്‍,
എന്റെ ജന്മവും
മണ്‍ മറയില്‍
ഫോസിലുകള്‍ക്കൊപ്പം
വരും തലമുറയെ കാത്തിരിക്കട്ടെ !
No comments:
Post a Comment
അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..