My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Monday, August 2, 2010



{പോരാളിയുടെ ദിനസരിക്കുറിപ്പുകള്‍ ഭാഗം.3}

ഞാന്‍ സ്വപ്നം കാണും താഴ്വരകളിലെ 
ആടുകളെ മേയ്ക്കാന്‍ 
ഒരു ഇടയന്‍ വേണം, 
എന്റെ ഗോതമ്പ് പാഠങ്ങള്‍ കൊയ്യാന്‍
ഒരു കൂട്ടുകാരി, 
എന്റെ വിപ്ലവ സേനയെ നയിക്കാന്‍
ഒരു പിന്ഗാമി,

ഒരു മഴ പെയ്യണം 
ആരോ കൊളുത്തിയ
എന്റെ കാടിന്റെ അഗ്നി കെടുത്താന്‍. 
ഒരു കാറ്റ് വീശണം
എന്റെ മുറിവേറ്റ സൈനികര്‍ക്കുറങ്ങാന്‍.
ഒരു നക്ഷത്രമുദിക്കണം
എന്റെ തോഴര്‍ക്ക് ലക്‌ഷ്യം കാണിക്കാന്‍.



ഒരു മഷിത്തണ്ടു വേണം 

എന്റെ വിപ്ലവം 
എന്തുകൊണ്ട് തോറ്റു പോയെന്നു
എനിക്കെവിടെയെങ്കിലും കുറിക്കണം. 
ആരെങ്കിലും അറിയണം    
എന്റെ ഉദ്യാനങ്ങളിലെ പൂക്കള്‍ 
ചവിട്ടിയരക്കപ്പെട്ടത് എങ്ങിനെയെന്ന്...

ഒരാളെങ്കിലും ചോദിക്കൂ 
എനിക്ക് അനുഗാമികളായി 
കണ്ണ് കുത്തിപ്പൊട്ടിക്കപ്പെട്ടവരും, 
നാവ്  അരിയപ്പെട്ടവരും, 
വരിയുടക്കപ്പെട്ടവരും,
അര്‍ദ്ധ  നഗ്നരും, 
മുടന്തരും മാത്രമായതെന്നു ..

അല്ലെങ്കില്‍
എന്നെയും മറന്നേക്കൂ
ചരിത്രങ്ങളില്‍ നിന്ന് നിഷ്കാസിതരായവരില്‍,
ഓര്‍മ്മകളില്‍ നിന്ന്  തിരോഭവിച്ചവരില്‍, 
എന്റെ ജന്മവും 
മണ്‍ മറയില്‍ 
ഫോസിലുകള്‍ക്കൊപ്പം  

വരും തലമുറയെ കാത്തിരിക്കട്ടെ !   
  

Monday, July 26, 2010

'വഴിക്കാഴ്ച'

കൂറ്റനാട് വെച്ച് എന്റെ മൊബൈല്‍ ഫോട്ടോകളുടെ പ്രദര്‍ശനം ഉണ്ടായിരുന്നു.


പ്രദര്‍ശനം സന്തോഷ്‌ എച്ചിക്കാനം ഉദ്ഘാടനം ചെയ്തു
ചില ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നു .
ബാക്കി വൈകാതെ പോസ്റ്റ് ചെയ്യാം  
നോക്കുക







സ്നേഹത്തോടെ 
അലിഫ് കുമ്പിടി 



Tuesday, July 6, 2010

ഉദിക്കാതെ പോയവന്‍ മെസ്സി


വ്യസന മൌനങ്ങളുടെ കറുത്ത രാവുകളില്‍
അദൃശ്യ താര രാശികളില്‍
ഉദിക്കാതെ പോയവന്‍ മെസ്സി !

കരിമേഘ കംബളങ്ങള്‍
ഇരുളിന്റെ കോട്ടകളില്‍
കുതറാനാകാ വിലങ്ങുകളില്‍
ഒതുക്കപ്പെട്ടവന്‍ മെസ്സി !

