My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Tuesday, January 5, 2010

കനല്‍ വഴികള്‍ കയ്യാട്ടി വിളിക്കുമ്പോള്‍

{പോരാളിയുടെ ദിനസരിക്കുറിപ്പുകള്‍ ഭാഗം 1}  
വീണ്ടും കിനാ കണ്ണുകളുമായി നീ എന്നെ പിന്തുടരുന്നത് എന്തിനാണ്? 
നീ കണ്ടിട്ടില്ലേ എന്നെ പ്രണയിച്ച്ചവരുടെ ദുരിത പര്‍വ്വം!
മുറിവേറ്റു വീണവര്‍.. 
കാരിരുമ്പിന്‍ തടവറക്കൂട്ടില്‍ വെളിച്ചം നിഷേധിക്കപ്പെട്ടവര്‍, 
അമര്‍ച്ച ചെയ്യപ്പെട്ട ശബ്ദങ്ങള്‍, 
ചതച്ച്ചരച്ച്ച്ച ശക്തികള്‍,
വരിയുടക്കപ്പെട്ട ക്ഷീണ ജന്മങ്ങള്‍,
നട്ടെല്ല് തകര്‍ക്കപ്പെട്ട യൗവ്വനങ്ങള്‍ , 
എന്നെ സ്നേഹിച്ച്ചതിനാല്‍ ആട്ടി ഓടിക്കപ്പെട്ടവര്‍, 
എന്റെ കാലടികളില്‍ വഴി തേടിയതിനാല്‍ നാട് കടത്തപ്പെട്ടവര്‍ 
പ്രവാസ ജീവിതങ്ങള്‍ ...  


എന്നിട്ടും
മുറിവേറ്റു വീഴുമ്പോഴും , 
കുരിശില്‍ പിടയുമ്പോഴും , 
അവരില്‍ എന്റെ നാമം ച്ചുംബനപ്പൂക്കലായി വിരിയുന്നു ... 
പട്ടു മെത്തകള്‍ , 
ഇഷ്ട്ട ഭോജ്യങ്ങള്‍, 
ശീതള ച്ച്ചായകള്‍ 
വലിച്ചെറിഞ്ഞു 
മരുഭൂതപങ്ങളെ പ്രണയിച്ചവര്‍  
ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്ക്, 
വേദനയുടെ ഉച്ചിയിലേക്ക് 
നിര്‍ഭയം ചുവടു വെച്ചവര്‍


ഒടുവില്‍ നീയും കുരിശു വഴിയില്‍ ഗമിക്കുന്നുവോ? 
മടങ്ങുക 
എന്റെ അണിയില്‍ ചേര്‍ന്ന് നീ കൂടി രക്തസാക്ഷി ആകരുത് 
നിന്ദ്യനും പീഡിതനും ആയി 
പാതിവഴിയില്‍ നീ കൂടി തളര്‍ന്നു വീഴരുത് 
ചാരക്കണ്ണുകളുടെയും 
കഴുക ദ്രംഷ്ടകളുടെയും ഇടയില്‍ 
ഭീതിയോടെ നിന്റെ ദിനരാത്രങ്ങള്‍ കറുത്തു പോകരുത് 
തിന്മയുടെ ഒറ്റുകാരന്‍ എന്ന് നീകൂടി മുദ്രയടിക്കപ്പെടരുത് 
പുണ്യവാളന്മാരുടെ വീഞ്ഞ് സദസ്സുകളില്‍ 
നിനക്ക് അന്ന പാനീയങ്ങള്‍ നിഷേധിക്കപ്പെടരുത് 
മറികടക്കാനാവാത്ത പ്രതിബന്ധങ്ങളുടെയും 
കാവല്‍ പട്ടികളുടെയും നടുവില്‍ 
നിന്റെ ഗമനം മുറിഞ്ഞു പോകരുത് 
എന്റെ സ്നേഹത്തിന്റെ ഭാരം ഞാന്‍ നിന്നില്‍ നിന്ന് എടുത്തു മാറ്റാം 
മറവിയുടെ പുതപ്പ് പുതച്ച് 
കടപ്പാടുകളുടെ നൂലുകള്‍ 
നിനക്ക് ഇപ്പോഴും പൊട്ടിച്ച്ചെറിയാം  