ഉയരക്കുറവു കൊണ്ട് ഉയരങ്ങളെ വെല്ലു വിളിച്ച
ഉത്തുന്ഗ ശിരസ്സ്
ഇരു കൈകളില്‍ താങ്ങി
പരാജിതനായി കുനിഞ്ഞിരുന്ന്‌ ,
സിംഹമൌനം കൊണ്ട്
ശൂന്യതകളെപ്പോലും ചകിതമാക്കും നേരം
പഥിതരുടെ കിനാവുകളിലെ രക്ഷകനായി
പിറക്കാതെ പോയ അവതാരം മെസ്സി !

ഇരുളുമ്പോഴൊക്കെയും പുലരിയെ കിനാവായ്‌ വിരിയിച്ച
നീതിയുടെ പോരുകാര്‍ക്ക്
പരാജിതന്റെ നിസ്സഹായ നിശ്വാസം
എങ്ങിനെ താങ്ങാനാകും ?

ഇടി മുഴക്കങ്ങള്‍ പാദങ്ങളില്‍ ചങ്ങലക്കിട്ടവനില്‍ നിന്ന്
എത്ര മഹാ വര്‍ഷങ്ങള്‍ കിനാവ്‌ കണ്ടിരിക്കണം വേനല്പ്പക്ഷികള്‍ ....!.
ഇടങ്കാലില്‍ കുരുക്കിയ തുകല്‍ ഗോളവുമായി
സൌരയൂധങ്ങളുടെ ഭ്രമണം പിഴപ്പിച്ചൊരാള്‍
സ്ഥാന വസ്ത്രങ്ങളില്‍ നിണമണിഞ്ഞു
സ്തബ്ധനായി നില്‍ക്കുമ്പോള്‍
ഏതു വഴിയില്‍ എങ്ങു ഗമിക്കും
പരിത്യാഗികളായ് പിറകെ പുറപ്പെട്ടവര്‍?

കവല ഘോഷങ്ങളില്‍ നിന്ദ്യരായി ,
തകര്‍ക്കപ്പെട്ട വീരശിലകള്‍ക്ക് താഴെ വിഷണ്ണരായി ,
തേങ്ങല്‍ വിഴുങ്ങിയമര്‍ത്തിയ
പരാജിതരുടെ കൂട്ടത്തിനു കരുത്തായി
ഇനിയെന്നുയിര്‍ക്കും
വിശ്വ കേളീ വല്ലഭാ.....?

എന്നാലും
ചരിത്രങ്ങളുടെ സുവര്‍ണ്ണ ഭൂതകാലങ്ങളെ
വര്‍ത്തമാനത്ത്തോട് ചേര്‍ത്തുവായിക്കാന്‍,
തളര്‍ന്ന സേനകള്‍ക്ക് കരുത്തിന്‍ ഊര്‍ജ്ജമാകാന്‍,
വരും വരും മെസ്സി....എന്ന് കിനാവിലാരോ മന്ത്രിക്കുമ്പോള്‍
ഏതു വേദനയിലും ,
ഏതു മുറിവില്‍ വീണു പോകുമ്പോഴും,
സോക്കറിന്‍ പോരാട്ട ഭൂമികളില്‍
എത്രപേര്‍ വീണൊടുങ്ങിയാലും
മനസോടു ചേര്‍ത്ത് കെട്ടിയ കാല്പ്പന്തിന്‍ പ്രണയം കൊണ്ട്
ഞങ്ങളുടെ നിത്യ കാമുകന്‍ മെസ്സി

Thursday, April 8, 2010

അര്‍ജന്റീനയുടെ കണ്ണിലൂടെ ബ്രസീലിനെ കാണുന്നത്






ദുസ്വപ്നം കണ്ടുണര്‍ന്ന കുരുന്നിന്റെ പകച്ച കണ്ണിലൂടെയെ
ഞാന്‍ ബ്രസീലിനെ കണ്ടിട്ടുള്ളൂ
ഇരുമ്പിനെ പോലും തുളച്ചു താഴും അമ്ല ലായനി പോലെ
അകം പൊള്ളും എന്തോ ഒന്നാണത്.
സൌന്ദര്യമില്ലാതിരുന്നിട്ടും അനാകര്‍ഷകമായിട്ടും
അത് കരുത്തിന്റെ പട്ടാളച്ചിട്ട കൊണ്ട് കളം വാണു.

ബ്രസീലിനെപ്പോഴും എന്റെ ഓര്‍മ്മകളില്‍
ഭീതിതമായ കറുപ്പ് നിറമായിരുന്നു
അതിന്റെ മൌനത്തിനും ഏതോ പ്രകമ്പനത്ത്തിന്റെ മുഴക്കമായിരുന്നു.

മൈതാനത്തിന്റെ പാതി മുറിക്കും വരക്കപ്പുറം
അതിരും വിട്ടു ഒരു ചതിയന്‍
ഓഫ് സൈഡു പൊട്ടിക്കാന്‍ കാത്തിരിക്കാരുണ്ടായിരുന്നു എപ്പോഴും
അപരന്റെ നീരൂറ്റിയ ഇത്തിക്കണ്ണിയുടെ ഹരിതാഭ പോലെ ഒരാള്‍!
എങ്ങു നിന്നോ പൊട്ടി വീണു, ഒരു ചാവേറായി
എതിര്‍ മുഖങ്ങളില്‍ നാശം വിതച്ച്
ബ്രസീലിന്റെ തോല്‍വി ജാതകങ്ങള്‍ തിരുത്തുമായിരുന്നു അയാള്‍ !
'റൊണാള്‍ഡോ' എന്ന് അയാള്‍ക്ക്‌ പിറകില്‍ പച്ച കുത്തിയിരുന്നു .

മനസ്സിലെന്നും ഇഷ്ട്ടമായിരുന്നു
പന്ത് കൊണ്ട് മഴവില്ല് വിരിയിക്കും
കോന്ത്രപ്പല്ലുള്ള ഒരു കുറിയ ജാലവിദ്യക്കാരനെ
അയാള്‍ നൃത്തം ചവിട്ടുമ്പോള്‍
ഞാന്‍ ബ്രസീലിനെ മറന്ന് അയാളെ സ്നേഹിക്കാന്‍ തുടങ്ങും
അപായ മുദ്ര കാണിക്കും കളിയിലെ കറുത്ത ശിക്ഷകനോട് പോലും
അയാള്‍ പുഞ്ചിരിക്കുമ്പോള്‍
ഞാന്‍ വിസ്മയിക്കാറുണ്ട് .
'റൊണാള്ടിഞ്ഞോ' എന്നായിരുന്നു ഗാലെരികള്‍ അയാളെ വിളിച്ചിരുന്നത്

പിന്നെയായിരുന്നു ഞങ്ങള്‍ നാട്ടിന്‍പുറത്ത് മുതിര്‍ന്നവരെ വിളിക്കും പോലെ
ഒരു 'കാക്കാ 'വന്നത്
അയാള്‍ കുതിക്കുമ്പോള്‍ ഒപ്പമെത്താന്‍ ഞാന്‍ മനസാ കുതിക്കാറുണ്ട് .
ഞാന്‍ തോല്‍ക്കുമ്പോഴും ജയിച്ചയാളോട് എനിക്ക് വെറുപ്പുണ്ടാകാറില്ല
അയാള്‍ ബാല്യത്തില്‍ ഒരു പിടി അന്നത്തിനായി
ഇതിലും വേഗത്തില്‍ ഓടിയിരുന്നത്രേ ..!
കഥയായിരിക്കാം....
എന്നാലും വിശ്വസിക്കുന്നതാണ്‌ എനിക്കിഷ്ടം

പിന്നെ കേട്ടറിവ് മാത്രമുള്ള ഒരു 'പെലെ'
പരിശീലകന്റെ താന്‍ പ്രമാണിത്വം
 മുഖം നഷ്ട്ടപ്പെടുത്തിയ 'റൊമാരിയോ '
ലക്‌ഷ്യം നേടിയ ആഘോഷം കൈക്കുഞ്ഞിനു സമ്മാനമായി
മൈതാനത്ത് തൊട്ടില്‍ താളമാട്ടിയ 'ബെബറ്റോ'
നന്നായി ഫൌള്‍ അഭിനയിക്കുമായിരുന്ന 'റിവാള്‍ഡോ '
കാലു കൊണ്ടടിച്ച പന്തിനെ കണ്ണ് കൊണ്ട് വളച്ചു പോസ്റ്റിലേക്ക് കയറ്റും കാര്‍ലോസ്
പാഞ്ഞു പാഞ്ഞു പേപ്പട്ടി പോലെ
മൈതാനം മുഴുവന്‍ ഭീതി പടര്ത്തിയിരുന്നൊരു 'ദുന്ഗ' മുതല്‍
ആളിക്കത്തിയും കെട്ടമര്‍ന്നും ഒരു കുട്ടിക്കുറുമ്പന്‍ 'റോബിഞ്ഞോ' വരെ