നോക്കൂ 
പാതയോരങ്ങളില്‍ കിതക്കുന്ന എന്റെ ദുരിത സേനകള്‍...
അവര്‍ എന്നെ വിളിക്കുന്നു 
നീ വരാതിരിക്കുക 
സൌഭാഗ്യങ്ങള്‍ വലിച്ച്ചെരിഞ്ഞവരുടെ നഷ്ട സ്വര്ഗ്ഗങ്ങളിലെക്ക്
നിനക്ക് സ്വാഗതമില്ല 
ബുദ്ധിമാന്മാര്‍ വാഴുന്ന 
പൌരോഹിത്യം നവ വേദ ഭാഷ്യം ചമക്കുന്ന കാലത്ത് 
നിന്റെ നേരിന്റെ അസ്വസ്ഥതകള്‍ ഉപേക്ഷിക്കുക 
എന്റെ സാമീപ്യത്തിന്റെ നശ്വര വശ്യതയില്‍ മയങ്ങി 
ശിഷ്ട്ട കാലത്തിന്റെ അധികാരി വര്‍ഗ്ഗ സൌജന്യങ്ങള്‍
നിനക്ക് നഷ്ട്ടമാകാതിരിക്കട്ടെ 


എന്നെ ഇവിടെ ഉപേക്ഷിക്കുക 
എനിക്കെതിരെ കുറ്റപത്രം അണിഞ്ഞോരുങ്ങുന്നു 
നീ കൂടി പിടിക്കപ്പെടരുത് 
നിന്റെ സ്വാസ്ഥ്യം നഷ്ട്ടപ്പെടരുത് 
ചോരപൂത്ത എന്റെ നടവഴികളില്‍ 
വിശപ്പിന്റെ ദൈന്യതയില്‍ 
ഉയിരിന്റെ ഉലയില്‍ 
ഉടല്‍ കടഞ്ഞെടുത്ത അമൃതില്‍ 
ഇരുള്‍ കടഞ്ഞെടുത്ത വെള്ളിനിലാവില്‍ 
ഞാന്‍ ഉദയം കാത്തിരിക്കുമ്പോള്‍... 
ആയിരം കോടി ആത്മാവുകള്‍ 
എനിക്കൊപ്പം ഒറ്റ മന്ത്രമുയര്ത്തുമ്പോള്‍ ... 
തീക്കാടുകള്‍ പെയ്തമാര്ത്തും മഴനൂലുകലായ് 
പ്രളയം തടഞ്ഞു നിറുത്തും ചിറ മതിലായി 
മരുഭൂമികള്‍ പൂവാടികളാക്കും 
പ്രകൃതിയുടെ പുഞ്ചിരിയായ്‌ 
എന്റെ ജന്മം കാലം മറികടക്കും  


പിന്തിരിയാതെ പോവുക 
പിറകില്‍ ഉപേക്ഷിക്കപ്പെട്ടത് 
സ്വപ്നമായി കരുതുക 
സ്നേഹത്തിനു 
പഴയ നാണയത്തിന്റെ വില മാത്രമാകുന്ന കാലത്ത് 
നേടുന്നവരുടേത് മാത്രമാണ് ഇന്നുകള്‍ 
നിനക്കായ്ഞാന്‍  പ്രാര്ത്തിച്ചേ ഇരിക്കാം 
നിനക്ക് യാത്രാമൊഴി

Monday, January 4, 2010

പരസ്പരം


നിലാവിന്റെ നീള്‍മിഴികള്‍ക്ക് മേല്‍ മുഖപടമിട്ടു
 നമുക്ക് ഈ പാതിരാവില്‍ ജീവിച്ചു മരിക്കാം
അപരനെ പരസ്പരം അടയാളപ്പെടുത്തും
ദര്‍പ്പണങ്ങള്‍ ഉടച്ചു കളയാം
നിഴല് പോലും പതിക്കും വെളിച്ച്ചങ്ങള്‍ക്ക്
 മുഖം തിരിഞ്ഞിരിക്കാം
കാട്ടരുവികളില്‍ പോലും മുഖം കാണരുത്
ഒരു നക്ഷത്ര ചില്ലിനെയും സ്നേഹിക്കരുത്
ഇരുളിന്‍ ശൂന്യതയില്‍
നാം ഉണ്ടെന്ന ധാരണയില്‍, വിശ്വാസത്തില്‍  മാത്രം
നമുക്ക് ഗതകാലത്തെ   മുറുകെ പിടിക്കാം
വറ്റാതെ പകരുന്ന സ്മൃതികളുടെ  ചൂടില്‍
നമുക്ക് പുതച്ച്ചുറങ്ങാം
പരസ്പരം പുണര്‍ന്നലിയും മൃതിയെക്കാള്‍
സ്നേഹിക്കാന്‍ നമുക്കെന്താണുള്ളത് ?