ഒരു പീത സാഗരം ഗാലറിയില്‍ അലയടിക്കുമ്പോള്‍,
ചെവി തുളയ്ക്കും വന്യമായൊരു സാംബാ താളത്തോടെ,
ഒരു വിസില്‍ നാദം കേട്ടാല്‍,ഭീതിതമായ ചടുലതയില്‍,
ദയാ രഹിതങ്ങളായ മുഖ ഭാവങ്ങളുള്ള ആരാച്ചാര്‍മാര്‍ പോലെ
അവര്‍ കൊല വിളിച്ച് അലറിപ്പാഞ്ഞു നടക്കും.
അവര്‍ വിട്ടൊഴിഞ്ഞ മൈതാനങ്ങളില്‍
അവര്‍ അവശേഷിപ്പിച്ച പാദ മുദ്രകളില്‍
കറുത്ത കരിയനുരുംബുകള്‍ ചോര തിരഞ്ഞ് വരാരുന്ടെന്നു
ആരോ പറഞ്ഞു കേട്ടിട്ടുണ്ട്
കളവായിരിക്കാം.....
എന്നാലും വിശ്വസിക്കുന്നതാണ്‌ എനിക്കിഷ്ടം.

ജയത്തിന്റെ ഒത്തുതീര്‍പ്പുകളില്ലാത്ത ഗണിതങ്ങള്‍ക്ക്
ലാറ്റിന്‍ അമേരിക്കന്‍ സൌന്ദര്യത്തിന്‍ നീതിബോധങ്ങളെ പോലും
അവര്‍ കൂട്ടിക്കൊടുക്കും.

ഒരു കോപ്പാ ദുരന്തത്തില്‍
അര്‍ജന്റീനിയന്‍ മാലാഖമാരെ അവര്‍ മുറിവേല്‍പ്പിച്ചതിനു
അത്തരം ഒരു കൂട്ടിക്കൊടുപ്പിന്‍ ഗന്ധമുണ്ടായിരുന്നു.
കോപ്പാ കലാശത്തില്‍ ലാറ്റിന്‍ സൌന്ദര്യത്തെ യൂറോപ്പിന് കൂട്ടിക്കൊടുത്ത്
പിമ്പുകളായി, അവര്‍ ധീരന്മാരെ പിറകില്‍ നിന്ന് വെട്ടി വീഴ്ത്തി .
അമ്പേല്‍ക്കാത്തവരില്ല കുരുക്കളില്‍ എന്ന പോലെ
മാറി മാറി ചവിട്ടി മെതിച്ച് ശിക്ഷാ കാര്‍ഡുകള്‍ വാങ്ങി
അവര്‍ കുറുക്കു വഴിയിലൂടെ ഉയരത്തെ കബളിപ്പിച്ചു.

എന്നാലും ബ്രസീലിനെ വെറുക്കാതിരിക്കാന്‍ മാത്രം
ഒരു കോന്ത്രപ്പല്ലുകാരനായ ശിശുവിന്റെ
സഹജമായ നിഷ്കളങ്കതയോടെ പുഞ്ചിരിച്ച്
ഒരു പനങ്കുല മുടിക്കാരന്‍ ഉറക്കില്‍ എന്റെ മുന്നില്‍ സന്ധിയുമായി വരും

വെറുക്കയില്ല ഞാന്‍
പാദം കൊണ്ടു പന്തുമായ് കുതിക്കുന്നോരാളെയും...
ഏതു കറുമ്പനെയും കുറുമ്പനെയും
ഹൃദയത്തോട് ചേര്‍ത്ത് കേട്ടുന്നൊരു ഇഷ്ട്ടമാണെനിക്ക്‌ സോക്കര്‍
അര്‍ജന്റീന അതിന്റെ സൌന്ദര്യ നാമവും .........