Sunday, January 3, 2010

നരച്ച കുടകള്‍ മാറുമ്പോള്‍ ...


നീട്ടുകയാണ് അച്ചന്‍ കടല്‍ കടന്ന് എനിക്കായ് വന്ന സമ്മാനം! 
പരീക്ഷകളെ തോല്‍പ്പിച്ച ഒന്നാമന് 
അഹന്തയോടെ ചൂടാന്‍ അമ്മാമന്റെ പാരിതോഷികം 
പുത്തനൊരു വര്‍ണ്ണക്കുട! 
ഒന്ന് ഞെക്കിയാല്‍ നിവരും 
പിന്നെയൊന്ന് ഞെക്കിയാല്‍ വര്‍ണ്ണം വിതറും 
നക്ഷത്രങ്ങള്‍ ചിരിക്കും 
ആരും കൊതിക്കും സമ്മാനം... 
ഒതുക്കി വെക്കാം ഈ കുഞ്ഞിക്കുട ബാഗിന്റെ അറയിലും, 
ഇറ്റുവെള്ളം തോരാന്‍ നിവര്‍ത്തി വെക്കാം എവിടെയും.. 
ഏതു കൂട്ടുകാരന്റെ കുടച്ചന്തത്തെയും തോല്‍പ്പിക്കാം  


എന്നിട്ടും ഉപേക്ഷിക്കാന്‍ ആണ് എനിക്ക് വേദന 
എനിക്കായ് നരച്ച്ചൊരു പഴയ കാലന്‍ കുട 
തുള വീണെന്നെ നനയിക്കാരുണ്ട് എങ്കിലും 
പഴങ്കുട എന്ന് പേരുണ്ടെങ്കിലും 
പെരുവയറന്‍ എന്ന് പലരും കളിയാക്കാറുണ്ട് എങ്കിലും 
മറന്നു വെച്ചിട്ടില്ലൊരു നാളും 
വെയിലില്ലാത്തപ്പോഴും മഴയില്ലാത്തപ്പോഴും ഒരിടത്തും 
മനസ്സിന്റെ കോണില്‍ ചാരി വെച്ചിട്ടുണ്ടായിരുന്നു എന്നും
മരപ്പിടിയില്‍ തഴമ്പ് വീണ കയ്യാല്‍... 
മഴ നനഞ്ഞാലും 
വെയില്‍ പൊള്ളിച്ച്ചാലും 
അച്ചന്റെ ചൂരല്‍ പിടച്ച്ചാലും ചൂടില്ല ഞാന്‍ 
മനസ്സ് വായിക്കാന്‍ അറിയാത്ത ഒരു പുത്തന്‍ കുടയും


മറക്കുവതെങ്ങിനെ? 
കമ്പിയിഴകളില്‍ നിന്ന് ഉതിരും മഴ നൂലിനാല്‍ 
എനിക്ക് കവചം തീര്‍ത്ത് 
ഞാന്‍ കരയുന്നതിനെ മറച്ചു പിടിച്ച് 
എന്റെ അഭിമാനം കാത്ത കാലത്തെ 
എന്റെ നരച്ച കുടയെ....

ചെരിപ്പുകള്‍ പറയുന്ന കഥകള്‍

ഓരോ ചെരിപ്പുകളും പറയാറുണ്ട് എന്നോട് ഓരോ കഥകള്‍ 
തേഞ്ഞു പോയ കാലം ഉടലില്‍ കൊത്തി വെച്ച് 
പഴകി ദ്രവിച്ച നൊമ്പരങ്ങള്‍...  
നടക്കാതെ പോയൊരു അന്ത്യ മോഹത്തെ കുറിച്ച്
ഒരു ചെരിപ്പ് എന്നോട് കഥ പറഞ്ഞു ഒരിക്കല്‍,
തെരുവില്‍ നിറങ്ങള്‍ പരസ്പരം പൊരുതിയപ്പോള്‍ 
ചോരയില്‍ അടയാളമിട്ട മരണ വഴിയില്‍ 
തിരികെ വരാതെ പോയൊരു പുത്രജന്മാതെ കുറിച്ച്..
ആത്മാവുകള്‍ വാന സഞ്ചാരികള്‍ ആയതിനാല്‍ 
അവന്‍ ഉപേക്ഷിച്ച പോയ ചെരിപ്പുകള്‍ 
മാറോട്‌ ചേര്‍ത്ത് വിതുമ്പി ഒരു വൃദ്ധ ഹൃദയം!