Wednesday, March 10, 2010

ഫറസ്ദഖ്! വെളിച്ചത്തിന്റെ വാഴ്ത്തുകാരന്‍








മദ്യം ലഹരി പിടിപ്പിച്ച 
മഞ്ഞുതുള്ളികളായ്‌ 
ഫറസ്ദഖ്!
നീ പാതിരാവില്‍ സംഗീതമായ് പെയ്യുമ്പോള്‍ 
നീ തൂലികത്തുമ്പാല്‍  വസ്ത്രമുരിഞ്ഞ 
പ്രൌഡകളാം  കുലീന  വനിതകള്‍ 
നിനക്കൊപ്പം  നിശാനടനമാടുമ്പോള്‍ 
മത്തുപിടിച്ച്ചൊരു കാറ്റായി വന്നു 
നീയെന്റെ പാതിരാവില്‍ നിറയുന്നു

എത്ര മേല്‍ നീ മദ്യ ചഷകം നിറക്കുമ്പോഴും
എത്രയശ്ലീലം നീ 
നഗ്ന നാരിയെ വാഴ്ത്തുമ്പോഴും
പുരോഹിതന്മാര്‍ നിനക്കായ്‌ മരക്കുരിശു പണിയുമ്പോഴും 
വെറുക്കാനാകുന്നില്ല ഫറസ്ദഖ് നിന്നെയെനിക്ക് .
സ്വര്‍ഗ്ഗ വാതിലില്‍ മാലാഖമാരാല്‍ ആനയിക്കപ്പെടും 
പരിശുദ്ധനായേ  എന്റെ സ്വപ്നങ്ങളില്‍ 
നിനക്ക് മുഖമുള്ളൂ


അധികാര ധാര്ഷ്ട്യങ്ങളെ വാഴ്ത്തിയ 
നിന്റെ മുഖസ്തുതിക്കവിതകള്‍ വായിച്ചിട്ടും 
ആടയാഭരണങ്ങള്‍ക്കും  പണക്കിഴികള്‍ക്കുമായി 
നീ ഉയര്ത്തിയ വാഴ്ത്ത്തുപാട്ടിന്‍ ശബ്ദ ഘോഷങ്ങള്‍ കേട്ടിട്ടും
നീ പൊള്ളിപ്പനിച്ച പാതിരാവുകളും 
നീ ഉരുകിത്തീര്‍ന്ന  നട്ടുച്ചകളും   
മാത്രമേ നിന്നെക്കുറിച്ച് എനിക്ക് വിശ്വസിക്കാനാകുന്നുള്ളൂ 


എത്ര പരിചരിച്ചാലും 
എത്ര മേല്‍ പട്ടണിയിച്ചാലും
കത്തുന്ന പൌരുഷം 
കനലായ് ഉള്ളില്‍ എരിയുന്നവര്‍ക്ക് 
ഒളിപ്പിക്കാനാകില്ല വിശ്വ രൂപമെന്ന്
കാലത്തെ പഠിപ്പിച്ചവന്‍ നീ 


ഫറസ്ദഖ്
നീയെനിക്കു  ദേവ പ്രണയത്തിന്‍ പാട്ടുകാരന്‍
സൈനുല്‍ ആബിദീനിന്‍ 
സൂര്യ തേജസാം സൂഫീ മുഖം നോക്കി
അധികാര ഗര്വ്വിന്‍ ഹിഷാം
മന്‍ ഹാദാ...?
എന്ന് പുച്ഛം മൊഴിഞ്ഞപ്പോള്‍ 
"ഇത് നീ അറിയാതിരിക്കിലും അറിയും 
ഈ വിശുദ്ധ ഗേഹവും അത് വഹിക്കും ചരിതവും ...
ഇത് പട്ടിണിപ്പടയുടെ നായകന്‍...
ഇത് ധര്‍മ്മ വിപ്ലവത്തിന്‍ 
പുരുഷാരം നെഞ്ചിലേറ്റും ദിവ്യരൂപം ...
ഇത് നിന്റെ കാഞ്ചന ഗോപുരങ്ങള്‍ വിട്ടെറിഞ്ഞ്‌ 
പച്ച മണ്ണിന്‍  ഗന്ധത്തില്‍ ഉറങ്ങുന്നവന്‍ ...
ഇത് സര്‍വ്വാനുഗ്രഹ ദൂതന്റെ 
രക്തത്തില്‍ പിറന്ന സിംഹ ജന്മ്മം....." എന്ന് 
കണ്ഠം പൊട്ടിപ്പാടിയോന്‍ 


നീ
ചാട്ടവാറിന്റെ സീല്‍ക്കാരങ്ങളെ 
സ്വന്തം കവിതയ്ക്ക് താളമാക്കിയോന്‍
മരുഭൂമിയിലെ ഏകാന്ത തടവില്‍ 
ദൈവത്തെ പ്രണയിച്ച്
വിശപ്പിന്റെ ഗീതം കുറിച്ചവന്‍


ഫറസ്ദഖ്
നീ ചളി പുരണ്ട കാലുകളും 
പാപം പുരണ്ട മേനിയുമായ് 
തെരുവില്‍ വസിച്ചാലും അരമനകളില്‍ വാണാലും
കരളിലൊരു നിലാവിനെ കൊണ്ട് നടന്നവന്‍ 
നീ വിശ്വാസത്തിന്‍ ഉടല്ക്കാഴ്ച്ചകളുടെ കര്മ്മരൂപങ്ങളോട് 
പുറം തിരിഞ്ഞു നിന്നവന്‍
എന്നിട്ടും
കത്തും പ്രണയം കൊണ്ട് 
മദീനയുടെ വെളിച്ചത്തെ മനസ്സില്‍ ഒളിപ്പിച്ചവന്‍
പാടൂ നീ 
മദ്യവും മദിരയും 
നിന്റെ വാക്കിലും നോക്കിലും നിറഞ്ഞാലും 
നിന്റെ മനസ്സില്‍ നിന്നൊരു കസ്തൂരി ഗന്ധം 
എന്റെ ഉള്ളില്‍ പടരുമ്പോഴൊക്കെയും
നീയെനിക്ക് വെളിച്ചത്തിന്‍ വാഴ്ത്തുകാരന്‍ .





ഫറസ്ദഖ്
ആറാം നൂറ്റാണ്ടില്‍  ജീവിച്ചിരുന്ന പേര്‍ഷ്യന്‍ കവി 
*മാന്‍ ഹാദാ = ആരാണിവന്‍ ...?

മദ്യത്തെയും മദിരയെയും വാഴ്ത്തി കവിത കുറിച്ചിരുന്ന അറേബ്യന്‍ കവി 
 രാജാവിന്റെ മുഖസ്തുതി  കവിതകള്‍ എഴുതി രാജ കൊട്ടാരങ്ങളില്‍ നിന്ന് 
പട്ടും വളയും വാങ്ങിയിരുന്ന കാലത്ത് 
ഒരിക്കല്‍ ഭരണാധികാരി  ഹിശാമുബ്നു അബ്ദുല്‍ മലിക്  മക്കയിലെത്തി ക അബ  യുടെ ചാരത്ത് സൈന്യസമേതം ഇരിക്കുമ്പോള്‍ 
ലളിത ജീവിതം നയിച്ചിരുന്ന സൂഫിയായിരുന്ന   സൈനുല്‍ ആബിദീന്‍  എന്ന പ്രവാചകന്റെ പേരക്കിടാവ് 
ക അബയിലെക്ക് വന്നു 
അവരെ കണ്ട ജനങ്ങള്‍ ഒന്നായ് വന്ദിച്ചു എഴുന്നേറ്റു.
അത് കണ്ടപ്പോള്‍ ഹിഷാം മന്‍ ഹാദാ? ..ആരാണിവന്‍  ...എന്ന് പുച്ഛത്തോടെ ചോദിച്ചു 
അത് കേട്ട ഫറസ്ദഖ് രോഷത്തോടെ ഹിശാമിനെ നോക്കി ഒരു കവിത ചൊല്ലി എന്ന് ചരിത്രം 

നന്ദി : കക്കാട് മുഹമ്മദ്‌ ഫൈസി