പിന്നെ,
സങ്കട കടല്‍ തീരത്ത് കാണാതെ പോയ
ഹതാശനായ ഒരു മുക്കുവന്റെ രണ്ടു കീറ ചെരിപ്പുകള്‍ 
ജന്മം അല്ലാതോന്നും ജപ്തിയാവനില്ലാത്ത 
ഒരു വീടാ കടത്തിന്‍ ചെതുമ്പല്‍ പിടിച്ച കടല്‍ കഥ 


മറ്റൊരിക്കല്‍,
പാത മുറിച്ചു കടക്കവേ
സ്കൂളില്‍ എത്താത്ത
ചോര തെറിച്ച രണ്ടു കുഞ്ഞു ചെരിപ്പുകള്‍! 
ഉമ്മ വെച്ച് യാത്ര പറയുമ്പോള്‍ 
അവസാനമായ് അമ്മയോട് പറഞ്ഞിരുന്നത്രെ 
എനിക്കിനി പുതിയ രണ്ടു ചെരിപ്പുകള്‍ വേണമെന്ന്...  


ഒരിടത്ത് 
പുഴയെടുത്ത കിനാവുകളില്‍ 
ഇണ നഷ്ട്ടപ്പെട്ടു
കരയില്‍ ഒറ്റക്കായ ഒരു വള്ളി ചെരിപ്പ് ! 
കൂടപ്പിറപ്പിനെ രക്ഷിക്കാന്‍ ഊളിയിട്ടപ്പോള്‍ 
അഴിക്കാന്‍ മറന്നതായിരുന്നു ഒറ്റ ചെരിപ്പ് !  


അങ്ങിനെ 
കഥകള്‍ കൊണ്ട് സമൃദ്ധമായ ചെരിപ്പുകള്‍ക്കിടയില്‍ 
നടന്നു നടന്നെന്റെ ദിനങ്ങള്‍ തേഞ്ഞു 
അരമനകളുടെ മെതിയടികളെയും 
സാമ്രാജ്യങ്ങളുടെ സ്വര്‍ണ്ണ പാദുകങ്ങളെയും 
 ഞാന്‍  മിണ്ടാനേ അനുവദിക്കാറില്ല  
പക്ഷെ 
ഞാന്‍ ശരിക്കും ചെവി കൊടുത്തത് 
നഗ്ന പാദനായി ചെരിപ്പുകളുടെ
വേദനയുടെ മുദ്രകള്‍ തേടിപ്പോയ 
അവധൂധന്റെ കാലുകളെ മോഹിച്ച ഒരു തുകലിന്റെ കഥകള്‍ക്ക് ആണ്.
ചെരിപ്പായ് ഉരുവപ്പെടാതിരുന്നിട്ടും
എത്ര ചരിത്രങ്ങളുടെ,
സംസ്കാരങ്ങളുടെ,
പോരാട്ടങ്ങളുടെ,
കുരിശു മരണങ്ങളുടെ,
ഉയിര്തെഴുന്നെല്‍പ്പുകള്‍ ആണ് 
അതിന്റെ ഓരോ സൊപ്നങ്ങളിലും ഉള്ളത്...?

Monday, December 28, 2009

ഉയിര്‍പ്പ്



സ്വപ്‌നങ്ങള്‍ കത്തിച്ച കാട്ടു തീയില്‍
പശിയടങ്ങാത്ത നാളങ്ങളില്‍
ദഹിച്ചു വേവുന്നു എന്റെ ആത്മ വേദം.
ഇരുളിന്‍ പീലി കൊണ്ട് ഞാന്‍
കോറിയെഴുതിയതാണ്
ഉണങ്ങിയ കാലത്തിന്റെ പനയോലകളില്‍
എന്നെത്തന്നെ....
ദൈവ ഹൃദയമല്ലാതെ
ആരാലും വായിക്കപ്പെടരുത് എന്റെ വേദം
അത്ര മേല്‍ പ്രണയം താങ്ങാന്‍
മറ്റാര്‍ക്ക് കഴിയും ?
മനസ്സില്‍ അടുക്കും ചിട്ടയുമില്ലാതെ
ഞാന്‍ കുത്തിനിറച്ച
സൌഹൃദത്തിന്‍ കളിക്കോപ്പുകള്‍
പകുത്തെടുത്തില്ലേ
സ്നേഹം ഭാവിചെത്തിയ ഓരോ അതിഥിയും?
ഇനിയെന്റെ മൃതി കൂടി
ഞാന്‍ നിങ്ങള്‍ക്ക് ആഘോഷമാക്കുമ്പോള്‍
കണ്ണീരു വീഴ്ത്തി എന്‍ വഴിമുടക്കാതെ...
ദൈവത്തെക്കാള്‍ പ്രണയിക്കുന്നത് ആരാണെനിക്ക്‌ ഭൂമിയില്‍

പ്രണയത്തെ വാഴ്ത്തുന്നവരോട്


മൊഴികളില്‍ അര്‍ത്ഥമില്ലാതെ,
മിഴികളില്‍ ആത്മാര്‍ഥതയില്ലാതെ,
വെറും വാക്കിനാല്‍ നാം കെട്ടി ഉയര്‍ത്തിയ
മണല്ക്കൊട്ടാരത്തെ
നീ അടുപ്പം എന്ന് വിളിക്കായ്ക!
ഉയിരില്‍ മിടിക്കാത്ത,
കനവില്‍ പൂക്കാത്ത,
കരളില്‍ വിരിയാത്ത മഴവില്ലിനെ
നീ പ്രണയം എന്ന് ഘോഷിക്കായ്ക!
കരളില്‍ തെളിച്ചമില്ലാതെ,
അലിവിന്‍ മിനുക്കമില്ലാതെ,
ഉടലാല്‍ ഒട്ടിച്ചു വെച്ചതിനെ
നീ കാമം എന്ന് പറയായ്ക !
മഴയിറ വെള്ളത്തില്‍,
കാലം വിട്ട കളിവഞ്ചിയില്‍,
ജീവന്റെ അഭയം തേടിയ
കരി ഉറുമ്പുകള്‍ മാത്രമാണ് നാം!
പരസ്പരാശ്രിതത്വത്തിന്റെ
ഇത്തിരി മഴ നേരത്തെ
നാം എന്തിനിത്ര വാഴ്ത്തണം !
നമുക്ക് പിരിയാം

ഒട്ടകങ്ങളുടെ ദാഹം



ഒട്ടകങ്ങള്‍ക്കു ദാഹിക്കില്ലെന്നൊരു
ശാസ്ത്ര കഥയുടെ അലങ്കാരത്തെ സാക്ഷ്യപ്പെടുത്താന്‍ എത്ര ദാഹത്തിന്‍ രാപ്പകലുകളെ
ഓരോ ഒട്ടകങ്ങളും തന്‍റെ ജീനിയില്‍ വഹിക്കുന്നുണ്ടാകണം?
കുടിച്ചാലും മതിവരാത്ത ആര്‍ത്തികളില്‍,
എന്നെങ്കിലും ലഭിക്കുന്ന ജല സമൃദ്ധിയില്‍,
എത്ര നാള്‍ ഉടലില്‍ വഹിച്ചായിരിക്കണം
ഓരോ ഒട്ടകവും ചുട്ടു പഴുത്ത മണല്ക്കാടുകളെ ചവിട്ടിത്തള്ളുന്നത്
'ഒട്ടകത്തിനു ഇടം കൊടുത്താല്‍' എന്നൊരു പഴം കഥയുടെ പേരില്‍
തണുത്തുറഞ്ഞ എത്ര രാവുകളില്‍
തമ്പിനു പുറത്തെ മഞ്ഞു ശയ്യകളില്‍
ഓരോ ഒട്ടകവും പൂര്‍വ്വികരുടെ പാപഫലം അനുഭവിച്ചു തീര്‍ക്കുന്നുണ്ടാകണം ?
ഒരിക്കലും ഇഴ പിരിക്കാനാകാത്ത ഗണിതം കൊണ്ട്
വണിക്കുകള്‍ പരസ്പരം കൈമാറുന്ന
കച്ചവടത്തിന്റെ ലാഭ നഷ്ടങ്ങള്‍ അറിയാതെ
ഉടയോരെ ചുമന്നു ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക്
അവര്‍
എത്ര സംസ്കാരങ്ങളെ
തങ്ങളുടെ നീണ്ട കാലുകളാല്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നുണ്ടാകണം ?
സമയം കൊല്ലുന്ന അറബിക്കഥകളുടെ മാസ്മര ലോകങ്ങളരിയാതെ
ഉടയവര്‍ തീ കാഞ്ഞ്,
അറബന മുട്ടിപ്പാടും പാതിരാ പാട്ടുകളുടെ താള ലയമറിയാതെ
അടുത്ത യാത്രയുടെ സമയം കാത്തിരിപ്പായിരിക്കും ഓരോ ഒട്ടകവും എപ്പോഴും....